കുരീപ്പുഴ ശ്രീകുമാർ

വർത്തമാനം

January 21, 2021, 5:55 am

സർക്കാർ കലണ്ടറിൽ നിന്നും അറിയേണ്ടത്

Janayugom Online

കേരളത്തിനു സ്വന്തമായുള്ള കലണ്ടർ ചിങ്ങത്തിലാരംഭിച്ചു. കർക്കിടകത്തിലവസാനിക്കുന്ന കൊല്ലവർഷ കലണ്ടറാണ്. പുതു വർഷത്തിൽ മലയാളിക്ക് കാലവ്യത്യാസം കൃത്യമായി അനുഭവപ്പെടുന്നത് കൊല്ലവർഷാരംഭത്തിലാണ്. അത് അപ്രായോഗികമായതിനാൽ നമ്മൾ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചു. കർക്കിടകത്തിലെ ഇരുളിൽ നിന്നും ചിങ്ങത്തിലെ പ്രസന്നതയിലേക്ക് ഉണരുന്നതിനു പകരം നമ്മൾ ഡിസംബറിലെ തണുപ്പിൽ നിന്നും ജനുവരിയിലെ തണുപ്പിലേക്ക് മാറിക്കിടന്നുറങ്ങുന്നു. ഇപ്പോൾ നമ്മൾ മലയാളം ഒന്നാം തീയതി മനസിലാക്കുന്നത് പ്രൈവറ്റ് ബസുകളിലെ മാലയും ചന്ദനവും കണ്ടാണ്. കോവിഡ് കാലമായതിനാൽ ഹിന്ദുക്ഷേത്രങ്ങളിലെ ഒന്നാം തീയതി സന്ദർശനത്തിന് പഴയ തിരക്കും പ്രാധാന്യവുമില്ല.

ദൈവത്തിനെക്കാൾ പ്രാധാന്യം മലയാളി ആരോഗ്യത്തിനു കൽപ്പിച്ചിട്ടുണ്ട്. ഇപ്പോ­ൾ സർവത്ര കലണ്ടറുകളാണ്. കാലത്തിന്റെ ഈ കഷണം ഭിത്തിയിൽ തൂങ്ങിയില്ലെങ്കിലും നമ്മുടെയെല്ലാം കൈഫോണുകളിൽ ദിവസവും തീയതിയും മാത്രമല്ല, സമയം വരെയുണ്ട്. പുതിയ കേരളബാങ്കടക്കം എല്ലാ ബാങ്കുകളും അത്യാകർഷകമായി 2021 ലെ കലണ്ടറുകൾ പുറത്തിറക്കിയിട്ടുണ്ട്. സത്യത്തിന്റെ വിജയത്തിൽ ആഹ്ളാദിച്ചുകൊണ്ടിറങ്ങിയ ഒരു കലണ്ടർ ഈ വർഷം ശ്രദ്ധയിലെത്തി. സിസ്റ്റർ അഭയയുടെ ചിത്രം തലക്കൽ ചേർത്തുകൊണ്ടുള്ള കലണ്ടറാണത്. പുരോഗമന സാംസ്കാരിക പ്രവർത്തകർക്ക് ഏറ്റവും സഹായകമായ കലണ്ടർ കേരള യുക്തിവാദി സംഘം പുറത്തിറക്കിയ മതേതര കലണ്ടറാണ്. കേരള സാഹിത്യ അക്കാദമിയുടെ വളരെ പ്രയോജനകരമായിരുന്ന സാംസ്കാരിക ഡയറി ഈ വർഷം പുറത്തിറങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ മതേതര കലണ്ടറിന്റെ പ്രാധാന്യം വളരെ വർധിച്ചിട്ടുണ്ട്.

