Thursday
23 May 2019

കുത്തകകള്‍ പൊതുമേഖല ബാങ്കുകള്‍ കൊള്ളയടിക്കുമ്പോള്‍ പാവങ്ങളെ കൊള്ളയടിക്കുന്ന ബാങ്കുകള്‍

By: Web Desk | Monday 25 February 2019 10:50 PM IST


Bank

ന്ത്യന്‍ ഗ്രാമീണരുടെ, ചെറുകിട സംരംഭകരുടെ, ജീവിതത്തിന് പുതുജീവന്‍ നല്‍കിയ നടപടിയായിരുന്നു 1969 ലെ ബാങ്ക് ദേശസാല്‍ക്കരണം. ഇന്നത്തെ കേന്ദ്ര ഭരണാധികാരികള്‍ക്ക് അചിന്ത്യമായ ഒരു ധീരനടപടി. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളില്‍ 14 എണ്ണം ദേശസാല്‍ക്കരിച്ചു. ഈ നടപടി ബാങ്കുകളുടെ വിശ്വാസ്യത വര്‍ധിപ്പിച്ചു.

1969 ല്‍ വെറും 4800 കോടിരൂപ മാത്രമായിരുന്ന ബാങ്ക് നിക്ഷേപങ്ങള്‍ ഇന്ന് 114 ലക്ഷം കോടിയിലെത്തിയത് സാധാരണ ജനങ്ങളുടെ വിശ്വാസ്യത നേടാന്‍ കഴിഞ്ഞതൊന്നുകൊണ്ടു മാത്രമാണ്. ദേശസാല്‍ക്കരണത്തിന്റെ ഫലമായി പൊതു ഉടമസ്ഥതയിലായ ബാങ്കുകള്‍ ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ബാങ്കുകള്‍ വളര്‍ന്നു. അതോടൊപ്പം സാധാരണ ജനങ്ങള്‍ അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പൊതുമേഖല ബാങ്കുകളെ കൂടുതലായി ആശ്രയിച്ചു. സാധാരണക്കാരന്റെ പണമാണ് പൊതുമേഖല ബാങ്കുകളുടെ വളര്‍ച്ചയ്ക്ക് ആധാരമായത്. 1990 കള്‍ വരെ അതായത് കേന്ദ്രസര്‍ക്കാര്‍ തലതിരിഞ്ഞ ആഗോളീകരണ നയങ്ങള്‍ക്ക് പുറകെ പോകുന്നതുവരെ പൊതുമേഖല ബാങ്കുകള്‍ ജനോപകാരപ്രദമായ, കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തി. എന്നാല്‍ 90 കളില്‍ ബാങ്കുകളുടെ വായ്പാ നയത്തിലും സമീപനത്തിലും വന്ന മാറ്റം സാധാരണക്കാരെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കഴിയുന്നത്ര അകറ്റുക എന്നതായിരുന്നു. ശക്തമായ അടിത്തറയുണ്ടായിരുന്ന ബാങ്കുകളെ ആവശ്യമായ ഈടില്ലാതെ ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷരാവുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുകള്‍ പൊതുമേഖലാ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഈ നയം രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ശക്തിപ്രാപിക്കുകയും നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തുടര്‍ന്ന് വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ പോലും കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കുകയും കിട്ടാക്കടങ്ങളുടെ ഭാരം കാരണം പൊതുമേഖല ബാങ്കുകള്‍ തകരുന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തു. രാജ്യം കണ്ട ഏറ്റവും വലിയ വായ്പാ തട്ടിപ്പാണ് ഈയടുത്ത കാലത്ത് നടന്നത്. നീരവ് മോഡി എന്ന ആഭരണ വ്യാപാരി 13,000 കോടിയാണ് വായ്പാ തട്ടിപ്പുവഴി മുക്കിയത്. അയാള്‍ എവിടെയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു തിട്ടവുമില്ല. അതിനു തൊട്ടുമുമ്പ് വിജയ് മല്യ എന്ന മറ്റൊരു ശതകോടീശ്വരന്‍ 9000 കോടിയുമായി നാടുവിട്ടു. ആരും കാണാതെയൊന്നുമല്ല. കെട്ടും ഭാണ്ഡവുമൊക്കെയായി പരസ്യമായി വിമാനം കയറി ലണ്ടനിലേക്ക് പോയി സസുഖം കഴിയുന്നു. മെഹുല്‍ ചോക്‌സി എന്ന മറ്റൊരു തസ്‌കരന്‍ രാജ്യം വിട്ടുപോയി. പാസ്‌പോര്‍ട്ടും മടക്കത്തപാലിലയച്ചു തന്നു. 1991 മുതല്‍ വര്‍ഷംതോറും ഒന്നിലധികം ബാങ്കുകള്‍ പൂട്ടി തുടങ്ങി. 2017 ഏപ്രില്‍ ഒന്നിന് 5 അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചു. ബാങ്ക് ഇടപാടുകളുടെ ഫീസ് ഗണ്യമായി വര്‍ധിപ്പിച്ചു. 41 ലക്ഷം ഇടപാടുകാര്‍ കൊഴിഞ്ഞുപോയി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈവശപ്പെടുത്താന്‍ അംബാനി വലവിരിച്ചിരിക്കുന്നു.
ഇന്ന് ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളാകെ നല്‍കിയിരിക്കുന്ന വായ്പ തുക 86 ലക്ഷം കോടിയാണ്. അതിന്റെ 53 ശതമാനവും 500 കോടി രൂപയ്ക്ക് മുകളിലുള്ളതാണ്. അഞ്ച് കോടിക്ക് താഴെയുള്ള വായ്പ വെറും 9 ശതമാനം മാത്രം. ഈ വായ്പകളില്‍ കിട്ടാക്കടം 10 ലക്ഷം കോടി. അതില്‍ 86 ശതമാനവും 5 കോടിയിലേറെയുള്ള വായ്പകളുടേതാണ്. 12 കമ്പനികള്‍ മാത്രം 2,53,729 കോടി നല്‍കാനുണ്ട്. അപ്പോള്‍ കാര്യങ്ങള്‍ സുവ്യക്തമാണ്. ബാങ്ക് വായ്പകളെടുത്ത ചെറുകിട കര്‍ഷകരോ, ചെറുകിട സംരംഭകരോ ആരുമല്ല ഈ തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍. വിവിധ കേന്ദ്രസര്‍ക്കാരുകള്‍ ഉദാരവല്‍ക്കരണ നയത്തിന്റെ പേരും പറഞ്ഞ് ഉദാരമായി ലോണുകള്‍ നല്‍കിയ ശതകോടീശ്വരന്മാരാണ്. അവരാകട്ടെ ഇന്ത്യയിലെ നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കി വിദേശങ്ങളിലേക്ക് പണം കടത്തി രക്ഷപ്പെടുന്നു. എന്നാല്‍ ചെറിയ വായ്പകള്‍ എടുത്തവരോട് അവര്‍ക്ക് ജാമ്യം നിന്നു എന്ന അബദ്ധം മാത്രം കാണിച്ചവരോട് പൊതുമേഖല ബാങ്കുകള്‍ കാണിക്കുന്ന ക്രൗര്യത്തിന്റെ ലക്ഷത്തിലൊരംഗം പോലും ഇത്തരം കൊള്ളക്കാരോട് കാണിക്കുന്നില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇടപ്പള്ളിയിലെ പ്രീതാ ഷാജിയുടെ കേസ്.

