യൂഹാനോൻ മോർ മിലിത്തോസ് മെത്രാപ്പോലീത്ത

ഉള്‍ക്കാഴ്ച

December 29, 2020, 8:45 pm

മനുഷ്യസന്തതി ദൈവസന്തതിയാകുന്ന പ്രതിഭാസം

Janayugom Online

ബൈബിളിൽ നാല് സുവിശേഷങ്ങളാണുള്ളത്. അതിൽ ഓരോന്നും അതിന്റെ കർത്താക്കളുടെ സാഹചര്യം, പ്രതിനിധാനം ചെയ്യുന്ന സമൂഹം, കാഴ്ചപ്പാട് എന്നിവയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടിട്ടുള്ളതാണ്. ഇവയുടെ കാതലായ താല്പര്യം യേശുവിനെ അനുവാചകരുടെ മുൻപിൽ രക്ഷകനായ ദൈവപുത്രനായി അവതരിപ്പിക്കുക എന്നതാണെങ്കിലും മുൻപറഞ്ഞ കാരണങ്ങളാൽ ഓരോന്നിനും തനതായ ശൈലി ഉണ്ട്. മൂന്നാമത്തെ സുവിശേഷകനായ ലൂക്കോസ് യേശുവിന്റെ നേരിട്ടുള്ള ശിഷ്യനായിരുന്നോ എന്ന കാര്യത്തിൽ പണ്ഡിതലോകത്ത് സംശയമുണ്ട്. സെന്റ് പോളിന്റെ ശിഷ്യനായിരുന്നു എന്നും ഒരു വൈദ്യനായിരുന്നു എന്നും അഭിപ്രായമുണ്ട്. പൗലോസിന്റെ പാത പിൻതുടർന്ന് യഹൂദേതര മതങ്ങളിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരെ മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം തന്റെ സാക്ഷ്യം അവതരിപ്പിക്കുന്നത് എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. വളരെ വിശദമായ ഒരു യേശുചരിത്രം ഇദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഇതിൽ നിർണ്ണായകമായ ഒരു കാര്യം ആദിമ മനുഷ്യനായി കരുതപ്പെടുന്ന ആദാം മുതൽ യേശുവരെയുള്ള വംശാവലിയുടെ പിൻബലത്തോടെയാണ് യേശുവിനെ അദ്ദേഹത്തിന്റെ സ്നാനത്തിന് ശേഷം പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നത് എന്നതാണ്. സമാനമായ വംശാവലി മത്തായി സുവിശേഷകനും നൽകുന്നുണ്ട്. സൂഷ്മപരിശോധനയിൽ ചരിത്രരേഖ എന്ന് പറയാൻ പറ്റാത്ത ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട്. എന്നാൽ ഇവർ രണ്ടുപേരുടെയും ലക്ഷ്യം യേശു വലിയൊരു പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഉടമയാണ് എന്ന് പറയുകയാണ്.

ലൂക്കോസ് അവതരിപ്പിക്കുന്ന കുടുംബ ചരിത്രത്തിൽ മറ്റ് താല്പര്യങ്ങൾക്കൊപ്പം, ശ്രദ്ധാർഹമായ രണ്ട് കാര്യങ്ങൾ നമുക്ക് പ്രസക്തമാണ്. ഒന്നാമത്, മനുഷ്യവംശത്തിന് മുഴുവൻ പിതാവെന്ന് കരുതപ്പെടുന്ന ആദാമിനെ ലക്ഷ്യമാക്കിയാണ് അത് നീങ്ങുന്നത് എന്നതും; രണ്ടാമത്, യേശുവിന്റെ പിതാവെന്ന് അറിയപ്പെട്ട ഔസേപ്പിന്റെ മുൻഗാമിയായ ആദാം ദൈവപുത്രനായിരുന്നു (ലൂക്കോസ് 3: 38) എന്ന സൂചനയും ആണ്. പൊതു വ്യാഖ്യാനങ്ങളിൽ ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ മനുഷ്യന്റെ സ്വത്വബോധം, സ്വാഭിമാനം എന്നിവ പരിഗണിക്കുമ്പോൾ ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണിവ.

