24 April 2024, Wednesday

നെഹ്രുവിനെ തമസ്കരിക്കുന്നവരും ഗ്രൂപ്പ് മാനേജര്‍മാരുടെ കോണ്‍ഗ്രസും

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
September 3, 2021 4:39 am

സ്വാതന്ത്ര്യലബ്ധിക്ക് ഒരാണ്ടു മുമ്പ് 1946ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞു; ‘മഹത്തായ ആദര്‍ശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചെറിയ മനുഷ്യരാണ് നാം. പക്ഷേ, ആദര്‍ശങ്ങളുടെ മഹത്വം നമുക്കും അല്പമൊക്കെ പകര്‍ന്നുകിട്ടുന്നുണ്ട്.’ അത് പൊയ്പ്പോയ കാലം. ഇന്ന് മഹത്തായ ആദര്‍ശം പോയിട്ട് തുച്ഛമായ ആദര്‍ശം പോലുമില്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയിലും നെഹ്രു ദീര്‍ഘകാലം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും. 1950ലെ എഐസിസി സമ്മേളനത്തില്‍ പുരുഷോത്തം ഠണ്ഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജാജിക്കെഴുതിയ കത്തില്‍, നെഹ്രു പറഞ്ഞു, കോണ്‍ഗ്രസിന് എന്നെ വേണ്ടായിരുന്നുവെന്ന് തോന്നുന്നു, താന്‍ ശാരീരികമായി അവശനാണെന്നും പ്രധാനമന്ത്രിയായിരുന്ന നെഹ്രു എഴുതിയതായി പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എഴുതിയ ‘ഇന്ത്യ ഗാന്ധിക്കുശേഷം’ എന്ന വിശിഷ്ട ഗ്രന്ഥത്തിലെ ‘ചരിത്രത്തിലെ ഏറ്റവും വലിയ ചൂതാട്ടം’ എന്ന അധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിയുടെ ഘട്ടത്തില്‍ തന്നെ ഗാന്ധിജി പറഞ്ഞു ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന്. വരാനിരിക്കുന്ന കോണ്‍ഗ്രസിലെ കടുത്ത അപചയം ഗാന്ധിജി ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. രാമചന്ദ്ര ഗുഹ എഴുതുന്നു, ‘മുതിര്‍ന്ന ഒരു മദ്രാസ് പത്രലേഖകന്‍ പറഞ്ഞു: ഗാന്ധിജിക്കുശേഷമുള്ള അധികാരത്തിന്റെ ആദ്യത്തെ ഇര മാന്യതയാണ്. സ്വാതന്ത്ര്യം നേടിയ ശേഷം കോണ്‍ഗ്രസിന് ഏകീകരിക്കുവാനുള്ള ഒരു ലക്ഷ്യവും ഇല്ലാത്ത അവസ്ഥയായി. അത് തടിച്ചുകൊഴുത്തു, അലസമായി. ഇപ്പോള്‍ അതില്‍ കുറ്റവാളികളും ഭാരവാഹികളുമാണ്. കരിഞ്ചന്തക്കാരും ഉണ്ട് എന്നാണ് ടൈം മാസിക അഭിപ്രായപ്പെട്ടത് എന്ന് രാമചന്ദ്ര ഗുഹ എഴുതുന്നു.
ഇന്ന് കോണ്‍ഗ്രസ് ഭിന്നിപ്പിന്റെ ലോകത്താണ്. അധികാരത്തിലുള്ള രാജസ്ഥാനിലും ചത്തീസ്ഗഢിലും പഞ്ചാബിലും തമ്മിലടി അനവരതം അരങ്ങേറുകയാണ്. തടിച്ചുകൊഴുത്ത അലസന്‍മാരായ കുറ്റവാളികളും കുരിഞ്ചന്തക്കാരും ചേര്‍ന്ന് മഹാത്മാവും നെഹ്രുവും നയിച്ച പാര്‍ട്ടിയെ ശവമാടത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കവി എ അയ്യപ്പന്‍ ‘മാളമില്ലാത്ത പാമ്പ്’ എന്ന കവിതയില്‍ കുറിച്ച വരികള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇന്ന് അന്വര്‍ത്ഥമാണ്.

‘തിരിച്ചുവന്നപ്പോഴേയ്ക്കും
എരിച്ചു കളഞ്ഞെന്‍ മാളം.
മാളമില്ല തല ചായ്ക്കുവാന്‍’
സ്വന്തം മാളത്തിന് അഗ്നി കൊടുക്കുകയാണ് കോണ്‍ഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെടെ പ്രാദേശിക തലം വരെയുള്ളവര്‍. ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസില്‍ സംഘടനാ തെഞ്ഞെടുപ്പും ജനാധിപത്യവും കണ്ടുകിട്ടുകയില്ല. ഇഷ്ടക്കാരുടെ നോമിനേഷന്‍ പദ്ധതി നടപ്പാക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. പെട്ടിയെടുപ്പുകാര്‍ ഭാരവാഹികളാവുന്നുവെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടി കെ പി അനില്‍കുമാര്‍ തന്നെ വെളിപ്പെടുത്തിയതില്‍ നിന്ന് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന വിനാശകാലം വ്യക്തമാണ്.

