രമേശ് ബാബു

February 27, 2020, 6:00 am

സുഗന്ധം നഷ്ടപ്പെട്ട പത്മങ്ങള്‍

Janayugom Online

ജോണ്‍ ഗുഡ്ഇനഫ് എന്ന ശാസ്ത്രജ്ഞനാണ് ഇത്തവണ രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചത്. ലോകത്തെ വലിയ പുരസ്കാരങ്ങളിലൊന്നായ നൊബേല്‍ സമ്മാനം ലഭിച്ചു എന്ന വാര്‍ത്ത 97 വയസുകാരനായ അദ്ദേഹത്തെ തേടിവരുമ്പോള്‍ അദ്ദേഹം പരീക്ഷണശാലയില്‍ കര്‍മ്മനിരതനായിരുന്നു. വാര്‍ത്ത അദ്ദേഹത്തില്‍ ഒരു പ്രതികരണവും സൃഷ്ടിച്ചില്ലത്രേ! ആധുനികലോകത്തിന്റെ സന്തതസഹചാരിയായ മൊബെെല്‍ ഫോണിന്റെ ഹൃദയമായ ലിത്തിയം അയണ്‍ ബാറ്ററിയുടെ കണ്ടെത്തലിന് വഴിവച്ച് വയര്‍ലസ് വിപ്ലവത്തിന് വീഥിയൊരുക്കിയ ശാസ്ത്രജ്ഞനാണ് ജോണ്‍ ഗുഡ്ഇനഫ്. ഫോസില്‍ ഇന്ധനത്തിന് ബദല്‍ കണ്ടുപിടിക്കുന്ന തിരക്കില്‍ ആമഗ്നനായ അദ്ദേഹം ആകെ പറഞ്ഞത്, “എനിക്ക് തീരെ സമയമില്ല. കുറച്ചുകാര്യങ്ങള്‍ കൂടി ചെയ്തുതീര്‍ക്കാനുണ്ട് ” എന്ന് മാത്രമായിരുന്നു. സ്മാര്‍ട്ട്ഫോണും കമ്പ്യൂട്ടറും വയര്‍ലെസും ഫോസില്‍ ഇതര ഇന്ധനവുമില്ലാതെ ലോകത്തെ ഒരു നിമിഷം പോലും കടന്നുപോകാത്ത അവസ്ഥയില്‍ ഈ കണ്ടുപിടിത്തങ്ങളുടെയൊക്കെ ഉപജ്ഞാതാവിനെ 97-ാം വയസില്‍ മാത്രമാണ് നൊബേല്‍ നല്‍കുന്ന അക്കാഡമിക്ക് കാണാന്‍ കഴിഞ്ഞുള്ളു എന്നത് അവരുടെ മാത്രം കുറ്റമാണ്.

നിയതി നല്‍കിയ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാത്രം ജീവിതം സമര്‍പ്പിക്കുന്നവര്‍ക്ക് തങ്ങളുടെ കര്‍മ്മഫലങ്ങള്‍ സഹജീവികള്‍ക്ക് ഗുണകരവും പ്രയോജനപ്രദവുമാകുന്നതു തന്നെയാകും ഏറ്റവും വലിയ സാഫല്യം. അന്യര്‍ക്ക് ഗുണം ചെയ്‌വതിനായുസും വപുസും ധന്യത്വമോടങ്ങാത്മതപസും ബലി ചെയ്യുന്നവര്‍ക്ക് മുന്‍പില്‍ എന്ത് നൊബേല്‍, എന്ത് പത്മശ്രീ. ലോകോത്തര പുരസ്കാരമെന്നൊക്കെയുള്ള നൊബേല്‍ പ്രെെസിന്റെ പൊലിമയ്ക്ക് മങ്ങലേറ്റു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അത് ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ അജണ്ടകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സംവിധാനമാണെന്ന ധാരണ പരക്കെ പടര്‍ന്നിട്ടുണ്ട്. മലയാളിയായ ഇസിജി സുദര്‍ശന്റെ പേര് ഒമ്പത് തവണ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് വംശീയമായ മുന്‍വിധികളുടെ പേരില്‍ നൊബേല്‍ നല്‍കപ്പെടുകയുണ്ടായില്ല. ചെെന പോലും അദ്ദേഹത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തിരുന്നു. വിഖ്യാത ചിന്തകനും എഴുത്തുകാരനുമായ ജീന്‍പോള്‍ സാര്‍ത്രിന് നൊബേല്‍ സമ്മാനം വച്ചുനീട്ടിയിട്ടും വലതുപക്ഷ നയങ്ങളോടുള്ള എതിര്‍പ്പുമൂലം അദ്ദേഹം സമ്മാനം നിരസിക്കുകയായിരുന്നു. ഗായക കവി ബോബ് ഡിലനും നോബേൽ പുരസ്ക്കാരത്തോട് നിസ്സംഗ സമീപനമാണ് പുലർത്തിയത്. നമ്മുടെ നാട്ടില്‍ പത്മശ്രീകള്‍ക്കും മറ്റുമായി പരക്കംപായുന്നവരുടെ ജംബോ ലിസ്റ്റുകള്‍ കാണുമ്പോഴാണ് നിര്‍മമന്‍മാരായ ഈ മനീഷികളെ നമിച്ചുപോകുന്നത്.

കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന ഭാരതീയര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അംഗീകാരങ്ങളാണ് പത്മ പുരസ്കാരങ്ങള്‍. ഭരിക്കുന്നവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ ഇതിന്റെ തെരഞ്ഞെടുപ്പില്‍ നിഴലിക്കുക സ്വാഭാവികം. എങ്കിലും പഞ്ചനക്ഷത്ര ആശുപത്രി നടത്തുന്നവരും സപ്ത നക്ഷത്ര റിസോര്‍ട്ട് മുതലാളിമാരും പുരസ്കൃതരാകുമ്പോള്‍ ‘പൊതുസേവനം’ എന്ന വാക്കിന് മറ്റ് വല്ല അര്‍ത്ഥമുണ്ടോ എന്ന അര്‍ത്ഥശങ്ക ഉടലെടുക്കും. ആത്മീയപാതയിലൂടെ സഞ്ചരിക്കുന്നുവെന്ന് നമ്മള്‍ ധരിക്കുകയും നിര്‍വാണ ദശയിലെന്ന പോലെ ചരിക്കുകയും ചെയ്യുന്നവര്‍ രണ്ട് കെെയും നീട്ടി ഭൗതിക ലോകത്തിന്റെ സമ്മാനങ്ങള്‍ വാങ്ങുമ്പോഴും സംശയങ്ങള്‍ വര്‍ധിക്കുന്നു. കയ്യില്‍ പണം വന്നുകഴിഞ്ഞാല്‍ ചിലര്‍ക്ക് പിന്നീട് വേണ്ടത് പ്രശസ്തിയാണ്. അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടി അവര്‍ തേടുന്ന കുറുക്കുവഴികള്‍ മലയാളചിത്രം ‘പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്’ ഹാസ്യാത്മകമായി അവതരിപ്പിച്ചത് ഇന്നും പ്രസക്തമായി നില്‍ക്കുന്നു. ‘പ്രാഞ്ചിയേട്ടന്‍’ നമ്മുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടേയിരിക്കുന്നു. പത്മ പുരസ്കാരങ്ങള്‍ അനര്‍ഹരുടെ കയ്യിലേക്കാണ് എത്തിച്ചേരുന്നതെന്ന വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 1977ല്‍ മൊറാർജി ദേശായിയുടെ സര്‍ക്കാര്‍ എല്ലാ പത്മ പുരസ്കാരങ്ങളും നിര്‍ത്തിവച്ചിരുന്നു.

