Monday
25 Mar 2019

അശ്വത്ഥാമാ ഹതഃ

By: Web Desk | Monday 17 December 2018 10:45 PM IST


k dileep

ഭാരതയുദ്ധം ധര്‍മയുദ്ധമല്ലായിരുന്നു എന്ന് വാദിക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു പ്രധാന സന്ദര്‍ഭമുണ്ട്. ഭീഷ്മരുടെ ശരശയ്യാ പ്രവേശനത്തിനുശേഷം ദ്രോണാചാര്യര്‍ കൗരവപ്പടയുടെ നായകസ്ഥാനം ഏറ്റെടുത്തപ്പോള്‍ തന്നെ ആയുധമെടുത്ത ദ്രോണരെ നേരിടുക എന്നത് അങ്ങേയറ്റം ദുഷ്‌കരമാണെന്ന് മനസിലാക്കിയ കൃഷ്ണന്‍ ദ്രോണരെ ഇല്ലായ്മ ചെയ്യുവാനുള്ള ഉപായങ്ങളാലോചിച്ചു. ബ്രഹ്മാസ്ത്രമടക്കമുള്ള സകല ദിവ്യായുധങ്ങളും കൈവശമുള്ള പാണ്ഡവരുടെയും കൗരവരുടെയും ആചാര്യനെ നേരിടുവാന്‍ കെല്‍പുള്ളത് അര്‍ജുനന് മാത്രമാണെങ്കിലും ദ്രോണരെ പരാജയപ്പെടുത്തുവാന്‍ ശിഷ്യനായ അര്‍ജ്ജുനന് സാധിക്കയില്ല എന്നും കൃഷ്ണന്‍ മുന്‍കൂട്ടികണ്ടു. അങ്ങനെയാണ് അശ്വത്ഥാമാവ് എന്നു പേരുള്ള യുദ്ധക്കളത്തിലെ ഒരാനയെ വധിക്കുവാന്‍ ഭീമസേനനോട് ആവശ്യപ്പെടുന്നത്. ആനയെക്കൊന്ന ഭീമസേനന്‍ യുദ്ധക്കളത്തില്‍ നിന്ന് അശ്വത്ഥാമാവ് വധിക്കപ്പെട്ടുവെന്ന് ആര്‍ത്തട്ടഹസിച്ചു. വിശ്വാസം വരാത്ത ദ്രോണര്‍ ധര്‍മിഷ്ഠനെന്ന പേരുകേട്ട യുധിഷ്ഠിരനോട് ചോദിക്കുന്നു ‘എന്റെ മകന്‍ അശ്വത്ഥാമാവ് മരിച്ചുപോയോ.’ ഈ ചോദ്യത്തിന് യുധിഷ്ഠിരന്‍ നല്‍കിയ മറുപടിയാണ് ഭാരതയുദ്ധത്തിന്റെ ഗതി നിര്‍ണയിച്ചത്. ‘അശ്വത്ഥാമാ ഹത’ എന്ന് ഉച്ചത്തിലും ‘ഇതി നരോവ കുഞ്ജുരോവ’ എന്ന് പിറുപിറുക്കുകയും ചെയ്തു എന്നാണ് പുരാണത്തില്‍ പറയുന്നത്. അതായത് അശ്വത്ഥാമാവ് മരിച്ചു എന്ന് ഉച്ചത്തില്‍ പറഞ്ഞ് ആനയാണോ മനുഷ്യനാണോ എന്നറിയില്ല എന്ന് പിറുപിറുത്തു എന്നര്‍ഥം. പുത്രദുഃഖത്തില്‍ ആയുധമുപേക്ഷിച്ച് ധ്യാനത്തില്‍ മുഴുകിയ ദ്രോണരുടെ ശിരസ് ധൃഷ്ടദ്യുമ്‌നന്‍ ഛേദിക്കുകയും ചെയ്തു.

