25 April 2024, Thursday

രാഷ്ട്രീയ ഹിന്ദു

അജിത് കൊളാടി
വാക്ക്
October 23, 2021 4:30 am

എന്താണ് രാഷ്ട്രീയ ഹിന്ദുവിന്റെ മാനിഫെസ്റ്റോ? രാഷ്ട്രീയ ഹിന്ദു ഒരു സംജ്ഞയാണ്. അതിന് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയ ഹിന്ദുവിന്റെ മാനിഫെസ്റ്റോ ആയ “ഹിന്ദുത്വ” എഴുതി പ്രചരിപ്പിച്ച വിനായക് ദാമോദർ സവർക്കർ ഒരു നിരീശ്വരവാദിയായിരുന്നു. ഹിന്ദുത്വത്തിന് ഹിന്ദുയിസവുമായി യാതൊരു ബന്ധവുമില്ലെന്ന് സവർക്കർ തന്നെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. സവർക്കർ 1923ൽ രചിച്ച ‘ഹിന്ദുത്വ: ആരാണ് ഹിന്ദു?’ എന്ന മാനിഫെസ്റ്റോ, കുറേക്കാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊതുധാരയിൽ നിന്നുമാറി നിദ്രാവസ്ഥയിലായിരുന്നു. ഗാന്ധിയൻ നെഹ്റുവിയൻ ചിന്താധാരകളായിരുന്നു സവർക്കർ ആശയങ്ങളുടെ ശക്തിദൗർബല്യത്തിനു കാരണം.
ഹിന്ദുത്വമെന്ന ആശയസംഹിതയുടെ ഹൃദയം, ഹിന്ദു എന്ന വാക്കും അതിന്റെ ഭൂമിശാസ്ത്രപരമായ കേന്ദ്രം ഹിന്ദുസ്ഥാനുമാണ് എന്ന് സവർക്കർ പറഞ്ഞിരുന്നു. “ആരാണോ ഇൻഡസ് മുതൽ സാഗരങ്ങൾ വരെയുള്ള ഈ ഭാരത ഭൂമിയെ, തന്റെ മതത്തിന്റെ പ്രഭവഭൂമിയായും വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായും തന്റെ പിതൃഭൂമിയായും പുണ്യഭൂമിയായും അവകാശപ്പെടുന്നത് അങ്ങനെയുള്ള ഒരോ വ്യക്തിയും ഒരു ഹിന്ദുവാണ് ” എന്ന് എഴുതിവച്ചു. “ഹിന്ദുത്വയുടെ ഒരു അംശം മാത്രമാണ് ഹിന്ദുയിസം. ഹിന്ദുത്വ ഒരു വിശ്വാസ പ്രമാണമോ ഒരു മതവിശ്വാസമോ അല്ല. അത് മൊത്തം ഹിന്ദുവർഗത്തിന്റെ ചിന്താമണ്ഡലങ്ങളെ പുൽകുന്നു”-സവര്‍ക്കര്‍ തുടർന്നു. ഇവിടെ സവർക്കർ അടിവരയിടുന്നത് ഹിന്ദുത്വമെന്ന വിശ്വാസമല്ല. വംശം എന്ന നിലയിൽ ഹിന്ദുവിന്റെ വിശ്വാസമാണ്. ഒരു രാഷ്ട്രീയ ഹിന്ദുവിനെ നിർമ്മിക്കുക, അതിലൂടെ ഹിന്ദുരാഷ്ട്രം എന്ന രാഷ്ട്രീയലക്ഷ്യം നേടുക എന്നതായിരുന്നു സവർക്കറുടെ ആശയം.