പ്രീതാ ഷാജിയുടെ കുടുംബത്തിന് ആകെയുള്ള 22 സെന്റ് പുരയിടം സര്‍ഫേസി ആക്ടനുസരിച്ച് ജപ്തി ചെയ്തിരിക്കുകയാണ്. 1994 ല്‍ ഇന്ന് നിലവിലില്ലാത്ത ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്നും രണ്ടുലക്ഷം രൂപ ഒരു സുഹൃത്ത് വായ്പയെടുക്കുന്നതിന് ജാമ്യം നിന്നതാണ് ഇന്ന് ശയ്യാവലംബിയായ പ്രീതയുടെ ഭര്‍ത്താവ് ഷാജി. കടംവാങ്ങിയ സുഹൃത്ത് പണം തിരികെ അടയ്ക്കാതിരുന്നതിനാല്‍ നാലുസെന്റ് സ്ഥലം വിറ്റ് ഒരുലക്ഷം രൂപ ഷാജി തിരികെ അടയ്ക്കുകയും ചെയ്തു. ലോര്‍ഡ് കൃഷ്ണ ബാങ്ക് സെഞ്ചൂറിയന്‍ ബാങ്കിലും അത് എച്ച്ഡിഎഫ്‌സി ബാങ്കും ഏറ്റെടുത്തു. കടം ഇപ്പോള്‍ രണ്ട് കോടി 30 ലക്ഷം രൂപ ആയിരിക്കുന്നുവത്രെ. ബാങ്ക് സര്‍ഫേസി ആക്ട് (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട്) എന്ന നിയമത്തിന്റെ ബലത്തില്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിക്കുകയും ഭൂമി ജപ്തി ചെയ്യാനുള്ള വിധി സമ്പാദിക്കുകയും ചെയ്തു. ജപ്തി ചെയ്ത് ലേലത്തില്‍ വിറ്റു. ഈ കുറിപ്പ് എഴുതുന്നതുവരെ ജനങ്ങള്‍ ജപ്തിയെ പ്രതിരോധിക്കുകയാണ്. പക്ഷെ ആ പ്രതിരോധം അധികം മുന്നോട്ടു കൊണ്ടുപോകാന്‍ നിയമം അനുവദിക്കുകയില്ല. എല്ലാവരെയും ബലംപ്രയോഗിച്ച് ഒഴിപ്പിക്കണം എന്നേ നിയമപ്രകാരം കോടതികള്‍ക്ക് പറയാനാവൂ. ഭൂമി ജപ്തി ചെയ്യപ്പെടും. അത് ഏതെങ്കിലും റിയല്‍ എസ്റ്റേറ്റുകാരന്റെ കയ്യിലെത്തും. നീരവ് മോഡിമാരും, മല്യമാരും ലണ്ടന്‍ നഗരത്തില്‍ ആഘോഷമായി ജീവിക്കുമ്പോള്‍ പ്രീതാ ഷാജിയും അവരുടെ ശയ്യാവലംബിയായ ഭര്‍ത്താവും മക്കളും തെരുവിലേക്ക് വലിച്ചെറിയപ്പെടും. ആരോ വാങ്ങിയ തുച്ഛമായ രണ്ടുലക്ഷം രൂപയുടെ കടത്തിന്. നരേന്ദ്ര മോഡി അധികാരത്തില്‍ വന്ന ശേഷം 2016 ല്‍ 17,992 കോടിയും, 17 ല്‍ 11,388 കോടിയും 2018 ല്‍ 85,364 കോടിയും നഷ്ടം ബാങ്കിങ് വ്യവസായത്തിലുണ്ടായി. ഇതെല്ലാം വന്‍ കുത്തകകളും ശതകോടീശ്വരന്മാരും നല്‍കാനുള്ളത്. ഭൂഷണ്‍ സ്റ്റീല്‍സ് 44,478 കോടി, ലാന്‍കോ 44,364 കോടി, എസാര്‍ 37,284 എന്നിങ്ങനെ. എന്നാല്‍ ഈ കോര്‍പറേറ്റുകള്‍ക്കെതിരെയോ, ശതകോടീശ്വരന്മാര്‍ക്കെതിരെയോ ഈ സര്‍ഫേസി നിയമം പ്രയോഗിച്ചതായി കാണുന്നില്ല. ദരിദ്രരോട് മാത്രമാണ് ഈ ക്രൗര്യം മുഴുവന്‍ പുറത്തെടുക്കുന്നത്.