യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത

ഉള്‍ക്കാഴ്ച

January 26, 2021, 6:18 am

വൺ ഇന്ത്യ,വൺ… വില്പന…

Janayugom Online

“വൺ ഇന്ത്യ, വൺ ഗോൾഡ് റെയ്റ്റ്”: ഒരു സ്വർണ വില്പനാലയത്തിന്റെ പരസ്യമാണ്. സമാന ശൈലിയിലുള്ള പ്രസ്താവനകൾ നമ്മുടെ പ്രധാനമന്ത്രിയിൽ നിന്നും ആവർത്തിച്ച് കേൾക്കുന്നുണ്ട്. ഏറ്റവും അവസാനം കേട്ടത് “ഒരിന്ത്യ ഒരു ഇലക്ഷൻ” എന്നാണ്. ഇത് മറ്റൊരു കച്ചവട പരസ്യമാണോ എന്ന് ഞാൻ ആശങ്കപ്പെടുന്നു.

നാം നമ്മുടെ രാജ്യത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനം ആചരിക്കുന്ന ഈ അവസരത്തിൽ ഈ വിഷയം ഒരിക്കൽക്കൂടി ഉന്നയിക്കുന്നത് ശ്രദ്ധിക്കപ്പെടേണ്ടതും ആശങ്ക ഉണർത്തേണ്ടതുമാണ്. കോവിഡ് 19 എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് കാര്യമായ കുറവുണ്ട് എങ്കിൽപോലും ഭാരതം എന്റെ രാജ്യം എന്ന വികാരം മനസിൽ സൂക്ഷിക്കുന്നവർക്ക് ഇത് ഭാരതത്തിന്റെ സ്വാതന്ത്യ്രത്തെക്കുറിച്ചും അതിന്റെ ജനാധിപത്യ റിപ്പബ്ലിക്ക് എന്ന അടിത്തറയെക്കുറിച്ചും കാലികമായും ക്രിയാത്മകമായും ചിന്തിക്കേണ്ട ദിനം തന്നെയാണ്.

നമുക്കറിയാവുന്നതുപോലെ ബ്രിട്ടീഷ് അടിമനാടിന്റെ നിയമമായിരുന്ന 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിന് പകരം സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന 1950 ജനുവരി 26-ാം തീയതി സ്ഥാപിതമായ ദിനമാണ് റിപ്പബ്ലിക് ദിനം. 1930 ൽ ഇതേ തീയതിയിലാണ് ഭാരതം അതിന്റെ സ്വാതന്ത്യ്ര പ്രഖ്യാപനമായി കരുതുന്ന പൂർണ സ്വരാജ് പ്രമേയം പാസാക്കിയത്. പതിനേഴ് വർഷത്തെ നിരന്തരമായ സമരത്തിന്റെയും തുടർന്ന് 1947- ൽ ഉണ്ടായ സ്വാതന്ത്യ്ര പ്രഖ്യാപനത്തിന്റെയും തുടർച്ചയായി ഭാരതം അതിന്റെ ഭരണഘടന പാസാക്കി, 1950- ൽ ഒരു സ്വതന്ത്ര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. മുഖക്കുറിപ്പിൽ “ഇന്ത്യയിലെ ജനങ്ങളായ നമ്മൾ…” എന്ന് പറഞ്ഞാണ് ഭരണഘടന അതിന്റെ വകുപ്പുകളിലേക്ക് കടക്കുന്നത്.