ഹിന്ദുരാഷ്ട്രം എന്ന രാഷ്ടീയ ലക്ഷ്യം നേടുവാനും അതിന്റെ രാഷ്ട്രീയ ഹിന്ദുഐക്യത്തിനും ശാക്തീകരണത്തിനുംവേണ്ടി സംഘടനകൾ രൂപീകരിക്കപ്പെട്ടു. ഹിന്ദുമഹാസഭയും രാഷ്ട്രീയ സ്വയം സേവക് സംഘും ബിജെപിയും വിശ്വഹിന്ദു പരിഷത്തും ചേർന്നാണ് ഹിന്ദുരാഷ്ട്രം രൂപപ്പെടുത്തുന്നത്. പൊതുഭാഷ, പൊതുവായ മിത്തുകള്‍, പുരാണങ്ങള്‍, പൊതുവായ ചരിത്രം (ഹിന്ദു ചരിത്രം), പൊതു സംസ്കാരം, പൊതു സിവിൽ കോഡ് എന്നിവയിലൂടെയെല്ലാം ഈ ലക്ഷ്യത്തിലെത്താൻ അവർ ശ്രമിക്കും. ഇംഗ്ലീഷ് ഓഫീസർമാർ വധിക്കപ്പെട്ട കേസുകളിൽ പ്രതിയായ സവർക്കർക്കെതിരെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. 1910 മാര്‍ച്ച് 13ന് ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽവച്ച് പൊലീസ് കീഴ്പ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. 1910 ജൂലൈ 22ന് ബോംബെയിൽ എത്തിച്ചു. ജീവപര്യന്തം ആൻഡമാനിലേക്ക് നാടുകടത്തി. 1911 ജനുവരി 29ന് നാസിക് ജഡ്ജിയുടെ വധത്തിൽ, മറ്റൊരു കോടതിയുടെ വിധി വന്നു. ആ കേസിൽ മറ്റൊരു ജീവപര്യന്തവും നാടുകടത്തലും ഉണ്ടായി. പോർട്ട് ബ്ലയർ സെല്ലുലാർ ജയിൽ തടവുകാരനായി. 1911ൽ സവർക്കർ സർക്കാറിന് മാപ്പപേക്ഷ നൽകി. 1913 നവംബര്‍ നാലിന് വീണ്ടും മാപ്പപേക്ഷ നൽകി. പിന്നിട് യെർവാദ ജയിലിലും മാപ്പ് അപേക്ഷ നൽകി. ബ്രിട്ടീഷുകാരെ സേവിക്കാമെന്നും മഹാ സാമ്രാജ്യത്തിന് എതിരായി പ്രവർത്തിക്കില്ല എന്നും പറഞ്ഞു. നിരവധി തവണ മാപ്പപേക്ഷിച്ച് സാഷ്ടാംഗപ്രണാമം ചെയ്തു ഈ സവർക്കർ. റോബർട്ട്പെയിനിന്റെ ‘ദ ലൈഫ് ആന്റ് ഡെത്ത് ഓഫ് ഗാന്ധി’ എന്ന ബൃഹദ് ഗ്രന്ഥത്തിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്.

 


ഇതുംകൂടി വായിക്കാം;മോഡിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര: എയർ ഇന്ത്യക്ക് കിട്ടാനുള്ളത് കോടികൾ


ഗാന്ധിജി ഇവിടെയെത്തിയത് 1915 ലാണ്. എന്നിട്ട് ഫാസിസ്റ്റുകളുടെ നുണപ്രചാരണം, ഗാന്ധി പറഞ്ഞത്രെ സവർക്കറോട് മാപ്പ് എഴുതി കൊടുക്കാൻ! ഫാസിസ്റ്റുകൾ തന്ത്രം മെനയുന്നത് നുണകളിലൂടെയാണ്. ആശയ പ്രചാരണം നടത്തുന്നതും നുണകളിലൂടെത്തന്നെ. സത്യാനന്തര കാലത്തു മാത്രമല്ല, ഏതു ഏകാധിപതികളുടെ കാലത്തും അതു തന്നെയാണ് സ്ഥിതി.
എന്തുകൊണ്ട് സവർക്കർ ഗാന്ധിയെ ശത്രുവായി കണ്ടു? സവർക്കർ അക്രമ രാഷ്ട്രീയത്തെ കുറിച്ചും ഗാന്ധി അഹിംസയെക്കുറിച്ചും സംസാരിച്ചു. സവർക്കറുടെ അക്രമ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് ഗാന്ധിയൻ മാനിഫെസ്റ്റോയെന്ന് വിളിക്കാവുന്ന, ഗാന്ധി എഴുതിയ ‘ഹിന്ദുസ്വരാജ്’. 1921ൽ ഗാന്ധി എഴുതി, “വെറുപ്പിനെ റദ്ദാക്കുന്ന സ്നേഹത്തിന്റെ സുവിശേഷമാണ് ഹിന്ദുസ്വരാജ്. അക്രമത്തെ ആത്മബലിയാൽ അത് ഒഴിവാക്കുന്നു. മൃഗീയ ശക്തിക്കെതിരെ അത് ആത്മീയ ശക്തിയെ അന്വേഷിക്കുന്നു. ഹിന്ദ്സ്വരാജിനെ ഇങ്ങനെ സംഗ്രഹിക്കാം. “സ്വയം ഭരിക്കുക, അവനവനെ തന്നെ ഭരിക്കുക.” ഇതിൽ മനുഷ്യവംശത്തോളം നീളുന്ന ദിശാബോധം ഉണ്ട്. ഇതാണ് ഹിന്ദുസ്വരാജിനെ ഇപ്പോഴും വായിക്കുവാൻ പ്രേരിപ്പിക്കുന്നത്. ഗാന്ധിജി എഴുതി” സ്വരാജ് ഉള്ളം കയ്യിൽ ഉണ്ട്. അത് നിങ്ങളിലുണ്ട്. ദേശത്തിൽ ആണ് സ്വരാജിന്റെ വേരുകൾ. അതിനുള്ള അസംസ്കൃത വസ്തുക്കളും ഇവിടെ തന്നെ. തന്റെ ഗ്രാമത്തിലും ദേശത്തിലുമുള്ള അസംസ്കൃത പദാർത്ഥങ്ങളും അറിവുകളും കൊണ്ട് അയാൾ / അവൾ സൃഷ്ടിക്കുന്ന ഭൗതിക മണ്ഡലം സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ്. ജീവിതം നിരന്തരമായ സത്യാഗ്രഹമാകുമ്പോഴെ അതിനെ സ്ഥായിയായി നിലനിർത്താനാകൂ. ഓരോ വ്യക്തിക്കും സ്വന്തം അനുഭവം വഴി മാത്രമെ, അതിന്റെ നേരറിയാനൊക്കൂ. സ്വരാജിന്റെ ഉൾത്തലമത്രെ ഇത്. കേട്ടറിവല്ല, സ്വയമറിവാണ് അറിവ്”.

