ഉക്രെയിനില്‍ ഒരു വിദൂഷകന്‍ പ്രസിഡന്റ്; അമേരിക്കയില്‍ പ്രസിഡന്റാണ് വിദൂഷകന്‍

Web Desk
Posted on July 20, 2019, 10:45 pm
lokajalakam

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഉക്രെയിന്‍ എന്ന മുന്‍ സോവിയറ്റ് രാഷ്ട്രത്തില്‍ ഒരു വിദൂഷക താരമായിരുന്ന വ്‌ളദിമിര്‍ സെലെന്‍സ്‌കി ആ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോക മാധ്യമങ്ങള്‍ക്കെല്ലാം അതൊരു ആഘോഷ വാര്‍ത്തയായിരുന്നു. ‘ജനയുഗ’ ത്തിലെ ഈ പംക്തിയിലും അക്കാര്യം വിവരിച്ചിരുന്നു. അസാധാരണ വാര്‍ത്തയാണല്ലൊ എപ്പോഴും മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നത്. രാഷ്ട്രീയത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു സീരിയല്‍ നടന്‍ മാത്രമായിരുന്നു സെലെന്‍സ്‌കി. എങ്കിലും അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചുവെന്നു മാത്രമല്ല, ഇതുവരെ വലിയ ചീത്തപ്പേരൊന്നുമില്ലാതെ അധികാരത്തില്‍ തുടരുകയും ചെയ്യുന്നുണ്ട്.
രണ്ടര വര്‍ഷം മുന്‍പ് സ്വന്തം സമ്പത്തിന്റെ ബലത്തില്‍ ജയം നേടിയെന്ന് അഹങ്കരിച്ച് സ്വന്തം രാജ്യത്തിന്റെ ജനപ്രതിനിധി സഭയെപ്പോലും വെല്ലുവിളിക്കുകയും ധിക്കരിക്കുകയും ചെയ്തുകൊണ്ട് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒരു വന്‍മതില്‍ പണിയിക്കാന്‍ ബജറ്റിലെ നീക്കിവച്ചിട്ടുള്ള വന്‍ തുകകള്‍ വകമാറ്റി ചെലവഴിക്കാന്‍ ധിക്കാരം കാണിക്കുന്ന അദ്ദേഹത്തിന്റെ മറ്റു ചെയ്തികള്‍ ഉക്രെയിനിലെ ഹാസ്യ നടനായ പ്രസിഡന്റിനെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ്. ഒരേ ശ്വാസത്തില്‍ എതിരാളിയെ പുലയാട്ട് വിളിക്കാനും ഭീഷണിപ്പെടുത്താനും തയ്യാറാകുമ്പോള്‍ തന്നെ ഉറ്റ ചങ്ങാതിയെപ്പോലെ ആലിംഗനം ചെയ്യാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ല.

വടക്കന്‍ കൊറിയയുമായുള്ള ബന്ധത്തിലെ എടുത്തു ചാട്ടങ്ങള്‍ തന്നെയാണ് ഇതിന് ഉത്തമദൃഷ്ടാന്തം. വടക്കന്‍ കൊറിയ അമേരിക്കയില്‍ വരെ എത്താന്‍ കരുത്തുള്ള മിസൈലുകള്‍ വികസിപ്പിച്ചപ്പോള്‍ ഉടന്‍ തന്നെ ആ രാജ്യത്തിന്റെ മൂക്ക് ചെത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഈ പ്രസിഡന്റ് ഞൊടിയിടയിലാണ് സിംഗപ്പൂരില്‍ വച്ച് പ്രസിഡന്റ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ ഓടി എത്തിയത്. മിസൈലുകളുടെ നിര്‍മ്മാണവും പ്രയോഗവും നിയന്ത്രിക്കുന്ന കരാറുകളില്‍ ഒപ്പു വച്ചശേഷം വടക്കന്‍ കൊറിയ അതു പ്രായോഗികമാക്കാന്‍ തുടങ്ങിയതുമാണ്. പക്ഷെ, അപ്പോഴും ആ രാജ്യത്തിനെതിരായ വിലക്കുകളും ഉപരോധങ്ങളും നീക്കാന്‍ ട്രംപ് ഒരു ചുവടുപോലും മുന്നോട്ട് വച്ചില്ല. വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് തനിക്ക് പറ്റിയ പ്രതിയോഗിയാണെന്ന് ട്രംപിന് അപ്പോഴാണ് ബോധ്യമായത്. വടക്കന്‍ കൊറിയ കൂടുതല്‍ വീറോടെ മിസൈല്‍ നിര്‍മാണവും പരീക്ഷണവും ഊര്‍ജിതമാക്കി. ഏറെ താമസിയാതെ വിയറ്റ്‌നാമില്‍ വച്ച് കിമ്മുമായി രണ്ടാമതൊരു കൂടിക്കാഴ്ചയ്ക്കും തയ്യാറാകാന്‍ ട്രംപ് ഒട്ടും മടി കാണിച്ചില്ല. പക്ഷെ, അപ്പോഴും ട്രംപ് വന്‍ശക്തി മനോഭാവത്തോടെ ആ കൊച്ചു രാജ്യത്തെ കബളിപ്പിക്കാനാണ് നോക്കിയത്.

