Monday
24 Jun 2019

ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ളകാലം!

By: Web Desk | Sunday 14 April 2019 10:54 PM IST


devika

അതൊരു നാട്ടുനടപ്പാണ്. ശീലങ്ങള്‍ മരിക്കാറില്ല, ‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകാലം, കാരസ്‌കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ’ എന്ന പഴമ്പാട്ട് ഇതോര്‍ത്താകാം. ടാഗോര്‍ പറഞ്ഞിട്ടുണ്ട്, ജനനം മുതല്‍ അസത്യങ്ങള്‍ പറഞ്ഞും ചുമന്നും മരണത്തില്‍ അസത്യത്തിന്റെ ഒരു മഹാചുമടുമായി മണ്ണറയ്ക്കുള്ളിലോ, ചിതയ്ക്കുള്ളിലോ വിലയം പ്രാപിക്കുന്നവരെക്കുറിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുവേണ്ടി ഭാവികാലത്തേക്ക് മഹാകവി ടാഗോര്‍ കുറിച്ചിട്ട വരികളായിരിക്കാം അത് ! ഈ പെരുങ്കള്ളനെ പ്രധാനമന്ത്രിയായി കിട്ടിയതില്‍ രാജ്യവാസികള്‍ക്കാകെ ലജ്ജിച്ചു തലകുമ്പിടാം. കഴിഞ്ഞ ദിവസം മോഡി കോഴിക്കോട്ടെത്തിയപ്പോള്‍ പ്രസംഗിക്കാന്‍ രാഷ്ട്രീയ വിഷയങ്ങളില്ലാത്തതിനാല്‍ ശബരിമലയെന്നും വിശ്വാസമെന്നും ആചാരമെന്നും സംസ്‌കാരമെന്നുമൊക്കെ വാക്കുകള്‍ വാരിവിതറി ഒന്നു കളിച്ചുനോക്കി. പക്ഷേ അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് ഉള്‍ക്കിടിലമുണ്ടായിരുന്നുവെന്നുറപ്പ്. ശബരിമലയില്‍ നിയമവാഴ്ച നടപ്പാക്കിയതിന്റെ പേരില്‍ ഇടതുസര്‍ക്കാരിനെ മൈക്കു വച്ചു വിമര്‍ശിക്കാനും വയ്യാ. പെരുമാറ്റച്ചട്ട ലംഘനത്തിന്റെ വാള്‍മുനയും തലയ്ക്കു മുകളിലുള്ളതിനാല്‍ ശബരിമലയുടെ നാട്ടില്‍ വന്ന് നിയമലംഘനം നടത്തിയാല്‍ പിണറായി സര്‍ക്കാര്‍ തട്ടി അകത്താക്കിക്കളയുമോ എന്ന പേടിയും അങ്ങേര്‍ക്കുണ്ടായിരുന്നു. അതാണ് കേരളം. വര്‍ഗ്ഗീയത വാഴാത്ത മലയാളക്കര.
പക്ഷേ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കു യോജിക്കാത്ത തറ പ്രസംഗം നടത്തിയ മോഡി കളിയിക്കവിളകഴിഞ്ഞ് തമിഴകത്തെത്തിയതോടെ ആളാകെമാറി, രാമനാഥപുരത്തെയും പിന്നീട് കര്‍ണ്ണാടകയിലെ മംഗലാപുരത്തെയും വേദികളില്‍ മോഡി പ്രത്യക്ഷപ്പെട്ടത് ഒരു പെരുങ്കള്ളനായി. ദേവികയുടെ കൂടി പ്രധാനമന്ത്രിയായ മോഡിയെ പെരുങ്കള്ളനെന്നു വിളിക്കുന്നതില്‍ തനിയ്ക്ക് ദുഃഖം മാത്രമല്ല അഭിമാനവുമുണ്ട്. അയ്യപ്പന്റെ പേരു പറഞ്ഞതിന് കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയെ കല്‍ത്തുറുങ്കില്‍ അടച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നാണ് മോഡി രാമനാഥപുരത്തും മംഗലപുരത്തും വിലപിച്ചത്. കോഴിക്കോട്ടെ പൊതുയോഗത്തില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വേദിയില്‍ അരികത്തിരുത്തി പ്രസംഗിച്ച മോഡി കേരളം വിട്ടപ്പോള്‍ തന്റെ സ്ഥാനാര്‍ഥി ജയിലിലാണെന്ന് പച്ചക്കള്ളം തട്ടിവിട്ടു. ഇത്തരക്കാരനെ പെരുങ്കള്ളനെന്നല്ലാതെ മഹാനുഭാവന്‍ എന്ന് വിളിക്കാന്‍ ഊളമ്പാറയില്‍ പരതിയാല്‍ പോലും ഒരാളെ കിട്ടില്ല ! എന്നാല്‍ ശബരിമല വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിയെപ്പോലും വെല്ലുവിളിച്ച മോഡി കോടതി അലക്ഷ്യമെന്ന ക്രമിനല്‍ കുറ്റകൃത്യം നടത്തിയിരിക്കുന്നുവെന്നത് അത്യന്തം ആപല്‍ക്കരമാണ്.

ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കാത്ത മറ്റൊരു മഹാനുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് സാക്ഷാല്‍ വെണ്‍മണി ശ്രീധരന്‍പിള്ള ഇസ്‌ലാമാണെന്ന് അറിയണമെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടെന്നാണ് ആറ്റിങ്ങലില്‍ മൈക്കുവച്ച് പിള്ള വിളിച്ചുപറഞ്ഞത്. തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിയും സ്ത്രീയുമായ ശോഭാസുരേന്ദ്രനെ അടുത്തിരുത്തിക്കൊണ്ട് അദ്ദേഹം നടത്തിയ ഇസ്‌ലാംവിരുദ്ധ പരാമര്‍ശം വര്‍ഗ്ഗീയ രാജവെമ്പാലവിഷം ചീറ്റുന്നതിനു തുല്യം മാത്രമായിരുന്നില്ല സഭ്യതയുടെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. ഇസ്‌ലാമാണെന്നറിയാന്‍ അടിവസ്ത്രം പൊക്കിനോക്കണമെന്നാണ് പിള്ള പറയുന്നത്. അടിവസ്ത്രം പൊക്കി ജാതിമത നിര്‍ണയം നടത്തുന്ന പിള്ളയുടെ നാണംക്കെട്ട പ്രസ്താവന കേട്ടപ്പോള്‍ ഈയടുത്തകാലത്ത് ദൃശ്യ-പത്രമാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണ് ഓര്‍മ്മ വന്നത്. ഒരു ചെറിയ കുട്ടിയില്‍ സാധാരണ പെരുമാറ്റത്തില്‍ നിന്ന് വിഭിന്നമായ ചില ശീലങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. എട്ടുപത്തു വയസ്സായിട്ടും ശീലം മാറുന്നില്ല ആണായാലും പെണ്ണായാലും അരികില്‍കൂടി പോകുന്നവരുടെ അടിവസ്ത്രം മിന്നല്‍വേഗത്തില്‍ പൊക്കിനോക്കുകയായിരുന്നു പയ്യന്റെ ശീലം. ഒടുവില്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണറിഞ്ഞത് ശൈശവം മുതല്‍ ഈ കുട്ടിയെ ഒരാള്‍ രതിവൈകൃതങ്ങള്‍ക്ക് വിധേയനാക്കികൊണ്ടിരിക്കുന്നുവെന്ന കാര്യം! എന്തായാലും ശ്രീധരന്‍പിള്ളയുടെ അടിവസ്ത്രം മാറ്റി നോക്കല്‍ശീലം ഈ പയ്യന്റേതിനു തുല്യമാകാന്‍ കാരണം ‘ചെറുപ്പകാലങ്ങളിലുള്ളശീലം മറക്കുമോ മാനുഷനുള്ളകാലം’ എന്നു ദേവിക പറയുന്നില്ല !

