Web Desk

രാഷ്ട്രീയ തന്ത്രങ്ങള്‍

February 06, 2021, 6:00 am

രാഷ്ട്രത്തെ മലീമസമാക്കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍

Janayugom Online

ഇന്ത്യ ഇന്ന് പ്രക്ഷോഭച്ചൂടിലാണ്. രാജ്യത്തിന്റെ നിലനില്പിനുവേണ്ടി കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭം. ലോകത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കര്‍ഷകരോടും അവരുടെ പ്രക്ഷോഭത്തോടുമുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ സമീപനങ്ങളും നിലപാടുകളും ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയെന്ന മഹാരാജ്യത്തെ നാണം കെടുത്തിയിരിക്കുകയാണ്. ജനാധിപത്യ‑മതേതര രാജ്യത്തെ സാഹോദര്യ കാഴ്ചപ്പാടുകളെയാകെ സംഘപരിവാര്‍ ഭരണം തുടക്കംമുതല്‍ തകിടംമറിച്ചിരുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ സംസ്കാരം ആര്‍എസ്എസ് ഭരണകൂടത്തിന് കയ്പുനീരാണ്.

താനാണ് ഇന്ത്യയെന്ന മോഡിയുടെ നിലപാട് കര്‍ഷക സമരത്തില്‍ വീണ്ടും വീണ്ടും തെളിയുന്നു. രാജ്യത്തെ ജനങ്ങളാകെ തള്ളിയ കര്‍ഷക വിരുദ്ധ നിയമം ഒരുനിലയ്ക്കും പിന്‍വലിക്കില്ലെന്നാണ് പ്രധാനമന്ത്രി മോഡി ആവര്‍ത്തിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ ജനരോഷം ഇളക്കിവിടുന്നതിന് സംഘപരിവാര്‍ അനുകൂലികളായ സെലിബ്രേറ്റികളെയും ക്രിമിനലുകളെയും രണ്ട് വഴിക്ക് തിരിച്ചുവിട്ട് ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ് നരേന്ദ്രമോഡി. ഇതിനുദാഹരണമാണ് റിപ്പബ്ലിക് ദിനത്തില്‍ ചുവപ്പുകോട്ടയില്‍ ഉണ്ടായ സംഭവങ്ങള്‍. കര്‍ഷകര്‍ സമരം ചെയ്യുന്ന ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കുക, കുടിവെള്ള വിതരണം മുടക്കുക, ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കുക, കള്ളക്കേസില്‍ കുടുക്കുക, നാട്ടുകാരെന്ന പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇറക്കിവിട്ട് കര്‍ഷകരെ ആട്ടിയോടിക്കാന്‍ ശ്രമിക്കുക തുടങ്ങിയ വിലകുറഞ്ഞ പതിവ് ആര്‍എസ്എസ് തന്ത്രങ്ങള്‍ പയറ്റുകയാണിപ്പോള്‍. കര്‍ഷക സമരത്തെ പിന്തുണച്ചെത്തുന്നവരെയെല്ലാം രാജ്യദ്രോഹികളും സാമൂഹികവിരുദ്ധരുമാണെന്ന് ആരോപിച്ച് യുഎപിഎ അനുസരിച്ചുള്ള കേസെടുപ്പിക്കുന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭീരുത്വമാണ് തെളിയിക്കുന്നത്. സമരത്തെ പിന്തുണച്ച ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെയും സംഘപരിവാര്‍ അനുകൂലികളായ സെലിബ്രേറ്റികളെ തിരിച്ചുവിട്ടതാണ് നാണക്കേട് ഇരട്ടിയാക്കിയിരിക്കുന്നത്. ലോകം ഇന്ന് ഇന്ത്യയിലെ കര്‍ഷകരുടെ സമരത്തെയും അതിനെതിരെയുള്ള ഭരണകൂട ചെയ്തികളെയും കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. അമ്മയ്ക്കും സഹോദരിക്കുമല്ല, പശുവിനാണ് ആര്‍എസ്എസും മോഡീ ഭരണകൂടവും പ്രാധാന്യം നല്‍കുന്നത്. ഒരു ഭരണകൂടം എങ്ങനെ ആവരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇന്ത്യ മാറിക്കഴിഞ്ഞു. എക്കാലവും ഇന്ത്യയുടെ രാഷ്ട്രീയം ലോകശ്രദ്ധയാകര്‍ഷിച്ചതായിരുന്നു.