ആ കെണിയിലും കിം വീഴുന്നില്ലെന്നു കണ്ടപ്പോള്‍ പുതിയൊരു അടവിനും ട്രംപ് തയ്യാറായി. തെക്കന്‍ കൊറിയയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ യാതൊരു മുന്‍ധാരണയും കൂടാതെ ഇരുകൊറിയകള്‍ക്കും ഇടയിലുള്ള പാന്‍മുണ്‍ ജോം എന്ന നിഷ്പക്ഷ മേഖലയില്‍ ചെന്ന് വടക്കന്‍ കൊറിയന്‍ പ്രസിഡന്റിനെ കാണാനും ആ നിഷ്പക്ഷ മേഖലയില്‍ നിന്ന് വടക്കന്‍ കൊറിയയുടെ മണ്ണില്‍ കാലുകുത്താനും ട്രംപ് തയ്യാറായി. അങ്ങനെ ഈ ‘ശത്രു’ രാജ്യത്തിന്റെ മണ്ണില്‍ ആദ്യമായി കാലുകുത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാവുകയും ചെയ്തു അദ്ദേഹം. മാത്രമല്ല, വടക്കന്‍ കൊറിയന്‍ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് (യുഎസ് പ്രസിഡന്റിന്റെ ആസ്ഥാന മന്ദിരം) ക്ഷണിക്കുകയും ചെയ്തു. വീണ്ടും വടക്കന്‍ കൊറിയയെ പറ്റിക്കാന്‍ സാധ്യമല്ലെന്ന് ട്രംപിന് ബോധ്യമാകാനിരിക്കുന്നതേയുള്ളു.

നാട്ടിനകത്തും ട്രംപ് കോമാളി വേഷത്തിലുള്ള തന്റെ തട്ടിപ്പു പണി വാശിയോടെ തുടരുകയാണ്. ഇതിലെ ഒരു പുതിയ അദ്ധ്യായമാണ് ഈ പ്രസിഡന്റ് എഴുതിത്തുടങ്ങിയിരിക്കുന്നത്. ആറു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ചുകൊണ്ട് ആരംഭിച്ച വംശീയ വിരോധം യുഎസ് പാര്‍ലമെന്റിന്റെ അധോസഭയിലെ നാലു വനിതാ മെമ്പര്‍മാര്‍ക്കെതിരായാണ് അദ്ദേഹം തിരിച്ചു വിട്ടിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയ കോര്‍ട്ടെസ, മിച്ചിഗണിലെ റഷീദാ ത്‌ളെയിസ്, മിനിസോട്ടയിലെ ജല്‍ഹാന്‍ ഒമര്‍, മാസച്ചുസെറ്റ്‌സിലെ അയാന്ന പ്രസ്ലി എന്നിവരാണ് ട്രംപിന്റെ വംശീയ വിദ്വേഷത്തിന് ഇപ്പോള്‍ ഇരകളായിരിക്കുന്നത്. ഈ നാല് എംപിമാരില്‍ മൂന്നുപേരും അമേരിക്കയില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണെങ്കിലും നാല് വ്യത്യസ്ത വംശക്കാരാണ്. മൂന്ന് പേര്‍ സ്‌പെയിന്‍, അറബി, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍, നാലാമത്തെയാള്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കറുത്ത വര്‍ഗക്കാരിയാണ്. ഇവരിലാരും വെള്ളക്കാരല്ല. ഇവരോടെല്ലാം താന്താങ്ങളുടെ മൂല കുടുംബമുള്ള നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നാണ് ട്രംപിന്റെ ആജ്ഞ.

