Monday
22 Apr 2019

വെളുക്കാന്‍ തേച്ചത് പാണ്ടായി

By: Web Desk | Tuesday 6 November 2018 10:35 PM IST


P S Sreedharan Pillai

karyavicharam

‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്നൊരു ചൊല്ലുണ്ട്. അതുപോലെയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ കോഴിക്കോട് പ്രസംഗം. ആരു ചോദിച്ചാലും നിയമോപദേശം കൊടുക്കുന്നയാളാണത്രെ ശ്രീധരന്‍പിള്ള. ശബരിമലയിലെ തന്ത്രിക്കും ഉപദേശം കൊടുക്കും. സിപിഎമ്മുകാര്‍ക്ക് ഉപദേശം നല്‍കാന്‍ ഒരു മടിയുമില്ല. ശബരിമല തന്ത്രി തന്നെ തള്ളിപ്പറഞ്ഞ ഉപദേശമാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. ശ്രീധരന്‍പിള്ള ഒരു നിയമജ്ഞനാണ്. പേരുകേട്ട വക്കീലാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഉപദേശങ്ങള്‍ അദ്ദേഹം നിയമപരമായ അജ്ഞത നടിക്കുകയാണോ എന്ന സംശയം ജനിപ്പിക്കുന്നു. സുപ്രിംകോടതി വിധി ലംഘിച്ചാല്‍ ആയിരങ്ങള്‍ ഇറങ്ങി തന്ത്രിയെ സംരക്ഷിക്കുമെന്ന വിടുവാക്കാണ് ശ്രീധരന്‍പിള്ള തട്ടിവിടുന്നത്. അദ്ദേഹം നടത്തുന്ന കണ്ടുപിടിത്തങ്ങള്‍ വായിച്ച് ചിരിക്കാതിരിക്കാന്‍ കഴിയില്ല. ശബരിമല യുവതീപ്രവേശനമാണ് വിഷയം. കോടതി ശബരിമലയില്‍ ഏതു പ്രായത്തിലും പെട്ട സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് തടസമില്ല എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇതാവട്ടെ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ്.
വിധിയെ ആദ്യം സ്വാഗതം ചെയ്തത് ബിജെപിയുടെ കേന്ദ്രനേതൃത്വമാണ്. അന്നും ഇന്നും ആര്‍എസ്എസ് നേതൃത്വം സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍, ശ്രീധരന്‍പിള്ളയും കൂട്ടരും മലക്കംമറിഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചില സീറ്റുകളില്‍ ജയിക്കണം. അതിന് സ്ത്രീകളെ തെരുവിലിറക്കി തല്ലുകൊള്ളിക്കുകയോ രക്തസാക്ഷികളെ സൃഷ്ടിക്കുകയോ വേണം. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഈ സന്ദേശവുമായിട്ടാണ് കേരളത്തിലെത്തിയത്. മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആചാര സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയത്.

പ്രശ്‌നത്തിന് വേണ്ടത്ര വര്‍ഗീയ മസാല ചേര്‍ന്നിട്ടില്ല എന്ന് കണ്ടതുകൊണ്ടാണ് ബിജെപി വക്കീല്‍ പതിനെട്ടാം പടിക്ക് താഴെ സ്ത്രീകളെ എത്തിച്ചത് എസ്ഡിപിഐക്കാരായ പൊലീസുകാരാണെന്നു കണ്ടെത്തിയത്. ഈ കണ്ടുപിടുത്തത്തിന് അങ്ങേര്‍ക്ക് നൊബേല്‍ സമ്മാനം കൊടുക്കും, തീര്‍ച്ച.
എന്തെങ്കിലുമൊക്കെ കേരളത്തില്‍ നിന്നും കിട്ടുമെന്ന് കരുതുന്ന ആത്മവിശ്വാസം നല്ലതാണ്. കോണ്‍ഗ്രസുകാരുടെ പിന്തുണയാല്‍ ഒ രാജഗോപാലിനെ ജയിപ്പിച്ചെടുത്ത തന്ത്രം പയറ്റാമെന്ന് സംഘികള്‍ കരുതുന്നതില്‍ തെറ്റില്ല. വിശേഷിച്ചും കേരളത്തില്‍ ബിജെപിയുമായി ചില ഒത്തുതീര്‍പ്പൊക്കെ ആവാമെന്ന് കരുതുന്ന കോണ്‍ഗ്രസുകാര്‍ ഉണ്ടാവും. ഉമ്മന്‍ചാണ്ടിയെ നാടുകടത്തുകയും പലതും കൈപ്പിടിയിലൊതുക്കുകയും ചെയ്തയാള്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അതിനു സാധ്യത കൂടും.
എണ്‍പതുകൊല്ലം മുമ്പ് ‘അവര്‍ണ’രുടെ ക്ഷേത്രപ്രവേശനത്തിനെതിരെ യാഥാസ്ഥിതികര്‍ ഉയര്‍ത്തിയ വാദങ്ങളാണ് കേരളത്തില്‍ ശബരിമല വിഷയത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഇന്ന് ഉയര്‍ത്തുന്നത്. മുപ്പതുകളില്‍ ഈ വാദങ്ങള്‍ക്ക് ശക്തമായി മറുപടി നല്‍കിയത് പിന്നീട് കോണ്‍ഗ്രസ് നേതാക്കളായി മാറിയവരായിരുന്നു എന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.

