Web Desk

നോട്ടം

February 01, 2021, 5:29 am

മോഡിയുടെ മനക്കണക്കിന് നിര്‍മ്മലയുടെ കാല്‍ക്കുലേറ്റര്‍

Janayugom Online

‘ഇന്ത്യയിലെ പൊതു ബജറ്റ് പ്രയാസകരമായ ഒരു സംഗതിയാണ്; ഈ ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന പുതിയ ബജറ്റും വ്യത്യസ്തമാകില്ല. അഭൂതപൂർവമായ കൊവിഡ്19 മഹാമാരിയുടെ പ്രത്യാഘാതം സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതു കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ, വളർച്ചയും ശക്തമായ സ്ഥൂല‑സാമ്പത്തിക അടിസ്ഥാനങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനിടയിൽ പരസ്പരവിരുദ്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ധനമന്ത്രി കടുത്ത ഞാണിന്മേൽക്കളിതന്നെ നടത്തേണ്ടിവരും’.

ബജറ്റിന് തൊട്ടുമുമ്പ് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ വഴി രാജ്യത്തെ മാധ്യമങ്ങളിലേക്കായി തയ്യാറാക്കി വിട്ട, ഡല്‍ഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘സ്വതന്ത്ര പത്രപ്രവർത്തകനായ’ കെ ആർ സുധാമന്റെ ലേഖനത്തിന്റെ ആമുഖമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ഇതിലെ ഓരോ നിരീക്ഷണവും നല്‍കുന്ന സൂചന നരേന്ദ്രമോഡിയുടെ മന്‍ കി ബാത് പോലെ പാഴ്ശ്രുതിയായി മാറും ഇക്കുറിയും നിര്‍മ്മലാസീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്നാണ്. ഔദ്യോഗി സംവിധാനം വഴി ധനമന്ത്രിക്കും പ്രധാനമന്ത്രിക്കുമായി മുന്‍കൂര്‍ ജാമ്യം തേടുകയാണിവിടെ സംഘപരിവാര്‍ അനുകൂല ധനകാര്യ നിരീക്ഷകര്‍. പല റേറ്റിംഗ് ഏജൻസികളും 2021–22 ൽ ഇരട്ട അക്ക വളർച്ച പ്രവചിക്കുന്നുവെന്നാണ് ലേഖനത്തെ അമ്പരപ്പിക്കുന്നത്.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആത്മനിർഭർ ഭാരത് കാര്യപരിപാടിക്ക് കൂടുതൽ ആക്കമേകാൻ നിർമലാ സീതാരാമൻ ബാധ്യസ്ഥയാണെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഉയർന്ന വളർച്ചാ പാതയിലേക്ക് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് അതാണത്രെ ഏക പോംവഴി. കഴിഞ്ഞ ബജറ്റിനുശേഷം നിര്‍മ്മലാ സീതാരാമനെ മുള്‍മുനയില്‍ നിര്‍ത്തിയതും പകരക്കാരനെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുതന്നെയായിരുന്നു. കേന്ദ്ര ധനമന്ത്രിക്കുള്ള അപായസൂചനകളേറെയാണ് ലേഖനത്തിലൂടെ നല്‍കുന്നത്. അതെല്ലാം മോഡിയുടെയും മോഡിയുടെ പദ്ധതികളുടെയും നിലനില്‍പ്പിനും സ്വീകാര്യതയ്ക്കും വേണ്ടിയാണെന്ന് ഓരോ വരികളും തുറന്നുകാട്ടുന്നുണ്ട്.

അഞ്ച് ലക്ഷംകോടി ഡോളർ സമ്പദ്‌വ്യവസ്ഥ അതിവേഗം കൈവരിക്കാനുള്ള മോഡിയുടെ ശ്ര­മം ഇന്ത്യ യാഥാർത്ഥ്യമാക്കാൻ, രാജ്യം 8–9 ശതമാനം വളർച്ചയുടെ പാതയിലേക്ക് സുസ്ഥിരമായിത്തന്നെ മടങ്ങേണ്ടതുണ്ടെന്നാണ് ലേഖനത്തിലൂടെയള്ള പ്രധാ­ന നിര്‍ദ്ദേശം. ഇന്ത്യയിൽ സ്ഥാപനങ്ങൾ ആരംഭിക്കാൻ കൂടുതൽ വിദേശ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയെ ആഗോള ഉല്പാദന കേന്ദ്രമാക്കി മാറ്റുന്നതിനും ആത്മ നിർഭർ ഭാരതത്തിനു കീഴിൽ കൂടുതൽ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്. നരേന്ദ്രമോഡിയുടെ ‘മേയ്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളുടെ പ്രധാന്യം ധനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ ഇന്ന് അവതരിപ്പിക്കപ്പെടുന്ന ബജറ്റ്, തീര്‍ത്തും മോഡീസൂക്തങ്ങളടങ്ങിയ ഭാണ്ഡക്കെട്ടുതന്നെയാവുമെന്ന് പ്രതീക്ഷിക്കാം. ‘ജിഡിപിയുടെ 15 ശതമാനം വരുന്ന മൂന്ന് ആത്മനിർഭർ ധന പാക്കേജുകൾ ഗവണ്മെന്റ് പ്രഖ്യാപിച്ചതോടെയാണ് ആത്മ നിർഭർ ഭാരതിന് വിത്തുപാകിയത്. മേയ്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. 2014 ൽ അധികാരമേറ്റപ്പോൾ മുതൽ മോഡി­യുടെ സിദ്ധാന്തമാണിത്.

