പി എ വാസുദേവൻ

കാഴ്ച

January 23, 2021, 5:33 am

കേരളാബജറ്റിലെ പുതിയ ദിശാസൂചനകള്‍

Janayugom Online

സെെദ്ധാന്തികവും ദിശാപരവുമായ ഷിഫ്റ്റുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ധനമന്ത്രി തോമസ് ഐസക് ഈ മന്ത്രിസഭയുടെ അവസാന ബജറ്റ് അവതരിപ്പിച്ചത്. ദെെര്‍ഘ്യത്തിന്റെ കാര്യത്തിലും ഉള്‍ക്കനത്തിലും കാഴ്ചപ്പാടിന്റെ ദാര്‍ഢ്യത്തിലും ഇതര മന്ത്രിസഭകളവതരിപ്പിച്ച ബജറ്റുകളില്‍ നിന്ന് ഐസക്കിനു വ്യത്യസ്ഥനാവാന്‍ സാധിച്ചത്, ധനശാസ്ത്രത്തിലുള്ള അവഗാഹവും സാമൂഹിക പ്രതിബദ്ധതയും കൊണ്ടാണ്. ക്ലാസ് മുറികളിലെ ഒരു അധ്യാപകന്റെ ക്ലിനിക്കല്‍ കണിശതയാണ്, ഈ ബജറ്റിന്റെ വ്യത്യസ്ഥത എന്നാണെനിക്ക് തോന്നിയത്.

ഒരു ചെറിയ ചുവടുമാറ്റം സൂക്ഷ്മ വായനയില്‍ ശ്രദ്ധേയമാണ്. കിഫ്ബിയെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങള്‍ ഇതിലുണ്ടെങ്കിലും അതെല്ലാം കിഫ്ബിയുടെ മുന്‍ പദ്ധതികളെക്കുറിച്ചായിരുന്നു. കിഫ്ബി ഇതിനകം 60,000 കോടിയുടെ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ പൂര്‍ത്തീകരണത്തിനു സമയമാവുന്നേയുള്ളു. ദീര്‍ഘകാല ചെലവഴിക്കലുകളില്‍ ഫലത്തിലേക്കുള്ള ഒരു ന്യായമായ ‘ലാഗ്’ അനുവദിച്ചേ പറ്റൂ. ഇത്തവണ ബജറ്റില്‍ പ്രാധാന്യം ‘കെ-ഡിക്സ്’ നാണ്. കേരള ഇന്നവേഷന്‍ ആന്റ് സ്ട്രാറ്റജികല്‍‍ കൗണ്‍സില്‍, വെെ­ജ്ഞാനിക സമ്പദ്‌വ്യവസ്ഥയാവുന്നതിനു മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കും. ബജറ്റിനു മുമ്പുതന്നെ അദ്ദേഹം പറഞ്ഞതുപോലെ വിവര കേന്ദ്രീകൃതമായൊരു സമീപനമാണിതില്‍. സാങ്കേതിക വിജ്ഞാനത്തിലൂടെ തൊഴില്‍സൃഷ്ടി, ഗവേഷണം തുടങ്ങിയ മുമ്പില്ലാത്ത മേഖലകളില്‍ ഊന്നിക്കൊണ്ടുള്ള ബജറ്റ്, അതുകൊണ്ടുതന്നെ തികഞ്ഞ ശാസ്ത്രീയ സമീപനമാണ്.

ബജറ്റിന്റെ പൊതു സെെദ്ധാന്തിക പ്രായോഗിക അതിരുകളാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. ഇതിലുള്ള എത്രയോ ക്ഷേമപദ്ധതികളുടെയും അവയ്ക്കുള്ള നീക്കിയിരുപ്പുകളുടെയും വിവരണം നമുക്ക് ബജറ്റിന്റെ ഉള്ളറിവു തരുന്നില്ല. ഒരു കണക്കവതരണമാവരുതല്ലോ ബജറ്റ് അവലോകനം. അതൊക്കെ ദീര്‍ഘമായി ബജറ്റ് ടെക്സ്റ്റിലുണ്ടാവും. അതുകൊണ്ട് ബജറ്റിലെ പൊതുവായ ചില ദിശാസൂചനകള്‍ക്കാണിവിടെ പ്രാധാന്യം നല്കുന്നത്. വന്‍കിടപദ്ധതികള്‍ ഇതിലില്ല. നികുതിയും കാര്യമായി കൂട്ടിയിട്ടില്ല. കോവിഡിനെ നേരിടാന്‍ ഫലവത്തായ ശ്രമം നടന്നുവെങ്കിലും റവന്യൂ വരുമാനം 18.77 ശതമാനം കുറഞ്ഞിരുന്നു. വായ്പ കൂടുതല്‍ എടുക്കേണ്ടി വന്ന വര്‍ഷമായിരുന്നു. അതുകൊണ്ട് ധനക്കമ്മി 4.25 ശതമാനം ഉയര്‍ന്നു. ഇതൊക്കെ നിര്‍ബന്ധിത സാഹചര്യങ്ങളുടെ സൃഷ്ടിയായിരുന്നു.

