Thursday
23 May 2019

കാലബോധമില്ലാത്ത സമരമുറകള്‍

By: Web Desk | Wednesday 27 February 2019 10:55 PM IST


രുപതാം നൂറ്റാണ്ട് ദര്‍ശിച്ച അത്യുന്നത ധിഷണാശാലികളില്‍ ഒരാളായിരുന്ന ഫ്രഞ്ച് ഫിലോസഫര്‍ ഷീന്‍പോള്‍ സാര്‍ത്ര് തിരക്കേറിയ പാതയിലൂടെ നടന്നുപോകുമ്പോള്‍ വാഹനങ്ങള്‍ അമിതശബ്ദത്തില്‍ ഹോണ്‍ മുഴക്കുകയോ ഇരപ്പിക്കുകയോ ചെയ്യരുതെന്ന് ഫ്രഞ്ച് ഭരണാധികാരി ഉത്തരവിട്ടിരുന്നു. തത്വചിന്തകനും എഴുത്തുകാരനും സൈദ്ധാന്തികനുമായ സാര്‍ത്രിന്റെ ചിന്താധാരകളെ അലോസരമായ ശബ്ദവീചികള്‍ ശല്യപ്പെടുത്തിയാലോ എന്ന് ആശങ്കപ്പെട്ടിട്ടായിരുന്നു ഉത്തരവ്. ഭരണകൂടത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനും വിരുദ്ധ നിലപാടുകാരനുമായി സാര്‍ത്ര് നിലകൊള്ളുമ്പോഴാണ് ഭരണാധിപന്‍ തന്റെ വിമര്‍ശകനോടുള്ള ഈ പ്രതിപക്ഷ ബഹുമാനവും കരുതലും സൂക്ഷിച്ചിരുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ ഇങ്ങനെയൊരു മനോഭാവം അനതിവിദൂരഭാവിയിലെങ്കിലും പ്രതീക്ഷിക്കാനാവുമോ ?
അപരനുമേല്‍ മെക്കിട്ടുകയറുന്നതാണ് സാമൂഹ്യ പ്രവര്‍ത്തനം എന്നു ധരിച്ചുവച്ചിരിക്കുന്ന ഒരു രാജ്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്ന ഫ്രാന്‍സ് പോലുള്ള ഒരു രാഷ്ട്രത്തിന്റെ പരിഷ്‌കൃതിയും സംസ്‌കൃതിയും പ്രതീക്ഷിക്കുന്നത് സാഹസികമായിരിക്കും. വാത്മികീ,വ്യാസന്‍,ബുദ്ധന്‍, വരാഹമിഹിരന്‍, ബൃഹസ്പതി, ആര്യഭടന്‍, ചാര്‍വാകന്‍, ഭാസ്‌ക്കരന്‍ തുടങ്ങി ന്റെപ്പൂപ്പാമാരെ കുറിച്ച് നമുക്ക് പറഞ്ഞോണ്ടിരിക്കാമെന്നല്ലാതെ ഗുരുപരമ്പരകളുടെ ഔപനിഷല്‍ സംസ്‌കൃതികള്‍ ഭാരതത്തില്‍ ഏട്ടില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
ഒട്ടേറെ സഹന സമരങ്ങള്‍ക്ക് ശേഷമാണ് ഭാരതം വിദേശാധിനിവേശങ്ങളില്‍ നിന്ന് മോചിതമാകുന്നത്. സ്വാതന്ത്ര്യ സമരത്തിന് പലമാര്‍ഗങ്ങളും ജനത അവലംബിച്ചിട്ടുണ്ട്. സത്യഗ്രഹം, വിയോജനം, സായുധം, നിരാഹാരം, ബന്ദ്, ഹര്‍ത്താല്‍ തുടങ്ങി എത്രയോ മാര്‍ഗങ്ങള്‍… സ്വാതന്ത്ര്യാനന്തരവും ആഭ്യന്തര പ്രശ്‌നങ്ങള്‍ നേരിടാന്‍ ഈ മാര്‍ഗങ്ങളൊക്കെ തന്നെ പിന്‍തുടരുകയുമാണ്. പക്ഷേ പലപ്പോഴും പ്രതിഷേധങ്ങള്‍ ലക്ഷ്യത്തിലെത്താതെ നിഷ്‌ക്കളങ്കരായ സാമാന്യജനത്തിനുമേല്‍ ദിശതെറ്റി പതിക്കുന്ന കാഴ്ചകളാണ് തുടരുന്നത്. ബന്ദ് അഥവാ ഹര്‍ത്താല്‍ എന്ന സമരമാര്‍ഗമാണ് ഇപ്പോള്‍ കാരണക്കാരെ വിട്ട് കാഴ്ചക്കാരെ ബന്ദികളാക്കുന്ന സമരമായി പരിണമിച്ചിരിക്കുന്നത്.
സ്വതന്ത്ര്യാനന്തരവും പിന്നാക്കാവസ്ഥയില്‍ തന്നെ തുടരുന്ന ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുടെ കാര്യം വിടാം. നൂറുശതമാനം സാക്ഷരതയുള്ള കേരളത്തില്‍ പോലും വിവേചന ബോധം നഷ്ടപ്പെട്ടുവെന്നു തോന്നുന്ന തരത്തിലാണ് പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
2018 ല്‍ മാത്രം 97 ഹര്‍ത്താലുകളാണ് കേരളത്തില്‍ നടന്നത്. സംഘപരിവാര്‍ സംഘടനകള്‍ 33, യുഡിഎഫ് 27, ഭരണപക്ഷം 17 എന്നിങ്ങനെയാണ് ഹര്‍ത്താലുകള്‍ നടന്നതെന്ന് ‘സേ നോ ടു ഹര്‍ത്താല്‍’ കൂട്ടായ്മയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് തീവ്രപ്രതിഷേധത്തിന്റെ സൂചകമായി ആരംഭിച്ച ഈ സമരമുറ തീരെച്ചെറിയ കാര്യങ്ങളുടെ പേരില്‍പ്പോലും കേരളത്തില്‍ പ്രയോഗിക്കപ്പെടുകയാണ്.