രണ്ടിലും പൊതുവായി കാണുന്ന വ്യക്തി ‘ആദാം’ ആണ്. ആദാം എന്ന വാക്ക് എല്ലാ ബൈബിൾ പതിപ്പുകളിലും തർജ്ജമ ചെയ്യാതെ അതാത് ഭാഷയിലെ പുല്ലിംഗ ഏകവചന സംജ്ഞാനാമമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ഇത് ഹീബ്രു ഭാഷയിലെ ഒരു വാക്കാണ് എന്നതും അതിന് നിർദ്ദിഷ്ടമായ അർത്ഥം ഉണ്ട് എന്നതും പുരുഷമേധാവിത്വമുള്ള ലോകം മറച്ചുവച്ചു. തീർച്ചയായും ആദാം എന്ന വാക്ക് പുംലിംഗ വചനമാണ്. എന്നാൽ അത് പുരുഷൻ എന്ന അർത്ഥത്തിൽ ഉപയോഗിക്കാൻ കഴിയാത്തതാണ്. കാരണം അതിന്റെ സ്ത്രീലിംഗ രൂപമായ “അദാമാ” എന്ന വാക്കിന് ഹീബ്രു ഭാഷയിൽ സ്ത്രീ എന്നല്ല ഭൂമി എന്നാണർത്ഥം. ചുരുക്കത്തിൽ ഭൂമിയിൽ നിന്നുള്ള നിർദ്ദിഷ്ട ജീവി, അഥവാ “മനുഷ്യൻ”” എന്നാണ് ഈ വാക്കിൽ നിന്നും മനസിലാക്കേണ്ടത്: അത് പുരുഷനാകാം സ്ത്രീയും ആകാം. അപ്പോൾ ബൈബിളിലെ ഉല്പത്തി ഗ്രന്ഥത്തിലെ സൃഷ്ടി വിവരണത്തിൽ പറയാൻ ഉദ്ദേശിച്ചിട്ടുള്ളത് മനുഷ്യന്റെ ഉല്പത്തി ഭൂമിയിൽ നിന്നും ആണ്, അതിന് കാരണഭൂതൻ ദൈവവും ആണെന്നാണ്. ആ ദൈവത്തിന്റെ സന്തതിയാണ് ”ആദാം” അഥവാ മനുഷ്യൻ; ആ ആദാമിന്റെ മകന്റെ വംശപാരമ്പര്യത്തിൽ ജനിച്ച മനുഷ്യനായ ദൈവമാണ് യേശു. ഇത് മനുഷ്യൻ എങ്ങനെ മനുഷ്യനെ കാണണം, പരിഗണിക്കണം, വിലയിരുത്തണം എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നൽകുന്നത്. ഈ ക്രിസ്‌മസ് കാലത്ത് ഈ വിഷയം ചിന്തിക്കുന്നത് തികച്ചും പ്രസക്തമായിരിക്കും എന്ന് ഞാൻ കരുതുന്നു.

ഈ പശ്ചാത്തലത്തിലാണ് നമ്മുടെ രാജ്യത്തെ കേന്ദ്ര ഭരണവർഗ്ഗത്തിന്റെ മനുഷ്യനെക്കുറിച്ചുള്ള കാഴ്ചപ്പാട് പരിശോധിക്കാൻ ഞാൻ തുനിയുന്നത്. ”റോമാ നഗരം കത്തുമ്പോൾ നീറോ വീണ വായിക്കുന്നു” എന്നൊരു ലോകപ്രസിദ്ധമായ ചൊല്ലുണ്ട്. നീറോയുടെ കാലത്ത് വീണയുണ്ടായിരുന്നോ, അദ്ദേഹം വായിച്ചത് വീണയായിരുന്നോ, അത് റോമാ നഗരം കത്തിയപ്പോഴായിരുന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങളൊന്നുമല്ല ഇവിടെ പ്രസക്തം. റോമാ നഗരത്തോടും നഗരവാസിയോടും അതിന്റെ ഭരണാധികാരിയായ നീറോയുടെ പൊതുസമീപനം എന്തായിരുന്നു എന്നതാണ് വിഷയം. ക്രിസ്തുവർഷം 64 ജൂലൈയിൽ ആറ് ദിവസം നീണ്ടുനിന്ന അഗ്നിയിൽ നീറോയുടെ കൊട്ടാരം ഉൾപ്പടെ റോമാ നഗരത്തിന്റെ എഴുപത് ശതമാനവും കത്തി നശിക്കുകയും പകുതിയിലേറെപേർ ഭവനരഹിതരാവുകയും ചെയ്തു. എത്രപേർ മരിച്ചു എന്നതിന് എവിടെയും ഒരു കണക്കുമില്ല. ക്രൂരനും ദോഷൈകദൃക്കുമായ നീറോ തന്നെയാണ് നഗരത്തിന് തീയിട്ടത് എന്നാണ് പൊതുവെ ആരോപിക്കപ്പെടുന്നത്. അതിലൂടെ രണ്ട് കാര്യമാണ് അദ്ദേഹത്തിന് സാധിക്കാനുണ്ടായിരുന്നത് എന്ന് പറയപ്പെടുന്നു. ഒന്നാമത്, ക്രിസ്ത്യാനികളുടെ ക്രിസ്‌മസ് ആഘോഷമാണ് തീപിടുത്തത്തിന് കാരണം എന്നു പ്രചരിപ്പിച്ച് അവർക്കെതിരെ പൊതുജനാഭിപ്രായം ഉണ്ടാക്കുക. രണ്ടാമത് തനിക്ക് കുറെക്കൂടെ മെച്ചമായ അരമനയും പൂന്തോട്ടവും ഉണ്ടാക്കാൻ സ്ഥലം ലഭിക്കുക. ഈ വാദത്തിന് ഉപോൽബലകമായി നീറോ അധികം വൈകാതെ അഗ്നിക്കിരയായ സ്ഥലത്ത് തന്റെ ‘സുവർണ്ണ കൊട്ടാരവും’ ‘ആനന്ദോദ്യാനവും’ നിർമ്മിച്ചു എന്നകാര്യം ആളുകൾ ചൂണ്ടിക്കാണിക്കുന്നു.

ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ഭാരതത്തിലും അതിന്റെ തേർവാഴ്ച തുടരുകയാണ്. കോടിക്കണക്കായ മനുഷ്യരാണ് ദുരിതത്തിലായിരിക്കുന്നത്. ഈ കുറിപ്പെഴുതുന്ന ഡിസംബർ 24 വരെ ഭാരതത്തിൽ 10,123,278 പേർ രോഗികളാവുകയും 1,46,778 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. മരണനിരക്ക് പരമാവധി കുറയ്ക്കാൻ സംസ്ഥാനങ്ങൾ അഹോരാത്രം കഷ്ടപ്പെടുകയാണ്. തൊഴിൽ നഷ്ടപ്പെട്ടവർ, കടക്കെണിയിലായവർ, രോഗത്തെ പേടിച്ചിട്ടോ ജോലി നഷ്ടപ്പെട്ടിട്ടോ ആത്മഹത്യ ചെയ്തവർ, അനുബന്ധ രോഗം ബാധിച്ചവർ എന്നിവരുടെ ഒന്നും കൃത്യമായ കണക്ക് ലഭ്യമല്ല. ജീവിതഭാരം ഇറക്കിവയ്ക്കാൻ മനുഷ്യന് ഉപകാരമാകുന്ന ഉത്സവങ്ങൾ, ഇതര ആഘോഷ സന്ദർഭങ്ങൾ, മതപരമായ ചടങ്ങുകൾ എല്ലാം ചുരുക്കം ആളുകളെക്കൊണ്ട് അകലം പാലിച്ച് മുഖംമൂടി ധരിച്ച് എത്രയും പരിമിതമായ രീതിയിൽ മാത്രം നടത്തുന്ന അവസ്ഥ.