രാജ്യത്തിന്റെ വികസനത്തിനും രാജ്യസംസ്കാരത്തിന്റെ ഉയര്‍ച്ചയ്ക്കും ഉതകുന്ന രാഷ്ട്രീയ സംവാദങ്ങളിലായിരുന്നു ഇന്ത്യന്‍ ദേശീയ നേതൃത്വം. മാനവിക സങ്കല്പങ്ങള്‍ക്ക് ഒരുവിധ പോറലും ഏല്പിക്കാതെ, ദേശീയ രാഷ്ട്രീയം ചര്‍ച്ചകളിലെത്തിക്കാനും ജനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുപോകാനും ഇന്ത്യക്കായിരുന്നു, നരേന്ദ്രമോഡി ഭരണകൂടം അധികാരം തുടങ്ങിയതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗിതമാറി. ആര്‍എസ്എസിന്റെ ജനവിരുദ്ധതയെ അതിജീവിക്കുക എന്ന ഭീതിതമായ ദൗത്യത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറുകയാണ്. അധികാരത്തോടുള്ള സംഘപരിവാറിന്റെ ആര്‍ത്തി ആപത്തുകള്‍ പതുങ്ങിയിരിക്കുന്നതാണ്. വിമര്‍ശനത്തെ നേരായ വഴിയിലൂടെ നേരിടാനുള്ള ചങ്കുറപ്പില്ലാതെ പോകുന്നതും അതുകൊണ്ടാണ്. ജനാധിപത്യ രീതിയില്‍ ഭരണം നിര്‍വഹിക്കുന്ന സംസ്ഥാനങ്ങളില്‍ പണവും പദവിയും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ജനപ്രതിനിധികളെ വാങ്ങുന്ന ബിജെപി രീതികള്‍ അങ്ങേയറ്റം ലജ്ജാകരമാണ്. സര്‍ക്കാരുകളുടെ അട്ടിമറികള്‍ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയാകെ സംഘര്‍ഷഭരിതമാക്കുന്നതിനും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണിപ്പോള്‍. പശ്ചിമബംഗാളിലും അസമിലുമെല്ലാം അതാണിപ്പോള്‍ കാണുന്നത്. കേരളത്തിലും ചില ശ്രമങ്ങള്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടെങ്കിലും എത്രകണ്ട് വിജയിക്കുമെന്ന കാര്യത്തില്‍ അവര്‍ക്കുതന്നെ സംശയങ്ങളുണ്ട്. എന്നാല്‍ ബംഗാളില്‍ ഭീകരവാദികളേക്കാള്‍ തീവ്രമായ ആസൂത്രണങ്ങളിലാണ് ആര്‍എസ്എസും ബിജെപിയും. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷയും നേരിട്ടാണ് ഇതിനെല്ലാം കാര്‍മികത്വം വഹിക്കുന്നത്. കേന്ദ്ര ഭരണത്തിനൊപ്പം കൂടുതല്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുന്നതോടെ രാജ്യത്തെ ജനാധിപത്യ സമ്പ്രദായത്തെ ഇല്ലായ്മചെയ്യും. ഏകാധിപത്യത്തിലേക്ക് രാജ്യഭരണത്തെ എത്തിക്കും. അതിനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് തൊഴില്‍ മേഖലയെ തകര്‍ത്തെറിയുന്ന ലേബര്‍ കോഡും കാര്‍ഷിക രംഗത്തെ കുത്തകവല്ക്കരിക്കുന്ന പുതിയ നിയമങ്ങളും കൊണ്ടുവന്നിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ കേരളത്തിലെത്തിയതിന്റെ ആവേശത്തിലാണ് ഒരുവിഭാഗം മാധ്യമങ്ങളും സംഘപരിവാര്‍ പ്രവര്‍ത്തകരും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കേ ഇന്ത്യന്‍ ആര്‍എസ്എസ് രാഷ്ട്രീയം കേരളത്തില്‍ പയറ്റാനാവുമോ എന്നതാണ് നഡ്ഡയുടെ ആഗമനോദ്ദേശ്യം. ഒപ്പം ഇടതുപക്ഷത്തിനും സംസ്ഥാന മുഖ്യമന്ത്രിക്കുമെതിരെ ബിജെപിയുടെ കേരള നേതാക്കള്‍ പഠിപ്പിച്ച നുണകള്‍ ഏറ്റുചൊല്ലലും. ഏതുവിധം ജനങ്ങള്‍ക്കെതിരെ ഇടതുപക്ഷത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും അകറ്റിനിര്‍ത്താനാകുമെന്ന നിരീക്ഷണ, പരീക്ഷണങ്ങളെ വേറെ. ഇതെല്ലാം പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ പ്രയോഗിക്കുന്ന ജെ പി നഡ്ഡയ്ക്ക് പക്ഷെ, സ്വന്തം പാര്‍ട്ടിക്കകത്തെ അടിപിടിയെക്കുറിച്ച് മൗനം മാത്രം. കേരളത്തിലെ ജനങ്ങള്‍ സംഘപരിവാറിലേതുപോലെ കഴുതകളാണെന്ന തെറ്റിദ്ധാരണയിലാണ് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായ ശോഭ സുരേന്ദ്രന്റെ പരാതികളും പരിഭവങ്ങളും ഇന്നുവരെ തീര്‍ത്തിട്ടില്ല. ദേശീയ അധ്യക്ഷന്റെ തൃശൂരിലെ പരിപാടിയില്‍ ദേശീയ നിര്‍വാഹകസമിതി അംഗമെന്ന പ്രോട്ടോക്കോള്‍ പാലിച്ച് ശോഭ എത്തിയെങ്കിലും അവഗണനയ്ക്കൊരു കുറവും ഉണ്ടായില്ല. ഇന്നലെ വന്ന എ പി അബ്ദുള്ളക്കുട്ടിയെ വരെ മുന്‍നിരയില്‍ കസേരയിട്ട് ഇരുത്തിയ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, പക്ഷെ ശോഭ സുരേന്ദ്രന് പിന്‍നിരയിലാണ് ഇരിപ്പിടം നല്‍കിയത്. ശോഭയ്ക്കും മുന്നിലായാണ് ജൂനിയറായ സന്ദീപ് വാര്യരെപ്പോലും ഇരുത്തിയത്. ഒടുവില്‍ മാധ്യമങ്ങളോട് ശോഭ പറഞ്ഞത്, ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല എന്നുമാത്രമായിരുന്നു. എല്ലാം അഖിലേന്ത്യാ അധ്യക്ഷനിലര്‍പ്പിച്ച് ശോഭ മടങ്ങുകയും ചെയ്തു. വലിയൊരു കുടുംബമാണ് ബിജെപിയെന്നും ആ പാര്‍ട്ടിയിലെ ചിലരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിരിക്കാമെന്നും പറഞ്ഞ, ജെ പി നഡ്ഡയില്‍ വിശ്വാസമര്‍പ്പിച്ചിട്ടും ശോഭയെ ബിജെപി സംസ്ഥാന നേതൃത്വം തുടര്‍ന്നാളുകളില്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