ബന്ദ് നിരോധിച്ചുകൊണ്ട് ചരിത്രപരമായ വിധി പ്രസ്താവിച്ച നീതിപീഠമാണ് കേരള ഹൈക്കോടതി. ജനജീവിതം നിശ്ചലമാക്കുന്ന ബന്ദ് നിരോധിച്ചപ്പോള്‍ പകരക്കാരനായി ഹര്‍ത്താല്‍ വന്നു. പണ്ട് വെറും കടയടയ്ക്കല്‍ സമരം മാത്രമായിരുന്ന ഹര്‍ത്താല്‍ സ്വയം പരിണമിച്ച് ബന്ദുതന്നെയായി മാറുകയാണ് ഇപ്പോള്‍.
1990 ന് ശേഷം നടപ്പിലായ ഉദാര-ആഗോളവല്‍ക്കരണങ്ങള്‍ ലോകരാജ്യങ്ങളെയാകെ എന്ന പോലെ ഇന്ത്യയിലും പ്രത്യേകിച്ച് പ്രവാസ ജീവിതം കൊണ്ട് കരുപിടിപ്പിക്കപ്പെട്ട കേരള ജീവിതത്തെയും അടി മുടി മാറ്റി മറിച്ചിട്ടുണ്ട്. പണ്ടുള്ളതിനേക്കാള്‍ തൊഴില്‍ശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സിവില്‍ സ്റ്റേഷനുകളും മനുഷ്യാവശ്യങ്ങളും പലമടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ആരോടോ ഉള്ള വാശിയും വൈരാഗ്യവും തീര്‍ക്കാന്‍ നമ്മള്‍ നമ്മളെ തന്നെ ബന്ദികളാക്കുന്ന ഹര്‍ത്താലുകള്‍ നടത്തി ഇരുട്ടില്‍ തപ്പുന്നത്. ആവര്‍ത്തിക്കുന്ന ഹര്‍ത്താലുകള്‍ കേരളത്തിന്റെ വ്യാവസായിക വികസനവും നിക്ഷേപ സൗഹൃദാന്തരീക്ഷവും തകര്‍ക്കുന്നുവെന്ന ചിന്തയും ബോധ്യവും എല്ലാവര്‍ക്കുമുണ്ടെങ്കിലും ഹര്‍ത്താലുകളോട് പൊരുത്തപ്പെട്ട സമൂഹമായി കേരളം മാറിയിരിക്കുകയാണ് .
സമൂഹത്തിന്റെ നിസ്സംഗതയും നിസഹായതയും ബോധ്യപ്പെട്ടതുകൊണ്ടായിരിക്കണം കേരള ഹൈക്കോടതി മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ കര്‍ശന നിലപാടെടുത്ത് വീണ്ടു രംഗത്ത് വന്നത്. പൊതു-സ്വകാര്യ മുതലിനുണ്ടായ നഷ്ടം ഈടാക്കാന്‍ ക്ലെയിം കമ്മിഷനെ നിയോഗിക്കുന്നതുള്‍പ്പെടെ പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ നിരീക്ഷണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പെരിയ കൊലപാതകത്തിന്റെ പേരില്‍ മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതി സ്വമേധയാ എടുത്ത കോടതി യലക്ഷ്യ നടപടിയില്‍ ഡീന്‍ കുര്യാക്കോസ് കോടതിയില്‍ ഹാജരായി.
ശബരിമല ഹര്‍ത്താല്‍ കേസുകളിലും സമാന നടപടികളാണ് ഹൈക്കോടതി കൈക്കൊണ്ടിട്ടുള്ളതെന്നത് ജോലി ചെയ്തുജീവിക്കുന്നവരെ സംബന്ധിച്ച് ആശാവഹമാണ്. ഹര്‍ത്താല്‍ നിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ച് ആരായാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗങ്ങള്‍ക്ക് കളമൊരുക്കുന്നത് തലമുറയോട് ചെയ്യുന്ന നീതിയാണ്.
ബഹുസ്വരമായ ഒരു ജനാധിപത്യ സമൂഹത്തില്‍ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകര്‍ ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന സമാധാനപരവും പരക്ലേശരഹിതവുമായ പ്രതിഷേധമാര്‍ഗങ്ങളിലൂടെയാണ് ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്.
മാറ്റൊലി: ‘രാഷ്ട്രീയം ഒരു ശാസ്ത്രമാണ്. നിങ്ങള്‍ മാത്രമാണ് ശരിയെന്നും മറ്റുള്ളവര്‍ തെറ്റാണെന്നു രാഷ്ട്രീയത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞേക്കാം.’- ഷീന്‍പോള്‍ സാര്‍ത്ര്.