സവർക്കറിന്റെ ഹിന്ദുത്വയെന്ന ഹിന്ദുമാനിഫെസ്റ്റോ ഹിന്ദുരാജിനെയാണ് പ്രതിനിധീകരിക്കുന്നത്. ഹിന്ദ് സ്വരാജും ഹിന്ദുരാജ്യവും തമ്മിലാണ് സംഘർഷം. അന്നുമുതൽ സവർക്കറിനറിയാമായിരുന്നു, ഗാന്ധിയായിരിക്കും തന്റെ ഹിന്ദുരാഷ്ട്ര സങ്കല്പത്തിന് വിഘാതം എന്ന്. ഗാന്ധിക്കും ഭാവിയിലെ പ്രതിയോഗിയെ അറിയാമായിരുന്നു. ഗാന്ധിജി ഇന്ത്യയിലേക്ക് വന്ന്, അനിഷേധ്യ ജനനേതാവായി. ഹിന്ദുയിസത്തിന്റെ വിവിധ ധാരകളെ സമന്വയിപ്പിച്ചു. എല്ലാ മതങ്ങളുടെയും ആന്തഃസത്ത ഉൾച്ചേർത്തു. അതുവരെ പ്രബലമായ ഹിന്ദുത്വയുടെ ശക്തികുറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാതിരിക്കാനുള്ള ഗാന്ധിയൻ സമരം ആയിരുന്നു അത്. ഇതിനെതിരെ നിന്നത് ഹെഗ്ഡെവാറും ഗോൾവാൾക്കറും സർവോപരി സവർക്കറുമായിരുന്നു. ഗാന്ധിജി ഹിന്ദുരാഷ്ട്രം ഉണ്ടാകുന്നത് തടഞ്ഞു. റോബർട്ട് പെയിൻ സൂക്ഷ്മജ്ഞാനത്തോടെ അഭിപ്രായപ്പെട്ടത് ശ്രദ്ധിക്കുക, ”തന്റെ മരണത്തിനു എത്രയോ മുമ്പുതന്നെ സവർക്കർ കരുതിയിരുന്നു, താനാകും രാജ്യത്തിലെ പ്രധാന വേദിയിലെ നായകൻ എന്നും കാലം തന്നെ അതിന് വിളിക്കും എന്നും. പക്ഷെ കാലം അദ്ദേഹത്തെ അതിന് വേണ്ടി ഒരിക്കലും വിളിച്ചില്ല”. എന്തായാലും ഗാന്ധി വളർത്തിയ കോൺഗ്രസു തന്നെ 2014ൽ സവർക്കറുടെ പൊലിഞ്ഞുപോയ ഹിന്ദുരാഷ്ട്ര മോഹം പുനർജീവിപ്പിക്കാൻ അവസരം നൽകി.