ഈ ദുരിതപൂർണ്ണമായ കാലത്താണ് ദൈവപ്രീതിക്ക് എന്ന ഭാവത്തിൽ അയോദ്ധ്യയിലെ “രാമജന്മഭൂമി” എന്നവകാശപ്പെടുന്നിടത്ത് രാമന്റെ വിശ്വാസികൾ എന്ന വ്യാജേന രാഷ്ട്രീയാക്രമികൾ തകർത്ത “ബാബ്റി മസ്ജിദ്” നിന്നിടത്ത് പുതിയ ക്ഷേത്രത്തിനുള്ള ശില ഓഗസ്റ്റ് 5-ാം തീയതി രാഷ്ടത്തിന്റെ പ്രധാനമന്ത്രി സ്ഥാപിച്ചത്. ഇതാണ് മുൻപറഞ്ഞ നീറോയുടെ വീണവായന സ്മരിക്കാൻ കാരണമായത്. ഈ ചടങ്ങിൽ പ്രധാനമന്ത്രി സംബന്ധിക്കുന്നത് അനുചിതമായിരിക്കും എന്ന്, വിദ്യാഭ്യാസ മേഖലയിലെയും മാധ്യമ രംഗത്തെയും പ്രമുഖരോടൊപ്പം പൊതുജന പ്രതിനിധികളും ഉൾപ്പെടുന്ന മുന്നൂറോളം പേരുടെ, ഉപദേശം അവഗണിച്ചുകൊണ്ടാണ് അദ്ദേഹം ഹിന്ദു സംഘടനകളുടെ അദ്ധ്യക്ഷനായ മോഹൻ ഭഗത്, യുപി ഗവർണർ, മുഖ്യമന്ത്രി എന്നിവരോടൊപ്പം ഈ കൃത്യം നിർവ്വഹിച്ചത്. മനുഷ്യമധ്യത്തിലും മനുഷ്യകൂട്ടായ്മയിലുമാണ് ആത്മീയതയും ഈശ്വര സാന്നിധ്യവും എന്ന് തിരിച്ചറിയാതെ, അതും മറ്റൊരു വിശ്വാസസമൂഹത്തിന്റെ, അക്രമാസക്തമായ രീതിയിൽ തകർക്കപ്പെട്ട, ആരാധനാലയമിരുന്നിടത്ത് (വീണ്ടും താരതമ്യം), സ്വന്തം രാഷ്ട്രീയ താല്പര്യത്തെ മാത്രം മുൻനിർത്തി മനുഷ്യനെ മറന്ന് ദൈവത്തെ ആരാധിക്കുന്നു എന്നും, ആരാധനാസ്ഥലം നിർമ്മിക്കുന്നു എന്നും കാണുമ്പോൾ, ഇതൊരു പൊളിയാണ് എന്നു മാത്രമേ പറയാൻ കഴിയൂ. ഈ പൊളിയാണ് ഇന്ന് കേന്ദ്ര ഭരണവർഗ്ഗത്തിന്റെ മുഖമുദ്ര.

ഇതേ ശൈലിയിലുള്ള മറ്റൊരു പ്രവൃത്തി ആയിരുന്നു ഡിസംബർ 20-ാം തീയതി പ്രധാനമന്ത്രി നടത്തിയ ഡൽഹിയിലുള്ള ശ്രീ രാഖാബ് ഗഞ്ച് ഗുരുദ്വാര സന്ദർശനം. ഈ ഗുരുദ്വാരയിൽ നടത്തുന്ന പ്രാർത്ഥനയിലെ ഏതപേക്ഷയും സഫലമാകും എന്നാണ് പൊതു, പ്രത്യേകിച്ചും സിഖ് മതാനുയായികളുടെ വിശ്വാസം. അപ്പോൾ ഈ സന്ദർശനം കർഷക പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള പഞ്ചാബിൽ നിന്നുള്ള സിഖ് വിഭാഗക്കാരുടെ ആത്മവീര്യം കെടുത്തുക എന്ന ദുരുദ്ദേശ്യത്തോടെ ആയിരുന്നു എന്ന വാദം നിഷേധിക്കാൻ പ്രയാസമാണ്. ഇദ്ദേഹം അവിടെ പ്രാർത്ഥന വല്ലതും നടത്തിയെങ്കിൽ അതെന്തായിരിക്കാം എന്ന് നമുക്ക് ശരിക്കും ഊഹിക്കാവുന്നതാണ്. ഒരു നല്ല നടനാണ് താൻ എന്ന് നമ്മുടെ പ്രധാനമന്ത്രി ഒരിക്കൽക്കൂടെ തെളിയിച്ചു. ദുരുദ്ദേശ്യത്തോടെയുള്ള ഈ പ്രാർത്ഥന ഫലം കാണില്ല എന്ന് സമരം ചെയ്യുന്ന കർഷകർ ഉറച്ച് പ്രഖ്യാപിക്കുന്നു.

