Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
രമേശ് ബാബു

മാറ്റൊലി

July 15, 2021, 5:15 am

‘അയാള്‍ ഇന്നലെയാണ് മരിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’

Janayugom Online

“ഞങ്ങള്‍ മരിച്ചുകഴിയുമ്പോഴും ഞങ്ങള്‍ക്കുള്ളില്‍ ദേശസ്നേഹം ബാക്കിയാകും. എന്റെ മൃതദേഹംപോലും എന്റെ മാതൃഭൂമിയുടെ സൗരഭ്യം പ്രസരിപ്പിക്കും”. കൊലമരത്തിലേക്ക് നടക്കുമ്പോള്‍ ഭഗത്‌സിങ് മൂളിയ ഈരടികളാണിത്. ഒപ്പം വധശിക്ഷ വിധിക്കപ്പെട്ട രാജ്ഗുരുവും സുഖ്ദേവും അതേറ്റുചൊല്ലി. കൊലക്കയറില്‍ തൂങ്ങിയാടിയ ആ ശരീരങ്ങള്‍ അധികൃതര്‍ കഴുമരത്തില്‍ നിന്ന് തിടുക്കത്തില്‍ അഴിച്ചിറക്കി. പിന്നെ മൃതദേഹങ്ങള്‍ കഷണങ്ങളായി വെട്ടിമുറിച്ചു. അവ ചാക്കില്‍ കെട്ടി രഹസ്യമായി ഒരു ട്രക്കിലേക്ക് വലിച്ചെറിഞ്ഞു. സത്‌ലജ് നദിയുടെ തീരത്ത് പുലര്‍വെട്ടം വിഴുംമുമ്പേ മാംസക്കെട്ടുകള്‍ കത്തിച്ചുകളഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വിപ്ലവനക്ഷത്രങ്ങളുടെ അന്ത്യം ഇങ്ങനെയായിരുന്നു. 1931ല്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് ആ നീതിനിഷേധം നടത്തിയതും കൊല നടപ്പാക്കിയതും. 90 വര്‍ഷം കഴിഞ്ഞിട്ടും ഭഗത്‌സിങ് ഉജ്ജ്വല സ്മരണയായി ഇന്നും നിലകൊള്ളുന്നു.

ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്ന് കേളികൊ‍ട്ടുമ്പോഴും ഭരണകൂട ഭീകരതകള്‍ക്ക് ഒരു അന്ത്യവുമില്ലെന്ന് ഏറ്റവുമൊടുവില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണവും വിരല്‍ചൂണ്ടുന്നു. കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലമായി ഭൂമിഅവകാശ, വനാവകാശ മുന്നണി പോരാളിയായ സ്റ്റാന്‍ സ്വാമി, ദളിത് ആദിവാസി വര്‍ഗങ്ങള്‍ക്കെതിരെ സര്‍ക്കാരുകള്‍ നടത്തിവരുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ പോരാടുകയായിരുന്നു. ജെസ്യൂട്ട് പാതിരിയായ അദ്ദേഹത്തിന് ആത്മീയതയും പൊതുപ്രവര്‍ത്തനവും വ്യത്യസ്തമായിരുന്നില്ല. ക്രിസ്തുവിന്റെ വഴി പോരാട്ടത്തിന്റെ വഴിയല്ലാതെ മറ്റൊന്നുമല്ലയെന്ന് സ്റ്റാന്‍സ്വാമി തിരിച്ചറിഞ്ഞിരുന്നു. ഈ വന്ദ്യവയോധികന്‍ ചെയ്ത തെറ്റെന്താണ്?
കോര്‍പ്പറേറ്റുകളുടെ കഴുത്തറപ്പന്‍ ചൂഷണത്തിനെതിരെയും ഝാര്‍ഖണ്ഡിലെ ഖനന മാഫിയകളുടെയും പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ശബ്ദിച്ചു.