റിപ്പബ്ലിക് എന്ന വാക്ക് “റബ്, പബ്ലിക്ക” എന്നീ രണ്ട് ലാറ്റിൻ വാക്കുകളുടെ തൽഭവമായി “പൊതുവസ്തു” എന്ന അർത്ഥത്തിൽ ഇംഗ്ലീഷിലുണ്ടായ പദമാണ്. ഫ്രഞ്ച് രാഷ്ട്രമീമാംസകനായ ജീൻ ബോഡിൻ (ഴാൻ ബോദു എന്ന് ഉച്ചാരണം) തന്റെ “സിക്സ് ബുക്സ് ഓഫ് കോമൺ വെൽത്ത്” (1576 — ലെ സിസ്സ് റെപ്പബ്ലിക്) എന്ന ഗ്രന്ഥത്തിൽ “ആത്യന്തികാധികാരത്തോടെ ഒരു പൊതുലക്ഷ്യത്തിൽ ഒരുകൂട്ടം കുടുംബങ്ങളുടെ ക്രമീകൃതമായ ഭരണവ്യവസ്ഥ” എന്നാണ് ഈ പദത്തെ നിർവ്വചിക്കുന്നത്. ഇതിൽ ഒരു “പൊതുലക്ഷ്യം” എ­ന്നതും “ഒരുസംഘം കുടുംബങ്ങൾ” എന്നതും പരസ്പരപൂരകങ്ങളായ പ്രയോഗങ്ങളാണ്. കുടുംബങ്ങൾക്ക് പൊതുവായ ലക്ഷ്യങ്ങൾ ഉള്ളതുപോലെ പ്രത്യേകമായ ലക്ഷ്യങ്ങളും ഉണ്ടാകും. പ്രത്യേക ലക്ഷ്യങ്ങൾ പൊതുലക്ഷ്യത്തെയോ പൊതുലക്ഷ്യങ്ങൾ പ്രത്യേക ലക്ഷ്യങ്ങളെയോ തുച്ഛീകരിക്കുന്നതൊ നിരാകരിക്കുന്നതൊ ആയിരിക്കരുത്. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ ഭരണഘടനയിൽ കാണുന്ന ‘ജസ്റ്റിസ്, ലിബർട്ടി, ഇക്വാളിറ്റി, ഫ്രട്ടേണിറ്റി’ എന്നീ താല്പര്യങ്ങളെ മനസിലാക്കേണ്ടത്.

ഇക്കഴിഞ്ഞ നവംബർ 26- ലെ ഭരണഘടനാസ്ഥാപനദിന വാർഷികത്തിൽ പ്രധാനമന്ത്രി ന­രേന്ദ്രമോഡി “ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ്” എന്ന നിർദ്ദേശം വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. പ്രത്യക്ഷത്തിൽ ഏറെ ഗുണകരമെന്ന് തോന്നാവുന്ന ഈ നിർദ്ദേശം പക്ഷെ തുഗ്ലക് പദ്ധതിക്ക് സമാനമാണ്. ആർട്ടിക്കിൾ 82 (2), 72, 356 എന്നി­വ അനുസരിച്ച് വിവിധതലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഒന്നിച്ചാക്കുക തികച്ചും അപ്രായോഗികമാണ്. കുറെയേറെ പ്രായോഗിക വിഷമതകൾ സൃഷ്ടിക്കാവുന്ന ഈ വിഷയം വേണ്ടത്ര പഠനത്തിനൊ പരിശോധനക്കൊ ശേഷം നടത്തിയ നിർദ്ദേശമാണ് എന്ന് ഞാൻ കരുതുന്നില്ല. മറിച്ച് നോട്ട് നിരോധനം, ജിഎസ്‌ടി, കാർഷിക ബില്ല്, തൊഴിൽ നിയമം തുടങ്ങിയതുപോലെ ഏകപക്ഷീയമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതാണ് ഇതും. 2020 നവംബർ 26ന് നടന്ന രാജ്യത്തെ നിയമസഭാ പാര്‍ലമെന്റ് അധ്യക്ഷന്മാരുടെ യോഗത്തിൽ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞ “ഇതൊരു ചർച്ചാവിഷയമല്ല, മറിച്ച് ഇത് ഇന്ത്യയുടെ അടിയന്തരാവശ്യമാണ്” എന്നതും കൂടെ ചേർത്ത് വായിക്കണം.

2019- ൽ കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് ചർച്ചക്കായി നാല്പത് രാഷ്ട്രീയ കക്ഷികളുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇരുപത്തൊന്ന് കക്ഷികളാണ് അതിൽ സംബന്ധിച്ചത്. മൂന്നു കക്ഷികള്‍ തങ്ങളുടെ അഭിപ്രായം എഴുതി അറിയിച്ചു. ഈ വിഷയത്തെക്കുറിച്ച് പഠിക്കാൻ ഒരു കമ്മറ്റിക്ക് പ്രധാനമന്ത്രി രൂപംനൽകും എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു എങ്കിലും അങ്ങനെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഏവരെയും വിശ്വാസത്തിലെടുത്ത് ചർച്ച നടത്തി കാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി പ്രധാനമന്ത്രിക്ക് തീരെ പരിചയമുള്ള വിഷയമല്ല എന്നത് പ്രസിദ്ധമാണ്. ആ ശൈലിയിൽ തന്നെയാണ് ഇത് ചർച്ച ചെയ്യേണ്ട വിഷയമല്ല (മറിച്ച് ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കണം) എന്നദ്ദേഹം പറഞ്ഞത്. ഈ വലിയ രാജ്യത്തെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും തൊഴിൽപരവുമായ കാര്യങ്ങളെല്ലാം ഇതിൽ പരിഗണിക്കേണ്ടതാണ്.

