പി എ വാസുദേവൻ
ആഗോള പട്ടിണിവാര്ത്തകള് കോവിഡ് 19 മരണവാര്ത്തകളെക്കാള് ഭീകരമാണ്. ഈ മഹാമാരി തീരും. അതിനുള്ള ഗവേഷണങ്ങള്‍ തീവ്രമായി നടക്കുന്നുണ്ട്. പക്ഷെ നമുക്ക് നേരിടാനുള്ള ദുരന്തം അതിനുമപ്പുറത്താണ്. കോവിഡാനന്തര ശാരീരിക ദുരിതങ്ങളില്‍ പെട്ടുഴലുന്ന മഹാഭൂരിപക്ഷം, ആരോഗ്യം നശിച്ച തൊഴില്‍ശേഷി, അന്നമില്ലാത്തതുകൊണ്ട് മുരടിച്ച ശിശുജന്മങ്ങള്, ശാരീരികശേഷി തകര്‍ന്ന സ്ത്രീകള്‍. കോവിഡ് ശമനത്തിനു ശേഷമുള്ള ആഗോള തിരക്കഥയാണിത്. ‘വേള്‍ഡ് ഫുഡ് പ്രോജക്ടി‘ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയത് വകതിരിവിന്റെ ലക്ഷണമാണ്. വിശക്കുന്ന ഭൂരിപക്ഷമുള്ള ലോകത്തില്‍ ആദ്യം നഷ്ടപ്പെടുക സമാധാനമാണ്. ആഗോള ഉല്പാദനം തകര്‍ന്ന് മെെനസായി നില്ക്കുന്ന ഘട്ടമാണിത്. അത് ഉടനെ ഉയര്‍ത്താന്‍ തളര്‍ന്ന തൊഴില്ശക്തിക്കാവില്ല. ഈയൊരു ഘട്ടത്തില്‍ സമാധാനം സ്ഥാപിക്കാന്‍ ആയുധങ്ങള്‍ക്കാവില്ല. അന്നമാണ് പ്രതിവിധി.
ഭക്ഷ്യ ബിസിനസിലൂടെ കോര്‍പ്പറേറ്റുകള്‍ സൃഷ്ടിക്കുന്ന ഭക്ഷ്യക്ഷാമവും അരാജകത്വവും ടെററിസം തന്നെയാണ്. മനുഷ്യത്വത്തിനെതിരായ യുദ്ധം തന്നെയാണിത്. ഭീകരവാദത്തിന്റെ വലിയൊരുപാധിയാണ് ഭക്ഷണം. ഭക്ഷണവും കുടിവെള്ളവുമൊക്കെ ഭീകരപ്രവര്‍ത്തനത്തിന്റെ ആയുധമാണ്. ഭക്ഷ്യ കോര്‍പ്പറേറ്റുകള്‍ ആഗോളതലത്തില്‍ നടത്തുന്ന ഹീനവ്യാപാരങ്ങളെ, സുഡാന് ജോര്‍ജ്ജ് ‘ഫുഡ് വാര്’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനെതിരായി, ഭക്ഷ്യവിതരണം ക്രമപ്പെടുത്തുന്ന പ്രവര്‍ത്തനം സമാധാനപ്രവര്ത്തനമാണ്. യുദ്ധമില്ലായ്മ മാത്രമല്ല സമാധാനം, മനുഷ്യന് ആവശ്യമായ ഭക്ഷണം ഉറപ്പുവരുത്തലും സമാധാനപ്രവര്ത്തനമാണ്. ഭൂരിഭാഗവും വിശക്കുന്ന ലോകത്തില്‍ എന്തു സമാധാനമാണുണ്ടാവുക. വിശക്കുന്ന അയല്ക്കാരന് സമാധാനത്തിനു ഭീഷണിയാണ്. ലോകബാങ്കിന്റെയും യുനിസെഫിന്റെയും ഈയിടെ പ്രസിദ്ധം ചെയ്യപ്പെട്ട റിപ്പോര്‍ട്ട് ഭയാനകമായ ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. ‘ഫുഡ് ഡെമോക്രസി’ തകര്‍ക്കപ്പെട്ടതിന്റെ പരിണിതഫലമാണ് ഈ റിപ്പോര്‍ട്ട് നമ്മുടെ മുന്നിലിടുന്നത്.
