രമേശ് ബാബു

മാറ്റൊലി

January 01, 2021, 3:17 am

പരേതരുടെ കുഴിമാടവും ജീവിക്കുന്നവരുടെ ഹൃദയവും

Janayugom Online

“മൃഗങ്ങളോട് ചോദിക്ക, അവ നിന്നെ ഉപദേശിക്കും, ആകാശത്തിലെ പക്ഷികളോട് ചോദിക്ക അവ പറഞ്ഞുതരും. അല്ല, ഭൂമിയോട് സംഭാഷിക്ക അതു നിന്നെ ഉപദേശിക്കും. സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും (ജോബ് 12: 7–8).
നിത്യേന വേദപുസ്തക വാക്യങ്ങള്‍ ഉരുവിടുകയും കര്‍ത്താവിങ്കല്‍ സ്വയം സമര്‍പ്പിച്ച് തിരുവസ്ത്രമണിഞ്ഞ് സത്യത്തിന്റെ വഴിയില്‍ കുഞ്ഞാടുകള്‍ക്ക് മാതൃകയായി ജീവിതം നയിക്കുന്നുവെന്നും വിശ്വാസികള്‍ കരുതുന്ന, പുരോഹിത വര്‍ഗത്തിലെ ചിലർ തിരുവചനങ്ങള്‍ ഉള്‍ക്കൊള്ളാതെ ഒന്നും സ്വാംശീകരിക്കാതെ ഇഹലോക ജീവിതത്തിന്റെ പ്രലോഭനങ്ങളില്‍ അഭിരമിക്കുന്ന ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ മാത്രമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് അഭയ കേസിന്റെ വിധിപ്രസ്താവത്തിലൂടെ. നിത്യജീവിതത്തിന്റെ സങ്കീര്‍ണതകളിലൂടെയും അര്‍ത്ഥശൂന്യതകളിലൂടെയും കടന്നുപോകുന്ന സാമാന്യജനം സ്വസ്ഥതയും സമാധാനവും തേടിയും ആത്മീയാര്‍ത്ഥങ്ങള്‍ ആരാഞ്ഞുമാണ് ഇടയന്മാരെ തേടുന്നത്. വഴികാട്ടികളുടെ ആലയങ്ങള്‍ അഴിഞ്ഞാട്ട കേന്ദ്രങ്ങള്‍ മാത്രമാണെന്ന് കാലം തെളിയിക്കുമ്പോഴും ചിന്താമൗഢ്യത്തോടെ ആശയറ്റ വിശ്വാസികള്‍ ആലംബം തിരയുമ്പോള്‍ ആലയങ്ങള്‍ അന്ധമായ വിശ്വാസത്തില്‍ കെട്ടിപ്പടുത്ത വെറും ആത്മീയ കച്ചവട കേന്ദ്രങ്ങള്‍ മാത്രമായി മാറുന്നു.

മതംകൊണ്ട് ജീവിക്കുന്ന ലോകത്തെ എല്ലാ പൗരോഹിത്യ‑ആള്‍ദൈവ വര്‍ഗത്തിന്റെയും മൂലധനം വഴികാട്ടിയെ തേടുന്ന നിരാശ്രയന്റെ നിശ്ചയമില്ലാത്ത മനസുകളാണ്. ഈ മനസുകള്‍ നിര്‍ലോപം ചൊരിയുന്ന ധനവും ഊര്‍ജ്ജവും ധൂര്‍ത്തടിച്ച് ധാരാളിത്തത്തോടെ ജീവിക്കുന്ന പൗരോഹിത്യത്തിന് ഇരട്ടമുഖം വന്നില്ലെങ്കിലേ അത്ഭുതമുള്ളു. പക്ഷേ, പ്രപഞ്ചത്തിന്റെ നിലനില്പ് നിയതമായ സത്യത്തില്‍ അധിഷ്ഠിതമാകയാല്‍ അത് ഏത് തോലിട്ട് മറച്ചാലും ഒരിക്കല്‍ വെളിപ്പെടുകതന്നെ ചെയ്യും.
‘ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്‍ക’- (സങ്കീര്‍ത്തനം 34 : 13).
ഉപവാസങ്ങളും ധ്യാനവും പ്രാര്‍ത്ഥനകളും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മാത്രമാകുമ്പോഴും സ്വന്തം ആന്തരിക ശുദ്ധീകരണത്തിന് വിനിയോഗിക്കപ്പെടാതിരിക്കുമ്പോഴാണ് ഫാദര്‍ തോമസ് കോട്ടൂരുമാരും സിസ്റ്റര്‍ സെഫിമാരും സ്വയം വെളിപ്പെട്ടുപോകുന്നത്. നീണ്ട 28 വര്‍ഷം വേണ്ടിവന്നു വെളിപ്പെടലിന് എന്നുമാത്രം.