1934ല്‍ പ്രസിദ്ധീകരിച്ച ക്ഷേത്രപ്രവേശന കമ്മിറ്റി റിപ്പോര്‍ട്ട് ഈ ചരിത്രവസ്തുതയുടെ ഉജ്ജ്വല സാക്ഷ്യമാകുന്നു. 1932ല്‍ ക്ഷേത്രപ്രവേശനത്തെപറ്റി പഠിക്കാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ നിയോഗിച്ച കമ്മിറ്റി മുമ്പാകെയാണ് യാഥാസ്ഥിതികരായ മതവാദികള്‍ കേരളത്തില്‍ ഇന്ന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. അന്ന് ഈ വാദങ്ങള്‍ക്ക് ഏറ്റവും ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത് സി പി നിയമിച്ച കമ്മിറ്റിയില്‍ അംഗമായിരുന്ന ചങ്ങനാശേരി പരമേശ്വരന്‍ പിള്ളയായിരുന്നുവെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളുന്ന ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.
തിരുവിതാംകൂറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യഘടകം രൂപംകൊണ്ടപ്പോള്‍ അതിന്റെ പ്രസിഡന്റായിരുന്നു ചങ്ങനാശേരി പരമേശ്വരന്‍ പിള്ള. എന്‍എസ്എസിന്റെ സ്ഥാപക നേതാവായിരുന്ന അദ്ദേഹം എന്‍എസ്എസിന്റെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു. സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷ്ഠയുടെ ചൈതന്യവും ആചാരത്തിന്റെ പ്രാമാണ്യവും പറഞ്ഞ് കോണ്‍ഗ്രസിന്റെയും എന്‍എസ്എസിന്റെയും നേതാക്കള്‍ ഇന്ന് ഉയര്‍ത്തുന്ന എല്ലാ വാദങ്ങളെയും ഖണ്ഡിക്കുകയാണ് പരമേശ്വരന്‍പിള്ളയും ഒപ്പം നിന്ന എം ഗോവിന്ദനും ചെയ്തത്. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയും തിരുവിതാംകൂറിലെ ഈഴവരില്‍ ആദ്യത്തെ നിയമബിരുദധാരിയും പ്രഥമ മുന്‍സിഫും ആയിരുന്നു ഗോവിന്ദന്‍. എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
2018 ഒക്‌ടോബര്‍ 24ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു: ”കോടതിക്കോ സര്‍ക്കാരിനോ മാറ്റാന്‍ പറ്റുന്ന ആചാരങ്ങളല്ല ശബരിമലയിലേത്. ആചാരാനുഷ്ഠാനങ്ങളുടെ അവസാനവാക്ക് തന്ത്രിയാണ്.”