ലോകത്തെ ഏതാണ്ട് 17 ശതമാനം കുട്ടികളും അപകടകരമായ വിശപ്പിലാണ്. ഭക്ഷ്യോല്പ്പാദനമില്ലാത്തതുകൊണ്ടല്ല, ഉള്ള ഭക്ഷണം വ്യാപാരത്തിലൂടെ മറ്റെവിടെയൊ എത്തുന്നു. ഒരു മഹാഭൂരിപക്ഷത്തിനു നിഷേധിക്കപ്പെടുന്നു. ആഗോളതലത്തില്‍ ഏതാണ്ട് 35.6 കോടി കുട്ടികള്‍ ഭക്ഷണം കിട്ടാതെ ഉറങ്ങുന്നു. ഭക്ഷ്യവ്യാപാരത്തിലെ അപാകമാണിതിനു കാരണം. അതിന് രൂക്ഷത കൂട്ടാന്‍ ആഗോള മഹാമാരിയായ കോവിഡും. സബ്സഹാറനില് ഏതാണ്ട് 70 ശതമാനം കുട്ടികളും അന്നന്നത്തെ അന്നം നിഷേധിക്കപ്പെട്ടവരാണ്. തെക്കന്‍ ഏഷ്യയില്‍ 20 ശതമാനം കുട്ടികളും ഇതേ അവസ്ഥയിലാണ്. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക അസമത്വവും തളര്‍ച്ചയും ആണ് സ്ഥിതി ഇത്രയേറെ വഷളാക്കിയതെങ്കിലും ലോക ഭക്ഷ്യവ്യാപാരത്തിലെ അധാര്‍മ്മികതയും കവിഞ്ഞ ലാഭമോഹവും അത്രതന്നെ പ്രധാന കാരണമാണ്. അന്യന്റെ അന്നവും കുടിവെള്ളവുമാണ് അവരുടെ കച്ചവടത്തിലെ പ്രധാന ഇനങ്ങള്‍. മേല്‍പ്പറഞ്ഞ രണ്ടും ആഗോള കോര്‍പ്പറേറ്റുകളുടെ കച്ചവടമാണ്. ലോക ജനസംഖ്യയുടെ ഏതാണ്ട് 37 ശതമാനം കുട്ടികളാണ്. അവരില്‍ പട്ടിണിക്കാരായ കുട്ടികളില്‍ 20ശതമാനവും അഞ്ച് വയസില്‍ കുറവുള്ളവരാണ് എന്ന് പഠനം പറയുന്നു. വിശക്കുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. വരുംതലമുറയുടെ ആരോഗ്യം എത്ര അപകടകരമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഭാവിയില്‍ ശക്തമായ ഒരു തൊഴില്‍ശക്തി ഉണ്ടാവാന്‍ സാധ്യതയില്ല എന്നതിന്റെ സൂചനയാണിത് തരുന്നത്. സമ്പന്നമായ പല രാജ്യങ്ങളിലെയും പട്ടിണിക്കാരായ കുട്ടികളുടെ സ്ഥിതി ഭീകരമാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ ഒന്നുമില്ല. എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു പ്രത്യക്ഷാനുഭവമുണ്ടായി. ഒരു യാത്രയ്ക്കിടെ ഇസ്രയേലിന്റെ അതിര്‍ത്തികടന്ന്, ഈജിപ്റ്റില്‍ കൂടി യാത്ര ചെയ്യവെ ഒരു മരുഭൂമി പ്രദേശത്തിനടുത്ത കോളനിയിലെത്തി. ചാളകള്‍ എന്നു പറഞ്ഞാല്‍ മതി. ഞാനും ഭാര്യയും വാഹനത്തില്‍ നിന്നിറങ്ങിയതും ഒരു ഡസന്‍ വെളുവെളുത്ത കുട്ടികള്‍ ഓടിയെത്തി കെെനീട്ടി. സംസാരിക്കാന്‍ ഞങ്ങള്‍ക്കിടയില്‍ ഭാഷയില്ലായിരുന്നു.
