ദേവിക

വാതില്‍പ്പഴുതിലൂടെ

July 20, 2020, 6:51 am

പൊന്നുചാനലുകളേ ചതിക്കല്ലേ!

Janayugom Online

ണ്ട് സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശകാലത്ത് ദേവികയുടെ ഒരു ബന്ധു പറഞ്ഞതോര്‍ക്കുന്നു. സദ്ദാം ഹുസൈന്‍ നേരിട്ടുവന്ന് അടിച്ചാലും ഇന്ത്യയിലേക്കു മടങ്ങുന്ന പ്രശ്നമില്ലെന്ന്, ഏതാണ്ട് എല്ലാ പ്രവാസികളുടേയും മനോനില ഇതായിരുന്നു. ആ മാനസികാവസ്ഥ മാറാന്‍ കൊറോണ വരേണ്ടി വന്നു. ഞങ്ങളെ നാട്ടിലെത്തിക്കണേ എന്ന് പ്രവാസികള്‍ കൈകാലിട്ടടിച്ചു നിലവിളിക്കുന്നു. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവന്‍ ഒരു നൂറ്റാണ്ടിനുമപ്പുറം അരുളിചെയ്തത് വിവാഹ ചടങ്ങുകള്‍ ധൂര്‍ത്താകരുതെന്നായിരുന്നു. ആരു കേള്‍ക്കാന്‍. ‘ഒന്നു കുറ ആയിരപ്പറ’ അതായത് 999 പറനിലവും ലക്ഷം പണവും കൈയിലുള്ള പ്രമാണിമാര്‍ കല്യാണം നടത്തുന്നത് ആര്‍ഭാടരഹിതമാക്കുന്നത് മോശമല്ലേ എന്ന ചിന്ത. ഗുരുദേവന്‍ പറഞ്ഞതുപോലെ പെണ്ണിന്റെയും ചെറുക്കന്റെയും വീട്ടില്‍ നിന്ന് അഞ്ചുപേര്‍ വീതം വിവാഹച്ചടങ്ങില്‍ പങ്കെടുത്താല്‍ മതിയെന്നു പറഞ്ഞത് അനുസരിക്കുന്നത് മാനക്കേടല്ലേ എന്ന ദുരഭിമാന ചിന്ത. ഈയടുത്തകാലത്ത് ഒരു പ്രവാസി കോടീശ്വരന്‍ തന്റെ മകളുടെ കല്യാണമാമാങ്കത്തിനു പൊടിച്ചത് അഞ്ഞൂറു കോടി രൂപയായിരുന്നത് ‘മാധ്യമങ്ങള്‍ കെങ്കേമമായി കൊണ്ടാടി. പക്ഷെ ഗുരുദേവകല്പന അനുസരിക്കാത്ത ജനം കൊറോണ കല്പനശിരസാവഹിക്കുന്നു. പെണ്ണും ചെറുക്കനും ബന്ധുക്കളുമടക്കം അന്‍പതു പേരുടെ സാന്നിധ്യത്തിലും കല്യാണം നടത്താമെന്ന് കൊറോണ കാണിച്ചു കൊടുത്തിരിക്കുന്നു. ഗുരുദേവനെ ശിഷ്യര്‍ പറ്റിച്ചാല്‍ ശിഷ്യരെ കൊറോണ പറ്റിക്കും എന്നായി പുതിയ പ്രമാണം.

