ഊളമ്പാറ വിളിക്കുന്നു, മോഡിയെ രക്ഷിക്കു!

Web Desk
Posted on May 12, 2019, 10:34 pm
devika

ബിജെപിയാണെന്നു കരുതി എന്തിനോടും ആരെയും മനുഷ്യപ്പറ്റില്ലാതെ എതിര്‍ത്തുകളയരുതെന്ന് ഇന്ത്യന്‍ പ്രതിപക്ഷത്തോട് ഒരപേക്ഷയുണ്ട്. ആരാനും ഭ്രാന്തുപിടിച്ചാല്‍ കാണാനൊരു ശേല് എന്ന മട്ടില്‍ പ്രതിപക്ഷം കാണികളാകരുത്. കാരണം നമ്മുടെ പ്രധാനമന്ത്രി മോഡിക്ക് മാനസികനില തെറ്റിപ്പോയാല്‍ അദ്ദേഹത്തെ ചികിത്സിക്കാന്‍ ബിജെപിക്കാര്‍ മുന്‍കയ്യെടുത്തെന്നുവരില്ല. അവര്‍ക്കാവശ്യം ഇപ്പോള്‍ ഒരു ജോക്കറെയാണ്. ആ ജോക്കര്‍ കെട്ടിച്ചാടിക്കുന്ന മോഡിക്കു ഭ്രാന്തുപിടിച്ചാല്‍ പിടിച്ചുകെട്ടി ഊളമ്പാറയ്ക്കു കൊണ്ടുപോകേണ്ട പ്രതിപക്ഷ ധര്‍മം പുലര്‍ത്തേണ്ട അവസ്ഥയിലേക്ക് സംഗതികള്‍ എത്തിയിരിക്കുന്നു. ‘ഊളമ്പാറ തന്നെ വിളിക്കുന്നു, മോഡിയെ രക്ഷിക്കൂ’ എന്നായപ്പോള്‍ രാഹുലും മായാവതിയും സുധാകര്‍ റെഡ്ഡിയും സീതാറാം യെച്ചൂരിയും അഖിലേഷും ബിജു പട്‌നായിക്കും ചന്ദ്രബാബു നായിഡുവും സ്റ്റാലിനും മമതാ ബാനര്‍ജിയുമെല്ലാം ഉടനടി മോഡിയുടെ ചികിത്സയ്ക്കു രംഗത്തിറങ്ങണം. ഇപ്പോള്‍ ചികിത്സിച്ചാല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടെന്നിരിക്കും. ‘ആ ഉലക്കയൊന്ന് എടുക്ക്, ഞാനത് കൗപീനമായി ഉടുക്കട്ടെ’ എന്നു പറഞ്ഞു തുടങ്ങുന്നതുവരെ കാര്യങ്ങള്‍ കൈവിട്ടുപോകരുത്.
