പി എ വാസുദേവൻ

കാഴ്ച

February 20, 2021, 5:30 am

ഇപ്പോള്‍ അധികാരമാണ് പ്രശ്നം

Janayugom Online

യുദ്ധത്തിലും പ്രണയത്തിലും എന്തും ശരിയാണ് എന്നൊരു പഴയ പ്രയോഗമുണ്ട്. യുദ്ധത്തിന്റെ കാര്യത്തിലെങ്കിലും അത് പ്രകടമാണ്. യുദ്ധത്തില്‍ ബലവാന്റെതാണല്ലോ ധര്‍മ്മയുദ്ധം. അത്തരമൊരു യുദ്ധമാണ് പഴയ കുരുക്ഷേത്രയുദ്ധഭൂമിക്കടുത്ത് നടക്കുന്നത്. സമരത്തെക്കുറിച്ചെഴുതപ്പെട്ട ഒട്ടേറെ പഠനങ്ങളിലും റിപ്പോര്‍ട്ടുകളിലും സുപ്രധാനമായൊരു ‘ഗ്യാപ്’ ഉണ്ടെന്ന തോന്നലില്‍ നിന്നാണ് ഈ കുറിപ്പ്. കര്‍ഷകര്‍ സമരം തുടങ്ങിയതും രണ്ടാം മാസമായിട്ടും ഇരുന്നൂറിലധികം പേര്‍ മരിച്ചു വീണിട്ടും പ്രത്യക്ഷമായ ചില ജീവിത പ്രശ്നങ്ങള്‍ക്കുവേണ്ടി തന്നെയാണ്.

താങ്ങുവില വേണം, തങ്ങള്‍ക്ക് അനുകൂലമായ വ്യാപാരത്തിനുതകുന്ന ചിന്തകള്‍ വേണം. കുത്തകകളെ തിരുകിക്കയറ്റി കൃഷിക്കാരുടെ ജീവിതങ്ങള്‍ അവരുടെ കനിവിനു വിട്ടുനല്കരുത്. ഇതൊക്കെ അവരുടെ നിലനില്പാണ്. സര്‍ക്കാരിന്റേത് ജനായത്തത്തോടുള്ള അനീതിയാണ്. ഒരു വ്യക്തിയുടെ ചിന്താക്രമത്തിലെ അത്യാര്‍ത്തിയാണ് അവിടെ നടക്കുന്ന അട്ടഹാസങ്ങള്‍ക്കു കാരണം. ഇതുവരെ നാം കിസാന്‍ സംഘര്‍ഷ് എന്നാണ് പറഞ്ഞുവന്നത്. ഏതര്‍ത്ഥത്തിലും ആ വിശേഷണം അവിടെ നടക്കുന്ന മഹത്തായ സംഗ്രാമത്തിന്റെ ന്യൂനോക്തിയാണ്. കര്‍ഷകര്‍ ഉപജീവനത്തിനുവേണ്ടി നടക്കുന്ന ആര്‍ത്ഥികകലാപമല്ല അത്. മഹത്തായൊരു ജനാധിപത്യത്തിന്റെ ധാര്‍മ്മിക വിചിന്തനങ്ങളില്‍ അതിന് വ്യാപകാര്‍ത്ഥങ്ങളുണ്ട്.

നാനാര്‍ത്ഥങ്ങളുണ്ട്. മോഡി സര്‍‍ക്കാരിനെതിരെ ഈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നാം കലഹിക്കുമ്പോള്‍ അത് ഈ മൂന്നു നിയമങ്ങളിലെ ചില്ലറ ‘പഞ്ചര്‍’ പണികളോ നിയമം നടപ്പിലാക്കല്‍ ഒന്നരവര്‍ഷത്തേക്ക് നീട്ടിവയ്ക്കുലോ അല്ല ആവശ്യപ്പെടുന്നത്. നമ്മുടെ കലഹത്തിന് അതായത് ഈ ജനാധിപത്യത്തിന്റെ ഏകസ്വര പ്രതിഷേധത്തിന് അതിലുമെത്രയോ വ്യാപനസാധ്യതകളുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ന്യായവും അര്‍ത്ഥികവും അടിസ്ഥാനപരവുമാണെന്നു സമ്മതിച്ചുകൊണ്ടുതന്നെയാണിത്. മൗലികമായ മറ്റൊരു വ്യാഖ്യാനതലത്തിലേക്ക് ഒന്നുമാറി ചിന്തിക്കാം. പ്രശ്നം പരിഹരിക്കേണ്ടത് അധികാരമാണോ? അഥവാ ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ന് ഉരുത്തിരിഞ്ഞ അധികാരം തന്നെയാണോ പ്രശ്നം.

