രമേശ് ബാബു

മാറ്റൊലി

October 09, 2020, 5:45 am

ആയിരം നിലവുമായി വന്ന എസ്‌പിബി

Janayugom Online

ശ്രീപതി പണ്ഡിതാരാധ്യുലു ബാലസുബ്രഹ്മണ്യം എന്ന എസ് പി ബാലസുബ്രഹ്മണ്യത്തെ അദ്ദേഹം വിരാജിച്ചിരുന്ന മേഖലയിലെ വലിയ ഗായികാഗായകന്മാരെക്കാള്‍ ഉന്നതനും അമരനുമാക്കുന്നതെന്താണ്? പ്രതിഭയുടെയും ഔന്നത്യമാര്‍ന്ന വ്യക്തിത്വത്തിന്റെയും സമഞ്ജസ സമ്മേളനമാണ്. ഉന്നതനായ കലാകാരന്‍ ഒരിക്കലും ഉന്നത വ്യക്തിത്വത്തിന് ഉടമയാകണമെന്നില്ല. രണ്ട് ഗുണങ്ങളും സന്നിവേശിക്കപ്പെട്ടിട്ടുള്ള കലാകാരന്‍മാര്‍/കലാകാരികള്‍ തുലോം കുറവാണ്. എസ്‌പിബി ജന്മസിദ്ധമായ പ്രതിഭകൊണ്ടും വ്യക്തിത്വത്തിന്റെ സുതാര്യതകൊണ്ടും ആസ്വാദകന്റെ ഹൃദയം കഴിഞ്ഞ അന്‍പതിലേറെ വര്‍ഷമായി കവര്‍ന്ന ഗായകനാണ്. നൊമ്പരമായി ആ സാന്നിധ്യം മറഞ്ഞിരിക്കുന്നു. ആ നാദപ്രപഞ്ചം മാത്രമാണ് ഇനി സഹൃദയര്‍ക്കൊപ്പമുള്ളത്. ചലച്ചിത്ര രംഗത്ത് എസ്‌പിബിയുടെ പ്രതിഭയ്ക്ക് സമാനനായി കാണാന്‍ കഴിയുന്നത് കിഷോര്‍കുമാര്‍ എന്ന ഗായകനെയാണ്.

കിഷോര്‍കുമാര്‍ ആലാപനത്തില്‍ മാത്രം ഒതുങ്ങിയ ആള്‍ അല്ലായിരുന്നു. മാത്രമല്ല ആലാപനത്തില്‍ പല പ്രായത്തിലുള്ള തലമുറയേയും കിഷോര്‍ പ്രതിനിധീകരിച്ചിരുന്നു. എസ്‌പിബിയും ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ വ്യക്തി എന്ന നിലയില്‍ മഹാഗായകനായ മുഹമ്മദ് റാഫിയുമായിട്ടായിരുന്നു ബാലസുബ്രഹ്മണ്യത്തിന് ഏറെക്കുറെ സാദൃശ്യം. മുഹമ്മദ് റാഫിയെ അടുത്തറിഞ്ഞവര്‍ വിശേഷിപ്പിച്ച് കണ്ടിട്ടുള്ളത്- വഴിതെറ്റി ചലച്ചിത്ര പിന്നണിഗാന രംഗത്ത് വന്ന അവധൂതനെന്നും ശാസ്ത്രീയ സംഗീതത്തിന്റെ ഉത്തുംഗ ശ്രേണികളില്‍ അഭിരമിക്കേണ്ട പ്രതിഭയായിരുന്നു എന്നുമൊക്കെയാണ്. മുഹമ്മദ് റാഫിയുടെ സമകാലികനായിരുന്ന ഗായകന്‍ മഹേന്ദ്രകപൂര്‍ റാഫിയെ ഉപമിക്കുന്നത് ദൈവത്തോടായിരുന്നു. റാഫിയുടെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുന്നെങ്കിലും എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്റെ ആരാധ്യപുരുഷനും മാനസഗുരുവും എപ്പോഴും റാഫി തന്നെയായിരുന്നുവെന്ന് അദ്ദേഹം എത്രയോ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഹൃദയപ്രതിഷ്ഠയുടെ പരിണതിയായിരിക്കാം ബാലസുബ്രഹ്മണ്യത്തിന്റെ നൈര്‍മ്മല്യവും ഭാവഭദ്രത ആവാഹിച്ച ആലാപനശൈലിയും.
ഇന്ത്യന്‍ ചലച്ചിത്രഗാന രംഗത്ത് എസ്‌പിബിയെ അന്യാദൃശനാക്കുന്നത് അദ്ദേഹത്തിന്റെ ശബ്ദം എത്താത്ത കോണുകളില്ലെന്നതും ആ നാദത്തിലൂടെ സംഗീതസാന്ദ്രമാകാതെ പോയ ഭാഷകള്‍ വിരളമാണ് എന്നതുമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുളു, ഒറിയ, അസമീസ്, പഞ്ചാബി ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളിലായി നാല്പതിനായിരത്തോളം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്. ഗിന്നസ് റിക്കോഡും സ്ഥാപിച്ചിട്ടാണ് എസ്‌പിബി വിടപറഞ്ഞിരിക്കുന്നത്.

