അഡ്വ. കെ പ്രകാശ്ബാബു

ജാലകം

March 07, 2021, 4:18 am

‘വിൽക്കുക, പണമുണ്ടാക്കുക’ ഇന്ത്യൻ പൊതുമേഖലയുടെ ദുർവിധി

Janayugom Online

ബിസിനസ് നടത്തുകയല്ല സർക്കാരിന്റെ പണിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം സ്വകാര്യ കുത്തകകമ്പനികൾക്ക് എന്തുമാത്രം ആശ്വാസപ്രദമായി തോന്നിക്കാണും എന്നത് ആർക്കും ഊഹിക്കാവുന്നതാണ്. അവർക്ക് മാത്രമല്ല വലതുപക്ഷ രാഷ്ട്രീയ നിലപാടുകൾ കൈക്കൊള്ളുന്ന എല്ലാവർക്കും സ്വീകാര്യമായ ഒന്നാണിത്. തന്റെ വലതുപക്ഷ രാഷ്ട്രീയാദർശത്തിന്റെ കാഴ്ചപാടും ഈ വർഷത്തെ ബജറ്റുമായി ബന്ധപ്പെട്ട ഒരു വെബിനാറിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു. ‘ആധുനീകരിക്കുക; പണമാക്കി മാറ്റുക’ ഇതാണ് തന്റെ സർക്കാരിന്റെ ലക്ഷ്യമെന്നാണ് മോഡി വിശദീകരിച്ചത്.

തീവ്ര വലതുപക്ഷക്കാരനായ നരേന്ദ്ര ദാമോദർ ദാസ് മോഡി പൊതുമേഖലകളെയും അവയ്ക്കാധാരമായ സോഷ്യലിസ്റ്റ് ആശയങ്ങളെയും തള്ളിപ്പറയുന്നതിൽ നമ്മൾ അതിശയിക്കേണ്ടുന്ന കാര്യമില്ല. എന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രവും വ്യാവസായിക വാണിജ്യ തൊഴിൽ ചരിത്രവും അറിഞ്ഞിരിക്കാൻ ബാധ്യസ്ഥനായ ഇന്ത്യൻ പ്രധാനമന്ത്രി ഇത്രയും പരസ്യമായി വൻകിട കുത്തകകമ്പനികൾക്ക് ഇന്ത്യയുടെ അമൂല്യമായ ദേശീയ സമ്പത്ത് കൊള്ളയടിക്കാൻ അനുവാദം നൽകുമ്പോൾ പ്രതിഷേധിക്കാതിരിക്കാൻ ആർക്കാണ് കഴിയുക. ബ്രിട്ടീഷാധിപത്യത്തിന്റെ നുകം പേറിയ ഇരുന്നൂറോളം വർഷങ്ങൾ ഇന്ത്യക്ക് നൽകിയ ചൂഷണത്തിന്റെയും ക്രൂരതയുടെയും നാളുകളെ ബിജെപിയെ നയിക്കുന്ന സംഘപരിവാർ ശക്തികൾ ഓർക്കാൻ ഇഷ്ടപ്പെടുകയില്ല. കാരണം അവർ അന്നും ഹിന്ദുവും മുസ്‍ലിമും ക്രിസ്ത്യാനിയും സിക്കും പാഴ്സിയുമെല്ലാം കൂടിചേർന്ന ഇന്ത്യൻ ദേശീയതയ്ക്കെതിരായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനും അവർ എതിരായിരുന്നു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുന്നവരെ ബ്രിട്ടീഷുകാർ സഹായിക്കുകയും ചെയ്തിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന ന്യായത്തിൽകൂടി ഒരുമിച്ചുനിന്നവരാണ് സംഘപരിവാറുകാരും ബ്രിട്ടീഷുകാരും.

സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിച്ച കാർഷിക വ്യാവസായിക വികസനം, തൊഴിലില്ലായ്മ തുടങ്ങിയ സമസ്യകൾക്ക് ഉത്തരം കണ്ടെത്താൻ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളുടെ വാതിലുകളിൽ മുട്ടിനോക്കി. ഇന്ത്യക്ക് ആവശ്യമുള്ള ഉല്പന്നങ്ങൾ ഞങ്ങൾ നല്കാമെന്നും ഇന്ത്യയിലൊന്നും ഉല്പാദിപ്പിക്കേണ്ടതില്ലായെന്നുമായിരുന്നു അമേരിക്കയുടെ നിലപാട്. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനോ വ്യാവസായിക വികസനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അമേരിക്കൻ നിർദ്ദേശത്തിനാവില്ലായെന്നു കണ്ടപ്പോഴാണ് നെഹ്റു സോവിയറ്റ് യൂണിയനെയും ജർമ്മനിയെയും സമീപിച്ചത്. സോവിയറ്റ് യൂണിയന്റെ സഹായത്താൽ 1955 ൽ ഭീലായി സ്റ്റീൽ പ്ലാന്റും 1965 ല്‍ ബൊക്കാറോ പ്ലാന്റും ജർമ്മൻ സഹായത്തോടെ 1955 ൽ തന്നെ റൂർക്കല സ്റ്റീൽ പ്ലാന്റും അങ്ങനെയാണ് ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടത്. 1948 ലെ ഇൻഡസ്ട്രിയൽ പോളിസി റെസല്യൂഷനിൽ മാറ്റം വരുത്തി 1956 ൽ സമഗ്രമായ ഒരു വ്യവസായ നയ പ്രഖ്യാപനപ്രമേയം പണ്ഡിറ്റ് നെഹ്റു പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കി. അതിൻപ്രകാരം ഇരുമ്പ്, ഉരുക്ക് ഉൾപ്പെടെയുള്ള ഖനവ്യവസായം, മൂലധന ഉല്പന്ന വ്യവസായങ്ങൾ, ഖനി വ്യവസായങ്ങൾ തുടങ്ങി 17 ഇനം വ്യവസായങ്ങൾ പുതുതായി ആരംഭിക്കുന്നത് പൊതുമേഖലയിൽ മാത്രമായിരിക്കും. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും തുല്യപങ്കാളിത്തമുള്ള രണ്ടാം ഷെഡ്യൂളും മൂന്നാംപട്ടികയായി സ്വകാര്യ മേഖലയും ആ പ്രമേയം വേർതിരിച്ചു.