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഫാ. താമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും വിധിച്ച സിബിഐ കോടതി നിരീക്ഷിച്ചത് പ്രതികള്‍ രക്ഷപ്പെടാനാവുമെന്ന വിശ്വാസം അവസാനം വരെ വച്ചുപുലര്‍ത്തിയിരുന്നുവെന്നാണ്. അവര്‍ അങ്ങനെ വിശ്വസിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. കാരണം അവര്‍ പ്രതിനിധീകരിക്കുന്ന ആത്മീയ കച്ചവട സ്ഥാപനത്തിന് അത്രയ്ക്ക് ആളും അര്‍ത്ഥവും സ്വാധീനവുമുണ്ടെന്ന് കഴിഞ്ഞ 28 വര്‍ഷമായി തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലങ്ങളടങ്ങിയ, വര്‍ക്ക് രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയിരുന്ന ചെറിയാന്‍ വര്‍ഗീസ് 2011 മെയ് 31ന് കണ്ടെത്തിയിരുന്നു. മുന്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍ ഗീത, ജോയിന്റ് കെമിക്കല്‍ എക്സാമിനര്‍ എം ചിത്ര എന്നിവര്‍ ഗൂഢോദ്ദേശ്യത്തോടെയാണ് തിരുത്തലുകള്‍ വരുത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കേസ് അന്വേഷണത്തിനിടെ തെളിവുകള്‍ നശിപ്പിച്ചതിന് അന്നത്തെ എസ്‌‌പി കെ ടി മൈക്കിളിനെതിരെ നടപടിയെടുക്കാനും സംസ്ഥാന പൊലീസ് മേധാവിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയ ഉള്‍പ്പെടുന്ന സഭയ്ക്കും കൊലപാതകികളായി ശിക്ഷിക്കപ്പെട്ടിരിക്കുന്നവര്‍ക്കും അവരെ സംരക്ഷിക്കുന്ന സഭാ നേതൃത്വത്തിനും അനുകൂലമായി പ്രവര്‍ത്തിച്ച കര്‍ണാടക മുന്‍ ചീഫ് ജസ്റ്റിസ് സിറിയക് ജോസഫിന്റെ നടപടികളും കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു. അഭയ കേസിലെ നാര്‍കോ ടേപ്പുകള്‍ ബംഗളൂരുവിലെ ഫൊറന്‍സിക് ലാബില്‍ ചെന്ന് സിറിയക് ജോസഫ് പരിശോധിച്ചിരുന്നു. മാത്രമല്ല, താന്‍ വഹിക്കുന്ന പദവിയേക്കാള്‍ വിലമതിക്കുന്നത് തന്റെ സമുദായത്തെയും സമുദായ നേതാക്കളെയുമാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയത്. ചെകുത്താന്‍ ഗ്രസിച്ച മനസോടെ ഉന്നത ന്യായാധിപനും പൊലീസ് ഉദ്യോഗസ്ഥരും മതമേലാളന്മാരും മറ്റ് പ്രതിലോമ ശക്തികളും പ്രവര്‍ത്തിച്ചപ്പോള്‍ സത്യം ഊര്‍ജ്ജപ്രവാഹത്തോടെ അതിന്റെ കരുക്കളെയും അണിനിരത്തുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, വിശുദ്ധ കള്ളൻ അടയ്ക്കാ രാജു, സിബിഐ മുന്‍ ഡിവൈഎസ്‌പി വര്‍ഗീസ് പി തോമസ്, സിബിഐ കോടതി ജഡ്ജി കെ സനില്‍കുമാര്‍ തുടങ്ങിയവരെ സത്യവും വഴിനടത്തുകയായിരുന്നു.

ഐപിസി സെക്ഷന്‍ 302 പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിച്ചാല്‍ അപ്പീല്‍ നല്‍കിയാലും ശിക്ഷ സസ്പെന്‍ഡ് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ അഭിപ്രായപ്പെട്ടിരിക്കുന്നതായി കണ്ടു. കാശും സ്വാധീനവുമായി അപ്പീല്‍ പോയാലും പ്രതികള്‍ക്ക് ദീര്‍ഘനാള്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്നത് ധര്‍മ്മബോധമുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. അതിരൂപതയും അനുബന്ധ സ്ഥാപനങ്ങളും അവര്‍ക്ക് സ്വാധീനമുള്ള ന്യായാധിപന്മാരും അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും സഭാ അനുകൂല മാധ്യമങ്ങളും ഒക്കെ ചേര്‍ന്നുനടത്തിയ സംഘടിതമായ അട്ടിമറികളെയെല്ലാം അതിജീവിച്ചാണ് അഭയ കേസില്‍ 28 വര്‍ഷത്തിന് ശേഷം നീതി നടപ്പിലായിരിക്കുന്നത്. എന്നാല്‍ ഒരു അഭയ കേസില്‍ അവസാനിക്കുന്നില്ല നീതിക്കായുള്ള പോരാട്ടങ്ങളും പ്രതീക്ഷകളും. മാടത്തരുവി മുതല്‍ നീളുന്ന ചരിത്രമാണ് പുരോഹിതര്‍ മുഖ്യ പ്രതിസ്ഥാനത്തുള്ള കൊലക്കേസുകള്‍ക്കുള്ളത്. 1966 ലെ മാടത്തരുവി കൊലക്കേസ് ഒരു ക്രൈസ്തവ പുരോഹിതന്‍ പ്രതിയായ ആദ്യ കേസായിരുന്നു. 1985ല്‍ കോട്ടയം കുറിച്ചി ഹോമിയോ കോളജിലെ വിദ്യാര്‍ത്ഥിനി 17 കാരിയായ ജോളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി രവിയച്ചനായിരുന്നു. 1986 കൊല്ലം കുണ്ടറയില്‍ മേരിക്കുട്ടി കൊലപാതകത്തില്‍ ഫാ. ആന്റണി ലാസറായിരുന്നു മുഖ്യപ്രതി.