സിനിമയില്‍ ഗാനങ്ങളും അതിന്റെ സംഗീതവും നിര്‍ജീവവും ശുഷ്കവുമായി മാറിയിരിക്കുന്ന ഇക്കാലത്ത് മറ്റൊരു ഗായകനോ, ഗായികയ്ക്കോ ഈ റിക്കോഡ് സമീപകാലത്തൊന്നും തകര്‍ക്കാനും അവസരമുണ്ടാകുമെന്ന് തോന്നുന്നില്ല. ദക്ഷിണേന്ത്യന്‍ സിനിമാ ഗാനങ്ങളിൽ (കേരളം ഒഴികെ) എസ്‌പിബി തന്നെയായിരുന്നു വിട പറയുംവരെ മുടിചൂടാമന്നന്‍. മലയാളത്തില്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ ‘കടല്‍പ്പാലം’ എന്ന ചിത്രത്തില്‍ ‘ഈ കടലും മറുകടലും’ എന്ന ഗാനം ആലപിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ചെങ്കിലും ഭാഷയുടെ വൈഷമ്യം കൊണ്ട് അദ്ദേഹം തന്നെ പലപ്പോഴും പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ തമിഴ്, തെലുങ്ക്, കന്നഡ, തുളു, ഹിന്ദി എന്നീ ഭാഷകളില്‍ അദ്ദേഹം തികഞ്ഞ നൈസര്‍ഗികതയോടെ തന്നെ പാടി എക്കാലത്തെയും അനശ്വര ഗാനശില്പങ്ങള്‍ക്ക് നാദരൂപം നല്കി. 1960കള്‍ മുതല്‍ വിവിധ ഭാഷകളിലെ അഞ്ച് തലമുറയില്‍പ്പെട്ട സംഗീത സംവിധായകര്‍, ഗായകര്‍, ഗായികമാര്‍ എന്നിവരുടെ ഈണങ്ങള്‍ക്കും സ്വരങ്ങള്‍ക്കുമൊപ്പം എസ്‌പിബിയുടെ മധുരശബ്ദം ഭാരതീയര്‍ കേട്ടുകൊണ്ടിരിക്കുന്നു. എംജിആര്‍, ശിവാജിഗണേശന്‍, ജമിനി ഗണേശന്‍, പ്രേംനസീര്‍, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങി എത്ര നടന്മാര്‍ വെള്ളിത്തിരയില്‍ എസ്‌പിബിയുടെ ശബ്ദരൂപമായി. ഓരോ നടന്മാര്‍ക്കും അവരുടെ ശബ്ദത്തോട് ചേര്‍ന്ന ആലാപനശൈലിയാണ് എസ്‌പിബി സ്വീകരിച്ചത്. കെ വി മഹാദേവന്‍, എം എസ് വിശ്വനാഥന്‍, ടി കെ രാമമൂര്‍ത്തി, ലക്ഷ്മീകാന്ത് പ്യാരിലാല്‍, ഇളയരാജ, ദേവ, ശങ്കര്‍ ഗണേഷ്, എ ആര്‍ റഹ്‌മാന്‍, വിദ്യാസാഗര്‍, ഹാരിസ്, ജയരാജ്, അനിരുദ്ധ് രവിചന്ദര്‍ തുടങ്ങി എത്രയെത്ര സംഗീത സംവിധായകരാണ് ആ സ്വരത്തിന്റെ വൈവിധ്യങ്ങളിലൂടെ മാസ്മരിക ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ അന്‍പത് വര്‍ഷം നീണ്ട സംഗീത സപര്യയില്‍ ഓരോ തലമുറയുടെയും ഭാവവികാര വായ്പുകളെ സമകാലികമായി വൈവിധ്യങ്ങളോടെ അവതരിപ്പിച്ചിട്ടുള്ള ഒരു ഗായകന്‍ ചലച്ചിത്ര രംഗത്ത് വേറെയില്ല. എംജിആര്‍ ചിത്രത്തില്‍ പാടി തുടങ്ങിയ പാടുമ്പോത് നാന്‍ തെന്‍ട്രല്‍ മുതല്‍ പൊട്ടുവെത്ത മുഖമോ, ആയിരം നിനവ് ആയിരം കനവ്, നീലവാന ചോലയില്‍, ഒരുവന്‍ ഒരുവന്‍ മുതലാളി, എന്ന ശബ്ദം ഇന്തനേരം, ഇളയനിലാ, കണ്‍മണി കണ്ണാലൊരു, മലരെ മൗനമാ, അഞ്ജലി അഞ്ജലി, ഓപ്രിയേ പ്രിയേ, നിലാവേ വാ, ഊഴിയിലെ ആടവന്ത തുടങ്ങി എത്രയെത്ര ഗാനങ്ങള്‍. മണ്ണില്‍ ഇന്ത കാതല്‍ എന്ന ഗാനാലാപനത്തില്‍ അദ്ദേഹം ശ്വാസഗതിയില്‍ കാട്ടുന്ന അത്ഭുതം അതിശയത്തോടെയാണ് തിയേറ്ററില്‍ കാണികള്‍ കണ്ടതും കേട്ടതും. എല്‍ ആര്‍ ഈശ്വരിയില്‍ തുടങ്ങി യുഗഗായികമാരായ പി സുശീല, ലതാമങ്കേഷ്കര്‍, എസ് ജാനകി, വാണിജയറാം എന്നിവര്‍ക്കൊപ്പവും ചിത്ര, സുജാത, ശ്വേതാമോഹന്‍ വരെയുള്ള ഇപ്പോഴത്തെ ഗായികമാര്‍ക്കൊപ്പവും എത്രയെത്ര മധുര യുഗ്‌മഗാനങ്ങളാണ് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത്.