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളില്‍ അവര്‍ണരും സവര്‍ണരുമുണ്ടോ എന്നു സംശയം. രാഹുലും, ശശിതരൂരും എന്തായാലും സവര്‍ണ്ണ സ്ഥാനാര്‍ഥികളെന്ന് ഉറപ്പായി. കാലുവാരല്‍, കണക്കുതീര്‍ക്കല്‍, പാലംവലി, വോട്ടുമറിക്കല്‍ ഇത്യാദി കോണ്‍ഗ്രസ് കലാപരിപാടികളിലൂടെ തലസ്ഥാന മണ്ഡലത്തില്‍ ശശിതരൂരിനെ മണ്ണുകപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ നേതാക്കളെ ഇന്നലെ വിളിച്ചു കൂട്ടിയ മുല്ലപ്പള്ളിയും മുകുള്‍ വാസ്‌നിക്കും ഒരു കാര്യം മുഖവുരയായി പറഞ്ഞു, ഹൈക്കമാന്‍ഡിന്റെ പട്ടികയില്‍ രാഹുലിനൊപ്പം പ്രമാണിയായ സ്ഥാനാര്‍ഥിയാണ് തരൂരെന്ന്. അതിനാല്‍ തരൂര്‍ തോറ്റാല്‍ വി എസ് ശിവകുമാറിന്റെയും തമ്പാനൂര്‍ രവിയുടേയും നെയ്യാറ്റിന്‍കര സനലിന്റെയും തലകള്‍ ഉരുളുമെന്ന് മൂവരേയും വരിവരിയായി നിര്‍ത്തി തോക്കുചൂണ്ടി ഒരു ഭീഷണിയും, ശശിതരൂര്‍ ഹൈകമാന്‍ഡിന്റെ സവര്‍ണസ്ഥാനാര്‍ഥി പട്ടികയില്‍ വരുമ്പോള്‍ പാവങ്ങളായ കെ മുരളീധരനും ടി എന്‍ പ്രതാപനും കൊടിക്കുന്നില്‍ സുരേഷും അടൂര്‍ പ്രകാശും, ശ്രീകണ്ഠനുമെല്ലാം ഹൈക്കമാന്‍ഡിന്റെ അവര്‍ണ പട്ടികയിലും, ഹൈക്കമാന്‍ഡും മുല്ലപ്പള്ളിയും അവിശ്വാസം രേഖപ്പെടുത്തിയ തമ്പാനൂര്‍ രവിയും വി എസ് ശിവകുമാറും സനലും ഇനി കാലുവാരന്‍ കൊഴുപ്പിക്കാനല്ലേ നോക്കു എന്ന സാമാന്യ തെരഞ്ഞടെപ്പു തന്ത്രംപോലും അറിയാത്ത ഹൈക്കമാന്‍ഡ് നപുംസകങ്ങള്‍ എന്ന് അണികളും ഓരിയിടുന്നു. അവിശ്വാസം അതല്ലേ കോണ്‍ഗ്രസ് ! ഇതിനിടെ തനിക്കെതിരേ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നു കാട്ടി തരൂരിന്റെ പ്രചാരണസമിതി അധ്യക്ഷന്‍ വി എസ് ശിവകുമാര്‍ ഡിജിപിയ്ക്കു പരാതിയും നല്‍കി. തന്നെ കരിവാരി തേയ്ക്കുന്നവര്‍ ശശിതരുരൂം മുല്ലപ്പള്ളിയും മുകുളും രാഹുലും ചേര്‍ന്നാണെന്ന് പോലീസ് മൊഴിയെടുക്കുമ്പോള്‍ ശിവകുമാറിനു പറഞ്ഞല്ലേ തീരു. ആകെ ജഗപൊഗ !