അഭയ കേസിലെന്നപോലെ കേരളത്തിലെ മഠങ്ങളില്‍ ദുരൂഹസാഹചര്യങ്ങളില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ എത്രയെങ്കിലുമുണ്ട്. നീതി പുലരുന്നതും കാത്ത് കല്ലറകളില്‍ ഓര്‍മ്മകളായി അവശേഷിക്കുകയാണ് ഇവ ഓരോന്നും. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യ പി ജോണ്‍, കോട്ടയം മുക്കുതറ കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലിന്‍ഡ, അതേവര്‍ഷം മുക്കം സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്, 1993 ല്‍ കൊല്ലം കൊട്ടിയത്ത് കിണറ്റില്‍ മരിച്ചുകിടന്ന സിസ്റ്റര്‍ മെഴ്സി, വയനാട് മരക്കടവ് കോണ്‍വെന്റില്‍ 1994ല്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ട സിസ്റ്റര്‍ ആനിസ്, 2000 ത്തില്‍ പാലാ സ്നേഹഗിരി മഠത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സിസ്റ്റര്‍ പോള്‍സി തുടങ്ങി വീണ്ടും പത്തുപന്ത്രണ്ട് സിസ്റ്റര്‍മാരുടെ ദുരൂഹ മരണം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ആവര്‍ത്തിക്കുന്ന ദുരൂഹ മരണങ്ങളും അവിഹിത ഗര്‍ഭങ്ങളും അതിക്രമങ്ങളും കാരണം നൂറിലേറെ കന്യാസ്ത്രീകളും വൈദികരുമാണ് സമീപകാലത്ത് സഭ വിട്ടുപോയതെന്ന് കാത്തലിക് പ്രീസ്റ്റ് ആന്റ് എക്സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

‘പരേതരുടെ ശരിയായ കുഴിമാടം ജീവിച്ചിരിക്കുന്നവരുടെ ഹൃദയമാണ് ’ . തിരുവസ്ത്രത്തിനുള്ളില്‍ ചെകുത്താനെ കുടിയിരുത്തി ജീവിക്കുന്നവര്‍ ഓര്‍മ്മകളെ ഭയപ്പെടുകതന്നെ വേണം. ചത്തൊടുങ്ങുന്നതുവരെ ഏകാന്തതയില്‍ ഓര്‍മ്മകള്‍ അവരെ ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുമ്പോള്‍ പ്രവര്‍ത്തിക്കുന്നത് ക്രിസ്തുവല്ലാതെ മറ്റാരാണ്? സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് കോട്ടയം അതിരൂപത പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. വിശുദ്ധനായ അടയ്ക്കാ രാജുവിന്റെ സുവിശേഷങ്ങള്‍ അതിരൂപതയുടെ പാപക്കറകളെ കഴുകിക്കളയട്ടേയെന്ന് ആശംസിക്കാം.

അഭയയുടെ കൊലപാതകം ഏറ്റെടുക്കാന്‍ ലക്ഷങ്ങളും ജോലിയും വീടും വസ്തുവും തുടങ്ങിയ പ്രലോഭനങ്ങള്‍ സഭ വച്ചുനീട്ടിയിട്ടും ക്രൂരമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും അതൊക്കെ അതിജീവിക്കുകയും സഹനത്തിലൂടെ തരണം ചെയ്യുകയും ചെയ്ത അടക്കാ രാജു ക്രിസ്തുവിന്റെ അംശം തന്നെയാണ്. തിരുവസ്ത്രധാരികള്‍ക്ക് മാമോദീസ നല്‍കാന്‍‍ തല്‍ക്കാലം കേരളത്തില്‍ മറ്റൊരു വിശുദ്ധന്‍ ലഭ്യമല്ല. അഭയ കേസ് വിധി വന്നപ്പോള്‍ ‘എന്റെ മകള്‍ക്ക് നീതി കിട്ടി’ യെന്ന അദ്ദേഹത്തിന്റെ പ്രതികരണം തന്നെ സ്നേഹനിര്‍ഭരവും പവിത്രവുമായ ആ മനസിന്റെ അടയാളമാണ്. സഭയിലെ കുറ്റവാളികളും അടയ്ക്കാ രാജുവും ഗാഗുല്‍ത്താമലയില്‍ യേശുവിനൊപ്പം ഇടത്തും വലത്തും ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.

 

മാറ്റൊലി

കാഴ്ചയുള്ളവരെ കുരുടരാക്കുകയും നിതിമാന്മരുടെ വാക്കുകളെ മറച്ചുകളയുകയും ചെയ്യുന്നതുകൊണ്ട് നീ സമ്മാനം വാങ്ങരുത്.( പുറപ്പാട് 23;8)