പൊതുവിൽ സാമ്പത്തികാധികാരം ഏതാനും ചില വ്യക്തികളുടെ കൈകളിൽ മാത്രമായി കേന്ദ്രീകരിക്കാൻ പാടില്ലായെന്ന കാഴ്ചപാടായിരുന്നു 1956 ലെ വ്യവസായനയ പ്രമേയത്തിന്റെ കാതൽ. ഇന്ത്യയെ ഒരു വ്യാവസായിക ശക്തിയായി ഉയർത്താനും സാമൂഹ്യനീതി ഉറപ്പാക്കി തൊഴിലില്ലായ്മയ്ക്കുകൂടി പരിഹാരം കണ്ടെത്താൻ ഉതകുന്ന ഒരു പദ്ധതിക്കാണ് ആദ്യ ഗവൺമെന്റ് തുടക്കം കുറിച്ചത്. അങ്ങനെയാണ് 1955 ൽ ഓയിൽ ആന്റ് നാച്വറൽ ഗ്യാസ് കമ്മിഷൻ (ഒഎൻജിസി) സ്ഥാപിതമാകുന്നത്. 1956 ൽ ആണ് എൽഐസി എന്ന ഇൻഷുറൻസ് കമ്പനി ഗവൺമെന്റുടമസ്ഥതയിൽ സ്ഥാപിതമാകുന്നത്. ഇൻഷുറൻസ് മേഖല പൂർണമായും ഗവൺമെന്റുടമസ്ഥതയിലുള്ളതായി. 2019–20 ലെ ഒഎൻജിസിയുടെ ലാഭം 13,445 കോടി രൂപയാണ്. 2020 ൽ എൽഐസി സ്റ്റോക്ക് മാർക്കറ്റിൽ നിന്നും മാത്രം ഉണ്ടാക്കിയ ലാഭം 14,000 കോടി രൂപയുടേതാണ്. നിക്ഷേപകമടക്കം 28.7 ലക്ഷം കോടിയുടെ മാർക്കറ്റ് വാല്യുവും ഉണ്ട്. എന്നിട്ടാണ് മോദി പറയുന്നത് ‘നഷ്ടത്തിലോടുന്ന സ്ഥാപനങ്ങൾ നികുതിദായകരുടെ പണം കൊണ്ട്, നിലനിർത്തേണ്ടതില്ലാ‘യെന്നതുകൊണ്ടാണ് വിൽക്കുന്നത് എന്ന്.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രശില്പി പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു, പൊതുമേഖലാ സ്ഥാപനങ്ങളെ വിളിച്ചിരുന്നത് ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്നാണ്. 1969 ലെ ബാങ്ക് ദേശവൽക്കരണ നടപടികളും 1976 ലെ ബർമ്മാ ഷെൽ എന്ന ബ്രിട്ടീഷ് പെട്രോളിയം കമ്പനി ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്ത് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ആയതോടുകൂടി ഇൻഷുറൻസ്, ബാങ്കിംഗ്, പെട്രോളിയം മേഖലകൾ കൂടിചേർന്ന പൊതുമേഖല വ്യവസായ സ്ഥാപനങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായി മാറി. അവയുടെ മെച്ചപ്പെട്ട പ്രകടനം ലാഭത്തിന്റെ രൂപത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഖജനാവ് നിറച്ചു. ഇന്ന് മോഡി സർക്കാർ അവ ഓരോന്നായി തദ്ദേശിയ‑വിദേശ കുത്തകകൾക്ക് വിൽക്കുന്നു. ബിജെപിയുടെ പോക്കറ്റിലേക്കും രാജ്യത്തിന്റെ ഖജനാവിലേക്കും ഓരോ പങ്ക് ചെന്നു ചേരുന്നു. നടപ്പു സാമ്പത്തിക വർഷം മാത്രം 1.75 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരികളാണ് മോഡി എന്ന ‘രാജ്യസ്നേഹി’ വിറ്റുകാശാക്കുന്നത്. സർക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ മുഖ്യ സ്രോതസായി രാജ്യത്തിന്റെ അഭിമാനമായ പൊതുസമ്പത്തിനെ വിറ്റുതുലയ്ക്കുന്ന മോഡി സർക്കാരിന്റെ നടപടികളെ എതിർക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നു. ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ട് തന്റെ കപടരാജ്യസ്നേഹത്തെ ന്യായീകരിക്കാൻ നരേന്ദ്രമോഡി നടത്തുന്ന അഭ്യാസങ്ങൾ കുത്തക പ്രീണനത്തിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ്.