നഡ്ഡയുടെ കേരളയാത്ര, ബിജെപിയില്‍ പൊട്ടിത്തെറിക്കാനിരിക്കുന്ന കതിനകളെ കൂട്ടിയോജിപ്പിക്കുന്ന കരിമരുന്ന് തിരിയായി മാറിയിരിക്കുന്നുവെന്ന് സാരം. നഡ്ഡയെപ്പോലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മറ്റൊരു യാത്രയാണ് സര്‍വൈശ്വര്യങ്ങളും കെട്ടടക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരംഭിച്ചിരിക്കുന്നത്. ഐശ്വര്യം നഷ്ടമാവാതിരിക്കാന്‍ കോണ്‍ഗ്രസില്‍ നാലാളൊപ്പമുള്ള ഉമ്മന്‍ ചാണ്ടിയെക്കൊണ്ട് തിരിതെളിയിച്ച കേരളയാത്രയിലുടനീളം നഡ്ഡയെപ്പോലെ ഇടതുപക്ഷത്തിനെതിരെ നുണപ്രസംഗമാണ്. കേന്ദ്ര സര്‍ക്കാര്‍ നയത്തിന്മേലുള്ള കേരളത്തിന്റെ രാഷ്ട്രീയമോ സംസ്ഥാനത്തെ വികസനമോ പ്രതിപക്ഷനേതാവിന്റെ വാക്കുകളിലില്ല. എന്നാല്‍ യാത്രയെത്തുന്ന ഓരോ ജില്ലകളിലും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് പോര് സമാധാനം കണ്ടെത്തേണ്ട തിരക്കിട്ട ജോലികളേറെയാണ്. അതിനുപുറമെയാണ് എ ഗ്രൂപ്പിന്റെ ആക്രമണങ്ങളെയും ആദരാഞ്ജലികളെയും നേരിടേണ്ട പണിയും വരുന്നത്. നിറുത്തിപ്പൊരിച്ച കോഴിയെന്ന കണക്കേയാണ് ചെന്നിത്തല പ്രവര്‍ത്തകര്‍ക്ക് മുന്നിലിറങ്ങുന്നത്. സ്വീകരണത്തില്‍ വന്നുവീഴുന്ന ഹാരങ്ങളെല്ലാം റീത്തുപോലെയാണെന്ന തോന്നലാണ് അന്തിയുറക്കങ്ങളില്‍. ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാനുള്ള യാതൊരു കച്ചിത്തുരുമ്പും കിട്ടാനില്ലെന്നുമാത്രമല്ല, വന്നടുക്കുന്നതെല്ലാം പാര്‍ട്ടിക്കകത്തെ ദുഷിപ്പുകള്‍ മാത്രം. കെ സുധാകരനെ ആദ്യം തള്ളിപ്പറഞ്ഞു. വൈകാതെ ഉള്‍പ്പേടിയുണ്ടായതോ ഉള്ളുനിറയെ കിട്ടിയതോ, സുധാകരന്‍ ആരെയും അധിക്ഷേപിക്കുന്ന ഗണത്തില്‍പ്പെടുന്ന ആളേയല്ലെന്നാണ് ഇപ്പോള്‍ ചെന്നിത്തലയുടെ പക്ഷം. യാത്രകള്‍ ഈവിധം തുടരുന്ന കേരളത്തില്‍ ജനങ്ങള്‍ എഴുതിയ മുന്‍വിധിയാണ് കോണ്‍ഗ്രസിനെയും ബിജെപിയേയും അങ്കലാപ്പിലാക്കിയിരിക്കുന്നത്.