അജിത് കൊളാടി

വാക്ക്

January 30, 2021, 6:15 am

മോഡിയുടെ രാജ്യം വലിയ മാനസിക അടിമത്തത്തിലേക്ക്

Janayugom Online

വിദ്വേഷം വളർത്തുന്ന നുണകളുടെ വ്യാപാരം അവസാനിപ്പിക്കണം; രാജ്യത്തെ ഗ്രസിക്കുന്നത് വിദ്വേഷ രാഷ്ട്രീയം: ഇടതുപക്ഷം എപ്പോഴും ഇതു പറയുന്നുണ്ട്. എന്നാൽ രാജ്യത്തെ വലിയ ജനാധിപത്യവാദികൾ, മറ്റു പ്രസ്ഥാനങ്ങൾ ആ അപകടത്തിന്റെ തീവ്രത തിരിച്ചറിയുന്നില്ല. തൊണ്ണൂറു­കളിലെ ഉദാരവൽക്കരണ നയങ്ങൾ സംഘപരിവാറിന് എളുപ്പം ചവിട്ടിക്കയറാനുള്ള ഏണിപ്പടികളായി മാറി.

ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവർ, പാപ്പരായവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എല്ലാം വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ ഇരകളായി മാറുന്നു. പ്രചാരണ രീതിയുടെ കാര്യത്തിൽ ഫാസിസ്റ്റ് ആചാര്യനായ ഗീബൽസിന്റെ തന്ത്രങ്ങളാണ് ആർഎസ്എസ് കൈക്കൊള്ളുന്നത്. നുണകളുടെ മേൽ കെട്ടിപ്പൊക്കിയതാണ് അവരുടെ മേൽക്കൂര. ആവർത്തിക്കപ്പെടുന്ന നുണകൾ സത്യമായി കരുതപ്പെടുമെന്നാണ് അവരുടെ വിശ്വാസം. ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കനത്ത ക്ഷതമേല്പിക്കുന്നു, സംഘപരിവാർ രാഷ്ടീയം. അവർ ഇന്ത്യയിൽ ഭീതിയുടെ ദിനരാത്രങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു.

കർഷക സമരത്തിലും പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലും ഒക്കെ നാം അതു കണ്ടു. എന്നാൽ ഇതുപോലെ ഭീതിയിലും അരക്ഷിതാവസ്ഥയിലും അകപ്പെടുമ്പോഴും അപകടത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടാത്ത വിധം സാമൂഹികാന്തരീക്ഷത്തെ വക്രീകരിക്കാൻ കഴിയുന്നതാണ് സംഘപരിവാറിന്റെ വിജയം. ഗീബൽസിന്റെ സെക്രട്ടറി ആയിരുന്ന പോംസൽ പറഞ്ഞത് ഓർക്കുക; ‘നാസി ക്രൂരതകളുടെ അവസാനത്തെ സാക്ഷിയാണെങ്കിലും അവർ പറയുന്നത്, അവരെന്താണ് ചെയ്യുന്നത് എന്ന് അവർക്ക് അറിയാമായിരുന്നില്ല’ എന്നാണ്. പോംസലിനെപ്പോലെയാണ് നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന സംഘപരിവാറും അതിന്റെ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നവരിൽ വലിയൊരു വിഭാഗവും. ഭക്ഷണത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും അഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെ പേരിലും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിലും ഇവിടെ ആളുകൾ ഉന്മൂലനം ചെയ്യപ്പെടുന്നു.

ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നു. ഇന്ധനവില ക്രമാതീതമായി വർധിക്കുന്നു. അതിരൂക്ഷമാണ് തൊഴിലില്ലായ്മ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭയാനകം. ഇതൊന്നും ഭരണകൂടം അറിയാത്തത്, കൂട്ടക്കുരുതികൾക്കും വംശഹത്യകൾക്കും കോർപ്പറേറ്റ് ദാസ്യത്തിനുമാണ് തങ്ങൾ കൂട്ടുനിൽക്കുന്നതെന്ന വസ്തുത സ്വയം അറിയുന്നില്ല എന്നതു­കൊണ്ടാ­ണത്രെ. താൻ ഒരു അരാഷ്ട്രീയ വ്യക്തിയാണ് എന്നും എനിക്കൊന്നും മനസിലാക്കാൻ കഴിഞ്ഞില്ലെന്നുമാണ് പോംസൽ അന്നു പറഞ്ഞത്. ഇന്ത്യ ഇന്ന് കടന്നുപോകുന്ന മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും വിദ്വേഷ കേന്ദ്രീകൃതവുമായ ഭരണകൂട ഭീകരതകൾ തിരിച്ചറിയാത്ത നിരവധി ആളുകളും അവരുടെ മൗനവും സൂചിപ്പിക്കുന്നത്, കളവുകൾ നിരന്തരം ആവർത്തിക്കുന്നതിലൂടെയും പ്രത്യേക വാക്കുകൾ ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരെ മുദ്രകുത്തുന്നതിലൂടെയും പൊതുബോധത്തെ എളുപ്പം കീഴ്പ്പെടുത്താൻ കഴിയുമെന്നാണ്. കള്ളത്തരങ്ങളുടെയും സങ്കുചിത താല്പ­ര്യങ്ങളുടെയും ഹിസാംത്മക ഭാവങ്ങളുടെയും അന്തരീക്ഷത്തെ പ്രതിരോധിക്കാൻ അക്ഷരങ്ങ­ൾ ന­ൽകുന്ന അഭയം ചരിത്രത്തിൽ നിർണായകമാണ്.