യൂറോപ്പുകാരിയായ (ഇംഗ്ലീഷ്, ഫ്രഞ്ച്, ഗ്രീക്ക് മാതാപിതാക്കളിൽ ജനിച്ച), സ്വയം സാവിത്രിദേവിയെന്ന് വിശേഷിപ്പിച്ച ഹിന്ദുത്വ വാദിയായ സ്ത്രീ എഴുതിയ പുസ്തകത്തിന് 1939ൽ സവർക്കർ അവതാരിക എഴുതി. അഡോൾഫ് ഹിറ്റ്ലർ വിഷ്ണുവിന്റെ അവതാരമെന്ന് ഘോഷിച്ചവരാണ് ഈ സ്ത്രീ. പുസ്തകത്തിന്റെ പേര് ‘എ വാർണിംഗ് ടു ഹിന്ദുസ്’ എന്നായിരുന്നു. ഹിന്ദുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ആവശ്യകതയെ കുറിച്ചും രാഷ്ടീയ സൈനിക ശക്തി സമാഹരിച്ച് അധികാരം കയ്യടക്കണം എന്നതായിരുന്നു അതിലെ ഉള്ളടക്കം. അഖണ്ഡ ഭാരതമായിരുന്നു, സവർക്കർ ഹിന്ദുരാഷ്ട്രംകൊണ്ട് ഉദ്ദേശിച്ചത്. മൗര്യസാക്ഷ്യത്തിലെ ചിത്രഗുപ്തനെ പോലെ, അശോകനെ പോലെ വിസ്തൃതമായ സാമ്രാജ്യം. അതാണ് അഖണ്ഡ ഭാരതം. സവർക്കർ എഴുതി ”ഹിന്ദുത്വം എന്നത് ഒരു വാക്കല്ല, അത് ചരിത്രമാണ്. അത് ജനങ്ങളുടെ ആത്മീയമായ, മതപരമായ ചരിത്രം മാത്രമല്ല. അത് പൂർണചരിത്രമാണ്. ഹിന്ദുത്വം ആശ്ലേഷിക്കുന്നത്, ഹിന്ദു ജനതയുടെ സർവ മേഖലകളിലെ ചിന്തകളെയും പ്രവൃത്തികളെയും ആണ്”. ഗോൾവാൾക്കർ കൂട്ടിച്ചേർക്കുന്നു, ‘പൗരാണിക കാലം മുതൽക്കെ താങ്ങി നിന്ന ഈ ഭൂമിയെ വൈദേശിക അക്രമികൾ തകർത്തു. അതിനെതിരെ ഇന്ന് ഹിന്ദു ഉണരണം, പഴയ പ്രതാപം വീണ്ടെടുക്കണം”. ഇത്തരം അതിരുകടന്ന പ്രാകൃത ചിന്തകൾ ആണ് സവർക്കറും ഗോൾവാൾക്കറും പ്രചരിപ്പിച്ചത്. അതിരു കടന്ന ദേശീയ വാദത്തിന്റെ പ്രോക്താവാണ് സവർക്കർ. ഗാന്ധിജിയുടെ സഹിഷ്ണുതയും സ്നേഹവും അവർക്ക് ഇഷ്ടപ്പെടില്ല. ഗാന്ധിക്ക് നേരെ ഒന്നിലേറെ തവണ അവർ വധശ്രമം നടത്തി.

സവർക്കറും ഗോൾവാൾക്കറും ഇപ്പോഴത്തെ ഹിന്ദുത്വ വാദികളും റോമില ഥാപർ വാദിക്കുന്നതു പോലെ, ഹിന്ദുമതത്തെ അതിന്റെ വിവിധ ധാരകളുടെ സമന്വയത്തിൽ നിന്നും വേർപെടുത്തി സെമറ്റിക് മതത്തിന്റെ മാതൃകയിൽ ഏകശിലാരൂപമായി മാറ്റാൻ ശ്രമിക്കുന്നു.
ആധുനിക ഭാരതത്തിന്റെ ഏറ്റവും വലിയ രോഗം അതിന്റെ ഹൃദയത്തിൽ സ്വപ്നം നഷ്ടപ്പെട്ടു പോയി എന്നതാണ്. ക്രിസ്തുദേവൻ പറഞ്ഞതുപോലെ നാം വീടുകളുടെ മുകളിൽ കയറി സത്യം പറയാൻ പരിശീലിക്കണം, ഫാസിസ്റ്റ് നുണകൾക്കെതിരെ.
ആഫ്രിക്കയിൽ മർദ്ദനമേറ്റ, ഗാന്ധിയിൽ പ്രതികാരവാഞ്ഛ ഉണ്ടായില്ല. പക്ഷെ ഇതെല്ലാം കണ്ട നിയതി മറ്റൊരു വഴിക്ക് പ്രവർത്തിച്ചു. ദ്രൗപദിയുടെ തലമുടി വലിച്ചഴിച്ചപ്പോൾ, അത് അക്രമിയുടെ രക്തം കൊണ്ട് പിടിച്ചുകെട്ടിയാലല്ലാതെ യുദ്ധം അവസാനിക്കില്ല എന്ന ശപഥം ഉണ്ടായതു പോലെ, വെള്ളക്കാരന്റെ മർദ്ദനം പല്ലുകൊഴിച്ചപ്പോൾ, ഒരു നിശബ്ദ ശപഥമെടുത്തുകാണും ”ഇതാ ഈ സമരം സാമ്രാജ്യത്വത്തിന്റെ നെറുകയിൽ വന്നുവീണ് അതിന്റെ മുഴുവൻ വിഷപ്പല്ലുകളും കൊഴിഞ്ഞുപോകും എന്ന്’.

