പ്രകാശ് ബാബു

ജാലകം

October 26, 2020, 5:45 am

പുതിയ ജില്ലാ വികസന കമ്മിഷണർ വരുമ്പോൾ

Janayugom Online

പ്രകാശ് ബാബു

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ മുനിസിപ്പൽ കോർപ്പറേഷനുകൾ ഉള്ള ആറു ജില്ലകളിൽ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മിഷണർമാരെ നിയമിച്ചുകൊണ്ട് കേരളാ ഗവൺമെന്റ് ഉത്തരവായി. ജില്ലാ വികസന കമ്മിഷണറുടെ റാങ്കും ശമ്പള സ്കെയിലും സബ് കളക്ടർ ഗ്രേഡ് 1 ആയിരിക്കുമെന്നും സെപ്റ്റംബർ 30 ന് പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ വ്യക്തമാക്കി. ആറു ജില്ലകളിലും കമ്മിഷണർമാരായി നിയമിക്കപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ഉത്തരവിലുണ്ട്.

ത്രിതല പഞ്ചായത്ത്-നഗരസഭകൾ ആവിഷ്കരിക്കുന്ന വിവിധ പദ്ധതികൾ കൃത്യതയോടെ നടപ്പിലാക്കാനും ജില്ലകളിലെ വികസന പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളോടൊപ്പം നിന്ന് നേതൃത്വം നൽകാനും ജില്ലാ കളക്ടർമാരുടെ ജില്ലയിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലിഭാരം കുറയ്ക്കുന്നതിനും ഇത് കൂടുതൽ സഹായകരമായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ജില്ലാ കളക്ടർമാർക്ക് ഭൂമിയുമായി ബന്ധപ്പെട്ട് പട്ടയം മുതൽ റീസർവെ വരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ ഭൂമിയുടെ പാട്ടം, കരം തുടങ്ങിയവ സമയബന്ധിതമായി പിരിച്ചെടുക്കാനും എക്സിക്യൂട്ടീവ്, മജിസ്ട്രേറ്റ് എന്ന നിലയിലുള്ള കർത്തവ്യങ്ങളും തന്നിൽ നിക്ഷിപ്തമായിട്ടുള്ള മറ്റു സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ നിർവഹിക്കാനും കൂടുതൽ സമയം ലഭിക്കുകയും ചെയ്യും.

ജില്ലകളിലെ വികസന പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിൽ, ഏറ്റവും ശ്രദ്ധേയമായ കടമ നിർവ്വഹിക്കാനുള്ള ഒരു സ്ഥാപനമാണ് ജില്ലാ ആസൂത്രണ കമ്മിറ്റി (ഡിപിസി). ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ഇസഡിലും കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 53-ാം വകുപ്പിലും ഇതിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന പദ്ധതികൾ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്ക് മൊത്തത്തിൽ ഒരു വികസനപദ്ധതി തയ്യാറാക്കുന്നതിനും വേണ്ടിയാണ് ഡിപിസികൾ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ സെക്രട്ടറിയും ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥന്മാർ ജോയിന്റ് സെക്രട്ടറിമാരുമായിട്ടാണ് കേരളത്തിലെ നിയമപ്രകാരം ഈ കമ്മിറ്റി പ്രവർത്തിക്കേണ്ടത്.

ഇതിൽ എക്സ് ഒഫിഷ്യോ അംഗവും സെക്രട്ടറിയുമായ ജില്ലാ കളക്ടർക്കു പകരം ഈ ആറു ജില്ലകളിലെങ്കിലും പുതിയ ജില്ലാ വികസന കമ്മിഷണർമാരെ ഡിപിസി സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കാവുന്നതാണ്. ഡിപിസിയെ കൂടുതൽ ശക്തമാക്കി പ്രവർത്തിപ്പിക്കുന്നതിന് ഇത് സഹായിക്കും. ഇതിനാവശ്യമായ നിയമഭേദഗതിയെക്കുറിച്ച് ഗവൺമെന്റ് ഗൗരവമായി ആലോചിക്കണം. കേരള മുനിസിപ്പൽ നിയമം അനുസരിച്ചുള്ള ”മെട്രോ പൊളിറ്റൻ ആസൂത്രണ കമ്മിറ്റി” രൂപീകരിക്കാനുള്ള സാദ്ധ്യത 1999 ൽ കേരളത്തിൽ ഇല്ലാതിരുന്നതുകൊണ്ടാണ് അന്ന് അത് വേണ്ടെന്നു വച്ചത്. ഇരുപത്തൊന്ന് വർഷത്തിനു ശേഷം ഇന്ന് അതിനുള്ള സാധ്യതയും സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരായാവുന്നതാണ്. അധികാര വികേന്ദ്രീകരണ കമ്മിറ്റി 1997 ൽ കേരള സർക്കാരിനു സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവയുടെ വാർഷിക- അഞ്ചു വർഷ പദ്ധതികളോടൊപ്പം പതിനഞ്ചു വർഷത്തേക്കുള്ള ദീർഘവീക്ഷണത്തോടെയുള്ള ഒരു ”പെർസ്പെക്ടീവ് പ്ലാൻ” കൂടി തയ്യാറാക്കണം എന്നും അതിൽ ”സ്പെഷ്യൽ പ്ലാനിങ്ങി”ന് പ്രത്യേക ഊന്നൽ ഉണ്ടാകണമെന്നും നിർദ്ദേശിച്ചിരുന്നു. റസിഡെൻഷ്യൽ പ്രദേശം, കൊമേഴ്സ്യൽ പ്രദേശം, കൃഷിയിടങ്ങൾ, വ്യവസായ മേഖല ഇങ്ങനെ ലഭ്യമായ ”സ്ഥലത്തെ യാഥാർത്ഥ്യ ബോധത്തോടെയും ദീർഘവീക്ഷണത്തോടെയും വിനിയോഗിക്കണം” എന്നതായിരുന്നു ആ കാഴ്ചപ്പാട്.

സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് ഇത് അത്യന്താപേക്ഷിതവുമാണ്. പ്രാരംഭഘട്ടത്തിൽ കേരളം ഇതെല്ലാം ശ്രദ്ധിച്ചെങ്കിലും നിക്ഷിപ്ത താല്പര്യക്കാരുടെ സമ്മർദ്ദം കൊണ്ടായിരിക്കാം സ്പെഷ്യൽ പ്ലാനിംഗ് ഉൾക്കൊള്ളുന്ന പെർസ്പെക്ടീവ് പ്ലാനിംഗ് ഏറെക്കുറെ നിർവീര്യമാക്കപ്പെട്ടു. ദേശീയ വികസന കൗൺസിലിന്റെ ചുവടുപിടിച്ച് കേരളത്തിലും ഒരു സംസ്ഥാന വികസന കൗൺസിലിന് രൂപംനൽകുന്നതിന് അധികാര വികേന്ദ്രീകരണ കമ്മിറ്റി ശുപാർശ ചെയ്യുകയും കേരള മുനിസിപ്പൽ നിയമത്തിൽ അതിന് വ്യവസ്ഥ ചെയ്യുകയുമുണ്ടായി. കൗൺസിലിന് മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന മന്ത്രിമാരും നിയമസഭയിലെ പ്രതിപക്ഷ നേതാവും വൈസ് ചെയർമാൻമാരും ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയുമായിട്ടാണ് നിയമം അനുശാസിക്കുന്നത്. സംസ്ഥാന വികസന നിർദ്ദേശങ്ങളും ജില്ലാ പദ്ധതികളും ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിനാകെയുള്ള ഒരു വികസന നയം രൂപീകരിക്കുകയും ചെയ്യേണ്ടത് സംസ്ഥാന വികസന കൗൺസിലാണ്. കേരളത്തിന്റെ വികസന പ്രക്രിയയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് വികസന കൗൺസിലിന് ഗണ്യമായ സംഭാവന ചെയ്യാൻ കഴിയും. സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ജില്ലാ വികസന കമ്മിഷണർ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് പൊലീസും മറ്റ് എൻഫോഴ്സ്മെന്റ് ഏജൻസികളുടെ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും ജില്ലാ കളക്ടറെ സഹായിക്കണമെന്നുകൂടി പറഞ്ഞിട്ടുണ്ട്. ക്രിമിനൽ നടപടി നിയമപ്രകാരമുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം ഒരു ഉത്തരവ് മുഖേന വികസന കമ്മിഷണർ കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം മാത്രമല്ല പ്രായോഗിക തലത്തിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് സാധ്യത.

ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരങ്ങൾ കളക്ടർമാരിൽ തന്നെ നിലനിർത്തുകയാണ് അഭികാമ്യം. കേരളത്തിന്റെ വാർഷിക ബജറ്റിന്റെ 40 ശതമാനം കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ അവർക്ക് വഴികാട്ടിയായും സഹായിയായും പുതിയ വികസന കമ്മിഷണർമാർ പ്രവർത്തിക്കുകയും അങ്ങനെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഭരണ നിർവഹണത്തിൽ കൂടുതൽ ശാക്തീകരിക്കുകയും ചെയ്യാൻ കഴിയും. സംസ്ഥാന സർക്കാർ വിവിധ വകുപ്പുകൾ മുഖേന ചെലവാക്കുന്ന വാർഷിക പദ്ധതിയുടെ 60 ശതമാനത്തിന്റെ പ്രതിമാസ അവലോകനവും വിനിയോഗവും മോണിറ്റർ ചെയ്യുന്നതിന് ജില്ലാ കളക്ടർമാർക്ക്, ജില്ലയിലെ ജനപ്രതിനിധികളുടെ സഹകരണത്തോടുകൂടി കൂടുതൽ സമയമെടുത്ത് ശ്രദ്ധിക്കാനും കഴിയും.