ഒരിടത്ത് കടുത്ത തണുപ്പുള്ളപ്പോൾ മറ്റൊരിടത്ത് ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവുമായിരിക്കും. ഇനി ഒരിടത്ത് വരൾച്ചയും വേറൊരിടത്ത് ഉത്സവകാലവുമാകാം. യാഥാര്‍ത്ഥ്യം ഫലപ്രദമായ തെ­രഞ്ഞെടുപ്പ് പ്രചരണം, തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം എന്നിവയെ സാരമായി ബാധിക്കും. എല്ലാ തെരഞ്ഞെടുപ്പും ഏതെങ്കിലും ഒരു വർഷം, അത് പല ദിവസങ്ങളിലായാലും അഞ്ചു വർഷത്തിലൊരിക്കൽ കൃത്യമായി നടക്കണം എങ്കിൽ എല്ലാ പ്രതിനിധി സഭകളുടെയും കാലാവധി ഒരേകാലത്ത് തന്നെ അവസാനിക്കണം. ഇപ്പോഴത്തെ അവസ്ഥയിൽ അതിന് തീരെ സാധ്യത ഇല്ല. പ്രഥമവർഷത്തെ പ്രയാസം അവഗണിച്ചാൽ തന്നെ തുടർന്ന് എല്ലായിടത്തും ഒരുപോലെ അഞ്ചുവർഷ കാലാവധി തികയ്ക്കണം എന്നില്ല. ഭരിക്കുന്ന കക്ഷിക്ക് ഏതെങ്കിലും കാരണവശാൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ എന്തുചെയ്യും എന്നത് പല പ്രശ്നങ്ങളിൽ ഒന്ന് മാത്രമാണ്.

കേന്ദ്രസർക്കാരിന് നേതൃത്വം കൊടുക്കുന്ന പാർട്ടി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലുമാറ്റത്തിലൂടെ പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളെ മറിച്ചിടാൻ അതീവ ശുഷ്കാന്തി കാണിക്കുമ്പോൾ ഇത് ഒരു വലിയ പ്രശ്നമായി തീരും. മെച്ചപ്പെട്ട ജനപിന്തുണ ഉറപ്പാക്കാൻ ഒരു സർക്കാർ കാലാവധി തീരുംമുൻപ് പ്രതിനിധിസഭ പിരിച്ചുവിട്ടാൽ, അല്ലെങ്കിൽ കോടതിയുടെ ഇടപെടൽകൊണ്ട് നിയമസഭയോ പാർലമെന്റൊ അസ്ഥിരപ്പെട്ടാൽ തുടർന്നുള്ള കാലയളവ് ഗവർണർ അഥവാ പ്രസിഡന്റ് ഭരിക്കുന്ന, ജനാധിപത്യ സംവിധാന നിഷേധമാണ് ഉണ്ടാവുക. ഭരിക്കുന്ന സർക്കാരിന് കേവലഭൂരിപക്ഷം ഉണ്ടായിട്ടും ഗവർണറുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം, ബജറ്റ് അവതരണം തുടങ്ങിയവയിൽ സഭയിൽ ഭൂരിപക്ഷം ലഭിക്കാതെ പോയിട്ട് നിയമസഭ പിരിച്ചുവിടാൻ മന്ത്രിസഭ ശിപാർശചെയ്യുകയും ഗവർണർ അത് നടപ്പാക്കുകയും ചെയ്താലും ഇങ്ങനെതന്നെ സംഭവിക്കും.