കൊറോണക്കാലത്ത് ആഗോളവല്ക്കരണവും നവ ഉദാരീകരണവും കമ്പോളവല്ക്കരണവുമടക്കമുള്ള സര്‍വശല്ക്കങ്ങളും തകര്‍ന്നടിഞ്ഞാലും, കൊറോണ കല്പിച്ചാലും കല്യാണം നടത്തിപ്പുകമ്പനികള്‍ തഴച്ചു വളരുമെന്നതിന്റെ കേളികൊട്ടും കേള്‍ക്കാം. പരസ്യങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ മൂക്കുകൊണ്ട് ‘ക്ഷ’ എഴുതുമ്പോള്‍ വിവാഹനടത്തിപ്പു കമ്പനികളുടെ പരസ്യങ്ങളുടെ പൂക്കാലമാണിപ്പോള്‍. അന്‍പതു പേര്‍ക്കുള്ള കോവിഡ് കാല വിവാഹപാക്കേജിന് വെറും 99,999 രൂപ മാത്രമെന്നാണ് ഒരു പരസ്യം. ഒന്നു കുറ ആയിരപ്പറ എന്നു പറയുന്നതുപോലെ ഒന്നു കുറ ഒരു ലക്ഷം നല്കിയാല്‍ വിവാഹം നടത്തിക്കൊടുക്കപ്പെടും. അന്‍പതു പേര്‍ക്ക് പ്രഥമന്‍ സഹിതം ഭക്ഷണം. ക്ഷണക്കത്തു തെരഞ്ഞെടുക്കാനും വിവാഹമണ്ഡപം കണ്ടെത്താനും സഹായം, കല്യാണത്തിന്റെ വെബ്ടെലികാസ്റ്റ്, കതിര്‍മണ്ഡപം, വധൂവരന്മാരുടെ കാര്‍ അലങ്കാരം, അന്‍പതു പേരുടെ തെര്‍മല്‍സ്ക്രീനിംഗ്, മാസ്ക്, കൈകഴുകാനുള്ള സാനിറ്റൈസര്‍ എന്നിവയും ഒരുക്കുന്നതിനാണ് ഈ ഒന്നുകുറ ഒരുലക്ഷം, കഷ്ടിച്ച് ഇരുപതിനായിരം രൂപയ്ക്കു തീര്‍ക്കാവുന്ന കാര്യങ്ങള്‍ക്ക് ഒരു ലക്ഷം. ഈ വിവാഹ കണ്‍സല്‍ട്ടന്‍സിക്ക് ലഭിക്കുന്നയത്ര ലാഭം ഏത് ഡിഷ്‌വാഷ്‌ കണ്‍സള്‍ട്ടന്‍സിക്ക് കിട്ടും. ബുദ്ധിയില്ലാത്തവര്‍ കണ്‍സള്‍ട്ടന്‍സി കൊണ്ടും പണം വാരും എന്ന് പണ്ടത്തെ മുത്തശ്ശിമാര്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴല്ലേ പിടികിട്ടിയത്.

ഗവാനും സര്‍ക്കാരും തമ്മില്‍ ജനാധിപത്യകാലത്തും കരാറുണ്ടാക്കാമെന്നും ആ കരാറിന് ഭരണഘടനാ പ്രാബല്യമുണ്ടെന്നും സുപ്രീം കോടതി വിധി വന്നിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചിരിക്കുന്നത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവായിരുന്നു. നാടുനീങ്ങിയ തിരുവിതാംകൂറിന്റെ അവസാന തമ്പുരാനായ അദ്ദേഹം ഒപ്പുചാര്‍ത്തിയതാകട്ടെ ശ്രീപത്മനാഭ സ്വാമിക്കുവേണ്ടിയും. തിരുവിതാംകൂര്‍ തന്നെ ശ്രീപത്മനാഭനു തൃപ്പടിദാനം ചെയ്ത രാജകുടുംബം വെറും ബിനാമികള്‍. അതുകൊണ്ട് ക്ഷേത്രത്തിന്റെ ഉടമാവകാശം സംബന്ധിച്ച കരാറിലും രാജാവ് ഒപ്പുവച്ചു. ലോകത്ത് ഏറ്റവുമധികം സ്വര്‍ണശേഖരമുള്ള ക്ഷേത്രത്തിലെ ഈ നിധികുംഭങ്ങള്‍ പുറത്തെടുത്ത് ഉരുക്കി രാജ്യക്ഷേമത്തിനുവേണ്ടി എന്തു ചെയ്യാമെന്ന് കണ്‍സള്‍ട്ടന്‍സികള്‍ വഴി നോക്കാമെന്നുവച്ചാല്‍ പരമോന്നത നീതിപീഠത്തിന്റെ വിധിയോടെ ആ ആശയും വടികുത്തിപ്പിരിയുന്നു. രാജാവു നാടുനീങ്ങിയെങ്കിലും ക്ഷേത്രത്തിന്മേലുളള അവകാശം രാജകുടുംബത്തിനെന്നു വിധി. രാജകുടുംബം പറയുന്നത് ക്ഷേത്രത്തിന്റെ അവകാശം ശ്രീപത്മനാഭനെന്ന്. ആകെ സാങ്കല്പിക ചിന്തകള്‍. എന്തായാലും ഈ വിധിയിന്മേല്‍ വിവാദമുണ്ടാക്കാതെയും അപ്പീല്‍ പോകാതെയും നമുക്കിനി അടങ്ങിയൊതുങ്ങി കഴിയാം. ഇത്തരം വിധികളില്‍ കയറിപ്പിടിച്ച് കൈപൊള്ളുന്നത് നമ്മുടെ തലവിധിയായിക്കൂടല്ലോ. അനന്തപുരിനാഥാ ആദികേശവാ എന്നൊക്കെ പ്രാര്‍ത്ഥിച്ചു നമുക്കങ്ങനെ കാലം കഴിക്കാം.

