February 9, 2023 Thursday

വര്‍ഗീയ മതഭീകരതയുമായി കൈകോര്‍ക്കുന്നവര്‍

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
October 30, 2020 5:30 am

വി പി ഉണ്ണികൃഷ്ണൻ

മതവികാരത്തെ ഉദ്ദീപിപ്പിച്ചും അധമദേശീയതയെ ആശ്ലേഷിച്ചും അധികാരത്തിന്റെ ഇടനാഴികള്‍ വെട്ടിത്തെളിക്കുവാന്‍ വര്‍ഗീയ ഫാസിസ്റ്റുശക്തികള്‍ എക്കാലവും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിച്ചിട്ടുണ്ടെന്നതിന് ചരിത്രം അടയാളപ്പെടുത്തിയ നിരവധി ഉദാഹരണങ്ങളുണ്ട്. ഏറ്റവും ഒടുവില്‍ വിജയദശമി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗം രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും യഥാര്‍ത്ഥ ദേശീയതാ ബോധത്തെയും നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ സംസ്കാരത്തെയും വെല്ലുവിളിക്കുന്നതാണ്.

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ഹിന്ദുത്വം രാജ്യത്തിന്റെ വ്യക്തിത്വമാണെന്നും മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചു. സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന രാജ്യത്തിലെ 130 കോടി ജനങ്ങള്‍ക്കും ബാധകമായതാണ് ഹിന്ദുത്വമെന്നും ഹിന്ദുരാഷ്ട്രമെന്നും പറയുന്നത് രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടതല്ലെന്നും ഭാഗവത് പറഞ്ഞു. ഇരട്ട മുഖവും ഇരട്ടനാവും എന്നും വര്‍ഗീയ ഫാസിസ്റ്റുകള്‍ കൈവിടാതെ കൊണ്ടുനടന്നിരുന്നു. ഹിറ്റ്ലറെ മാതൃകയായി കാണുന്ന സംഘപരിവാര ശക്തികള്‍ അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തതാണ് ഇരട്ടമുഖവും ഇരട്ടനാവും. അതിന്റെ വിനാശകരമായ പ്രയോഗവും ഹിന്ദുവാകുന്നതിന് ഒരാള്‍ തന്റെ വിശ്വാസമോ ഭാഷയോ പ്രദേശമോ മറ്റേതെങ്കിലും സ്വത്വമോ ഉപേക്ഷിക്കേണ്ടതില്ല എന്ന് ഭാഗവത് പറയുമ്പോള്‍ ഇരട്ടമുഖവും ഇരട്ടനാവുമാണ് പ്രകടമാകുന്നത്. ഏക മതം, ഏക ഭാഷ, ഏക വേഷം എന്ന് അലമുറയിടുന്നവരാണ് വിശ്വാസവും സ്വത്വവും അടിയറവയ്ക്കേണ്ടതില്ല എന്നുകൂടി തട്ടിമൂളിക്കുന്നത്.

നമ്മുടെ അടുക്കളകളിലേക്ക് കടന്നുകയറുന്ന ഇകൂട്ടര്‍ ഭക്ഷണവിഭവം എന്തായിരിക്കണം എന്നുപോലും കല്പിക്കുന്നു. ഇക്കഴിഞ്ഞ ദിവസമാണ് അലഹാബാദ് ഹൈക്കോടതി യുപിയിലെ ബിജെപി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. പിടിച്ചെടുക്കുന്ന മാംസം ഏതാണെന്ന് പരിശോധനാവിധേയമാക്കാതെ നൂറുകണക്കിന് നിരപരാധികളെ കാരാഗൃഹത്തില്‍ അടച്ച് അതിക്രൂരമായി പീഡിപ്പിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എതിര്‍ സ്വരങ്ങളെയും വിമര്‍ശനങ്ങളെയും ഉന്മൂലനം ചെയ്യുന്നവര്‍ ജനകീയ പ്രക്ഷോഭങ്ങളില്‍ അണിചേരുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നവരാണ് സ്വത്വവും വിശ്വാസവും അടിയറവയ്ക്കാതെ ഹിന്ദുത്വത്തില്‍ ലയിച്ചുചേരണമെന്ന് ആഹ്വാനം ചെയ്യുന്നത്. ഗോൾവൽക്കര്‍ വിചാരധാരയില്‍ എഴുതിയതുതന്നെയാണ് മോഹന്‍ ഭാഗവത് ആവര്‍ത്തിക്കുന്നത്. ഇന്ത്യ ഹിന്ദുവിന്റെ മാത്രം രാഷ്ട്രമാണെന്നും ഹിന്ദുക്കളല്ലാത്തവര്‍ ഒന്നുകില്‍ രാഷ്ട്രം വിട്ടുപോകണമെന്നും അല്ലെങ്കില്‍ പൗരാവകാശമില്ലാതെ കഴിഞ്ഞുകൂടണമെന്നുമാണ് ഗോൾവൽക്കര്‍ പ്രഖ്യാപിച്ചത്. മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും മുഖ്യ ശത്രുക്കളായി മുദ്രകുത്തുകയും ചെയ്തു. ആര്യ രക്തവിശുദ്ധി ഉയര്‍ത്തിക്കാട്ടി യഥാര്‍ത്ഥ ഹിന്ദു ആരാണെന്ന് നിര്‍വചിക്കുകയും വര്‍ണവെറി ഉയര്‍ത്തുന്ന, ചാതുര്‍വര്‍ണ്യ വ്യവസ്ഥ വിളംബരം ചെയ്യുന്ന മനുസ്മൃതിയാണ് പ്രാമാണിക ഗ്രന്ഥമെന്നും പ്രഖ്യാപിച്ചവരുമാ­ണവർ. ഇന്ത്യയിലെ 130 കോടി ജനങ്ങളും ഹിന്ദുത്വത്തിന്റെ തലപ്പാവ് ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങളായി ഭാഗവത് വിജയദശമി ദിനത്തിലെ പ്രഭാഷണത്തില്‍ പറഞ്ഞുതന്നെ ശ്രദ്ധേയമാണ്. രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയതും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് വിഭജിച്ചതും പൗരാവകാശ നിയമം കൊണ്ടുവന്നതും സുവര്‍ണ നേട്ടങ്ങളായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു.

കുത്തക മുതലാളിമാരെയും ഊഹക്കച്ചവടക്കാരെയും കരിഞ്ചന്തക്കാരെയും സഹായിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക ബില്ലിനെയും അദ്ദേഹം മഹത്വവല്ക്കരിക്കുന്നു. കര്‍ഷകവിരുദ്ധ ബില്ലിലൂടെ കൂടുതല്‍ കര്‍ഷക ആത്മഹത്യകളിലേക്ക് രാജ്യത്തെ തള്ളിവിടുന്ന നിയമത്തെയാണ് അവര്‍‍ പ്രകീര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെയാകെ ഹനിക്കുന്നതും തൊഴില്‍ നഷ്ടപ്പെടുന്നതും മുതലാളിമാരെ സഹായിക്കുന്നതുമായ തൊഴില്‍ നിയമ പരിഷ്കരണത്തെയും അദ്ദേഹം ശ്ലാഘിക്കുന്നുണ്ട്. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ മതത്തെയും ആചാരാനുഷ്ഠാനങ്ങളെയും ആയുധമാക്കുകയും ചെയ്യുന്ന വിനാശകരമായ നയസമീപനമാണ് സംഘപരിവാരം തെല്ലും കൂസലില്ലാതെ നടപ്പാക്കുന്നത്. ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെ വിത്തുപാകുകയും മൃദുവര്‍ഗീയതയെ താലോലിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് ഈ വിനാശനയങ്ങള്‍ക്കും വര്‍ഗീയതയുടെ വിത്തുകള്‍ വാരിവിതറുന്നതിനുമെതിരെ പ്രതികരിക്കുന്നില്ല. കേരളത്തിലെ ഒരമ്മപെറ്റമക്കളായി കോണ്‍ഗ്രസും ബിജെപിയും മാറിത്തീര്‍ന്നിട്ട് കാലം കുറച്ചേറെയായി. അവര്‍ക്ക് ഒരേ ഭാഷയും ഒരേ സ്വരവും ഒരേ പ്രവൃത്തിയുമാണ്. രാവിലെ ബിജെപി പറയുന്നത് ഉച്ചയ്ക്ക് കോണ്‍ഗ്രസ് പറയും.

നേരത്തിന്റെ കാര്യത്തിലേ വ്യത്യാസമുള്ളു. ഭൂരിപക്ഷ വര്‍ഗീയത താലോലിക്കുന്ന കോണ്‍ഗ്രസ് ബിജെപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം കേരളത്തില്‍ മതന്യൂനപക്ഷ ഭീകരശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യം സ്ഥാപിക്കുകയും ചെയ്യുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായും മറ്റൊരു തീവ്രവാദ ശക്തിയായ എന്‍ഡിഎയുടെ പുതുരൂപം എസ്ഡിപിഐയുമായും ഐക്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് യുഡിഎഫ്. യുഡിഎഫിന്റെ വിശേഷിച്ചും കോണ്‍ഗ്രസിന്റെ കാപട്യവും ഇക്കാര്യത്തില്‍ പ്രകടമാണ്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ജമാഅത്തെ ഇസ്‌ലാമി അമീറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവരുകയും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിഷേധ പ്രസ്താവനയുമായി രംഗത്തുവന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിലില്ലാത്ത ഒരു കക്ഷിയുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ കെ മുരളീധരന്‍ എം പി സത്യം പറഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടിയുള്‍പ്പെടെയുള്ളവരുമായി സഖ്യമുണ്ടാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെപിസിസി അനുമതി നല്‍കിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മുസ്‌ലിംലീഗ് നേരത്തേതന്നെ വെല്‍ഫയര്‍ പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പരസ്യമായിതന്നെ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതിയുടെ യോഗം വിചിത്രമായ ഒരു രാഷ്ട്രീയ ഫലിതം അനാവരണം ചെയ്തു. പരസ്യ സഖ്യമുണ്ടാക്കില്ല. എന്നാല്‍ പ്രാദേശിക തലത്തില്‍ സഖ്യമുണ്ടാക്കും. അത് ഏത് സഖ്യഗണത്തില്‍ വരുമെന്നൊന്നും യുഡിഎഫിലെ രാഷ്ട്രീയ വിശാരദന്മാരോട് ചോദിക്കരുത്. ബിജെപിയുമായും രഹസ്യസഖ്യം സ്ഥാപിക്കുന്നതില്‍ മുമ്പേ വൈദഗ്ധ്യം തെളിയിച്ചവരാണ് യുഡിഎഫുകാര്‍. ബിജെപി മുന്നണി ലാവണത്തില്‍ നിന്ന് പി സി തോമസിനെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നു. തോമസ് ബിജെപി-യുഡിഎഫ് ബാന്ധവത്തിലെ പാലമായി പ്രവര്‍ത്തിക്കും. കേരളാ കോണ്‍ഗ്രസ് (എം) ഉം ലോക് താന്ത്രിക് ജനതാദളുമെല്ലാം യുഡിഎഫ് നയങ്ങളില്‍ പ്രതിഷേധിച്ച് മുന്നണി വിട്ടതോടെ തീര്‍ത്തും ദുര്‍ബലമായ യുഡിഎഫ് വിഭ്രാന്തിയില്‍ പെട്ടുഴലുകയാണ്. ന്യൂനപക്ഷ‑ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായുള്ള ബാന്ധവം വിനാശകരമായ രാഷ്ട്രീയത്തിന്റെ വാതിലുകളാണ് തുറന്നിടുക. മതനിരപേക്ഷ കേരളത്തിന്റെ രാഷ്ട്രീയത്തിനെ മലിനമാക്കുവാനും വര്‍ഗീയ ശക്തികള്‍ക്ക് വേരുറപ്പിക്കാനും മാത്രമേ ഇത് വഴിതെളിക്കൂ. വിനാശകാലേ! വിപരീതബുദ്ധി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.