എല്ലാ ബജറ്റ് സങ്കല്പങ്ങളെയും അട്ടിമറിക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കോവിഡ് താണ്ഡവം. മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും ഭീകരതകള്‍ നേരിടാന്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയേ പറ്റൂ. ദീര്‍ഘകാല വികസനങ്ങളെ തല്ക്കാലം, ഹൃസ്വകാല ക്ഷേമപരിപാടികള്‍കൊണ്ട് നേരിട്ടേ പറ്റൂ. ഇത്തരം ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കമ്മിയുടെ പേരില്‍ ചെലവഴിക്കാതിരുന്നുകൂട. ഇക്കാര്യം മുമ്പേ കെയ്ന്‍സ് പറഞ്ഞിരുന്നു. ഈയടുത്തകാലത്തായി സെറ്റഫാനേ കെല്‍ട്ടണ്‍ എന്ന അമേരിക്കന്‍ സാമ്പത്തിക വിദഗ്ധയെഴുതിയ ‘ഡെഫിസിറ്റ് മിത്ത്’ എന്ന ഗ്രന്ഥത്തിലും ഇതു തന്നെയാണാവര്‍ത്തിച്ചത്. സാഹചര്യങ്ങള്‍ അവിടത്തേതില്‍ നിന്നു വ്യത്യസ്ഥമാണെങ്കിലും പ്രയോഗത്തിനു ഇവിടെയും പ്രസക്തിയുള്ളതാണത്. വ്യക്തിയുടെ ബജറ്റിലുള്ള കമ്മിയുമായി നാടിന്റെ ബജറ്റ് ഡെഫിസിറ്റിനെ താരതമ്യം ചെയ്യരുത്. സ്റ്റെഫാനിയുടെ പുസ്തകമിറങ്ങുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കും മുമ്പും, തന്റെ ബജറ്റ് പ്രസംഗങ്ങളില്‍ ഐസക് ഇതാവര്‍ത്തിച്ചപ്പോഴൊക്കെ കടവും കമ്മിയും കൂട്ടുന്ന ധനമന്ത്രി എന്നു പറഞ്ഞ് കാര്യമറിയാതെ അലറിയവര്‍ ഇത്തവണയും അത് ചെയ്തു. അതവരുടെ വിവരക്കേട്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ സഞ്ചിത പ്രശ്നങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കാതെ വരില്ല. സാമ്പത്തിക സര്‍വെ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച ‘സ്പില്‍ ഓവറു‘കളെക്കുറിച്ച് പഴിചാരിയതുകൊണ്ട് കാര്യമില്ല. അതിലും അടിയന്തര ദുരിത നിവാരണ പ്രവര്‍ത്തനങ്ങളിലായിരുന്നു എല്ലാ വകുപ്പുകളും. സാമ്പത്തിക സര്‍വെ അതൊക്കെ വ്യക്തമാക്കിയതുകൊണ്ട് കണക്കുകള്‍ ഏറെ നിരത്തുന്നില്ല. വളര്‍ച്ചാനിരക്ക് 6.49 ശതമാനം താഴ്ന്നത് അതുകൊണ്ടാണ്. കോവിഡിന് മുമ്പുതന്നെ രണ്ട് പ്രളയങ്ങളിലൂടെ കടന്നുവന്നതുകാരണം ആഭ്യന്തര ഉല്പാദനം വല്ലാതെ താഴ്ന്നിരുന്നു. കാര്‍ഷികമേഖലയുടെ സ്ഥിതി 6.82 ശതമാനം, വ്യവസായം 2.73 ശതമാനം, നിര്‍മ്മാണ മേഖല പകുതി. ഇതിന്റെയൊ‌ക്കെ ഭാരം പേറിയായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റ്. വിനോദസഞ്ചാര നഷ്ടം 25,000 കോടി. നികുതി പത്ത് വര്‍ഷത്തിനിടെ ആദ്യമായി കുറഞ്ഞു. പ്രതിശീര്‍ഷവരുമാനം പകുതിയായി. കോവിഡുകൊണ്ട് മാത്രം 1.56 ലക്ഷം കോടി രൂപ നഷ്ടമായി.
ഇതിന്റെയൊക്കെ ആഘാതങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കും. എന്നിട്ടും തെരഞ്ഞെടുപ്പിനു മുമ്പത്തെ ബജറ്റ് ഹൃസ്വകാല പ്രശ്നപരിഹാരവും ദീര്‍ഘകാല വളര്‍ച്ചയും സമന്വയിപ്പിക്കാന്‍ വിദഗ്ധമായി ശ്രമിച്ചിട്ടുണ്ട്. തന്ത്രപരമായ മേഖലകളില്‍ ഊന്നിയാണ് 21–22 വര്‍ഷത്തേക്കുള്ള സമീപനം ഒപ്പംതന്നെ തെരഞ്ഞെടുപ്പും പരിഗണിക്കണമല്ലോ. സ്ഥൂലമായി പറഞ്ഞാല്‍ തൊഴില്‍, വരുമാനം, സമ്പദ്ഘടനയുടെ ഉയര്‍ത്തെഴുന്നേല്പ് സാങ്കേതിക ജ്ഞാനത്തിലൂടെ വികസനം എന്നിവയാണ് ബജറ്റിന്റെ അടിത്തറ. ഇതിന്മേലാണ് വരവുചെലവുകള്‍ ചേര്‍ത്തുവയ്ക്കുന്നത്. വെറുതെ നീക്കിയിരുപ്പ്, മേഖലകള്‍ തിരിച്ചുകൂട്ടുകയല്ല. അറിവ്, തൊഴില്‍ എന്നിവയ്ക്കാണ് കേന്ദ്ര പരിഗണന. ഒപ്പംതന്നെ ഉല്പാദനമേഖല, കൃഷി എന്നിവയില്‍ സംഭവിച്ച പതനം മാറ്റിയെടുക്കാനുള്ള വിശദമായ പദ്ധതികള്‍ ഇതിലുണ്ട്.