ഭാവനയുടെയും ചിന്തയുടെയും ആത്മപരിശോധനയുടെയും അനിവാര്യതയാണ് ഇവിടെ ബോധ്യപ്പെടുന്നത്. ജിവിതത്തിന്റെ ഉമ്മറപ്പടിയി­ൽ പിടഞ്ഞുവീണ ഗൗരി ലങ്കേഷ്, എം എം കൽബുർഗി, നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവർ സമയം റദ്ദാക്കപ്പെട്ടവരാണ്. അവരെ പോലെ എത്രയെത്ര പേർ. എത്രയെത്ര കൃഷിക്കാർ ആത്മഹത്യ ചെയ്തു. ഈ കർഷക സമരത്തിൽ അടക്കം നൂറ്റിയമ്പതിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.വിദ്വേഷവും അസഹിഷ്ണുതയും ആണ് എല്ലായിടത്തും ഫാസിസ്റ്റുകൾ ഉണ്ടാക്കുന്നത്. എങ്ങനെയാണ് നമ്മുടെ ജനാധിപത്യ മതേതര ഇന്ത്യ ഭീതിയു­ടെ ദിനരാത്രങ്ങളിലേക്ക് നയിക്കപ്പെട്ടത്? ആരാണ് ഈ അവസ്ഥ ഉണ്ടാക്കിയത്‌? എങ്ങനെ നമുക്ക് ഈ അവസ്ഥയെ അതിജീവിക്കാൻ കഴിയും സംഘപരിവാർ വംശീയ വിദ്വേഷം പ്രചരിപ്പിച്ചതും ജനതയെ കീഴടക്കിയതും ക്രമേണയാണ്. മഹാത്മാ ഗാന്ധിയുടെ വധത്തോടു കൂടിയാണ് നുണകൾക്കൊണ്ടും കാപട്യം കൊണ്ടും ഹിംസ കൊണ്ടും കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കൊണ്ടും വംശീയാധികാരം സ്ഥാപിക്കാനുള്ള രാജ്യവ്യാപകമായ ശ്രമം ഇവിടെ ആരംഭിക്കുന്നത്. ഒരു വശത്ത് ഗാന്ധിവധത്തെ സാധൂകരിക്കുന്ന ന്യായവാദങ്ങൾ ഇപ്പോഴും അവതരിപ്പിക്കുന്നു.