ആദിവാസി യുവാക്കളെ ഒന്നടങ്കം മാവോവാദികളെന്ന് മുദ്രകുത്തിയപ്പോള്‍ ഭരണകൂടത്തിന്റെ കള്ളത്തരങ്ങളെ പുറത്തുകൊണ്ടുവരാന്‍ നീതിയുടെ ഉദ്ഘോഷകനായി ജയിലുകള്‍ കയറി യിറങ്ങി, നിരപരാധികളുടെ പേരുവിവരങ്ങള്‍ പൊതുസമൂഹത്തിനും ജയിലധികാരികള്‍ക്കും മനുഷ്യാവകാശ കമ്മിഷനുകള്‍ക്കും കോടതികള്‍ക്കും മുന്നിലെത്തിച്ചു. അത് നിരവധിപേര്‍ക്ക് ജീവിതം തിരിച്ചുകിട്ടാനും ഇടയാക്കി. ഈ ‘തെറ്റുകൾ’ ചെയ്തതിനാല്‍ സ്റ്റാന്‍സ്വാമി കോര്‍പ്പറേറ്റുകളുടെ കണ്ണില്‍ കരടായി. കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടത്തിന്റെ ശത്രുവുമായി. അവര്‍ അദ്ദേഹത്തെ നിശബ്ദനാക്കാന്‍ അവസരം കാത്തിരുന്നു.

ഒടുവില്‍ ഭീമ കൊറേഗാവ്, എല്‍ഗാര്‍ പരിഷത്ത് കേസിലാണ് സ്റ്റാന്‍സ്വാമിയെ പൊലീസ് പ്രതിചേര്‍ക്കുന്നത്. ഭീമ കൊറെഗാവ്‍ ജീവിതത്തില്‍ ഒരിക്കലും സന്ദര്‍ശിക്കാത്ത ആളാണ് സ്റ്റാന്‍സ്വാമി. തടവിലായിരുന്ന ഒമ്പതു മാസക്കാലവും അദ്ദേഹത്തെ ഈ കേസില്‍ ഒരിക്കല്‍പോലും ചോദ്യം ചെയ്തിട്ടില്ല. എന്നിട്ടും ആ കേസില്‍ ആദ്യം ജീവന്‍ നഷ്ടപ്പെടുന്ന രക്തസാക്ഷിയായി സ്റ്റാന്‍സ്വാമി. 2018 ഓഗസ്റ്റില്‍ പൂനെ പൊലീസ് സ്റ്റാന്‍സ്വാമിയുടെ ഒറ്റമുറി വസതിയില്‍ നിന്ന് കണ്ടെടുത്തത് കുറെ പുസ്തകങ്ങളും ശാസ്ത്രീയ സംഗീതത്തിന്റെ സിഡികളുമാണ്. അവര്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പും മൊബെെല്‍ഫോണും കെെവശപ്പെടുത്തി. 2019ല്‍ നടത്തിയ മറ്റൊരു റെയ്ഡിനെ തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലായി. യുഎപിഎ പോലുള്ള സകല നിയമങ്ങളും ചുമത്തപ്പെട്ടു.

അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ മാവോവാദി ഗൂഢാലോചനയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം. ഈ രേഖകള്‍ തന്റെ കമ്പ്യൂട്ടറില്‍ തിരുകിക്കയറ്റിയതാണെന്ന് സ്റ്റാന്‍സ്വാമി വ്യക്തമാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാദത്തെ ന്യായീകരിക്കുന്നതായിരുന്നു അമേരിക്കയിലെ ആഴ്സനല്‍ കണ്‍സള്‍ട്ടിങ്ങിന്റെയും വാഷിങ്ടണ്‍ പോസ്റ്റിന്റെയും കണ്ടെത്തല്‍. ഭീമകൊറേഗാവ് കേസിലെ പ്രതികളുടെ കമ്പ്യൂട്ടറുകളില്‍ അധികൃതര്‍ രഹസ്യമായി രേഖകള്‍ കയറ്റിയതു തന്നെയെന്നാണ് അമേരിക്കന്‍ വിദഗ്ധര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