കൃഷിയിലും നിര്‍മ്മാണമേഖലയിലും ഉണ്ടാവുന്ന വളര്‍ച്ച വ്യാപകമായ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതിനാല്‍ അവയ്ക്കുള്ള നീക്കിയിരിപ്പില്‍ കാര്യമായ വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. തൊഴില്‍ വര്‍ധനവ് സഹായിക്കുന്നതാണ് ‘സ്റ്റാര്‍ട്ട് അപ്പ്’ സംരംഭങ്ങള്‍. അത്തരം 2500 സംരംഭങ്ങള്‍ തുടങ്ങും. സാധാരണ തൊഴിലവസരങ്ങള്‍ക്കായി കാര്‍ഷിക മേഖലയെ മാത്രം ആശ്രയിക്കുന്നത് വിട്ട്, അഭ്യസ്തവിദ്യരെയും സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവരെയും തൊഴില്‍ നല്കി, ഉല്പാദനമേഖലയ്ക്ക് പുതിയൊരു അധിക സാധ്യത നല്കുന്നതിനുള്ള നെെപുണി വികസന പദ്ധതികളും ഉണ്ട്. കോളജുകളില്‍ ഗവേഷണത്തിനും തുടര്‍ന്നുമുള്ള പഠനത്തിനുമായി നല്ലൊരു തുക നീക്കിവച്ചിട്ടുമുണ്ട്. അതായത് സാമ്പ്രദായിക വഴികളിലൂടെയല്ലാതെ പ്രകൃത്യാ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും അത് സുസ്ഥിരമാക്കുകയും ചെയ്യുക എന്നതിലാണ് ഐസക് ഊന്നല്‍ നല്കിയതെന്ന കാര്യം ബജറ്റില്‍ നിന്നറിയാന്‍ കഴിയും.

പ്രശ്നങ്ങള്‍ ഏതുകാലത്തുമുണ്ട്. അതില്‍ പലതും ബജറ്റില്‍ പരിഗണിക്കപ്പെടാറുണ്ടെങ്കിലും സമ്പദ്ഘടനയെ ശക്തമാക്കി പ്രശ്നങ്ങളെ പരിഹരിക്കുന്നതാണ് പ്രധാനം. ഇതില്‍ അത്തരം ശ്രമങ്ങളുണ്ടെന്ന് വിശദ വായനയിലറിയാം. 3000 കോടി ചെലവഴിച്ച വ്യാവസായിക ഇടനാഴി, ടൂറിസം വികസനത്തിനു പലിശരഹിത കടം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ നേരിടാന്‍ എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, താഴ്ത്തട്ടു മുതല്‍ ഗവേഷണം വരെയുള്ള തടര്‍ന്നുള്ള വിദ്യാഭ്യാസം, കുടുംബശ്രീക്കുള്ള പ്രാധാന്യം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആറിന പരിപാടി തുടങ്ങി ബൃഹത്തായ ഉല്പാദനവര്‍ധന പരിപാടികള്‍‍ക്കൊപ്പം ഭക്ഷ്യസുരക്ഷ, താഴ്ത്തല ക്ഷേമപരിപാടി തുടങ്ങിയവയ്ക്കും നീക്കിയിരിപ്പുണ്ട്.
പ്രതിപക്ഷ നേതാവ് ബഡായി ബജറ്റ് എന്നധിക്ഷേപിക്കുന്ന വാര്‍ത്ത കണ്ടു. കക്ഷി രാഷ്ട്രീയത്തിന്റെ വഴിപാട് കഴിച്ചതായി കരുതിയാല്‍ മതി. ജനപ്രിയ ബജറ്റ് എന്ന പ്രയോഗം ഒരാക്ഷേപവുമല്ല. ബജറ്റ് ജനത്തിനു വേണ്ടി തന്നെയാണ്. ഹൃസ്വകാല‑ദീര്‍ഘകാല പരിഗണനകളിലൂടെ. ബജറ്റിലെ ‘ത്രസ്റ്റ്’ എവിടെയൊക്കെയാണെന്നാണ് നോക്കേണ്ടത്. ചുരുക്കത്തില്‍ പറയാം; ‘ലെെഫ്, ലെെവ്‌ലിഹുഡ്, ഗ്രോത്ത്’ ഇവയായിരുന്നു ലക്ഷ്യം.