ലോകത്ത് എത്ര ദിനാചരണങ്ങള്‍ ഉണ്ട് എന്ന് ചോദിച്ചാല്‍ കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് അനുപമസിനിമാ സംവിധായകനായ ജോണ്‍ എബ്രഹാം ചോദിച്ചതുപോലെയാകും. മാതൃദിനം, പിതൃദിനം, പുത്രിദിനം, അമ്മായിദിനം മുതല്‍ പരിസ്ഥിതി ദിനവും ആനദിനവും വരെ നീളുന്ന ലോകദിനങ്ങള്‍. പക്ഷേ നാഗപൂജാപ്രേമികളായ ഇന്ത്യക്കാര്‍ക്കുവേണ്ടി ജൂലൈ 16 ലോക പാമ്പുദിനം ആയി ആചരിക്കുന്നുവെന്നു കേട്ടപ്പോള്‍‍ അത്ഭുതം തോന്നി. പാമ്പിന് നൂറും പാലും നല്കുന്ന വിശ്വാസികളുണ്ട്. പാമ്പ് ദാഹിച്ചാല്‍ പോലും പാല്‍ കുടിക്കാറില്ലത്രേ. നൂറെന്നു പറയുന്ന മഞ്ഞള്‍പ്പൊടി തിരിഞ്ഞു നോക്കാറുപോലുമില്ല. ജാര്‍ഖണ്ഡിലെ കുറേ പാമ്പുപ്രേമികള്‍ പാമ്പിനെ പിടിച്ചുകൊണ്ട് വന്ന് കേക്ക് ഊട്ടാന്‍ ശ്രമിക്കുന്നതും പാമ്പ് കേക്കിന്റെ ഗന്ധം സഹിക്കാനാവാതെ തലവലിക്കുന്നതുമായ ഒരു ചിത്രം പാമ്പുദിനത്തില്‍ കണ്ടു. പക്ഷേ ഈ കേക്ക് അടിച്ചുപാമ്പായി ഇഴയുന്ന മനുഷ്യനു കൊടുക്കാനുള്ള കരുണയെങ്കിലും കാട്ടിയിരുന്നെങ്കില്‍ മനുഷ്യപാമ്പ് നിലത്തുകിടന്ന് കൈകൂപ്പില്ലായിരുന്നോ!