 


ഇതുംകൂടി വായിക്കാം; വിശക്കുന്ന ഇന്ത്യ, വില്‍ക്കപ്പെടുന്ന ഇന്ത്യ


 

പല്ലില്ലാതെ വന്നു, നിശബ്ദനായി. ജവഹർലാൽ ഡിസ്കവറി ഓഫ് ഇന്ത്യയിൽ പറയും “അദ്ദേഹം വന്നു മന്ദാനിലനെ പോലെ” എന്ന്. ടാഗോർ പറയും “പാവങ്ങളുടെ കുടിലുകളുടെ വാതിൽപ്പടിയിൽ അദ്ദേഹം മുട്ടി, അവിടെ പട്ടിണി കിടക്കുന്നവൻ വാതിൽ തുറന്നു”. അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ജനങ്ങളുടെ വേദന ഏറ്റുവാങ്ങി. ചർക്ക കറക്കി പുതിയൊരു നാദം കേൾപ്പിച്ചു. ഇവിടത്തെ ശ്മശാന മൂകതയിൽ പുതിയൊരു സംഗീതം കേൾപ്പിച്ചു. അദ്ദേഹം വന്നു പതുക്കെ, ഗാനം പോലെ, മന്ദമാരുതനെ പോലെ. പിന്നെ ഇവിടെ കൊടുങ്കാറ്റായി മാറി. ആ മഹാത്മാവിനെ ഫാസിസ്റ്റുകൾ പരിഹസിക്കുന്നു, നിരന്തരം വധിക്കുന്നു. നുണകൾ കൊണ്ട് രാജ്യം മുഴുവൻ മരുഭൂമിയാകുന്നു. സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയുടെ പരാജയം സത്യം പറയുന്ന സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നതാണ്.
കിന്നരി തലപ്പാവും വിലപിടിച്ച വേഷഭൂഷാദികളും അണിഞ്ഞ്, അല്പത്തം പറയുന്ന, നുണയ സംഘമാണ് ഇവിടെ ഭരിക്കുന്നത്. ഗാന്ധിജി പണ്ട് ഒരു ദർബാറിൽ പോയി, മഹാറാണിയുടെ മുഖത്ത് നോക്കി പറഞ്ഞു “ഇന്ത്യയെന്ന യാഥാർത്ഥ്യം മഹാറാണിയുടെ ദർബാറിൽ പ്രതിഫലിക്കുന്നില്ല. ഇതൊരു കൃത്രിമ സംഘം ആണ്. ഈ കിന്നരി തലപ്പാവുകൾ അഴിച്ചിട്ട് യഥാർത്ഥ ഭാരതത്തെ കാണുമ്പോഴല്ലാതെ ഞാൻ വിചാരിക്കുന്ന തരത്തിലുള്ള ദർബാർ നടക്കില്ല”. അതാണ് ഗാന്ധിജി.

ഫാസിസ്റ്റുകൾ എപ്പോഴും ചെയ്യുന്നത് മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെ നിഷേധമാണ്. അതാണ് ഫാസിസ്റ്റ് ഐഡിയോളജി. അതിന് അവർ നുണകൾ പറഞ്ഞുകൊണ്ടിരിക്കും. മനുഷ്യ സമൂഹത്തിന്റെ ഭാഗധേയം നിർണയിക്കുന്നത് സ്വയം സിംഹാസനങ്ങളിൽ കയറി ഇരിക്കുന്ന രാജാക്കന്മാരോ, മതപുരോഹിതരോ, ദൈവത്തിന്റെ പ്രതിനിധികൾ എന്ന് അവകാശപ്പെടുന്ന പോപ്പുമാരോ ഖലീഫമാരോ അല്ല, മറിച്ച് ജനങ്ങൾ ആണ്. ജനത ഫാസിസ്റ്റ് ആശയത്തെ എന്നും പ്രതിരോധിക്കണം, സത്യം വിളിച്ചുപറയണം, നിതാന്ത ജാഗ്രത പുലർത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.