സമ്പദ്‌വ്യവസ്ഥയിൽ ആവശ്യമായ ഇടം സൃഷ്ടിച്ചുകൊണ്ട് ഒന്നാം മോഡി ഗവൺമെന്റ് ഇതിന് അടിത്തറയിട്ടു. ഉല്പാദനത്തിലും കാർഷിക മേഖലയിലും സമ്മർദ്ദംചെലുത്തുന്നതിലൂടെ മാത്രമേ വളർച്ച കൈവരിക്കാനാകൂ എന്നതിനാൽ മഹാമാരിയും ആഗോള ‑രാഷ്ട്രീയ സാഹചര്യവും ‘ആത്മനിർഭർ ഭാരതിൽ ഒരു വലി­യ മുന്നേറ്റത്തിന് കളമൊരുക്കി. ജിഡിപിയുടെ 50 ശതമാനത്തിലധികം വരുന്ന സേവനങ്ങൾ മൂന്ന് പതിറ്റാണ്ടായി ആധിപത്യം പുലർത്തിയ ശേഷം ഇതിനകം വളർച്ചാ സമതലത്തിലെത്തി’. വികാരം തിളച്ചുമറിയുന്ന ഇത്തരം വരികളിലെവിടെയും വിശാലമായ വികസന പദ്ധതികളിലേക്ക് ബജറ്റ് കണ്ണോടിക്കണമെന്ന് കാണുന്നേയില്ല. അതിനര്‍ത്ഥം, ജനമനസറിഞ്ഞതാവില്ല, മോഡിയുടെ മനക്കണക്കു മാത്രമായിരിക്കും ഇന്ന് നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിക്കുന്നതെന്നാണ്. സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രധാന തൊഴിൽ സ്രഷ്ടാവാണ് കയറ്റുമതിയുടെ 40 ശതമാനവും ഉല്പാദനത്തിന്റെ 45 ശതമാനവുമുള്ള എംഎസ്­എംഇ മേഖല. ദരിദ്രർ തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ലോക്‍ഡൗൺ സമയത്ത് ചെലവഴിച്ചതിനാൽ ഈ ഘട്ടത്തിൽ കൂടുതൽ പണം ആളുകളുടെ കൈയിൽ വയ്ക്കുക എന്നത് പൂർണ്ണമായും നടപ്പാകില്ല. ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ പണം അവരുടെ കൈകളിലേക്ക് നേരിട്ട് എത്തുന്നത് ഒരുപക്ഷേ, ആവശ്യങ്ങൾ പൂർത്തീകരിച്ചേക്കാം. ഈ സാഹചര്യത്തിൽ, സൗജന്യ റേഷൻ ഭക്ഷ്യധാന്യങ്ങൾ, പാചക വാതകം, എംജിഎൻആർഇജിഎയിലൂടെ കൂടുതൽ ഗ്രാമീണ ജോലികൾ എന്നിവയിലൂടെ മാനുഷികപിന്തുണ നൽകുക എന്നതാണ് മെച്ചപ്പെട്ട മാർഗമെന്ന് ലേഖനം പറയുന്നുണ്ട്. ഗ്രാമീണ ആവശ്യങ്ങൾ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കാർഷിക പരിഷ്കാരങ്ങളിലേക്കുള്ള കൂടുതൽ മുന്നേറ്റം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കു­മെ­ന്ന കാഴ്ചപ്പാടും മുന്നോ­ട്ടുവയ്ക്കുന്നു. അതേസമയം, ഈ വർഷം 13 ശതമാനം ചെലവ് വർദ്ധിച്ചുവെന്നാണ് ചൂണ്ടി­ക്കാട്ടുന്നത്. ഇത് 2020–21ൽ ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 7.2 ശതമാനത്തിലേക്ക് ഉയർത്തും. സംസ്ഥാനങ്ങളും ധനക്കമ്മി ജിഡിപിയുടെ നാല് ശതമാനത്തി­ൽ കൂടുതലായി റിപ്പോർട്ട് ചെയ്യും. മൊത്തം വാ­യ്പ ജിഡിപിയുടെ 11 ശതമാനമായി ഉയരും.