മുസ്‌ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പടയോട്ടം നടത്തുന്നവരില്‍ മുന്നണി പോരാളികള്‍ ഇടതുപക്ഷം മാത്രമാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. ഇത്തവണ വയനാട്ടിന്റേതാണ് ഊഴം വയനാട്ടില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനോടനുബന്ധിച്ചു നടത്തിയ റോഡ്‌ഷോയില്‍ വയനാടില്‍ നിന്നും പുറത്തുള്ള ജില്ലകളില്‍ നിന്നുപോലും ആളെകൂട്ടാന്‍ മുസ്‌ലീംഗുകാര്‍ ആളെ ഇറക്കി. ഹരിത പതാകകളുടെ ബഹളം. ഇതുകണ്ട ബിജെപി മുഖ്യന്‍ അമിത്ഷാ ചുവപ്പുകണ്ടു വിരളുന്ന കാളയെപ്പോലെയായി, രാഹുലിന്റെ റോഡ്‌ഷോ പാകിസ്ഥാനിലാണോ എന്ന് അമിട്ടിനു സന്ദേഹം. ഷായുടെ ഈ വര്‍ഗ്ഗീയ പരാമര്‍ശത്തെക്കുറിച്ച് രാഹുലോ പ്രിയങ്കയോ സോണിയയോ കമാ എന്നൊരക്ഷരം മിണ്ടിയില്ല. എന്നാല്‍ മുസ്‌ലീങ്ങളെയും വയനാട്ടിനെയും അപമാനിച്ച അമിത്ഷായ്‌ക്കെതിരേ ആഞ്ഞടിക്കാന്‍ മുഖ്യമന്ത്രി പിണറായിയും ഇടതുപക്ഷ നേതാക്കളുമേ ഉണ്ടായിരുന്നുളളൂ. വയനാട്ടിന്റെ പോരാട്ടവീര്യം തുളുമ്പുന്ന ചരിത്രത്തെക്കുറിച്ച് ഷായ്ക്ക് വല്ല ഗ്രാഹ്യവുമുണ്ടായിരുന്നോ എന്നായിരുന്നു പിണറായിയുടെ പരിഹാസ്യം, സ്വാതന്ത്യ സമരചരിത്രത്തില്‍ ധീരതയുടെ ശോണ മുദ്രകള്‍ ചാര്‍ത്തിയ പഴശ്ശിരാജാവിന്റെയും കുറിച്യ പടയുടെ ചരിത്രവും പറഞ്ഞുകൊടുത്ത പിണറായി. മുസ്‌ലീങ്ങള്‍ക്കെതിരായ ഷായുടേയും യോഗിയുടേയും പ്രസ്താവനകളില്‍ നിസംഗതയും നിശബ്ദതയും പുലര്‍ത്തുന്ന കോണ്‍ഗ്രസിനെ അപലപിച്ചപ്പോള്‍ മുസ്‌ലീം വിരുദ്ധതയ്‌ക്കെതിരേ പൊരുതാന്‍ ഇടതുപക്ഷമേ ഉണ്ടാകു എന്ന സന്ദേശമാണ് ആവര്‍ത്തിച്ചു നല്‍കിയത്. ഉത്തരേന്ത്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം, ഗോശാലകള്‍ പണികഴിപ്പിക്കല്‍ എന്നീ ഹിന്ദുത്വ അജന്‍ഡയും കേരളത്തിലെത്തുമ്പോള്‍ മുസ്‌ലീം സ്‌നേഹമെന്ന മുദ്രാവാക്യവും മുഴക്കുന്ന കോണ്‍ഗ്രസ് പാഷാണം വര്‍ക്കിയെ വയനാട് കാത്തിരിക്കുന്നു, മേയ് 27 ന് തോല്‍പിച്ചു കയ്യില്‍ കൊടുക്കാന്‍.