ജനുവരിയിൽ ഒരു സാംസ്കാരിക പ്രവർത്തകന്റെ ഓർമ്മയുണർത്തുന്ന നിരവധി കാര്യങ്ങളാണ് മതേതര കലണ്ടറിലുള്ളത്. എൻ എൻ കക്കാട്, കെ പി ഉദയഭാനു, ലാൽ ബഹാദൂർ ശാസ്ത്രി, അഗതാ ക്രിസ്റ്റി, എഡ്മണ്ട് ഹാലി, ലൂയിസ് കരോൾ, കെ സി എസ് പണിക്കർ, മഹാകവി കുമാരനാശാൻ, ജ്യോതി ബസു, ലോറൻസ് കബില, ലെനിൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, എം ഗോവിന്ദൻ, നേതാജി, ഹോമി ഭാഭ, എം എൻ റോയി. സി ഉണ്ണിരാജ, പി എസ് വാരിയർ തുടങ്ങിയവരുടെ ഓർമ്മദിനങ്ങൾ ഈ കലണ്ടറിലുണ്ട്. പിന്നെ എന്തെല്ലാം സംഭവങ്ങൾ! ഇങ്ങനെ എല്ലാ മാസത്തെയും വിശേഷങ്ങളുണ്ട്. അതേസമയം നമ്മുടെ സർക്കാർ കലണ്ടറാകട്ടെ മതവിശേഷ ദിവസങ്ങളുടെ ആധിക്യമാണ്. സെന്റ് തോമസ് ദിനം, ഏകാദശി, കൂർമ്മാവതാരം, അമാവാസി ഒരിക്കൽ, സ്കന്ദ പഞ്ചമി, ഷഷ്ഠി വ്രതം, സ്കന്ദ സപ്തമി, രാമായണമാസാരംഭം, ബക്രീദ്, വഞ്ചുള ദ്വാദശി, ഹരിശയന ഏകാദശി, പരശുരാമ ജയന്തി, പിണ്ഡിപ്പെരുന്നാൾ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മകരശീവേലി, മകരഭരണി, പൗർണമാസി ഒരിക്കൽ, അതിരമ്പുഴ പള്ളിത്തിരുനാൾ, രക്ഷാബന്ധൻ, വടസാവിത്രി വ്രതം, മുഹറം, അക്ഷയ തൃതീയ, മൂലക്കാഴ്ച, ക്ഷാരബുധൻ, പാതിരാപ്പൂചൂടൽ, പാഷാണ ചതുർദശി തുടങ്ങി മത വിശേഷങ്ങളെല്ലാം കൃത്യമായി ഓർമ്മപ്പെടുത്തുന്നുണ്ട്. രാഹുകാലവും സർവലോക വിഢിദിനവുമുണ്ട്. യഹൂദന്മാരെല്ലാം ഇസ്രായേലിന് പോയിട്ടും യഹൂദ വിശേഷദിനം കേരള സർക്കാർ കലണ്ടറിലുണ്ട്. ഗുരു നാനാക്ക് ജയന്തിയും ഗുരു രവിദാസ് ജയന്തിയുമുണ്ട്. ആനകളൊന്നും മനുഷ്യനിർമ്മിത കലണ്ടർ നോക്കാറില്ലെങ്കിലും ഗുരുവായൂർ ആനയോട്ടം സര്‍ക്കാർ കലണ്ടർ അടയാളപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ തരുന്ന കണക്കുകൾ അനുസരിച്ചു അയ്യായിരത്തോളം ബുദ്ധമതക്കാർ കേരളത്തിലുണ്ട്.