കാരണം ഇന്നലെ പുറത്തുവന്ന മോഡിയുടെ അഭിമുഖത്തില്‍ത്തന്നെ മോഡിയുടെ കടുത്ത രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഊണിലും ഉറക്കത്തിലും ബലാക്കോട്ട് മിന്നലാക്രമണം എന്നു പുലമ്പിക്കൊണ്ടിരുന്ന മോഡി അഭിമുഖത്തില്‍ പറഞ്ഞത് ബലാക്കോട് ആക്രമണത്തിന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് തന്ത്രങ്ങള്‍ ഓതിക്കൊടുത്തത് താനായിരുന്നുവത്രെ! കനത്ത കാര്‍മേഘങ്ങള്‍ റഡാറുകളെ മറയ്ക്കുമ്പോള്‍ കയറി അടിച്ചോ എന്നാണ് താന്‍ കല്‍പന പുറപ്പെടുവിച്ചതെന്ന മോഡിയുടെ അഭിമുഖത്തില്‍ വാക്കുകള്‍ ലോകസൈനികാക്രമണ ചരിത്രത്തില്‍ സുവര്‍ണലിപികളിലെഴുതിയ അധ്യായങ്ങളാകുന്നു! മേഘങ്ങള്‍ റഡാറുകളെ മറയ്ക്കുമ്പോള്‍ യുദ്ധവിമാനങ്ങള്‍ ആക്രമണത്തിനു വരുന്നതു കാണാനാവില്ല. പുഷ്പം പോലെ ബോംബിട്ടുമടങ്ങാമെന്ന് താന്‍ ഉപദേശിച്ചതനുസരിച്ചാണ് മിന്നലാക്രമണമെന്നും മോഡി അവകാശപ്പെടുന്നു. കൊക്കിനെ പിടിക്കാന്‍ പണ്ടൊരു മണ്ടന്‍ ഉപദേശിച്ച കഥയ്ക്ക് തുല്യം ഈ മോഡിക്കഥ. ഒറ്റക്കാലില്‍ തപസു ചെയ്യുന്ന കൊക്കിന്റെ ഉച്ചിയില്‍ ഒരുണ്ട വെണ്ണ വച്ചുകൊടുക്കുക. വെണ്ണ വെയിലിലുരുകി നെയ്യായി കണ്ണിലിറങ്ങി കൊക്കിന് കണ്ണുകാണാനാവാതെ വരും. അപ്പോള്‍ കൊക്കിനെ പുഷ്പം പോലെ പിടിക്കാമെന്ന പണ്ടത്തെ മണ്ടന്‍ പറഞ്ഞതുപോലെയാണ് മോഡിയുടെ ഭ്രാന്തന്‍ കഥ പറച്ചില്‍. മോഡി പറയുന്നതുകേട്ടാല്‍ തോന്നും മേഘക്കെട്ടുകള്‍ക്കരികിലാണ് വ്യോമനിരീക്ഷണ റഡാറുകള്‍ ആകാശത്തു പൂഴ്ത്തിവച്ചിരിക്കുന്നതെന്ന്.
റഡാര്‍ സംവിധാനം ഭൂമിയിലാണെന്നും മേഘങ്ങള്‍ക്ക് അവയെ മറയ്ക്കാനാവില്ലെന്നുമുള്ള സാമാന്യ വിവരം പോലുമില്ലാത്ത പരമ വിഡ്ഢിയാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന് ലോകമറിഞ്ഞിരിക്കുന്നു. എന്തൊരു നാണക്കേട്. വ്യോമാക്രമണത്തിനു പോകുന്ന യുദ്ധവിമാനങ്ങളില്‍ കൂരിരുട്ടത്തുപോലും ലക്ഷ്യം കാണാവുന്ന ‘നൈറ്റ് വിഷന്‍ ക്യാമറ’കള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന കാര്യം പോലും അറിയാത്ത മോഡിയെ മന്ത്രി സുധാകരന്റെ ഭാഷയില്‍ കൊഞ്ഞാണനെന്നോ എം വി ജയരാജന്റെ വാക്കുകളില്‍ ശുംഭനെന്നോ അല്ല വിളിക്കേണ്ടത്. ‘കനകസിംഹാസനത്തില്‍ കയറിയിരിപ്പവന്‍ ശുനകനോ വെറും ശുംഭനോ’ എന്നു പാടിയാലും പോര. കടുത്ത മാനസിക രോഗിയെന്നു തന്നെ വിളിക്കണം. അതുകൊണ്ട് പ്രിയ പ്രതിപക്ഷമേ മോഡിയെ കയ്യോടെ പിടിച്ച് ഊളമ്പാറയിലെത്തിക്കൂ, രാജ്യത്തെ രക്ഷിക്കൂ!