സുപ്രീംകോടതിയും പത്മപുരസ്കാരങ്ങള്‍ തടയുകയും ഇത്തരം അവാര്‍ഡ് എന്തിന് വേണ്ടിയാണെന്നും ചോദിച്ചിരുന്നു. ആചാര്യ വിനോബാഭാവെയും ഗാന്ധിജിയുടെ പ്രെെവറ്റ് സെക്രട്ടറിയായിരുന്ന നാരായണ്‍ ദേശായിയും പത്മഭൂഷണ്‍ പുരസ്കാരം തിരസ്കരിച്ചവരാണ്. യുനെസ്കൊയുടെ സമാധാന പുരസ്കാരവും സാഹിത്യ അക്കാഡമി പുരസ്ക്കാരവും മൂര്‍ത്തീദേവി പുരസ്ക്കാരവും ലഭിച്ചിട്ടുള്ള നാരായണ്‍ ദേശായി പത്മപുരസ്കാരം മാത്രം നിരസിക്കുകയും ജനതാ സര്‍ക്കാര്‍ പുരസ്കാരം നിര്‍ത്തിവച്ചതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി. ജനതാ സര്‍ക്കാരിന്റെ തീരുമാനം റദ്ദ് ചെയ്തത് പിന്നെ ഭരണത്തില്‍ വന്ന ഇന്ദിരാഗാന്ധി സര്‍ക്കാരായിരുന്നു. തങ്ങളുടെ ഭരണകാലത്ത് തന്നെ ഭാരതരത്നം കെെപ്പറ്റിയവരാണ് ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും. സിത്താര്‍ ഇതിഹാസം വിലായത്ത് ഖാനും പ്രശസ്ത പിന്നണിഗായിക എസ് ജാനകിയും പത്മപുരസ്കാരങ്ങള്‍ നിരസിച്ചവരാണ്. ‘മെെനര്‍’ എന്നു മാത്രം വിശേഷിപ്പിക്കപ്പെടാവുന്ന സിനിമാ പാട്ടെഴുത്തുകാര്‍ക്കും കവികള്‍ക്കും പത്മഭൂഷണും ജ്ഞാനപീഠവുമൊക്കെ നല്‍കുമ്പോള്‍ വിലായത്ത്ഖാനെപോലുള്ള ഇതിഹാസമാനമുള്ള സംഗീതജ്ഞര്‍ ഇത്തരം പുരസ്കാരങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് അവരെ കൂടുതല്‍ യശ്വസിയാക്കുന്നത്. ‌മ്യൂസിക് ‘ടെക്നോക്രാറ്റ് എ ആര്‍ റഹ്മാന് സംഗീതത്തിന്റെ പേരില്‍ ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഇന്ത്യയുടെ ഗാനകോകിലം ലതാമങ്കേഷ്കര്‍ ഉന്നയിച്ച ചോദ്യം എന്നും പ്രസക്തമാണ്. ‘റഹ്മാന് സംഗീതത്തിന് ഓസ്ക്കാര്‍ നല്‍കിയാല്‍ സലില്‍ ചൗധരിക്കൊക്കെ ഇനി എന്ത് പുരസ്കാരം നല്‍കും‘ എന്നായിരുന്നു ചോദ്യം. ദക്ഷിണേന്ത്യയില്‍ പകരംവയ്ക്കാനില്ലാത്ത സംഗീത സംവിധായകന്‍ ജി ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ് തുടങ്ങിയവരെ ഒരു പത്മനേത്രങ്ങളും കടാക്ഷിച്ചില്ല.

മലയാള സാഹിത്യത്തിലെ യുഗസ്രഷ്ടാവായ ഒ വി വിജയനെ പത്മക്കാരോ, വെെക്കം മുഹമ്മദ് ബഷീറിനെ ജ്ഞാനപീഠ നിര്‍ണയക്കാരോ കാണാതിരുന്നത് ഭാഗ്യം എന്നേ ഇന്നത്തെ സാഹചര്യത്തില്‍ പറയാനാകൂ. ഒരു വ്യക്തിയുടെ സര്‍ഗസംഭാവനകളിലും പ്രവര്‍ത്തനങ്ങളിലും മതിപ്പ് തോന്നിയിട്ട് തികച്ചും അപരിചിതനായ മറ്റൊരു വ്യക്തി യാദൃച്ഛികമായൊരു സന്ദര്‍ഭത്തില്‍ ഒരു റോസാപ്പൂ സ്നേഹത്തോടെ വച്ചുനീട്ടിയാല്‍തന്നെ അതില്‍പ്പരം അംഗീകാരം മറ്റൊന്നില്ല. പുരസ്ക്കാര ലബ്ധിക്കായി പണവും വഴിപാടുകളുമായി പരക്കംപായുന്നവര്‍ അവരുടെ സ്വകാര്യ നിമിഷങ്ങളിലും ഏകാന്തതകളിലും അവരവരെ തന്നെ എങ്ങനെയായിരിക്കും സ്വയം വിലയിരുത്തുക? വെറും ആത്മനിന്ദയില്‍പ്പെട്ട് ഉഴലാന്‍ മാത്രമായിരിക്കും ജീവിതത്തിലെ ഉത്തര പുരസ്കാരകാണ്ഡം അവരെ അനുവദിക്കുന്നത്. പാര്‍ക്കിന്‍സന്‍ രോഗമുള്ള ഒ വി വിജയനെ ഒരു സമ്മേളനത്തില്‍ വച്ച് ഹസ്തദാനം ചെയ്ത യുവാവ് അദ്ദേഹത്തിന്റെ കെെ ശക്തമായി പിടിച്ചുകുലുക്കി. കെെ വേദനിക്കുന്നു, വിജയന്‍ പറഞ്ഞു. അങ്ങ് ഈ കെെ വെട്ടിക്കളഞ്ഞോളൂ. ഈ കെെകൊണ്ട് നല്‍കാവുന്ന ഏറ്റവും വലിയ സംഭാവന അങ്ങ് നല്‍കിക്കഴിഞ്ഞു.