ഈ ഭാരതകഥയെ അനുസ്മരിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി. റഫാല്‍ കേസിലെ സുപ്രിം കോടതിയുടെ വിധി കേന്ദ്രസര്‍ക്കാരിനു മാത്രമല്ല നരേന്ദ്രമോഡിക്ക് വ്യക്തിപരമായും അങ്ങേയറ്റം നിര്‍ണായകമാണ്. ഈ കേസിലെ ഏറ്റവും പ്രധാനമായ കാര്യം റഫാല്‍ യുദ്ധവിമാനങ്ങളുടെ വില തന്നെയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ച വിലയില്‍ നിന്ന് എത്ര കൂടുതല്‍ തുക നരേന്ദ്രമോഡി സര്‍ക്കാര്‍ നിശ്ചയിച്ചു എന്നതാണ് കാതലായ ചോദ്യം. ഈ ചോദ്യത്തിനുളള മറുപടിയിലാണ് സുപ്രിം കോടതിയുടെ തീരുമാനം പ്രസക്തമാവുന്നതും പൊതുസമൂഹത്തിന്റെ സംശയനിവൃത്തി ഉണ്ടാവുന്നതും. വില വിവരം പാര്‍ലമെന്റില്‍പോലും വെളിപ്പെടുത്താനാവില്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ നിലപാടിന് ഭരണഘടനാപരമായി ഒരു സാധുതയുമില്ല എന്ന വസ്തുത പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത നിലപാട് സ്വീകരിച്ചത്. എന്തൊക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള ഫണ്ടുകള്‍? ഇവ സര്‍ക്കാരിന് തോന്നിയതുപോലെ ഉപയോഗിക്കാമോ? ചെലവാക്കിയ പണത്തിന് ആര്‍ക്കും കണക്ക് നല്‍കേണ്ടേ? ആരെയെങ്കിലും കണക്ക് പരിശോധിക്കാന്‍ ഏല്‍പിച്ചിട്ടുണ്ടോ? ഈ ചെലവുകള്‍ ആരുടെയെങ്കിലും മുമ്പാകെ സമര്‍പ്പിച്ച് അംഗീകാരം വാങ്ങേണ്ടതുണ്ടോ? എന്നതൊക്കെയാണ് പ്രസക്തമായ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായി തന്നെ മറുപടിയുണ്ട് ഇന്ത്യന്‍ ഭരണഘടനയില്‍.
സര്‍ക്കാരിന്റെ കൈവശമുള്ള ഏറ്റവും വലിയ ഫണ്ട് കണ്‍സോളിഡേറ്റഡ് ഫണ്ടാണ്. ഭരണഘടന അനുഛേദം 266 പ്രകാരം നേരിട്ടുള്ളതും അല്ലാത്തതുമായ നികുതി വരുമാനം, കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ലോണുകള്‍, കേന്ദ്ര സര്‍ക്കാരിന് തിരിച്ചുകിട്ടുന്ന ലോണുകളുടെ മുതലും പലിശയും ഇതെല്ലാം ഉള്‍ക്കൊള്ളുന്നതാണ് കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ. സര്‍ക്കാരിന് ഈ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമാണ്. ഇതിനായി രണ്ട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഒന്ന്, ഈ ഫണ്ടില്‍ നിന്നും തുക എടുക്കാനായി അപ്രോപ്രിയേഷന്‍ ബില്‍; രണ്ട്, നികുതികള്‍ പിരിച്ചെടുക്കാനായി ഫിനാന്‍സ് ബില്‍; മൂന്നാമതായി ഒരു വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിക്കുന്ന ആന്വല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്. സര്‍ക്കാരിന്റെ എല്ലാ ധനാഗമമാര്‍ഗങ്ങളും ചെലവുകളും പാര്‍ലമെന്റ് അറിഞ്ഞിരിക്കുകയും അംഗീകരിക്കുകയും വേണമെന്ന് ചുരുക്കം. മറ്റ് രണ്ട് ഫണ്ടുകള്‍ അനുഛേദം 266 ല്‍ തന്നെ പ്രതിപാദിച്ചിരിക്കുന്ന പബ്ലിക് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയും 267 പ്രകാരമുള്ള കണ്ടിജന്‍സി ഫണ്ടുമാണ്. ഇതില്‍ പബ്ലിക് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ എന്ന ശീര്‍ഷകത്തില്‍ വരുന്നത് വിവിധ വകുപ്പുകളുടെ ദൈനംദിന ചെലവിനുള്ള തുക, പൊതുസംരംഭങ്ങള്‍ വിറ്റഴിക്കല്‍ വഴി സമാഹരിക്കുന്ന തുക, നാഷണല്‍ കലാമിറ്റി ഫണ്ട്, ഡിഫന്‍സ് ഫണ്ട്, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവയാണ്. ഇവ ചെലവഴിക്കുമ്പോള്‍ ഓരോ ഇനത്തിനും പ്രത്യേകം അനുമതി പാര്‍ലമെന്റില്‍ നിന്നും ലഭിക്കേണ്ടതില്ല. കാരണം ബജറ്റ് വഴിയോ, വോട്ട് ഓണ്‍ അക്കൗണ്ട് വഴിയോ നേരത്തെതന്നെ ചെലവഴിക്കാന്‍ അനുമതി നേടിയ തുകയാണ് ഈ ഫണ്ടില്‍ ഉള്ളത്. ഉദാഹരണമായി ജീവനക്കാരുടെ ശമ്പളം, ദുരിതാശ്വാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നേരത്തെ നീക്കിവച്ച തുകയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പക്ഷേ ഈ ചെലവുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി (സിഎജി) ന്റെ പരിശോധനക്കുശേഷം റിപ്പോര്‍ട്ടായി പാര്‍ലമെന്റിന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെടും. വിശദമായ ചര്‍ച്ചകള്‍ നടക്കുകയും വീഴ്ചകളില്‍ നടപടിയുണ്ടാവുകയും ചെയ്യും. മൂന്നാമത്തെ ഫണ്ട് കണ്ടിന്‍ജന്‍സി ഫണ്ടാണ്. ഇത് ഇന്ത്യന്‍ പ്രസിഡന്റിന്റെ കൈവശമാണ്. അടിയന്തര ഘട്ടങ്ങളില്‍ പ്രസിഡന്റിന് വിനിയോഗിക്കാം. പാര്‍ലമെന്റിന്റെ അനുമതി വേണ്ട. പക്ഷെ വളരെ അടിയന്തരഘട്ടങ്ങളില്‍ പ്രളയം പോലുള്ള സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഈ ഫണ്ട് ഉപയോഗിക്കാറുളളത്. ഈ ഫണ്ടില്‍ തുകയും വളരെ കുറവാണ്- 500 കോടി മാത്രം.