സംഗീത സംവിധായകന്‍,നടന്‍,നിര്‍മ്മാതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം മികവ് കാട്ടിയ എസ്‌പിബി ചലച്ചിത്ര സംഗീത ലോകത്തിന് ഏറ്റവും വലിയ സംഭാവന നല്കിയിരിക്കുന്നത് ശങ്കരാഭരണം എന്ന സിനിമയിലൂടെയാണ്. 1980 ല്‍ പുറത്തുവന്ന ഈ ചിത്രമാണ് എസ് പി ബാലസുബ്രഹ്മണ്യം എന്ന ഗായകനെ അനിഷേധ്യനാക്കിയത്. കെ വിശ്വനാഥന്‍ സംഗീത പശ്ചാത്തലത്തില്‍ ശാസ്ത്രീയ സംഗീതത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ട് ശങ്കരാഭരണം സംവിധാനം ചെയ്യുമ്പോള്‍ ബാലസുബ്രഹ്മണ്യത്തെ പോലെ ശാസ്ത്രീയസംഗീതാടിത്തറയില്ലാത്ത ഗായകനെ നിശ്ചയിച്ചതില്‍ അന്ന് പലരും അത്ഭുതം കൂറിയിരുന്നു. സ്വാഭാവികമായും ബാലമുരളികൃഷ്ണയ്ക്കോ യേശുദാസിനോ നല്കേണ്ട അവസരം ചിത്രത്തിന്റെ സംഗീത സംവിധായകന്‍ വിഖ്യാതനായ കെ വി മഹാദേവനും അസിസ്റ്റന്റ് പുകഴേന്തി എന്ന വേലപ്പന്‍ നായരും എസ്‌പിബിക്കാണ് നല്‍കിയത്. ശാസ്ത്രീയ സംഗീതാടിത്തറയില്ലാത്ത എസ്‌പിബി തുടക്കക്കാരന്റെ ഔത്സുക്യത്തോടെയും പുതുമയോടെയും ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ ശാസ്ത്രീയ സംഗീതാവഗാഹമില്ലാത്ത ഭൂരിപക്ഷം സംഗീതാസ്വാദകരും ചിത്രത്തെയും ഗാനത്തെയും ഏറ്റെടുത്തത് ചരിത്രം. ‘ശങ്കരാ നാദശരീരാപരാ… എന്നു തുടങ്ങുന്ന ഗാനം മുതല്‍ അതിലെ എല്ലാ ഗാനങ്ങളും സാധാരണക്കാരന്റെ ഹൃദയത്തില്‍ കര്‍ണാടക സംഗീതത്തിന്റെ ഉണര്‍ത്തുപാട്ടായി നിറയുകയായിരുന്നു. ‘നൂറ് വര്‍ഷം കൊണ്ട് മദ്രാസ് മ്യൂസിക് അക്കാദമിക്ക് സാധിക്കാത്തത് ഒരൊറ്റ സിനിമകൊണ്ട് എസ്‌പിബിക്കും വിശ്വനാഥനും കഴി‍ഞ്ഞു’ എന്നായിരുന്നു വിശ്രുത സംഗീതജ്ഞന്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ അഭിപ്രായപ്പെട്ടത്.

എസ്‌ പി ബാലസുബ്രഹ്മണ്യം ശാസ്ത്രീയ സംഗീതം ആഴത്തില്‍ പഠിച്ചിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അതുല്യരും അനുഗ്രഹീത പ്രതിഭകളുമായ മുഹമ്മദ് റാഫിയും പി സുശീലയും ശുദ്ധസംഗീതത്തില്‍ മാത്രം മുഴുകിയിരുന്നെങ്കില്‍ ശതകോടി സാമാന്യ ജനത്തിന് നിത്യജീവിത തിരക്കുകള്‍ക്കിടയില്‍ സാന്ത്വനമായെത്തുന്ന ലളിത സംഗീതത്തിന്റെ ഭാവാര്‍ദ്രതീവ്രത അറിയാന്‍ കഴിയില്ലായിരുന്നു. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിയോഗവും ജനകീയ സംഗീതത്തിലൂടെ ഇളം തെന്നല്‍ പോലെ ആസേതുഹിമാലയത്തെ തഴുകാനായിരുന്നു. നമോവാകം.