നമ്മുടെ ഉപരിപ്ലവമായ ചര്‍ച്ചകള്‍ പലതും ഇതുമറികടന്നാണ് പോകുന്നത്. എന്നാല്‍ സര്‍വകാല പ്രസക്തമായൊരു ചോദ്യമാണ് അധികാരം തന്നെയാണോ പ്രശ്നമെന്നത്. അപ്പോള്‍ മറ്റൊരു ഉത്തരമുണ്ട്. ഇവിടെ അധികാരം കയ്യാളുന്ന വ്യക്തിയാണ് പ്രശ്നം. ധാര്‍മ്മികതയില്ലാത്തവരില്‍ ചെന്നെത്തുന്ന അധികാരം ദുഷിക്കുന്നു. അതിന് ജനങ്ങളോളം എത്താനാവില്ല. അതുകൊണ്ടാണ് ലക്ഷങ്ങള്‍ തെരുവിലിറങ്ങി ഒരന്യായത്തിനെതിരെ പ്രതിഷേധിക്കുമ്പോഴും നമ്മുടെ ഭരണാധികാരിക്ക് അവരെ തിരിച്ചറിയാനോ അവരുടെ പ്രശ്നങ്ങളോളമെത്താനോ സാധിക്കാത്തത്. ഈ മാനസികാവസ്ഥയില്‍ മോഡിക്ക് അതിന് സാധിക്കുകയുമില്ല. ‘അധികാരം ദുഷിപ്പിക്കുന്നു പരമാധികാരം പരമമായും ദുഷിപ്പിക്കുന്നു’ എന്ന പഴയ ചൊല്ലിന് പ്രശസ്ത ചിന്തകനായ എം ഗോവിന്ദന്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ നടത്തി. “ദുഷിച്ച മനുഷ്യന്‍ അധികാരം തേടുന്നു” സ്വതേ ദുഷ്ടമായതേ മറ്റൊന്നിനെ ദുഷിപ്പിക്കൂ എന്നതാണനുഭവം. സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ ഈ ദുഷ്ടത പുറത്തുവരും. അധികാരത്തിന് ഊനം തട്ടുമെന്നു വരുമ്പോള്‍ ഈ ദുഷ്ടത ആസുരാകാരം പൂണ്ടുവരുന്നതിന്റെ ഉദാഹരണമാണ് ഇന്ന് നാം കാണുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന് അമളിപറ്റിയത് ഇത്തരമൊരാളെ അധികാരത്തിലെത്തിച്ചതിലാണ്.

ചുരുക്കിപ്പറഞ്ഞാല്‍ തെരഞ്ഞെടുപ്പിലാണ്. കശ്മീരില്‍ നിയമമുണ്ടാക്കി ഒരു വിഭാഗത്തെ അമര്‍ത്തിയപ്പോഴും ജനപ്രതിനിധികളെപ്പോലും കണക്കിലെടുക്കാതെ അന്നം തരുന്ന കര്‍ഷകര്‍ക്കെതിരെ ആസുരനിയമങ്ങള്‍ കൊണ്ടുവന്നപ്പോഴും അവര്‍ സങ്കടം പറഞ്ഞ് ആര്‍ത്തലച്ച് ഒന്നായി വന്നപ്പോഴും സംസ്ഥാനങ്ങളുടെ ന്യായമായ ഫെഡറല്‍ അവകാശങ്ങളില്‍ കൈകടത്തിയപ്പോഴുമെല്ലാം നാം കണ്ടത് അധികാരം കയ്യാളുന്ന ദുഷ്ടതയാണ്. അധികാരത്തിന്റെ ധാര്‍മ്മികത അത് കയ്യാളുന്നവരുടെ ധാര്‍മ്മികതയിലാണല്ലോ. അധികാരകാമം, സാധാരണകാമത്തെക്കാള്‍ അധര്‍മ്മമാണെന്ന ഗീതാവചനമുണ്ടല്ലോ. ഇന്ന് കര്‍ഷകര്‍ കലാപം നടത്തുന്നതിനടുത്തുതന്നെയായിരുന്നല്ലോ അയ്യായിരം വര്‍ഷങ്ങള്‍ക്കു പുറത്ത് സംഗ്രാമം നടന്നത്. അതിനിടയിലാണല്ലോ അധികാരകാമത്തെക്കുറിച്ച് പറയുന്നതും. ഒരു പാഠവും പഴയതാവുന്നില്ല എന്നതല്ലേ പാഠം. ഗീതയും ഭാഗവതവും ഉദ്ധരിക്കുന്ന ഒരു ഭരണാധികാരിയുണ്ടായിട്ടും ഒരു ഫലവുമുണ്ടാവാതിരുന്നത് ദുഷ്ടതകള്‍ എല്ലാത്തിനെയും അതിജീവിക്കുന്നതെങ്ങനെ എന്നതിനുദാഹരണമാണ്. കര്‍ഷക കലാപത്തില്‍ നിന്നു നാം പഠിക്കുന്ന പാഠങ്ങളില്‍ നാം പറഞ്ഞതിലധികം ഇനിയുമുണ്ടെന്നാണ് കാണുന്നത്.