ബുദ്ധമതക്കാർക്ക് പതിനഞ്ചിലധികം വിശേഷ ദിവസങ്ങളുണ്ട്. ഒരു ദിവസം മാത്രമേ കേരള സർക്കാർ കലണ്ടറിൽ ഉള്ളൂ. ഭരണകക്ഷിയുടെ ഒരു രാജ്യസഭാംഗം തന്നെ ജൈനമത വിശ്വാസിയാണ്. ഏപ്രിലിൽ വരുന്ന മഹാവീര ജയന്തി കലണ്ടറിലില്ല. പകരം അമ്പലപ്പുഴ ആറാട്ടാണുള്ളത്. മതപരമായ പ്രാതിനിധ്യം വേണമെന്ന വാദമല്ല ഇവിടെ ഉന്നയിക്കുന്നത്. ഒരു മതേതര രാജ്യത്തെ സംസ്ഥാന സർക്കാർ കലണ്ടറിൽ ഇത്രയും സാമുദായിക വിശേഷ ദിവസങ്ങൾ വേണോ? പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്രുവിന്റെയും ഇന്ദിര ഗാന്ധിയുടെയും ജനന മരണ ദിനങ്ങൾ ഔചിത്യത്തോടെ കലണ്ടറിൽ ചേർത്തിട്ടുണ്ട്. എന്നാൽ കേരളം പിറന്നതിന് ശേഷം എത്ര മുഖ്യമന്ത്രിമാർ നമുക്കുണ്ടായി, ഒരാളുടെ പോലും ഓർമ്മദിനം സർക്കാർ കലണ്ടറിലില്ല. രാഷ്ട്രപതി പദവിയിലെത്തിയ കേരളപുത്രൻ കെ ആർ നാരായണന്റെ ഓർമ്മദിനം ഷഷ്ഠിവ്രതം വിഴുങ്ങി. ശാസ്ത്രപ്രതിഭകളായ ഇ സി ജി സുദർശനൻ, ഇ കെ ജാനകിയമ്മാൾ എന്നിവരെയും സമുദായിക വിശേഷദിവസങ്ങൾ മൂടിക്കെട്ടി. നവോത്ഥാന നായകരുടെ പേരുപറയുമ്പോൾ സ്ഥിരം പ്രസംഗകർ മത ജാതി പ്രതിനിധ്യം പരിഗണിക്കാറുണ്ടല്ലോ. ബ്രഹ്മാനന്ദ ശിവയോഗി, സഹോദരൻ അയ്യപ്പൻ, പൊയ്കയിൽ അപ്പച്ചൻ, തുടങ്ങി ബാല്യകാലമതത്തെ പൂർണമായും തള്ളിപ്പറഞ്ഞവരുടെ ഓർമ്മദിനങ്ങൾ സർക്കാർ കലണ്ടറിലില്ല. ആഗോളതലത്തിൽ ശാസ്ത്ര ചിന്ത പ്രചരിപ്പിച്ച ഡോ. എ ടി കോവൂർ, മലയാള സിനിമയുടെ അമ്മ പി കെ റോസി എന്നിവരും ഈ മതപ്രീണന മഹാനദിയിൽ ഓർക്കാതെപോയി. എന്നാൽ സായിബാബ ജന്മദിനം മറന്നിട്ടുമില്ല! ഐക്യ കേരളത്തിനായി പാടിയ ബോധേശ്വരൻ, വള്ളത്തോൾ, ഉള്ളൂർ, ടി ഉബൈദ് തുടങ്ങിയവരും ഈ മതവിശേഷ പ്രളയത്തിൽ ഓർക്കാതെപോയി.

ഭാരത സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്ത കേരളമക്കളായ, കെ കേളപ്പൻ, വക്കം ഖാദർ, ക്യാപ്റ്റൻ ലക്ഷ്മി, കെ പി കേശവ മേനോൻ വിദ്വാൻ പി കേളുനായർ, വൈക്കം മുഹമ്മദ് ബഷീർ ഇവരാരും നമ്മുടെ കലണ്ടറിലില്ല. കലണ്ടറിൽ ചേർത്തിട്ടുള്ള പന്ത്രണ്ടു ഉദ്ധരണികളിലൊന്ന് സഹോദരൻ അയ്യപ്പന്റേതാണ്. “ജാതി ചൊല്ലി, മതം ചൊല്ലി/ദേശം ചൊല്ലി നിറം ചൊല്ലി/മാനുഷത്തെ തുണ്ടുതുണ്ടായ്/മുറിച്ചീടായ് വിൻ” ഈ മഹത്തായ ആശയത്തിനു കടകവിരുദ്ധമായിപ്പോയി കേരളത്തിന്റെ സര്‍ക്കാർ കലണ്ടർ. സാമുദായിക വിശേഷദിവസങ്ങൾ അറിയാൻ നിരവധി കലണ്ടറുകൾ ഇപ്പോൾ ലഭ്യമാണ്. അതിനായി കേരളത്തിന്റെ അഭിമാന സ്തംഭങ്ങളെ മറച്ചുവയ്ക്കുന്നത് ഒട്ടും അഭികാമ്യമല്ല. സെക്കുലർ സംസ്കാരമുള്ള കേരളീയർക്ക് അഭിമാനത്തോടെ പൂമുഖത്ത് തൂക്കാൻ പറ്റിയ ഒരു സർക്കാർ കലണ്ടർ ഇനി എന്നാണുണ്ടാവുക?