മറുവശത്ത് ഗാന്ധിവധത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്നും ആണയിടുന്നു. ചിലപ്പോൾ ഗാന്ധിയെ പ്രശംസിക്കുന്നു. ഇങ്ങനെയൊക്കെ ആണയിട്ട് ജനങ്ങളെ കീഴ്പ്പെടുത്തുന്ന തന്ത്രം സംഘപരിവാറിന് മാത്രം അവകാശപ്പെടുന്നത്. ഗാന്ധിവധത്തെ സാധൂകരിക്കാൻ പതിവായി ന്യായീകരണങ്ങൾ നിരത്തുന്നു. ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിയുടെ ചിത്രത്തിൽ വെടിയുതിർത്ത് ആനന്ദിക്കുകയും ചെയ്യുന്നു, ഇവർ. ഗാന്ധിവധം നടന്നപ്പോൾ മധുരവിതരണം നടത്തിയവരും പടക്കം പൊട്ടിച്ചവരുമാണിവര്‍. കൊലപാതകത്തെ പുണ്യ ‘വധം’ ആക്കി ചിത്രീകരിച്ചു’(തുഷാർ ഗാന്ധിയുടെ വരികൾ). ഇന്ത്യ മുഴുവൻ സഞ്ചരിച്ച്, ബ്രിട്ടിഷ് വിരുദ്ധ ഏ­കീ­കരണം നടത്തിയ മത വിശ്വാസിയായ മഹാത്മാവിന്റെ വധത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ല എന്ന് ഒരു വശത്ത് വാദിക്കുകയും മറുവശത്ത് പാകിസ്ഥാന് നൽകിയ 55 കോടിയുടെ കഥ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ശാസ്ത്രമാണ് സംഘപരിവാർ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. മഹാത്മാഗാന്ധിയെ വധിക്കുന്ന രംഗം പുനരാവിഷ്കരിക്കുന്നതിലൂടെ ഹിംസാത്മക വംശീയ വാദത്തിന്റെ ശംഖനാദമാണ് ഹിന്ദു മഹാസഭ മുഴക്കിയത്. ഇന്ത്യൻ ഭരണകൂടത്തിന് ഈ ഹീനകൃത്യത്തെ ഭികരവാദമായി അടയാളപ്പെടുത്താൻ കഴിയുന്നില്ല. ഇത്തരം ഹീനമായ പ്രവർത്തനങ്ങ­ൾ ജനങ്ങളുടെ പൊതുബോധത്തിൽ പോലും രോഷാകുലമായ ഒരഗ്നിസ്ഫുരണം ഇതിന്റെ പേരിൽ ഉണ്ടായില്ലെങ്കിൽ അത് നൽകുന്ന സൂചന നമ്മുടെ രാജ്യം വലിയ മാനസിക അടിമത്തത്തിലേക്ക് എറിയപ്പെട്ടു കഴിഞ്ഞു എന്നതുതന്നെയാണ്.

യഥാർത്ഥത്തിൽ ഇന്ത്യൻ ജനതയെയും ഭരണഘടനയെയും വെല്ലുവിളിച്ചു കൊണ്ടാണ് ഇത്തരം പൈശാചിക കൃത്യങ്ങൾ അരങ്ങേറുന്നു എന്നത് നിസാരവൽക്കരിക്കേണ്ട ഒന്നല്ല. ഗാന്ധിവധം പുനരാവിഷ്കരിച്ചവരെയും ഗോഡ്സേയ്ക്ക് ക്ഷേത്രം ഉണ്ടാക്കുന്നവരെയും ഇപ്പോഴും നമുക്ക് ബഹിഷ്കരിക്കാൻ സാധിക്കുന്നില്ല എന്നത് മാനസിക അടിമത്തത്തിന്റെ തെളിവ് തന്നെ. അമ്പതു വർഷത്തേക്ക് ജയിലിക്കപ്പെട്ട സവർക്കർ മാപ്പപേക്ഷിച്ച് 1921ലാണ് മോചിതനാകുന്നത്. 1913 നവംമ്പർ 14 ന് സവർക്കർ മാപ്പപേക്ഷിച്ച് ബ്രിട്ടിഷ് ഗവര്‍മെന്റിന് കത്തെഴുതി. ദേശഭക്തിയുടെ പേരിൽ രാജ്യമൊട്ടുക്കും അർധസൈന്യ പരിശീലനം നൽകാൻ ആസൂത്രണം ചെയ്യുന്ന ഒരു ദേശീയവാദിയുടെ യഥാർത്ഥ മുഖം, ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷിച്ചും അവർക്ക് കീഴടങ്ങിയും ബ്രിട്ടീഷ് പട്ടാളത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തും സാമ്രാജ്യത്വദാസ്യം പ്രകടിപ്പിച്ചിരുന്ന യാഥാർത്ഥ്യം എപ്പോഴും മറച്ചുവയ്ക്കുകയും മറക്കപ്പെടുകയും ചെയ്യുന്നു. ദേശത്തെ അപരത്വത്തിലൂടെ അടയാളപ്പെടുത്തി നിരന്തരം വിദ്വേഷം ഉല്പാദിപ്പിക്കാനുള്ള പ്രത്യയശാസ്ത്രമാണ് സംഘപരിവാറിന്റേത്. ഈയിടെ ഇന്ത്യയിലാകമാനം ഉയർന്നുവന്ന പുതിയ തിരിച്ചറിവും ചോദ്യങ്ങളും സംഘപരിവാറിന്റെ നുണകൾക്ക് അതിജീവിക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന ഐതിഹാസിക കർഷക സമരത്തിനെതിരെ പ്രചരിപ്പിച്ച നുണകളെ അതിജീവിക്കാൻ ജനത നിതാന്തം ശ്രമിക്കുന്നു. നുണകൾ പ്രചരിപ്പിക്കുക മാത്രമല്ല, അതിനേക്കാളുപരി അധികാരവും ശക്തിയും ഉപയോഗിച്ചുള്ള കയ്യേറ്റങ്ങളും നിയമലംഘനങ്ങളും ഹിംസകളും അവർ നടത്തുന്നു. അഭിപ്രായം പറയുന്നവർക്കെതിരെ കേസെടുത്തും ദ്രോഹിച്ചും അവരുടെ സ്ഥാപനങ്ങളെ അടിച്ചു തകർത്തും പിടിച്ചെടുക്കുന്ന രീതിശാസ്ത്രവും നിരന്തരം വ്യാജ വാർത്തകൾ കെട്ടിച്ചമയ്ക്കുന്നതും സംഘപരിവാറിനെ ഹിറ്റ്ലർ‑മുസോളിനി പ്രത്യയ ശാസ്ത്രത്തിലേക്ക് അടുപ്പിക്കുന്നു.