‘നാല്‍വര്‍ സംഘം’ എന്നു പറഞ്ഞു ട്രംപ് പരിഹസിക്കുന്ന ഇവര്‍ക്ക് അമേരിക്കയോടുള്ള ദേശ സ്‌നേഹം തൊട്ടുതെറിച്ചിട്ടില്ലെന്നാണ് ട്രംപിന്റെ ആരോപണം. ഇന്ത്യയില്‍ നരേന്ദ്രമോഡി ആരോപിക്കുന്ന തരത്തിലുള്ളതാണ് ട്രംപിന്റെയും ‘ദേശസ്‌നേഹം’. ഹിറ്റ്‌ലറുടെ യഹൂദ സംഹാരത്തിന്റെയും മറ്റൊരു പതിപ്പാണ് പ്രസിഡന്റ് ട്രംപിന്റെ വെള്ളക്കാരല്ലാത്ത നാലു ഡമോക്രാറ്റിക്ക് വനിതാ എംപിമാര്‍ക്കെതിരായ തുടര്‍ച്ചയായുള്ള കടന്നാക്രമണം. ആസന്നമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയും ഇക്കഴിഞ്ഞ ദിവസം ഇതിനായി അദ്ദേഹം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയത് അതുകൊണ്ടു തന്നെ ആരെയും ആശ്ചര്യപ്പെടുത്തുന്നില്ല. ജൂലൈ പതിനേഴിന് കരോളിനായില്‍ നടന്ന പൊതുയോഗമാണ് വെള്ളക്കാരല്ലാത്ത ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നാലു വനിതാ എംപിമാര്‍ക്കെതിരായി തീ തുപ്പുന്നതിന് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ നൂറുനിലയുള്ള വാണിജ്യ കേന്ദ്രം തകര്‍ത്ത അല്‍ക്വയിദയെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് ഇല്‍ഹാന്‍ ഒമറിനെ പേരെടുത്തു പറഞ്ഞ് പുലയാട്ടുവിളിച്ചുകൊണ്ടാണ് തന്റെ അനുയായി വൃന്ദത്തെ അദ്ദേഹം ആവേശം കൊള്ളിച്ചതും ‘അവളെ നാടു കടത്തുക’ എന്ന മുദ്രാ വാക്യം വിളിപ്പിച്ചതും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെള്ളക്കാരായ താഴ്ന്ന വരുമാനക്കാരെ ഇളക്കിവിട്ടുകൊണ്ടാണ് ട്രംപ് തന്റെ വിജയത്തിന് കളമൊരുക്കിയതെങ്കില്‍ ഇക്കുറി വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാര്‍ക്കെതിരായ രോഷമാണ് ട്രംപ് കരുവാക്കുന്നതെന്ന് സ്പഷ്ടമായിരിക്കുകയാണ്. ഇത്തവണ കമലാഹാരിസ് എന്ന കുടിയേറ്റക്കാരിയെ എതിര്‍ സ്ഥാനാര്‍ഥിയായി നേരിടേണ്ടിവരുമോയെന്ന ഭയമാണ് ഈ പുതിയ തന്ത്രത്തിന് ട്രംപിനെ പ്രേരിപ്പിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പ് വിജയത്തിന് എന്തുചെയ്യാനും ട്രംപും കൂട്ടരും മടിക്കില്ലെന്നാണ് കഴിഞ്ഞതവണ ഹില്ലാരി ക്ലിന്റനെ അപകീര്‍ത്തിപ്പെടുത്താന്‍ റഷ്യയുടെ സഹായം പോലും തേടിയ സംഭവം തെളിയിക്കുന്നത്.

മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ഇത്തരം ഹാസ്യനടപടികള്‍ തന്നെയാണ് ട്രംപിന്റേത്. ബ്രിട്ടനിലെ സമീപകാല സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയെ അവഗണിക്കാനും, പിന്നീട് ‘ഏറ്റവും കഴിവുകെട്ടവള്‍’ എന്ന് വിശേഷിപ്പിക്കാനും, മുന്‍ ലണ്ടന്‍ മേയര്‍ ജോണ്‍സണെ പുതിയ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന് പ്രഖ്യാപിക്കാനും ഈ പ്രസിഡന്റിന് രണ്ടാമതൊരിക്കല്‍ കൂടി ആലോചിക്കേണ്ടി വന്നില്ല.

ഇറാനുമായുള്ള കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തെപ്പറ്റി പുനരാലോചിക്കണമെന്ന ബ്രിട്ടീഷ് അഭ്യര്‍ഥന വിഫലമായത് ട്രംപിന്റെ വാശിയുടെ ഫലമാണെന്നും, മുന്‍പ്രസിഡന്റ് ഒബാമയെ കരിതേച്ചു കാണിക്കാനാണെന്നും രഹസ്യ റിപ്പോര്‍ട്ട് നല്‍കിയ ബ്രിട്ടീഷ് അമ്പാസിഡര്‍ കിര ഡറോക്കിന് രാജിവയ്‌ക്കേണ്ടി വന്നത് ട്രംപിന്റെ അസഹിഷ്ണുത മൂലമാണെന്ന് അദ്ദേഹം തന്നെ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്.