എന്നാല്‍ സ­ർക്കാരിന് ഇ­പ്പോ­ൾ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ നേട്ടം കുറഞ്ഞതോ ഗുണപരമോ ആയ കമ്മിയും ഉയർന്ന വിദേശനാണ്യ കരുതലുമുള്ളതിനാൽ ധനമന്ത്രി വിഷമിക്കേണ്ടതില്ലെന്നാണ് ലേഖകന്റെ നിരീക്ഷണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ട പ്രതീക്ഷാമുകുളങ്ങൾ 2021–22ൽ ഇരട്ട അക്ക വളർച്ചാ നിരക്കും ശക്തമായ നികുതി വരുമാന വളർച്ചയും ഉപയോഗിച്ച് സമ്പദ്‌വ്യവസ്ഥയെ തിരിച്ചുപിടിക്കാൻ സഹായിക്കും. ഓഹരി വിറ്റഴിക്കൽ, ഗവണ്മെന്റിന്റെ സ്വകാര്യവൽക്കരണ പദ്ധതി, 5 ജി ലേലം എന്നിവയിൽ നിന്നുള്ള നികുതിയേതര വരുമാനം പോലും വരുംവർഷത്തിൽ മികച്ചതായിരിക്കും. ഇത് ധനപരമായ ഏകീകരണം ഉറപ്പാക്കിക്കൊണ്ട് പൊതുചെലവ് വർധിപ്പിക്കുന്നതിന് നിർമലാ സീതാരാമന് മതിയായ ഇടം നൽകുമെന്നും അദ്ദേഹം പറയുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ ധനക്കമ്മി അഞ്ച് മുതൽ 5.5 ശതമാനമായി അടങ്ങിയിരിക്കുന്നതിനാൽ കുറഞ്ഞത് 10 ശതമാനമെങ്കിലും ചെലവ് വർധിപ്പിക്കാം. നികുതി വരുമാനം അടുത്ത വർഷം 18 ശതമാനത്തിലധികമാകും. കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുക, 13 മേഖലകളിലേക്ക് ഉല്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നൽകുക, നിക്ഷേപം ആകർഷിക്കുന്നതിനായി അ­നായാസ വ്യവസായ നടത്തിപ്പ് സാഹചര്യം മെച്ചപ്പെടുത്തുക എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ ഇതിനകം നടന്നിട്ടുണ്ടെന്ന അവകാശവാദങ്ങളുമുണ്ട്. അന്തർദേശീയ നാണയ നിധി (ഐഎംഎഫ്) മോഡിയുടെ ആത്മനിർഭർ ഭാരത് ഒരു പ്രധാന സംരംഭമായി വിശേഷിപ്പിച്ചതും കാർഷിക മേഖലയിലെ മാന്ദ്യം ഇല്ലാതാക്കുന്നതിനും ഉല്പാദനത്തിനുള്ള തൊഴിൽ നിയമം ലളിതമാക്കുന്നതിനും ജനങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും അത് വഴിവയ്ക്കുമെന്ന് നിരീക്ഷിച്ചതും ഈ ഘട്ടത്തില്‍ ലേഖനത്തിലൂടെ എടുത്തുപറഞ്ഞത് വിചിത്രമായി തോന്നിയേക്കാം.

കോവിഡ് 19 മഹാമാരി ഇന്ത്യക്ക് ഒരു അവസരം കൊണ്ടുവന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡി അതിനെ ആത്മനിർഭർ ഭാരത് എന്ന് ശരിയായി തിരിച്ചറിഞ്ഞു എന്നാണ് ലേഖകന്റെ നിരീക്ഷണം. എന്നാല്‍ കോവിഡ് കാലത്തെ മോഡിയുടെ ഇന്ത്യ അങ്ങേയറ്റം ഭയാശങ്കകള്‍ നിറഞ്ഞതാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വരികളെത്തിയില്ല. കോവിഡ് കാലം ജനവിരുദ്ധമായ നിയമങ്ങള്‍ രാജ്യത്തിനുമേല്‍ ജനാധിപത്യവിരുദ്ധമായി അടിച്ചേല്‍പ്പിക്കാനാണ് നരേന്ദ്രമോഡി ഭരണകൂടം ശ്രമിച്ചത്. അത് തൊഴില്‍ നിയമങ്ങളുടെയും കാര്‍ഷിക നിയമങ്ങളുടെയും കാര്യത്തില്‍ ബോധ്യമാണ്. ദേശീയ പൗരത്വഭേദഗതി നിയമവും ജനനേതാക്കളെ തുറങ്കിലടച്ചശേഷം കശ്മീരിനെ വിഭജിച്ച ഭീരുത്വ നടപടികളും മോഡിയുടെ വീരഗാഥകള്‍ രചിക്കുന്നവര്‍ ബോധപൂര്‍വം മറക്കുന്നു. ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റും ജനഹിതമറിഞ്ഞുള്ളതാവില്ല. ജനവിരുദ്ധമായ മോഡീനയങ്ങളാല്‍ പൊതിഞ്ഞ വാഗ്ദാനങ്ങളെല്ലാം പഴയതുപോലെ ബജറ്റു കാലയളവിനുള്ളില്‍ നറുമ്പിച്ചുപോകും.

മോഡിയുടെ മനം മറിച്ചായിരുന്നെങ്കില്‍ കര്‍ഷകര്‍ മഞ്ഞും വെയിലുമേറ്റ് ദിനരാത്രങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ അതിര്‍വരമ്പുകളില്‍ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നില്ല. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയ്ക്കും കടിഞ്ഞാണിടുമായിരുന്നു. തീര്‍ത്തും മുതലാളിത്ത പ്രീണന വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പെരുമഴയായിരിക്കും ഇന്ന് പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുക.