Friday
22 Nov 2019

മാറി ചിന്തിച്ചാല്‍ മാറ്റമുണ്ടാവുന്നു

By: Web Desk | Friday 10 May 2019 10:15 PM IST

p a vasudevan

തൊരു വൈജ്ഞാനികശാഖയും അതിന്റെ ഉരുവപ്പെടല്‍ ഘട്ടത്തില്‍ ചില അടിസ്ഥാന പ്രമാണങ്ങളില്‍ ഉറപ്പിച്ചിരിക്കും. അതിനനുസരിച്ച സിദ്ധാന്തങ്ങളും അതോടു ചേര്‍ന്ന നയങ്ങളുമൊക്കെ ഉണ്ടാവും. ഇതിനൊക്കെ ചില അടിസ്ഥാന ദര്‍ശനങ്ങളും വേണം. ആര്‍ക്കുവേണ്ടി? എങ്ങനെ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ അതില്‍ നിന്നുവരണം. അതുകൊണ്ടാണ് പക്ഷപാതമില്ലാത്ത ശുദ്ധശാസ്ത്രം ഭോഷ്‌കാണെന്നു പറയുന്നത്. സാമൂഹിക ശാസ്ത്രങ്ങളിലെന്നപോലെ ഭൗതികശാസ്ത്രങ്ങളിലും ഇത് പ്രസക്തമാണ്. ധനശാസ്ത്രത്തിലെ ഒരു സിദ്ധാന്തം പോലെയാവണമെന്നില്ല, ഫിസിക്‌സിലെയോ രസതന്ത്രത്തിലെയോ ഒരു കണ്ടുപിടിത്തം. പക്ഷേ, അതിന്റെ ഫലം എങ്ങനെ, ആര്‍ക്ക് ലഭിക്കുന്നു എന്നതാണ് അതിന്റെ നിലനില്‍പ്പിന്റെ ധാര്‍മ്മികത നിശ്ചയിക്കുന്നത്.

അതുകൊണ്ട് നിഷ്പക്ഷ ശാസ്ത്രം അസംബന്ധവും അത്തരമൊരു ശാസ്ത്രജ്ഞന്‍ ഒരു വെറും ‘മീന്‍കുഞ്ഞും’ ആണ്. ഒരു ധാര്‍മ്മിക മൂല്യസംഹിതയിലൂന്നിയാവണം സിദ്ധാന്തങ്ങളും നിര്‍വ്വചനങ്ങളുമുണ്ടാവുന്നത്. അതല്ലെങ്കില്‍, അത് പ്രയോഗത്തില്‍ അവസാനംവരെ പാളും. ധനശാസ്ത്രജ്ഞരും ധനശാസ്ത്രവും സ്വധര്‍മ്മ പ്രാപ്തിയില്‍ അഫലമായിപ്പോകുന്നതിങ്ങനെയാണ്. മറ്റു ശാസ്ത്രങ്ങളുടെ കാര്യത്തിലും ഇതാണ് സത്യം. ഹിരോഷിമയിലും നാഗസാക്കിയിലും മനുഷ്യന്‍ തോറ്റത് ദര്‍ശന വികല്‍പം കൊണ്ടാണെന്ന് റസല്‍ പറഞ്ഞത് അതുകൊണ്ടാണ്. അടിസ്ഥാന പ്രമാണത്തിലെ പ്രമാദം ഏതു ശാസ്ത്രത്തെയും അപ്രസക്തവും അസംബന്ധവുമാക്കും.

നാമിപ്പോള്‍ ധനശാസ്ത്രത്തിലേക്കു മാത്രം ഒതുങ്ങി ഒരു സംഗ്രഹിത വിചിന്തനം നടത്താം. അതിന് ആധാരമായി പണ്ഡിതോചിതമായൊരു ലേഖനത്തെയും ആശ്രയിക്കാം. ‘വികസനത്തിന്റെ ദര്‍ശനം: എണ്‍പതു പിന്നിട്ട ഒരു ധനശാസ്ത്ര അധ്യാപകന്റെ അനുഭവങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍, പ്രശസ്ത ധനശാസ്ത്ര പണ്ഡിതനും അധ്യാപകനും സാമൂഹിക ചിന്തകനുമായ ഡോ. എം എ ഉമ്മന്‍ ഇംഗ്ലീഷിലെഴുതിയ ഒരു സമഗ്ര ലേഖനത്തിന്റെ പരിഭാഷയാണിത്. ധനശാസ്ത്രത്തിലെ നീണ്ടനിരയാല്‍ നീതി വല്‍ക്കരിക്കപ്പെട്ട വൈകല്യങ്ങളെക്കുറിച്ചാണിത്. ക്ലാസ് മുറികളിലെ ധനശാസ്ത്ര അധ്യാപനം എത്രമാത്രം വികലവും വികൃതവും അടിസ്ഥാനപരമായി അബദ്ധവുമാണെന്ന് സിദ്ധാന്തങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹം വിവരിക്കുന്നു. മൂന്നു ദശാബ്ദങ്ങളിലധികം ധനശാസ്ത്രം ക്ലാസ് മുറികളിലും പുറത്തും കൈകാര്യം ചെയ്ത ഈ ലേഖകന് അത് തോന്നിയിരുന്നു. നിഷ്പക്ഷ മൂല്യമുക്ത പടിഞ്ഞാറന്‍ ധനശാസ്ത്രത്തിനെതിരെ എഴുതിയ പ്രഖ്യാതനായ അമര്‍ത്യാസെന്‍ നമ്മോട് ആവര്‍ത്തിച്ചു പറഞ്ഞത്, പുതിയ സാമൂഹിക സമീപനത്തിന്റെ ആവശ്യകതയെക്കുറിച്ചാണ്.

സാമ്പത്തിക സിദ്ധാന്തങ്ങള്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ ഉറച്ചതാവണം. എന്നാല്‍ വിവിധ ശാഖകളിലായി സങ്കീര്‍ണ സിദ്ധാന്തങ്ങളും ഗവേഷണ പഠനങ്ങളും കുന്നുകൂടിയിട്ടും ആഗോള ധനശാസ്ത്ര ചര്‍ച്ചകള്‍ നടന്നിട്ടും ദാരിദ്ര്യം, അസമത്വം, കരുതല്‍, സ്വാതന്ത്ര്യം എന്നീ മനുഷ്യബന്ധിയായ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായാണനുഭവം. ക്ലാസ് മുറികളിലെ ധനശാസ്ത്ര വിദ്യാര്‍ഥികളുടെ ‘ചോറൂണ്’ തന്നെ അബദ്ധ പഞ്ചാംഗ നിര്‍വചനവുമായാണ്. ഒട്ടേറെ ആഗ്രഹങ്ങളും ബദലുകളുള്ള പരിമിത വിഭവങ്ങളും തമ്മിലുള്ള ബന്ധം എന്ന നിലയില്‍ മനുഷ്യന്റെ പെരുമാറ്റ രീതികളെപ്പറ്റി പഠിക്കുന്ന ധനശാസ്ത്രം എന്നാണ് നിര്‍വ്വചനം. ലയണന്‍ റോബിന്‍സിന്റെ ദൗര്‍ലഭ്യനിര്‍വ്വചനം! ഡോ. ഉമ്മന്‍ പറയുന്നു, അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു ക്ലാസില്‍ ഈ അബദ്ധ നിര്‍വ്വചനം അന്തിമമായി പറഞ്ഞുവത്രെ. ഒരു മണ്ടത്തരം മാറ്റാനാവാത്ത ശീലമാവുന്നതും ഒരു ശാസ്ത്രത്തെ അശ്ലീലമാക്കുന്നതും ഇങ്ങനെയാണ്.
ഇതാണ് തുടക്കത്തില്‍ പറഞ്ഞത്. മൂല്യനിരപേക്ഷ സമീപനം ആസുരമാണ്. ക്ലാസ് മുറിയിലെ അധ്യാപകന്‍ നിര്‍വചനത്തിലല്ല, വ്യാപനത്തിന്റെ മാനുഷികതയിലാണ് ശ്രദ്ധിക്കേണ്ടത്. അതിരില്ലാത്ത ആഗ്രഹമുള്ള ഒരു ആര്‍ത്തിപിടിച്ച ജീവിയില്‍ നിന്ന്, ആവശ്യങ്ങളെ ക്രമീകരിക്കാനറിയുന്ന ഒരു ‘റാഷനല്‍’ മൃഗമാവാന്‍ പറ്റാത്ത ദുരന്തത്തിലാണ് മനുഷ്യനെന്ന സങ്കല്‍പ്പത്തില്‍ തുടങ്ങുന്ന ശാസ്ത്രത്തിന്റെ ഭാഗമായ ‘സബ് പ്രൈം ക്രൈസിസ്’ എന്ന 2000 മാണ്ടിന്റെ ആദ്യ ദശകം. ഈ ദുരന്തമെന്തേ മുന്‍കൂട്ടി കാണാനായില്ല നിങ്ങള്‍ക്ക് എന്ന് താച്ചര്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ധന-ഗണിത പണ്ഡിതരോട് ചോദിച്ചത്രേ. അവര്‍ക്ക് മനുഷ്യന്റെ വക്രത അറിയില്ല. അഥവാ മനുഷ്യനെതന്നെ അറിയില്ല. സ്റ്റോക്ക് മാര്‍ക്കറ്റിന്റെ കാര്‍ണിവലുകളാണല്ലോ, അവരുടെ വികസനശാസ്ത്രം. ഇതിനെയൊക്കെ ന്യായീകരിക്കാന്‍ ദൗര്‍ലഭ്യശാസ്ത്ര നിര്‍വചനവുമായി ഗണിതശാസ്ത്രത്തിന്റെ ചമയങ്ങളില്‍പ്പെട്ട ധനശാസ്ത്രജ്ഞര്‍, ഒരുപാട് വികല്‍പങ്ങളില്‍ ചെന്നുപെട്ടതിന്റെ അനുഭവം ഡോ. ഉമ്മന്‍ പറയുന്നതും ഒരു കുമ്പസാരത്തിന്റെ ശുദ്ധിയോടെയാണ്.