ഇറാനുമായുള്ള കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതും മുന്‍ പ്രസിഡന്റ് ഒബാമയോടുള്ള ഒരു പക പോക്കല്‍ നടപടി ആയിരുന്നെന്ന വസ്തുതയും ഇപ്പോള്‍ ആര്‍ക്കും ഒരു രഹസ്യമല്ല. ജനങ്ങളുടെ ആരോഗ്യ രക്ഷയ്ക്കായി മുന്‍പ്രസിഡന്റ് നടത്തിയ നിയമ നിര്‍മ്മാണത്തെപ്പോലും മറികടന്നുകൊണ്ടുള്ള ട്രംപിന്റെ പോക്ക് രാജ്യത്തെ ഒന്നാമത് എത്തിക്കാന്‍ വേണ്ടി ആയിരുന്നില്ല. മെക്‌സിക്കൊയിലെ അതിര്‍ത്തിയില്‍ ഒരു വന്‍മതില്‍ പടുത്തുയര്‍ത്തുന്നതും അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിനല്ല. മെക്‌സിക്കൊയില്‍ നിന്ന് അതിര്‍ത്തി കടന്നു വരുന്നവര്‍ മറ്റാരുടെയും തൊഴില്‍ അപഹരിച്ചിരുന്നില്ല. കൂലികുറവുള്ള ജോലികള്‍ക്ക് അവിടെ ആളെ കിട്ടാനുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. അത്തരം ജോലികളിലാണ് അവിടെ നിന്ന് രേഖകളില്ലാതെ അതിര്‍ത്തി കടന്നു വന്നിരുന്ന മെക്‌സിക്കൊക്കാര്‍ ഏറ്റെടുത്തിരുന്നത്. അത് അമേരിക്കയുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്ക് ഒരു താങ്ങായി മാറുകയായിരുന്നു. അടിമത്തനിരോധനം എബ്രഹാം ലിങ്കണ്‍ നടപ്പിലാക്കിയതിന് ശേഷവും കുറഞ്ഞ കൂലിക്കു ജോലിക്ക് എത്തിയത് ഇവരായിരുന്നു. അത്തരക്കാരുടെ സംഖ്യ അമേരിക്കയില്‍ ദശലക്ഷങ്ങളാണ്.

ഇറാനുമായുള്ള ആണവ നിയന്ത്രണ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതുകൊണ്ടും നാട്ടുകാര്‍ക്ക് യാതൊരു നേട്ടവും കൈവന്നിട്ടില്ല. വാസ്തവത്തില്‍ കാര്‍ഷിക മേഖലയെ അതു തളര്‍ത്തുകയാണുണ്ടായിട്ടുള്ളത്.

ചൈനയുമായി പ്രസിഡന്റ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന വാണിജ്യയുദ്ധവും നാട്ടിലെ ഉപഭോഗ വസ്തുക്കളുടെ ലഭ്യതയ്ക്ക് കമ്മി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭ്യമായിരുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. തന്മൂലം ചൈനക്ക് സാമ്പത്തികമായ ചില്ലറ നഷ്ടങ്ങള്‍ സൃഷ്ടിക്കാനാകുമെങ്കിലും ചൈനീസ് സമ്പദ്‌വ്യവസ്ഥയെ തന്മൂലം തകര്‍ക്കാനാകുമെന്നത് ഒരു മിഥ്യാധാരണയാണ്. കാരണം ആഫ്രിക്കന്‍ രാജ്യങ്ങളുടെ കമ്പോളം അവര്‍ക്കായി തുറന്ന് കിടപ്പുണ്ട്. റയില്‍ റോഡ് നിര്‍മ്മാണത്തിലും മറ്റും ചൈന ആഫ്രിക്കയ്ക്ക് നല്‍കുന്ന സഹായം വളരെ വമ്പിച്ചതാണ്. അതിലൂടെ ആഫ്രിക്കന്‍ ജനങ്ങളുടെ ക്രയശേഷിയും ഉയരുന്നതോടെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അവിടെ കമ്പോള സാധ്യതകളും വര്‍ധിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ പ്രസിഡന്റ് ട്രംപ് നടത്തുന്ന വിദൂഷകനാടകം അമേരിക്കയിലെ സാധാരണക്കാരെയാണ് വലയ്ക്കാന്‍ പോകുന്നത്. ചൈനയ്ക്കും ഇറാനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇറാനിലാകട്ടെ അമേരിക്കന്‍ ഉപരോധം പതിറ്റാണ്ടുകളായി തുടര്‍ന്നിട്ടും അവിടുത്തെ മത തീവ്രവാദികളുടെ കൈകള്‍ ശോഷിക്കുകയല്ല, ശക്തിപ്പെട്ടുകൊണ്ടാണിരിക്കുന്നത്. അമേരിക്കയിലെ വലതു തീവ്രവാദികള്‍ക്ക് മാത്രമായിരിക്കും ഇതിലൂടെ നേട്ടം കൊയ്യാനാവുക.