പക്ഷെ അതിലും വലിയ ഭാഷയായിരുന്നു വിശപ്പ്. സ്വര്‍ണ്ണത്തലമുടിയും സ്വര്‍ണ്ണ വര്‍ണവുമുള്ള അവര്‍ക്ക് ആകെ ആംഗ്യം കാണിക്കാനുള്ളത് വിശപ്പിനെ പറ്റിയായിരുന്നു. ഈജിപ്റ്റിന്റെയും ഇസ്രയേലിന്റെയും സമൃദ്ധിയിലൂടെ യാത്രചെയ്താണ് ഞാനീ ‘സന്താന ഗോപാല’ത്തിലെത്തിയത്. ദയനീയമായിരുന്നു അവരുടെ ചേഷ്ടകള്‍. കയ്യിലുള്ള പഴങ്ങളും കുറച്ച് പണവും കൊടുത്തപ്പോള്‍ മുഖങ്ങളില്‍ ദീപം തെളിഞ്ഞു. ഭാര്യയുടെ നെറ്റിയിലെ പൊട്ട് ചോദിച്ചുവാങ്ങി. ദാരിദ്ര്യം ഇവിടെയും ഉണ്ട്. പക്ഷെ ഈ പൊടുന്നനെയുള്ള കാഴ്ച മാസങ്ങള്‍ക്കുശേഷം ഇന്നും മനസില്‍ നില്ക്കുന്നു. ഏതെങ്കിലും ആഗോള ഭക്ഷ്യ പ്രോജക്ടുകള്‍ അവിടെ എത്തുമോ! ഇനി കാണാനിടയില്ലാത്ത ആ ദുരിത ജന്മങ്ങളോട് യാത്ര പറഞ്ഞു. ഭക്ഷണം അവകാശമാവുമ്പോഴേ സമാധാനമുണ്ടാവൂ. കുറേ സമൃദ്ധിക്കിടയിലും വിശപ്പിന്റെ ഇരുണ്ട ഭൂഖണ്ഡങ്ങളുണ്ടാവും. ഭൂരിപക്ഷത്തിന്റെ വിശപ്പ്, ചിലരുടെ ഗൂഢാലോചനയുടെയും വ്യാപാര കുതന്ത്രങ്ങളുടെയും ഉല്പന്നമാണ്. അതില്‍ ഹീനരാഷ്ട്രീയവും അധാര്‍മ്മിക ധനശാസ്ത്രവുമുണ്ട്. വിതയ്ക്കലും കൊയ്യലും ഭക്ഷിക്കലുമെന്ന ലളിത സമവാക്യങ്ങളെ സങ്കീര്‍ണമാക്കാന്‍ നമുക്ക് കഴിഞ്ഞു. ഭക്ഷ്യ സുരക്ഷിതത്വമെന്നാല്‍ ഉല്പന്നങ്ങളുടെ കൂമ്പാരമല്ല, കീശയിലെ കാശിന്റെ കിലുക്കമാണ്. അതില്‍ രാഷ്ട്രീയവുമുണ്ട്. ഹംഗറിയില്‍ കലാപമുണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിച്ചതിനു പ്രതിഫലമായി അമേരിക്ക മിച്ചധാന്യം അവിടെ എത്തിച്ചു. അതാണ് നേരത്തെ പറഞ്ഞത്, ഭക്ഷണം ഒരു യുദ്ധായുധമാണെന്ന്. ചെറിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വിശപ്പ് സംഭവിക്കുന്നത്, വന്‍ കുത്തകകള്‍ ‘പൊങ്ങച്ച’ ഭക്ഷണ വ്യവസായം ആരംഭിച്ചതോടെയാണ്. സാമാന്യജനങ്ങള്ക്ക്വേണ്ട ഭക്ഷണം ഉണ്ടാക്കാന്‍ താല്പര്യമില്ലാതായി. വിഭവങ്ങളൊക്കെ ഭക്ഷ്യവിപണിയിലെത്തി. താഴ്ത്തല ജനവിഭാഗങ്ങളുടെ വിധി കടും വിശപ്പു മാത്രമായി. അതും, നേരത്തെ പറഞ്ഞപോലെ പ്രധാന ഇരകള്‍ കുട്ടികളും. ആഗോളീകൃത ഭക്ഷ്യവ്യവസ്ഥയ്ക്ക് താഴെപറയുന്ന ചില സ്വഭാവങ്ങള്‍ ശ്രദ്ധേയമാണ്.