ഇതെല്ലാം കാണുമ്പോഴാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ എന്ന നോക്കുകുത്തിയെക്കുറിച്ചു ദുഃഖം തോന്നുന്നത്. കമ്മിഷന് ഇപ്പോള്‍ ഒരു ജോലിയേയുള്ളു, തന്റെ ബാലഗോപാലനെ എണ്ണ തേയ്പിച്ചു കുളിപ്പിക്കുക. പെരുമാറ്റച്ചട്ടങ്ങളുടെ ഘോഷയാത്ര തന്നെ മോഡിയും ഉണ്ടക്കണ്ണന്‍ ഷായും ചേര്‍ന്നു നടത്തുന്നു. പക്ഷേ എണ്ണതേയ്പിച്ചു കുളിപ്പിച്ച് ക്ലീന്‍ ചിറ്റു നല്‍കുന്ന ഒറ്റപ്പണി മാത്രമേ കമ്മിഷനുള്ളു. തൊഴിലില്ലായ്മ, പട്ടിണി, കോടിക്കണക്കിനു ജനങ്ങള്‍ക്കുണ്ടായ തൊഴില്‍ നഷ്ടം എന്നീ വിഷയങ്ങളില്‍ നിന്നു ശ്രദ്ധതിരിച്ചു വിടാന്‍ വേണ്ടി പണ്ട് ഉണ്ണി പിറന്നതും ഉണ്ണി പാളയില്‍ മൂത്രമൊഴിച്ചതുമായ കഥകള്‍ പറഞ്ഞ് മോഡി എറിയുന്ന ചൂണ്ടയില്‍ കയറിപ്പിടിക്കുന്നു കോണ്‍ഗ്രസും മറ്റു പ്രമുഖ പ്രതിപക്ഷ കക്ഷികളും. മോഡിക്ക് അതല്ലേ വേണ്ടത്. പുല്‍വാമാ ഭീകരാക്രമണത്തിനുശേഷം എത്രയെത്ര ഭീകരാക്രമണങ്ങള്‍ നടന്നു. നൂറിലേറെ സൈനികരും അര്‍ധസൈനികരും കൊല്ലപ്പെട്ടു. മോഡി അവകാശപ്പെടുന്നത് ജമ്മു-കശ്മീരിനെ താന്‍ ശാന്തി തീരമാക്കിയെന്നാണ്. പക്ഷേ ഭീകരരെ ഭയന്ന് അവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം വെറും 8.1 ആയതിനെക്കുറിച്ചു മോഡിക്കു മിണ്ടാട്ടമില്ല. കഴിഞ്ഞ തവണ ഇതിന്റെ നാലിരട്ടിയായിരുന്നു പോളിംഗ് ശതമാനം. മോഡിഭരണത്തില്‍ ഒരു സംസ്ഥാനം ജനാധിപത്യ പ്രക്രിയയില്‍ നിന്ന് അകലുമ്പോഴും ഭീകരവിരുദ്ധവായ്ത്താരി മോഡി മുഴക്കുന്നത് തീവ്ര മുസ്‌ലിം വിരോധത്തിലൂന്നി.

ആനയ്ക്കറിയില്ല ആനയുടെ വലിപ്പം എന്നാണല്ലോ ചൊല്ല്. കഴിഞ്ഞ ഒരാഴ്ചയായി ചാനലുകളും പത്രങ്ങളും ‘വച്ചുകീറുന്നത്’ തന്നെക്കുറിച്ചാണെന്ന് പാവം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാനയുണ്ടോ അറിയുന്നു. ചാനലുകളില്‍ ഒന്നു നോക്കാമെന്നുവച്ചാലും ഈ കുരുടനാനയ്ക്ക് പാങ്ങില്ല. രാമചന്ദ്രന്‍ ബിഹാറിയാണ്. കേരളത്തിലെത്തുമ്പോള്‍ പേര് മഠാര്‍ പഠാര്‍ എന്നോ ലാലുപ്രസാദ് എന്നോ മറ്റോ ആയിരുന്നു. ആകെ അറിയാവുന്ന ഭാഷ മൈഥിലി ഭോജ് പുരിഹിന്ദിയും. ഇന്നസെന്റിന്റെ പണ്ടത്തെ സിനിമ ‘ഗജകേസരി യോഗ’ത്തിലെപ്പോലെ ‘ബായേ മൂഠ്, പീഛേ മൂഠ്, സാവ്ധാന്‍’ എന്നൊക്കെ പറഞ്ഞാലേ ഇടത്താനേ, വലത്താനേയെന്ന മലയാളം മനസിലാകൂ. മലയാളം ഒന്നു പഠിപ്പിച്ചെടുത്തപ്പോള്‍ ആളങ്ങു മാറി. ഉത്സവപറമ്പുകളില്‍ പലപ്പോഴായി പന്ത്രണ്ടുപേരെ ചവിട്ടിയരച്ചും കൊമ്പില്‍ കോര്‍ത്തും കൊന്ന, തിരുവമ്പാടി ചന്ദ്രശേഖരന്‍, കുന്നത്തൂര്‍ കേശവന്‍ എന്നീ കരിവീരന്മാരെ കുത്തിമലര്‍ത്തി പേരെടുത്തു. പലതവണ പേരുമാറി രാമചന്ദ്രനായി.