നെഹ്രുവിനെ ഉദ്ധരിച്ചത് സ്വാതന്ത്ര്യസമര ചരിത്രനായകന്‍മാരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ നിന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് പരാമര്‍ശിക്കുവാനാണ്. ചരിത്രത്തെ തമസ്കരിക്കുവാനും വര്‍ഗീയ ഫാസിസ്റ്റ്‌വല്‍ക്കരണത്തിനുമായി അവിശ്രമം യത്നിക്കുന്ന നരേന്ദ്രമോഡിയും അമിത്ഷായും നെഹ്രുവിനെ പുറത്താക്കുകയും ആന്‍ഡമാന്‍ ജയിലില്‍ ബ്രിട്ടീഷ് സേനാമേധാവിയുടെ ചെരുപ്പ് നക്കുകയും പല തവണ മാപ്പപേക്ഷ നല്കി ബ്രിട്ടീഷ് മേധാവിത്വത്തിന്റെ കുഴലൂത്തുകാരനാവാമെന്ന് ഉറപ്പുനല്‍കുകയും ചെയ്ത വി ഡി സവര്‍ക്കറെ ഉള്‍പ്പെടുത്തുകയും ചെയ്തു. ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വി ഡി സവര്‍ക്കറെ പ്രതിഷ്ഠിക്കുകയും ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമകള്‍, അമ്പലങ്ങള്‍ എന്നിവ സ്ഥാപിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമ്പാദനത്തിനായി പൊരുതി കാരാഗൃഹവാസം അനുഭവിച്ച വേളയില്‍ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന പ്രോജ്ജ്വല ഗ്രന്ഥവും ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളും’ എഴുതിയ നെഹ്രു പുറത്തും സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്ത സവര്‍ക്കറും ഗോള്‍വാള്‍ക്കറും ചരിത്രപട്ടികയിലും. ഇതാണ് ചരിത്രത്തെ വന്ധ്യംകരിക്കല്‍.
നെഹ്രുവിനെ തിരസ്കരിക്കുമ്പോള്‍ പ്രതികരിക്കുവാന്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാനേയില്ല. മൃദുഹിന്ദുത്വ വര്‍ഗീയ നയങ്ങളുമായി ചേര്‍ന്നുനില്ക്കുന്ന ഇന്നത്തെ കോണ്‍ഗ്രസിന്, വ്യവസായ സ്ഥാപനങ്ങളാണ് ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ എന്നു പറഞ്ഞ നെഹ്രുവിനെ മനസിലായിട്ടില്ല. ഗാന്ധിജിയെയും നെഹ്രുവിനെയും പണ്ടുകാലത്തേ മറന്നുപോയ കോണ്‍ഗ്രസുകാര്‍ക്ക് നരേന്ദ്രമോഡിയും സംഘപരിവാരവും ഗാന്ധിജിയെയും നെഹ്രുവിനെയും ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രത്തെയും തമസ്കരിച്ച് വര്‍ഗീയവല്‍ക്കരിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്ക് ശബ്ദമേയില്ല.

കെപിസിസി, ഡിസിസി പുനഃസംഘടന നടന്നുകഴിഞ്ഞപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ അരഡസന്‍ കവിഞ്ഞു. ഗ്രൂപ്പ് മാനേജര്‍മാരായിരുന്നവര്‍ സ്ഥാനമാനങ്ങള്‍ കിട്ടുമ്പോള്‍ ഗ്രൂപ്പ് രഹിതരെന്നു പറയുന്ന മൗഢ്യം ചെന്നിത്തല വെളിപ്പെടുത്തുന്നു. ചര്‍ച്ച നടത്താതെ ചര്‍ച്ച നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് തീരുമാനങ്ങള്‍ അടിച്ചേല്പിച്ചെന്ന് ഉമ്മന്‍ചാണ്ടി. കെ ബാബുവും ജോസഫ് വാഴയ്ക്കനും കെ സി ജോസഫും പക്ഷം പിടിക്കാനെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുള്‍പ്പെടെയുള്ളവരുടെ ഗ്രൂപ്പ് കാലുമാറ്റവും ഇതിനിടയില്‍ വ്യക്തമായി. ജനകീയ നിലപാടുകളൊന്നുമില്ലാത്ത, അരിയിട്ടുവാഴ്ചക്കാരുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് കേരളത്തിലും തറപറ്റുകയാണ്. തിളയ്ക്കുന്ന എണ്ണയില്‍ വെന്തുവേവുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. പക്ഷേ ഇരുട്ടുകൊണ്ട് നഗ്നത മറയ്ക്കുവാന്‍ കെ സുധാകരനും വി ഡി സതീശനും നടത്തുന്ന യത്നങ്ങള്‍ കേരളീയ സമൂഹം പരിഹാസത്തോടെയാണ് വീക്ഷിക്കുന്നത്.
‘കള്ളനെ എന്തായാലും പിടികൂടും.
കള്ളന്‍ എന്റെ കപ്പലില്‍ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.