ഖസാക്കിന്റെ ഇതിഹാസത്തെ സൂചിപ്പിച്ച് ആ യുവാവ് പറഞ്ഞ വാക്കുകളെക്കാള്‍ വലിയ പുരസ്കാരം ഒരെഴുത്തുകാരന് വേറെ കിട്ടാനുണ്ടോ? സാര്‍ത്ര് തെരുവിലൂടെ നടക്കുമ്പോള്‍ കടന്നുപോകുന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കാറില്ലായിരുന്നുവത്രെ! കാരണം അദ്ദേഹത്തിന്റെ ചിന്താധാര ഹോണ്‍ ശബ്ദത്തില്‍ തടസപ്പെട്ടാലോ എന്നാണ് നാട്ടുകാര്‍ ഉത്കണ്ഠപ്പെട്ടിരുന്നത്. സൂക്ഷ്മദര്‍ശിനി വച്ചുനോക്കിയാല്‍ പോലും ഊരും പേരും കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് സമഗ്ര സംഭാവനാ പുരസ്കാരം ലഭിക്കുമ്പോള്‍ ജൂറിമാരെക്കുറിച്ച് എന്തുപറയാനാണ്. വ്യാജ വിഗ്രഹങ്ങള്‍ കൊണ്ടാടപ്പെടുന്ന ആസുരമായ ഒരു കാലത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. ഈ ചുറ്റുപാടില്‍ മൗലികതയുള്ള വ്യക്തിത്വങ്ങള്‍ തമസ്ക്കരിക്കപ്പെടുകയേ ഉള്ളൂ. യശസ്വികളെ ആരും തിരിച്ചറിയുന്നില്ല. പ്രസിദ്ധരുടെ പിന്നാലെയാണ് പരക്കം പാച്ചിലുകള്‍ അത്രയും. ഗാന്ധിജി ഗുരുസ്ഥാനീയനായി കണക്കാക്കിയിരുന്ന ലിയോ ടോള്‍സ്റ്റോയ് സ്വന്തം കൃതികളെപോലും ജീവിതാന്ത്യത്തില്‍ തള്ളിപ്പറഞ്ഞ് സ്വതന്ത്രനായ വ്യക്തിത്വമായിരുന്നു. പത്മപുരസ്കാരങ്ങള്‍ക്കും ജേതാക്കള്‍ക്കും മതിപ്പു കുറയുന്നതുകൊണ്ടാകാം പുരസ്കാരങ്ങള്‍ സുതാര്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പദ്മ പുരസ്കാരങ്ങള്‍ പൊതുജനങ്ങള്‍ക്കും ഇനി ഓണ്‍ലെെന്‍ വഴി ശുപാര്‍ശ ചെയ്യാമെന്നാണ് നിര്‍ദേശം. പുരസ്കാരത്തിന് അര്‍ഹനെന്ന് സ്വയം തോന്നുകയാണെങ്കില്‍ സ്വന്തം പേരും ശുപാര്‍ശ ചെയ്യാം. പ്രാഞ്ചിയേട്ടന്‍മാര്‍ക്ക് ഇനി ഉറക്കമേ ഇല്ലാതാകും.

മാറ്റൊലി: പദ്മ പുരസ്കാര ജേതാക്കളെ വരുംകാലം എങ്ങനെ വിലയിരുത്തുമെന്ന് കണ്ടുതന്നെ അറിയണം. പുരസ്കാരലബ്ധി ഒരു അളവുകോല്‍ തന്നെയാണ്. എന്തിന്റെ എന്നത് തികച്ചും ആപേക്ഷികം

Eng­lish Sum­ma­ry: Janayu­gom col­umn about nobel prize winner