പ്രശ്ന പരിഹാരത്തിനുതകേണ്ട അധികാരം തന്നെ പ്രശ്നമാവുന്നു. അധികാരം പ്രശ്നമാവുന്നത് അത് കയ്യാളുന്ന വ്യക്തിയുടെ ദുഷിപ്പുകള്‍ കാരണമാണ്. താന്‍ ഭരിക്കുന്ന നാടിനെ തീറ്റിപ്പോറ്റുന്ന സഹസ്രങ്ങള്‍ വരുന്ന പാവം കര്‍ഷകരോട് സംസാരിക്കാന്‍ മനസില്ലാത്ത ഭരണാധികാരി. അവരുടെ കൂട്ടായ നിലനില്പു പ്രശ്നത്തില്‍ രാജ്യദ്രോഹവും വിദേശ പങ്കാളിത്തവും റിപ്പബ്ലിക്കിനെ അപമാനിക്കലും ചുമത്തി ഒരു ഭരണാധികാരി നാടുവാഴുമ്പോള്‍ ഭ്രാന്തിന്റെ അതിരുകള്‍ എവിടെയാണ്? അധികാരത്തിന്റെ ഉന്മത്തതയാണിത്. ഉന്മത്തന്‍ ജയിക്കുന്നില്ല. “സ്മൃതിഭ്രംശാല്‍ ബുദ്ധിനാശോ, ബുദ്ധിനാശാല്‍ പ്രണശ്യതി” എന്ന കുരുക്ഷേത്രവാക്യം മോഡിക്കറിയില്ലാതെ വരുമോ. അതോ അതും മറന്നുപോയോ. അധികാരത്തിന്റെ വഴികള്‍ വിചിത്രമാണല്ലോ. അധികാരത്തിന്റെ സാമൂഹിക വിശകലനം നടത്തിയവരൊക്കെ ഒരു കാര്യം പറയുന്നു. ആത്മപരിശോധനയും തിരുത്തലും സാധിക്കുന്ന വഴിയേ അധികാരമെത്താവൂ. അല്ലെങ്കില്‍ അധികാരം തന്നെയാണ് പ്രശ്നം. “വൈദ്യരേ നിങ്ങളാണ് രോഗം” എന്നൊരു വാചകം പണ്ടൊരു നാടകത്തില്‍ കേട്ട ഓര്‍മ്മയുണ്ട്. എത്ര ശരി. നാല്പത്തിരണ്ടോളം കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ച് ആയിരുന്നു അത്.

നവംബറില്‍ അവര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തി. പിന്നെ നിരന്തരം ചര്‍ച്ചകള്‍, മന്‍ കി ബാത്തുകള്‍— സര്‍ക്കാര്‍ ഒത്തുതീര്‍പ്പിനല്ല, ഒതുക്കാനാണ് ശ്രമങ്ങള്‍ നടത്തിയത്. അതാണ് റിപ്പബ്ലിക് ദിനത്തില്‍ നാം കണ്ടത്. ജനങ്ങളെ തോല്പിച്ചാല്‍ സര്‍ക്കാരെങ്ങനെയാണ് ജയിക്കുക. അവര്‍ ഡല്‍ഹി നഗരത്തില്‍ ഭാഗം ചോദിച്ചിട്ടില്ലല്ലോ. അവരുടെ ധാന്യം മണ്ഡികളില്‍ വില്ക്കാനുള്ള നിലവിലെ അവകാശമാണ് ചോദിച്ചത്. അതിന് താങ്ങുവിലയും. ഇതിനിടയില്‍ വന്‍കുത്തകകളെ കടത്തിവിടലാണോ അധികാരികളുടെ തൊഴില്‍. ഇതാണ് ആദ്യം പറഞ്ഞത് അധികാരമാണ് പ്രശ്നമെന്ന്. അധികാരം കയ്യാളാന്‍ ആളുകള്‍ വേണം. പക്ഷെ അവര്‍ ആരായിരിക്കണമെന്ന നിര്‍ണയം തെറ്റിയാല്‍ ഇതാണ് ഫലം.