മേല്‍പറഞ്ഞ ഭരണഘടനാ അനുച്ഛേദങ്ങളനുസരിച്ചുള്ള ഫണ്ടുകള്‍ ഒന്നുംതന്നെ ഒരു സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ തോന്നിയതുപോലെ ചെലവാക്കാന്‍ സാധിക്കുകയില്ല. അതിലുപരി ചെലവാകുന്ന തുകയുടെ കണക്ക് പാര്‍ലമെന്റില്‍ നിന്നും മറച്ചുവയ്ക്കാനുമാവില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി അതീവ ഗൗരവസ്വഭാവം കൈവരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സുപ്രിം കോടതിയുടെ വിധിയിലെ 25-ാം ഖണ്ഡികയില്‍ ‘പിശകുകള്‍’ ഉണ്ടെന്നും അവ തിരുത്തണമെന്നുമാണ് സര്‍ക്കാരിന്റെ ഹര്‍ജി. എന്താണ് പിശകുകള്‍. സുപ്രിം കോടതി വിധിന്യായത്തില്‍ പറഞ്ഞത് ”റഫാല്‍ ഇടപാട് സംബന്ധിച്ച” വിലവിവരം സിഎജിക്ക് നല്‍കിയതാണെന്നും അതുസംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു എന്നും ഈ റിപ്പോര്‍ട്ട് സിഎജി പരിശോധിച്ചു, ഇതിന്റെ സംക്ഷിപ്ത രൂപം പാര്‍ലമെന്റില്‍ സമര്‍പ്പിക്കുകയും പൊതുജനങ്ങള്‍ക്ക് അത് ലഭ്യമാണ് എന്നുമാണ്. അപ്പോള്‍ സുപ്രിം കോടതിക്ക് ഈ വിഷയത്തില്‍ ഒന്നംതന്നെ പറയുവാനില്ല. കാരണം ഭരണഘടനാദത്തമായി സര്‍ക്കാരിന്റെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ അധികാരമുള്ള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിശോധിച്ച് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ട് ആ കമ്മിറ്റിയും പരിശോധിക്കുകയും സംക്ഷിപ്ത രൂപം പാര്‍ലമെന്റില്‍ സമര്‍പ്പിക്കുകയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്തുകഴിഞ്ഞ കാര്യത്തില്‍ കോടതിക്ക് ഇടപെടാനുളള സാധ്യത ഏതുമില്ല. അതിനാല്‍ തന്നെ അന്വേഷണം വേണ്ടെന്ന നിലപാട് സ്വാഭാവികമായും കോടതി കൈക്കൊണ്ടു.

കാര്യങ്ങള്‍ വീണ്ടും വിവാദമായത് പിഎസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ട് തയാറായിക്കൊണ്ടിരിക്കുന്നതേയുള്ളൂവെന്ന് സിഎജി വൃത്തങ്ങളും പറഞ്ഞതോടെയാണ്. അപ്പോള്‍ ഏതാണ് പിഎസിക്ക് കിട്ടിയ സിഎജിയുടെ റിപ്പോര്‍ട്ട്. ഈ ഘട്ടത്തിലാണ് എട്ട് പേജുള്ള തിരുത്തല്‍ ഹര്‍ജിയുമായി പ്രതിരോധ മന്ത്രാലയം സുപ്രിം കോടതിയെ സമീപിക്കുന്നത്. മുദ്രവച്ച കവറില്‍ കോടതിക്ക് നല്‍കിയ വിവരങ്ങളില്‍ റഫാല്‍ വിമാനങ്ങളുടെ വില സംബന്ധിച്ച് സിഎജിക്ക് വിവരം നല്‍കി എന്നും അത് സിഎജി പരിശോധിച്ച് പിഎസിക്ക് കൈമാറുകയാണ് പതിവെന്നുമാണ് പറഞ്ഞത് എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. പ്രസ്തുത കുറിപ്പ് തെറ്റിദ്ധരിച്ചാണത്രേ മൂന്ന് ജഡ്ജിമാരുള്‍പ്പെട്ടെ സുപ്രിം കോടതി ബെഞ്ച് വിവരങ്ങള്‍ നല്‍കി എന്ന് മനസിലാക്കിയത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
സിഎജിയുടെ റിപ്പോര്‍ട്ട് നല്‍കുന്ന നടപടിക്രമങ്ങളെക്കുറിച്ചാണത്രേ വിശദമായി പറഞ്ഞത്. അതായത് വിലവിവരങ്ങള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് കൈമാറി എന്ന് ഉച്ചത്തിലും ബാക്കിയെല്ലാം ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും.
ഭാവികാലത്തെക്കുറിച്ചുള്ള മോഡി സര്‍ക്കാരിന്റെ ആകുലതയില്‍ നിന്നുതന്നെയാണ് ഈ വ്യാകരണപ്പിശകുകള്‍ സംഭവിക്കുന്നത് എന്നറിയാന്‍ മഹാഭാരതം യുദ്ധപര്‍വത്തിലെ ഉദാഹരണം ധാരാളം മതിയാവും.