ഭാരതീയ പൈതൃകം എന്നാൽ നാനാത്വത്തിലെ ഏകത്വമാണെന്ന സർവസമ്മതമായ ആശയത്തെ തിരുത്തി എഴുതാനാണ് ഹിന്ദു ദേശിയ വാദികൾ എപ്പോഴും ആവശ്യപ്പെടുന്നത്. അവരുടെ ആവശ്യത്തിന്റെ അർത്ഥശൂന്യതയും ആപത്തും ഗ്രഹിക്കണമെങ്കിൽ ചരിത്രപരവും സാമൂഹ്യവും മതപരവും ദാർശനികവുമായ ഒരു പരിശോധന ആവശ്യമാണ്. ബഹുഭൂരിപക്ഷം ജനങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും ജീവിക്കാനുമുള്ള അവകാശവും നിഷേധിക്കുന്നത് കുത്തക മൂലധനശക്തികളും ഫാസിസ്റ്റുകളും ആണ്. അവരാണ് ജീവിതത്തിന്റെ സർവ്വ മേഖലകളെയും മലീമസമാക്കുന്നത്. അവർ സമൂഹത്തിനുമേൽ ലേബൽ ചാർത്തും. മനുഷ്യനെ മനുഷ്യനായി കാണുവാൻ സമ്മതിക്കാത്ത സ്വാർത്ഥികൾ ആണവർ. ഫാസിസ്റ്റുകൾ ഭരണകൂടത്തെ ശക്തമായ മർദ്ദനോപകരണമാക്കി തീർക്കുന്നു. ഫാസിസ്റ്റ് പ്രവണതകൾ ഒരു സമൂഹത്തിൽ സ്വീകാര്യതയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാൽ അതിനെ ഇല്ലായ്മ ചെയ്യാൻ അത്രപെട്ടെന്ന് കഴിയുകയില്ല. തെരഞ്ഞെടുപ്പുകളിൽ നിർണയിക്കപ്പെടുന്ന ജയപരാജയങ്ങൾക്കപ്പുറം നമ്മുടെ പൊതുമണ്ഡലത്തെ വിദ്വേഷകലുഷിതമാക്കുന്ന അന്തരീക്ഷത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്നതാണ് പുരോഗമന പക്ഷം ലക്ഷ്യമിടേണ്ടത്. സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിന് ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ബഹുസ്വരമായ സൗഹൃദങ്ങളെയും പൊതുമണ്ഡലത്തിൽ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി. ഇവിടെ മർദ്ദനത്തിന് സ്വാതന്ത്ര്യം അനുവദിച്ചതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ മർദ്ദനം സംഭവിക്കുന്നത്.

നീതിയിൽ നിന്ന് അനീതിയിലേക്ക് നാട് കുതിക്കുന്നു. സമത്വം എന്നേ നിഷേധിക്കപ്പെട്ടു. നീതി പൂർവകമായ ഒരു ഭാവി ലക്ഷ്യമാക്കിക്കൊണ്ടാകണം മനുഷ്യന്റെ യാത്ര. ആ യാത്രയിൽ മനുഷ്യൻ ലോകത്തെ വ്യാഖ്യാനിച്ചാൽ പോരാ, അതിനെ പരിവർത്തനത്തിന് വിധേയമാക്കുകയും വേണം. സത്യം പ്രചരിപ്പിക്കണം. ഫാസിസ്റ്റ് നുണകൾ തകർക്കണം. ഇപ്പോൾ രാജ്യവും ജനങ്ങളും അനുഭവിച്ച വേദനയും വ്രണങ്ങളും മാറ്റാനുള്ള ഇന്ധനമാണ് ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും സാഹോദര്യവും. ചുംബനങ്ങളെക്കാൾ വ്രണങ്ങാണ് അടയാളങ്ങൾ ബാക്കിയാക്കുക:- ബ്രഹ്തോൾട് ബ്രഹ്ത്