ന്നലെ രാവിലെ മുതല്‍ ചില കിംവദന്തികള്‍ മലയാളക്കരയാകെ പരക്കുന്നു. മലയാളത്തിലെ പ്രമുഖ ചാനലുകളെല്ലാം അടച്ചുപൂട്ടാന്‍ പോകുന്നുവെന്ന് കാരണം കോവിഡ് എന്ന്. കോവിഡിനിരയായി നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പരലോകം പുല്കിയെന്നും ചില ചാനലുകള്‍ പൂട്ടിയെന്നുമുള്ള വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും മലയാളം ചാനലുകളെല്ലാം കോവിഡിനു മുന്നില്‍ അജാതശത്രുക്കളായി നില്ക്കുകയായിരുന്നു. ഈ മഹാമാരിക്കാലത്ത് മാലോകര്‍ വീടുകളില്‍ അടച്ചിരിക്കുമ്പോള്‍ അവര്‍ക്ക് കോമഡി ഉത്സവം ഒരുക്കുന്ന ചാനലുകള്‍ അടച്ചിട്ടാല്‍ ബാറുകളും ബിവറേജസും പൂട്ടിയപ്പോള്‍ കള്ളുകിട്ടാതെ മദ്യാസക്തര്‍ ആത്മഹത്യ ചെയ്തതിനേക്കാള്‍ ആത്മഹത്യകള്‍ ഇവിടെ നടക്കും. ചാനലുകളില്ലെങ്കില്‍ നമുക്ക് എന്ത് ആഘോഷം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് ഇന്നലെ താഴുവീണതിന്റെ തുടര്‍ചലനമായാണത്രേ ചാനലുകള്‍ പൂട്ടുന്നത്. ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. എന്നും ഓഫീസില്‍ വന്നു പോകുന്നയാളാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം എംഎല്‍എ. അദ്ദേഹമാണെങ്കില്‍ അന്തിചര്‍ച്ചയ്ക്കു കയറിയിറങ്ങാത്ത ചാനലുകളില്ല. റഹിം കയറിയ ചാനലുകളില്‍ തന്നെ സ്വപ്നവിവാദം കൊഴുപ്പിക്കാനെത്തുന്ന യുവനേതാക്കളും വൃദ്ധനേതാക്കളും ഏറെ. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയും എന്തിന് മാധ്യമനിരീക്ഷകര്‍, രാഷ്ട്രീയനിരീക്ഷകര്‍, നിയമനിരീക്ഷകര്‍, ഐടി നിരീക്ഷകര്‍ തുടങ്ങി ഒരു കുപ്പിണി നവജാത ചാനല്‍ ജന്മങ്ങളും. റഹിം ക്വാറന്റൈനിലായ സ്ഥിതിക്ക് ചാനലുകളിലെത്തിയ മറ്റുള്ളവരും അവതാരകരും ഒക്കെ ക്വാറന്റൈനില്‍ പോകേണ്ടതല്ലേ! അപ്പോള്‍ ചാനലുകള്‍ പൂട്ടേണ്ടി വരില്ലേ. അതോ ബ്രേക്ക് ദി ചെയിന്‍ ചാനലുകള്‍ക്ക് മാത്രം വശമുള്ള വിദ്യയാണോ!