പക്ഷേ ശബരിമലയും നാമജപഘോഷയാത്രയും ക്ലച്ചുപിടിക്കാതെ വന്നപ്പോള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മുന്നില്‍ നിര്‍ത്തി ഒന്നു കളിച്ചു നോക്കിയാലോ എന്നായി ബിജെപി. കൊലയാളിയായ രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കാതിരിക്കുന്നത് ആചാരലംഘനമെന്നു പറഞ്ഞ് ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ ചാടിവീണു. കഴിഞ്ഞ നാലു കൊല്ലം പൂരവിളംബരത്തിന് രാമചന്ദ്രന്‍ തിടമ്പേന്തി തെക്കേ ഗോപുരനട തള്ളിത്തുറന്നതാണത്രേ ആചാരം. ‘ഇന്നലെ ചെയ്‌തോരബദ്ധം മൂഡര്‍ക്ക് ഇന്നത്തെയാചാരമാകാം, നാളത്തെ ശാസ്ത്രമതാകാം’ എന്ന കവിതാശകലത്തെ ഓര്‍മിപ്പിക്കുന്ന സുരേന്ദ്ര സൂക്തം. കൊലയാളി രാമചന്ദ്രനെ ഇന്നലെ പൂരവിളംബരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുരം തള്ളിത്തുറന്ന് തെക്കോട്ടെഴുന്നെള്ളിച്ച് പൂരവിളംബരം നടത്തിച്ചപ്പോള്‍ പാളിയത് ബിജെപിയുടെ ആചാരലംഘന മുതലെടുപ്പ്. ഇച്ചിരി മയക്കുമരുന്നും നല്‍കി തെച്ചിക്കോട്ടുകാവു രാമചന്ദ്രനെ തെക്കേനട തള്ളിത്തുറക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഒന്നാം പാപ്പാന്‍ പറഞ്ഞത്രെ ‘തള്ളിത്തുറക്കെടാ രാമചന്ദ്രാ’. അവന്‍ അനങ്ങാതെ നിന്നപ്പോള്‍ ഒന്നാം പാപ്പാനു സംശയം. എന്റെ വടക്കുംനാഥാ ഇവനു കണ്ണുകാണാന്‍ മാത്രമല്ല ചെവിയും കേള്‍ക്കില്ലേ. ഇതോടെ നാലാം പാപ്പാന്റെ ഹിന്ദി കല്‍പനയായി. ‘ലാലുപ്രസാദ് പീഛേചല്‍, ആഗേചല്‍, ദക്ഷിണദര്‍വാസാ മാരോ ഘോല്‍ കരോ’ (മോനേ ലാലൂ രണ്ടടിപിന്നോട്ടു പോയി നാലടി മുന്നോട്ടു കുതിച്ച് തെക്കേ ഗോപുര വാതില്‍ ചവിട്ടിത്തുറക്കെടാ). രാമചന്ദ്രന്‍ ഹിന്ദി കല്‍പന കേട്ട് ആനന്ദതുന്ദിലനായി വാതില്‍ ചവിട്ടിപ്പൊളിച്ചു പുറത്തിറങ്ങിയെന്നാണ് വാര്‍ത്ത. പക്ഷേ പുറത്തുനിന്ന രണ്ടു പാപ്പാന്മാര്‍ ആനയെ മെരുക്കുന്ന തോട്ടികൊണ്ട് കുത്തി വാതില്‍ തുറന്നു കൊടുക്കുന്നതാണ് ചാനല്‍ ദൃശ്യങ്ങളില്‍ കണ്ടത്. ഇത് ആചാരലംഘനമെന്നു വിളിച്ചുകൂവി ബിജെപിക്ക് ഇനിയും ഒരു പ്രക്ഷോഭത്തിനു സ്‌കോപ്പുണ്ട്!