84കാരനും വാതരോഗിയുമായ സ്വാമിക്ക് കെെവിറയല്‍ ഉള്ളതിനാല്‍ ഭക്ഷണം കഴിക്കാന്‍ ഒരു സ്പൂണിനും വെള്ളം കുടിക്കാന്‍ ഒരു സ്ട്രോ‌യ്ക്കും വേണ്ടി ജയില്‍ അധികൃതരോട് അപേക്ഷിക്കേണ്ടിവന്നു. 20 ദിവസം കഴിഞ്ഞാണ് എന്‍ഐഎ അധികൃതര്‍ അത് അനുവദിച്ചുനല്കിയത് ! ഭക്ഷണം സ്വയം എടുത്തുകഴിക്കാന്‍പോലുമാകാത്ത ഒരാളുടെ ജാമ്യാപേക്ഷ കൊറോണ കാലമായിട്ടുപോലും നിരന്തരം എതിര്‍ക്കപ്പെടുകയായിരുന്നു. കോവിഡ് ബാധിതനായ അദ്ദേഹം രോഗം മൂര്‍ച്ഛിച്ച് അതിഗുരുതരാവസ്ഥയിലായപ്പോള്‍ ആശുപത്രിയിലേക്കു മാറ്റുന്നതിന് ഹെെക്കോടതി നിര്‍ദ്ദേശിച്ചിട്ടും നടപ്പാക്കാന്‍ പത്തുദിവസമെടുത്തു.

ജാമ്യാപേക്ഷ വളരെ വെെകി പരിഗണിക്കുന്നതിനിടയില്‍ ഇനിയത് പരിഗണിക്കേണ്ടതില്ലെന്നും ജാമ്യത്തിന്റെ ആവശ്യമില്ലാത്തിടത്തേക്ക് സ്റ്റാന്‍സ്വാമി യാത്രയായെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ‘നിങ്ങളുടെ ദയക്ക് കാത്തുനില്‍ക്കാതെ സ്റ്റാന്‍സ്വാമി മോചിതനായിരിക്കുന്നു’ എന്നായിരുന്നു അഭിഭാഷകന്റെ വാക്കുകള്‍. നടുക്കത്തോടെയാണ് ഈ വിവരം അറിയുന്നതെന്നും അനുശോചിക്കാന്‍ വാക്കുകളില്ലെന്നുമാണ് കേസ് പരിഗണിച്ച ബോംബെ ഹെെക്കോടതി സ്റ്റാന്‍സ്വാമിയുടെ മരണവാര്‍ത്ത കേട്ട് പ്രതികരിച്ചത്. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ കോടതികളുടെ നിർദ്ദേശംപോലും അധികാരികള്‍ അവഗണിക്കുന്ന കാഴ്ചയാണ് ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ കസ്റ്റഡിമരണത്തില്‍ വെളിവാകുന്നത്.
സ്റ്റാന്‍സ്വാമിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത മിഡ്‌ഡേ പത്രം വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ട്- അയാള്‍ ഇന്നലെയാണ് മരിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നായിരുന്നു. ഇന്ത്യയിലെ സ്ഥിതിഗതികള്‍ തലക്കെട്ടിനെ അന്വര്‍ത്ഥമാക്കുന്നു. സ്റ്റാന്‍സ്വാമി സമകാലിക ഭാരതത്തില്‍ നടമാടുന്ന നീതിനിഷേധത്തിന്റെ പ്രതീകമായും പരിണമിച്ചിരിക്കുന്നു.

മാറ്റൊലി
“നിശബ്ദനായ കാഴ്ചക്കാരനല്ല, അനീതിയോട് പ്രതികരിക്കുകയും ഭരണകൂടത്തോട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നവരിലൊരുവനാണ് ഞാന്‍’. ‑ഫാദര്‍ സ്റ്റാന്‍സ്വാമി.