ഇതൊന്നും കൂടാതെ 1957 ൽ കേരളത്തിൽ നടന്നതുപോലെ ഏതെങ്കിലും മുട്ടുന്യായം പറഞ്ഞ് സംസ്ഥാന നിയമസഭയെ കേന്ദ്രം പിരിച്ചുവിട്ടാലും പ്രശ്നമാകും. ഈ വിധത്തിലുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയോടൊപ്പം ആരൊക്കെയാണ് പറയുന്നത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ കേന്ദ്ര സെക്രട്ടറി ഭൂപേന്ദ്ര യാദവ്, നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാബ് കാന്ത് തുടങ്ങിയവരാണ് ഇതിന്റെ പ്രചാരകർ. അപ്പോൾ പദ്ധതി പാർട്ടിയുടെതാണ്, അതിനുമപ്പുറം പാർട്ടിയുടെ മാതാവായ ആർഎസ്എസിന്റെ താല്പര്യമായി ഇതിനെ കാണണം. ഇതിൽ പ്രധാനമന്ത്രി ഒരു ഉച്ചഭാഷിണി മാത്രം. ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം നമുക്ക് പരിചിതമാണ്. ഹിറ്റ്ലറുടെ ശൈലിയിലുള്ള ഏകാധിപത്യ രാഷ്ട്രീയം തന്നെ. അതാണ് വിനായക് ദാമോദർ സർവർക്കർ തന്റെ “ഹിന്ദുത്വ” (1923) യിൽ, “അവരുടെ (മുസ്‌ലിമുകളുടെയും ക്രിസ്ത്യാനികളുടെയും) വിശുദ്ധനാട് വിദൂരമായ അറേബ്യയും പലസ്തീനുമാണ്. അവരുടെ മിഥോളജിയും ഈശ്വര രൂപങ്ങളും തത്വങ്ങളും വീരന്മാരും ഈ മണ്ണിന്റെ സന്തതികളല്ല. അതുകൊണ്ടുതന്നെ അവരുടെ കാഴ്ചപ്പാടും നാമങ്ങളും വിദേശ ഉത്ഭവമുള്ളതാണ്. അവരുടെ വിധേയത്തം വിഘടിതമാണ്”, എന്ന് പറഞ്ഞിരിക്കുന്നതിന്റെ സാരം. ഇതിനേക്കാൾ കടുപ്പമേറിയ “നാം, അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു” എന്ന ഗ്രന്ഥത്തിൽ പറയുന്നതും ഇതോട് ചേർത്ത് വായിക്കണം. അതിൽ അദ്ദേഹം പറയുന്നു, “ഹൈന്ദവരല്ലാത്ത എല്ലാവരും രാജ്യത്തിന് പുറത്താകും. അല്ലെങ്കിൽ ഹിന്ദുക്കളുടെ ഔദാര്യത്തിൽ ജീവിക്കേണ്ടിവരും” (പേ. 46). അപ്പോൾ ലക്ഷ്യം വ്യക്തമാണ്: ഒരു രാജ്യം, ഒരു പാർട്ടി, ഒരു രാഷ്ട്രീയ നേതാവ്, ഒരു മതം. ഇവിടെ തെരഞ്ഞെടുപ്പുതന്നെ അപ്രസക്തമാകും.

മുൻപറഞ്ഞ ബിജെപി സെക്രട്ടറി പറയുന്നത് “ജനാധിപത്യത്തിന്റെ ഒരുദ്ദേശം മാത്രമാണ് തെരഞ്ഞെടുപ്പുകൾ” എന്നാണ്. അമിതാബ് കാന്തിന്റെ അഭിപ്രായത്തിൽ “ഇന്ത്യയിൽ ജനാധിപത്യത്തിന്റെ അതിപ്രസരം കൊണ്ടാണ് കർഷകസമരം ഉണ്ടാകുന്നത്’ എന്നാണ്. അങ്ങിനെ “റിപ്പബ്ലിക്” ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയെ പ്രെെവറ്റ് ട്രസ്റ്റാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള പാത ഇവിടെ ആരംഭിക്കുന്നു എന്ന് കാണാം. പബ്ലിക്കിന്റെ പണം കൊണ്ടാരംഭിച്ച് നന്നായി നടന്നുവന്ന തിരുവനന്തപുരം വിമാനത്താവളം പ്രെെവറ്റായത് റിപ്പബ്ലിക്ക് ദിനത്തിന്റെ തലേ വാരത്തിലാണ് എന്നത് അവിചാരിതമാണ് എന്ന് കരുതാനാവില്ല. അതെ വൺ ഇൻഡ്യ, വൺ ലീഡർ, വൺ റിലീജിയൻ, വൺ കച്ചവട സ്ഥാപനം — അഡാനി — അംബാനി കൺസോർഷ്യം. ഭാരത ജനതയെ കാത്തിരിക്കുന്നത് ഈ സുന്ദരലക്ഷ്യമാണ്. അങ്ങോട്ടുള്ള യാത്ര നമുക്ക് വൺ ഇലക്ഷനിൽ തുടങ്ങാം. ഇവിടെ ലക്ഷ്യം ഒന്നുമാത്രം. പ്രാരംഭത്തിൽ പറഞ്ഞ, ഒരു ഇന്ത്യ ഒരു വില, അഡാനിക്കും അംബാനിക്കും രാജ്യത്തെ വാങ്ങാൻ, രാജ്യത്തിന്റെ പൊതു വിഭവങ്ങളെ വാങ്ങാൻ!