സെന്‍ സാമ്പത്തിക ശാസ്ത്രത്തെ നീതിയുമായി ബന്ധിപ്പിക്കാന്‍ സൈദ്ധാന്തികമായി ശ്രമിച്ചു. ഇതിനെയൊക്കെ മാറ്റിനിര്‍ത്തിയാണ് ആവശ്യങ്ങളും വിഭവദൗര്‍ലഭ്യവും മാത്രം ചേര്‍ത്ത ഒരു വിചാരം ഇതിന്റെ അടിത്തറയാക്കുന്നത്. എന്തുകൊണ്ടാണ് സാമ്പത്തിക ശാസ്ത്രപഠനം ദശകങ്ങളായി ഈ വികല്‍പങ്ങളില്‍പ്പെട്ട് ക്ലാസ് മുറികളില്‍ അഴുകുന്നത്. അതില്‍ നിന്നുണ്ടാവുന്ന മനുഷ്യചിന്ത നാളെ എങ്ങനെ, നീതി, സമത്വം, സ്വാതന്ത്ര്യം എന്നീ അടിസ്ഥാന പ്രമാണങ്ങളിലൂന്നിയ വികസനം സാധ്യമാക്കും. വര്‍ഷങ്ങളോളം ഈ വശം നൊബേല്‍ കമ്മിറ്റി പോലും അവഗണിച്ചു. പലതവണ സ്റ്റോക്ക് മാര്‍ക്കറ്റിലും മൂലധന പെരുപ്പത്തിലും ഉപഭോഗ പെരുപ്പത്തിലും മാത്രമൂന്നിയ ലോക ഘടന തകര്‍ന്നിട്ടും കാര്യമായ വിവേചന വ്യത്യാസം അസാധ്യമാക്കിയത് നമ്മുടെ ബുദ്ധിക്കുറവാണ്.

വരുമാനത്തെ കവച്ചുവയ്ക്കുന്ന ഉപഭോഗമുണ്ടായാലേ വളര്‍ച്ചയുണ്ടാവൂ. അതുകൊണ്ട് ഉപഭോഗത്തെ ചാട്ടയ്ക്കടിച്ച് ഉണര്‍ത്തുന്ന പരസ്യങ്ങളാണ് പുതിയ വാചകശക്തി. വേണ്ടതും വേണ്ടാത്തതും വാങ്ങിച്ചു കൂട്ടുക. അവസാനം എല്ലാം തകര്‍ന്ന സബ് പ്രൈം ക്രൈസിസുകളുണ്ടാവുന്നു. മനുഷ്യ കേന്ദ്രീകൃതമല്ലാത്ത ധനശാസ്ത്രം ‘ഡിസ്മല്‍ സയന്‍സ്’ (ദയനീയ ശാസ്ത്രമാവുന്നു) ഡോ. ഉമ്മന്റെ ലേഖനത്തെ അംഗീകരിച്ച ഈ ചിന്ത ഇനിയും വ്യാപകമാവണം.

മൂല്യനിര്‍ണയത്തില്‍ ഉറച്ചുനില്‍ക്കുന്ന സാമൂഹിക ‘ചോയ്‌സു’കളാണ് ഈ ശാസ്ത്രത്തിനു അടിത്തറയാകേണ്ടത്. തൊഴിലാളിയുടെ അധ്വാനത്തെ ചൂഷണം ചെയ്തും തൊഴിലാളികളുടെ എണ്ണം കുറച്ചും ഉണ്ടാക്കുന്ന ഉല്‍പ്പാദനം വളര്‍ച്ചയാവുന്നതെങ്ങനെ? ഉല്‍പ്പാദിത വസ്തുക്കള്‍ പരമാവധി പേര്‍ക്ക് എത്താതായാല്‍ അതു വളര്‍ച്ചയാണോ? ചൂഷണമാണ് വളര്‍ച്ചയുടെ അടിത്തറ എന്നു വാദിക്കുന്നത് എങ്ങനെ നല്ല ശാസ്ത്രമാവും. ചീത്ത ധനശാസ്ത്രമെങ്ങനെ നല്ല ബിസിനസ് ആവും.

നമ്മുടെ ചിന്തകള്‍ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നുതന്നെ തുടങ്ങണം. ഭൗതികശാസ്ത്രങ്ങളെപ്പോലെ കണിശവും മാപനസാധ്യവുമാക്കാന്‍ ഈ ശാസ്ത്രത്തെ ഉപയോഗിക്കരുത്. അവസാനം താഴ്ത്തട്ടിലെ ജീവിതത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതാവണം ഈ ശാസ്ത്രം. ഗാന്ധിജിയും ഷൂമാക്കറും ലോഹ്യയും മാക്‌സുമൊക്കെ പറഞ്ഞത് അതാണ്.

സിദ്ധാന്തങ്ങള്‍ മൂല്യനിരപേക്ഷമാവരുത്. കെട്ട സിദ്ധാന്തങ്ങളുടെ ‘ഓര്‍ക്കസ്ട്ര’കള്‍ നടത്തുന്ന സ്ഥലമാവരുത് ക്ലാസ് മുറികള്‍.

Related News