ഈ ഘട്ടത്തിൽ പലരും പലവിധത്തിൽ വിവരിച്ചിട്ടുള്ളതാണെങ്കിലും ഒരു മാസത്തിനിപ്പുറവും ഊർജ്ജത്തിന് കുറവൊന്നുമില്ലാതെ നടക്കുന്ന ഈ സമരത്തെക്കുറിച്ച് ഒരു വാക്ക് പറയേണ്ടതുണ്ട് എന്ന് കരുതുന്നു. കോടിക്കണക്കായ കർഷകരുടെ മനസ്സിൽ കടുത്ത ആശങ്കയുടെയും ഭയത്തിന്റെയും വിത്തുവിതറി തികച്ചും പ്രതിഷേധാർഹമായും ജനാധിപത്യ വിരുദ്ധമായും മൂന്ന് നിയമങ്ങൾ കൂട്ടിക്കെട്ടി പാർലമെന്റ് പാസാക്കിയ ‘കാർഷികപരിഷ്കരണ നിയമം 2020’ മുൻ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതാണ്. വിളവിനുള്ള താങ്ങുവില, വിൽക്കാനുള്ള മണ്ഡികൾ, സംഭരണത്തിനുള്ള എഫ്‌സിഐ ഗോഡൗണുകൾ എന്നിവയെല്ലാം ഈ നിയമം നടപ്പായാൽ അപ്രസക്തമാകും എന്ന കർഷകരുടെ ആശങ്ക അസ്ഥാനത്തല്ല എന്ന് ഈ നിയമങ്ങളുടെ സൂക്ഷ്മപരിശോധനയിൽ മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടാണ് ലക്ഷക്കണക്കായ കർഷകർ പ്രായവും രോഗവും ഉത്തരേന്ത്യയിലെ കൊടും തണുപ്പും അവഗണിച്ച് കേന്ദ്ര ഭരണസിരാകേന്ദ്രത്തിലേക്ക് നൂറുകണക്കിന് മൈൽ യാത്രചെയ്തെത്തി പ്രതിഷേധാഗ്നി ആളിക്കുന്നത്. ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ നിന്നും പ്രമുഖരുടെ പിന്തുണ ലഭിക്കുന്ന ഈ പ്രക്ഷോഭത്തോട് പക്ഷെ കേന്ദ്ര സർക്കാർ തികഞ്ഞ നിഷേധസമീപനമാണ് സ്വീകരിക്കുന്നത്.

മനുഷ്യനല്ല നമ്മുടെ അധികാരികളുടെ ദൈവം; കുത്തകകളും കോർപ്പറേറ്റുകളുമാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒരു വശത്ത് നുണപ്രചരണം, മറുവശത്ത് അപഹസിക്കൽ, ഈ വിധമാണ് സമരത്തെ സർക്കാർ നേരിടുന്നത്. കർഷകർക്ക് ഏറ്റവും ഗുണകരമായ നിയമമാണിത് എന്ന് പ്രധാനമന്ത്രി ആവർത്തിച്ച് ആണയിട്ട് പറയുന്നു. ചരിത്രത്തിന്റെ നാൾവഴി പരിശോധിച്ചാൽ നൽകിയിട്ടുള്ള ഒരു വാഗ്ദാനവും നിറവേറ്റിയിട്ടില്ല എന്നത് ഈ വാക്കുകളും വിശ്വസിക്കാൻ കർഷകർക്കാവില്ല. ഒരു രാഷ്ട്രീയ കക്ഷിക്കും ഈ സമരത്തിൽ നേരിട്ട് ഇടപെടൽ ഇല്ലെങ്കിലും, പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണദ്ദേഹത്തിന്റെ ഭാഷ്യം. ഹരിയാനാ മുഖ്യമന്ത്രി ആകട്ടെ കർഷകരെ ഖാലിസ്ഥാൻ തീവ്രവാദികൾ എന്ന് വിളിച്ചാക്ഷേപിക്കുന്നു. എന്തുകൊണ്ടാണ്, തങ്ങൾക്ക് ഗുണകരമാണ് എന്ന് സർക്കാർ അവകാശപ്പെടുന്ന ഈ നിയമം തങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിക്കാത്തത് എന്നാണ് കർഷകരുടെ പ്രസക്തമായ ചോദ്യം.