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരുവിതാംകൂര്‍ ഘടകം ആദ്യ പ്രസിഡന്റ് ചങ്ങനാശേരി പരമേശ്വരന്‍ പിള്ള 1934 ഏപ്രില്‍ 21ന് പറഞ്ഞു. ‘നിയമനിര്‍മാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങള്‍ വെറും സര്‍ക്കാര്‍ ഉത്തരവിലൂടെ നീക്കം ചെയ്ത നാടാണ് തിരുവിതാംകൂര്‍. ക്ഷേത്രങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങളെയും വരുമാനത്തെയും ഹനിക്കും എന്ന് തന്ത്രിമാരും മറ്റും ഭയക്കുന്നുണ്ടാകാം. അവരുടെ എതിര്‍പ്പിനു പിന്നില്‍ ഇതാകാം കാരണം.” ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിക്കൊപ്പം നിന്ന് സമരം നയിക്കുന്ന രമേശ് ചെന്നിത്തല ഈ വാക്കുകള്‍ ഓര്‍ക്കുക.
ക്ഷേത്രങ്ങളിലെ മൃഗബലി നിര്‍ത്തല്‍ ചെയ്യാനും ചേര്‍ത്തലയിലെ പൂരപ്പാട്ട് നിര്‍ത്താനും ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാനും ചക്കാല നായര്‍ വിഭാഗത്തെ ക്ഷേത്രത്തില്‍ കയറ്റാനും പൊതുറോഡുകളില്‍ എല്ലാവര്‍ക്കും സഞ്ചാരാനുമതി നല്‍കാനും സര്‍ക്കാര്‍ ഉത്തരവുകളേ വേണ്ടിവന്നുള്ളു. പലവട്ടം സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടായി. ഈ തീരുമാനങ്ങള്‍ എടുക്കാന്‍ ഒരു ഹിന്ദുമതപരിഷത്തിന്റെയും അനുമതി തേടിയിട്ടില്ല.
ദൈവത്തിന്റെ സ്വന്തം സൃഷ്ടികള്‍ കാണാന്‍ എത്തിയാല്‍ ദൈവത്തിന്റെ ചൈതന്യം നഷ്ടപ്പെടുമെന്നുള്ള വാദം അസംബന്ധമാണ്. കൂടുതല്‍പേര്‍ ആരാധിക്കാനെത്തിയാല്‍ പ്രതിഷ്ഠയിലെ ദൈവസാന്നിധ്യത്തിന് തിളക്കമേറുകയേയുള്ളു.
‘എന്തുള്ളു ഭേദമിതുകളില്‍പാര്‍ക്കുന്ന ജന്തുക്കള്‍ താനും സഹജരല്ലോ
അന്തണനെച്ചമച്ചുള്ളൊരുകൈയല്ലോ
ഹന്ത! നിര്‍മിച്ചു ചെറുമനേയും’ എന്നു തുടങ്ങുന്ന കുമാരനാശാന്റെ ദുരവസ്ഥയിലെ വരികള്‍ ഓര്‍ക്കുക.
നാമജപ രാഷ്ട്രീയത്തില്‍ പ്രതീക്ഷിച്ച വിജയം കൊയ്യാന്‍ ബിജെപിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഓരോ ദിവസവും നേതാക്കളുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം ഒരു ബലിദാനിയെ ഉണ്ടാക്കി ഹര്‍ത്താല്‍ ആഘോഷിച്ചതോടെ അണികള്‍ക്കുപോലും നേതാക്കളില്‍ വിശ്വാസം നഷ്ടപ്പെടുകയാണ്. രാഷ്ട്രീയ നേട്ടത്തിന് തങ്ങളെ കരുവാക്കുന്നതാണെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നിടത്ത് ഈ തിരി അണയും.
എല്ലാവരും ആദരിക്കുന്ന ക്ഷേത്രമാണ് ശബരിമല. മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാത്ത സ്ഥാനം. പതിനെട്ടാം പടിക്ക് താഴെവരെ നാനാജാതിമതസ്ഥര്‍ ചെറുതും വലുതുമായ കച്ചവടം ചെയ്യുന്ന സ്ഥലം. മതസൗഹാര്‍ദം വേണ്ടുവോളമുള്ള ദേവസ്ഥാനം. വര്‍ഗീയ വിഷം ചീറ്റിച്ച് അത് മലിനമാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്ത്രീകള്‍ തിരിച്ചറിയണം. ലൗകിക ജീവിതത്തിലല്ല, ആത്മീയ ചൈതന്യത്തിലാണ് വിശ്വാസം ഉറയ്ക്കുന്നത്. അതാണ് നാം മനസിലാക്കേണ്ട സത്യമായ കാഴ്ചപ്പാട്.