സ്വഭാവിക വളര്‍ച്ചയിലൂടെയും കമ്പനികള്‍ പിടിച്ചടക്കലിലൂടെയും ഭക്ഷ്യമേഖലയുടെ ആഗോള നിയന്ത്രണം, പുതിയ വിപണികള്‍ തേടല്‍, ഭക്ഷ്യ ദേശീയതയില്‍ ബ്രാന്റ് ആക്രമണം, വിത്തു മുതല്‍, പാചകം, വില്പന വരെ എല്ലാം നിയന്ത്രണത്തിലാക്കല്‍, പരസ്യങ്ങള്‍, പൊതുവിതരണം അട്ടിമറിക്കല്‍, പ്രാധാന്യം ഭക്ഷ്യ കയറ്റുമതിക്ക് അതോടെ ആഭ്യന്തര ഭക്ഷ്യോല്പാദനത്തിന് അവഗണന, വരുതിയില്‍ വരാത്ത ചെറിയ രാജ്യങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നിഷേധിക്കല്‍. ഇന്നത്തെ ആഗോളവിശപ്പ്, കോര്‍പ്പറേറ്റ് മൗലികവാദത്തിന്റെ സൃഷ്ടിയാണ്. 1990കളില്‍ ശ്രീലങ്കയിലെ ശക്തമായ പൊതുവിതരണം ദുര്‍ബലമാക്കി. ചുരുങ്ങിയ കാലംകൊണ്ട് അവിടത്തെ ഭൂരിപക്ഷവും വിശപ്പിനടിമകളായി. പൊതുവിപണിയിലെയും പൊതുവിതരണ സംവിധാനത്തിലെയും വില അന്തരം കുറച്ച് രണ്ടാമത്തേതിനെ അപ്രസക്തമാക്കുന്നതോടെ ഭക്ഷ്യലഭ്യത പൊതു വിപണിയുടെ പ്രശ്നമാവുന്നു. അവര്‍ക്കിഷ്ടമുള്ള വില ചുമത്തുകയും ചെയ്യാം. ഈ ഘട്ടത്തിലാണ് ‘വേള്‍ഡ് ഫുഡ് പ്രോജക്ടി‘നു നൊബേല്‍ പുരസ്കാരം ലഭിച്ചതിനെ നാം കാണേണ്ടത് കുത്തകകളുടെ ആഗോള അജണ്ടകള്‍ക്കെതിരെ, ഇത്തരം ആഗോള സന്നദ്ധ സംഘടനകള്‍ തന്നെ വേണം. രാഷ്ട്രീയവും സ്റ്റേറ്റും നടത്തുന്ന ഒത്തുകളികള്‍ക്കെതിരെ ഒരു വലിയ മാനവിക പ്രസ്ഥാനം ആവശ്യമാണ്. ഏറ്റവും വലിയ അസമാധാനം വിശപ്പാണ്. ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനം അന്നനിഷേധമാണ്. അതുകൊണ്ട് ഭക്ഷ്യസുരക്ഷിതത്വം, ആദ്യന്തം ഉല്പാദനത്തിന്റെ പരിണിതഫലമാവണം. (സ്വീഡിഷ് അക്കാദമി അതിന്റെ അസ്തിത്വം സാര്‍ത്ഥകമാക്കുകയാണ് നന്ദി)
NB: ‘മരിയ്ക്ക സാധാരണ, മീ വിശപ്പില്‍ ദഹിക്കലോ നമ്മുടെ നാട്ടില്‍ മാത്രം’ (വള്ളത്തോള്‍)