അതിന് ഒറ്റ ഉത്തരമേ ഉള്ളൂ, ഈ അവകാശവാദങ്ങളെല്ലാം പൊളിയാണ്, സ്ഥാപിക്കാൻ സാധിക്കാത്തവയാണ് എന്നതുതന്നെ. മുൻപ് നടത്തിയ അഞ്ചുവട്ടം ചർച്ചയും സർക്കാരിന്റെ പ്രഹസനമായിരുന്നിടത്ത് ഇപ്പോൾ ആറാം വട്ടം ചർച്ചക്കായി സർക്കാർ ക്ഷണിച്ചിരിക്കുന്നു എന്നാണ് വാർത്ത. ഒരേസമയത്ത് ഈ ചർച്ചക്ക് പുതുതായി ഒരു നിർദ്ദേശവുമില്ല എന്നതോടൊപ്പം താങ്ങുവില സംബന്ധിച്ച് ഒരു നിബന്ധനയും ഉന്നയിക്കരുത് എന്ന ഉപദേശവുമുണ്ട്. താങ്ങുവില തുടരും എന്ന മുൻ പ്രസ്താവനകൾ ഉണ്ടായിരുന്നു എന്നതിന് മറ്റെന്ത് സാക്ഷ്യമാണാവശ്യം? ഇതിനിടക്ക് കേരളത്തിൽ എന്തുകൊണ്ടാണ് മണ്ഡികൾ ഇല്ലാത്തത് എന്ന് പ്രധാനന്ത്രി കുറ്റാരോപണശൈലിയിൽ ചോദിച്ചതായി വാർത്ത കണ്ടു. ഭാരതത്തെ ഒന്നായി കാണുമ്പോഴും എന്നാൽ അതിലെ ഓരോ മേഖലയിലെയും പ്രത്യേകതകളെ അറിയാൻ ശ്രമിക്കുന്ന, ആദരിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടെ സ്വപ്നത്തിലുള്ളത്. ഇദ്ദേഹം ഭാരതത്തെക്കുറിച്ച്, അതിൽ ഒന്നായ കേരളത്തിന്റെ കാർഷിക സാഹചര്യങ്ങളെക്കുറിച്ച്, ഇവിടത്തെ കൃഷി ഉല്പന്നങ്ങളുടെ ശേഖരണം, വിലനിർണ്ണയം, വിതരണം എന്നിവയെക്കുറിച്ച് ഇനിയും ഒത്തിരി പഠിക്കാനുണ്ട് എന്നതാണ് ഈ പ്രസ്താവനയിൽ വെളിവാകുന്നത്.

കാർഷിക മേഖലയുടെ നവീകരണത്തിനാണ് പുതുനിയമം എന്നാണ് മറ്റൊരു വാദം. ശാസ്ത്രത്തിന്റെ വളർച്ച ഉൾക്കൊണ്ട് കാർഷിക മേഖലയിൽ പരിവർത്തനം ആവശ്യമാണ് എന്നത് അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാൽ അത് കുത്തകകളും കോർപ്പറേറ്റുകളും വഴി വേണമെന്ന നിർബ്ബന്ധം എന്തിനാണ് എന്നതാണ് ചോദ്യം. അതെ, നമ്മുടെ കേന്ദ്രസർക്കാരിന് ഭാരതം എന്ന രാജ്യമില്ല, രാജ്യത്തിലെ ജനമില്ല, ജനത്തിന്റെ മതങ്ങളില്ല, മതങ്ങളുടെ ദൈവമില്ല, മനുഷ്യൻ എന്ന ദൈവവുമില്ല, കുത്തക കോർപ്പറേറ്റുകൾ എന്ന ദൈവം മാത്രം. പക്ഷെ കാലം പറയുന്നത്, ഇതല്ല ആത്യന്തിക സത്യം, ഇതല്ല നിലനിൽക്കുക എന്നാണ്. ഈ കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും മധ്യത്തിലും പുതു ആത്മീയതയുടെ സന്ദേശവുമായി പുതുവർഷം വരുന്നു; അതെ, നീറോയുടെ കാലം പോലെതന്നെ ജനാധിപത്യ നിഷേധത്തെയും കോർപ്പറേറ്റ് ഭരണത്തെയും കോവിഡിനെയും നാം നമ്മുടെ ഇടപെടലുകളിലൂടെ കീഴടക്കും എന്ന സന്ദേശത്തോടെ. ജനയുഗത്തിന്റെ എല്ലാ വായനക്കാർക്കും മനുഷ്യസന്തതിയെ ദൈവസന്തതി എന്ന് പേരെടുത്ത് വിളിക്കുന്ന ക്രിസ്‌മസ് കാലത്തിന്റെയും ഈ കാലവും നീങ്ങിപ്പോകും എന്ന ഉറപ്പ് നൽകുന്ന പ്രത്യാശാനിർഭരമായ പുതുവർഷത്തിന്റെയും ആശംസകൾ നേരുന്നു.