സ്വപ്നകാലം കൂടിയായപ്പോള്‍ ചാനലുകള്‍ തുറന്നാല്‍ അംഗപ്രത്യംഗവര്‍ണനകള്‍ മുതല്‍ വിഡ്ഡിത്തസദ്യവിളമ്പലുകള്‍ വരെ കെങ്കേമം. സ്വര്‍ണകള്ളക്കടത്തു കേസില്‍ എം ശിവശങ്കറെ കസ്റ്റംസുകാര്‍ വിളിച്ചുവരുത്തി. മിക്ക ചാനലുകളും അത് അയാളെ ചോദ്യം ചെയ്യാനാണെന്നു പറഞ്ഞപ്പോള്‍ ഒരു ചാനല്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ മുന്‍സ്പെഷല്‍ സെക്രട്ടറി ശിവശങ്കറെ കസ്റ്റംസുകാര്‍ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചുവെന്നായിരുന്നു! ഒരു ചാനലിന് പ്രേക്ഷകരെ ഇതില്പരം രസിപ്പിക്കാനാവുമോ. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ ‘കൂടിക്കാഴ്ച’ പാതിരാകഴിഞ്ഞിട്ടും ചോദ്യം ചെയ്യലായില്ല. അപ്പോഴും കൂടിക്കാഴ്ച, കൊച്ചു വെളുപ്പാന്‍കാലം വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോഴും ആ ചാനലിനു കൂടിക്കാഴ്ച മണിക്കൂറോളമായി തുടരുന്നുവെന്ന് വിശദീകരണം!. അടിയും കൊടുത്ത് ഉടുപ്പിന്റെ പോക്കറ്റും വലിച്ചുകീറി വിട്ടുവെന്ന് പണ്ടാരോ പറഞ്ഞപോലെ ശിവശങ്കറെ കൊച്ചുവെളുപ്പാന്‍ കാലം വരെ ചോദ്യം ചെയ്ത് കയ്യിലിരുന്ന ഫോണും പിടിച്ചുവാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിനരികിലെ ഊറ്റുകുഴിറോഡിലെ കുറ്റാക്കുറ്റിരുട്ടത്ത് ഇറക്കിവിട്ടപ്പോഴും ആ ചാനല്‍ മാലോകരോടു വെളിപ്പെടുത്തി; ശിവശങ്കറും കസ്റ്റംസുമായുള്ള കൂടിക്കാഴ്ച അവസാനിച്ചിരിക്കുന്നു. ഇത്തരം ചാനലുകള്‍ റഹിമിന്റെ ക്വാറന്റൈനിന്റെ പേരില്‍ പൂട്ടിയിട്ടാല്‍ ജനം ബോറടിച്ചു പോവില്ലേ.

മഹാവ്യാധിക്കാലത്തെങ്കിലും മോഡി തമാശ നിര്‍ത്തുമെന്ന് കരുതിയവര്‍ക്കു തെറ്റി. കസ്റ്റഡിയിലെടുത്തു ക്വസ്റ്റ്യന്‍ ചെയ്തതിനെ കൂടിക്കാഴ്ചയായി ചിത്രീകരിച്ച ചാനലിനെപ്പോലെയായി നമ്മുടെ പ്രധാനമന്ത്രിജി. ചില തീപ്പൊരി പ്രാസംഗികരുണ്ട്. ബോട്സ്വാനയില്‍ എന്തു സംഭവിച്ചു, ബുര്‍ഖിനോഫാസയുടെ ഗതിയെന്തായി, ഉഗാണ്ടയുടെ സ്ഥിതി അറിയാമോ എന്നു നീണ്ടുപോകുന്ന പ്രസംഗം. തന്റെ നാട്ടിലെ ദുര്യോഗപരമ്പരയെക്കുറിച്ച് ഈ മൈക്കുവിഴുങ്ങിക്കു മിണ്ടാട്ടമുണ്ടാവില്ല. കോവിഡ് രോഗത്തോട് പോരാടാന്‍ ലോകത്തെ 15 രാജ്യങ്ങള്‍ക്ക് ഇന്ത്യ വൈദ്യസഹായമെത്തിച്ചുവെന്നാണ് മോഡിയുടെ അവകാശവാദം. അതായത് പ്രസംഗവീരന്‍ പറയുന്നതുപോലെ ഇവിടെയെല്ലാം ഭദ്രംസുഭിക്ഷം. കൊറോണ രോഗികളുടെ സംഖ്യയില്‍ ലോകത്ത് ഒന്നാമതെത്താന്‍ അമേരിക്കയുമായും ബ്രസീലുമായും ഇന്ത്യ മത്സരിക്കുമ്പോഴാണ് അതെല്ലാം മറച്ചുവച്ച് 150 രാജ്യങ്ങളെ സഹായിച്ചു വശംകെടുത്തിക്കളഞ്ഞതെന്ന ഗിര്‍വാണം. ഇത്രയും രാജ്യങ്ങളെ സഹായിച്ചുവെന്നു കള്ളക്കണക്കെഴുതി ശതകോടികള്‍ ബിജെപിയുടെ ഖജനാവിലേക്ക് ചോര്‍ത്താന്‍ ഇതില്പരം ഒരു യമണ്ടന്‍ വിദ്യ വേറുണ്ടോ!