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം ഇന്നലെ നടന്നപ്പോള്‍ പുറത്തുവന്ന ചില വിവരങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നു. എല്ലാം മോഡിയുടെ മൂക്കിനു താഴെ നിന്നുളള വാര്‍ത്തകള്‍. ഡല്‍ഹി എന്ന മഹാനഗരത്തില്‍ മലമൂത്രാദികള്‍ നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട ഓടയിലെ മാന്‍ഹോളിലിറങ്ങി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഹതഭാഗ്യരായ രണ്ടു തൊഴിലാളികള്‍ വിഷവായു ശ്വസിച്ചു മരണമടഞ്ഞു. ഒരാള്‍ മരണാസന്നനായി ആശുപത്രിയില്‍. തോട്ടിപ്പണി നിയമം മൂലം നിരോധിച്ച രാഷ്ട്രത്തിന്റെ തലസ്ഥാനത്താണ് ഇപ്പോഴും മോഡി ഭരണത്തില്‍ തോട്ടിപ്പണിയിലൂടെ നിരന്തരം രക്തസാക്ഷികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും മോഡി സംഭവസ്ഥലത്തിന് തൊട്ടടുത്ത് രാംലീലാ മൈതാനത്ത് മൈക്ക് വച്ച് അലറുന്നു. ‘യേ ഹമാരേ സ്വച്ഛ് ഭാരത് ഹൈ…’ ഡല്‍ഹി ഭരണം അരവിന്ദ് കെജ്‌രിവാളിനാണെങ്കിലും ക്രമസമാധാന ചുമതലയും പൊലീസുമെല്ലാം മോഡിയുടെ കേന്ദ്ര ഭരണത്തിന്‍ കീഴില്‍. ഇവിടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 681 ബലാല്‍സംഗങ്ങളാണുണ്ടായത്. ബലാല്‍സംഗത്തിനിരയായ 47 പെണ്‍കുട്ടികളാണ് അരുംകൊല ചെയ്യപ്പെട്ടത്. 1153 തട്ടിക്കൊണ്ടുപോകല്‍ കേസുകളുണ്ടായി. ഇവയില്‍ മുക്കാല്‍ പങ്കും സ്ത്രീകളും പെണ്‍കുട്ടികളും. മുന്നൂറില്‍പരം പേര്‍ ചെറുബാലികമാര്‍. തട്ടിക്കൊണ്ടു പോയവരില്‍ മിക്കവരെയും ഇനിയും കണ്ടെത്താനായിട്ടില്ല. എന്നിട്ടും മോഡി ഡല്‍ഹിയില്‍ നിന്നു വിളിച്ചുകൂവുന്നു. ‘ബേഠി പഠാവോ, ബേഠി ബെച്ചാവോ.’ കാപട്യ സ്വരൂപത്തിന് മനോരോഗം കൂടിയുണ്ടാവുക. ആ സത്വം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുക. ഒരു നാടിനും ജനതയ്ക്കും ഇതില്‍പരം ഒരു അധോഗതി വരാനുണ്ടോ.…