വി പി ഉണ്ണികൃഷ്ണൻ

മറുവാക്ക്

February 19, 2021, 5:57 am

‘വിജയ് യാത്ര’യുടെയും ‘ഐശ്വര്യയാത്ര’യുടെയും അനര്‍ത്ഥ കല്പനകള്‍

Janayugom Online

‘തികച്ചും ഒത്തിണങ്ങിയ ദമ്പതികളുടെ മന്ദസ്മിത
ത്തോട് പനിനീര്‍പ്പൂവുകള്‍ക്ക് മത്സരിക്കാനാവില്ല.
കുടുംബ ജീവിതത്തിന്റെ രാഗത്തോട് മത്സരിക്കു
വാന്‍ ഒരു വിശിഷ്ട സംഗീതത്തിനുമാവില്ല’.

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി ‘വാരാണസി’ എന്ന നോവലില്‍ കുറിച്ച വരികളാണിത്. പനിനീര്‍പ്പൂവുകള്‍ക്ക് മത്സരിക്കുവാനാവാത്ത, തികച്ചും ഒത്തിണങ്ങിയ ദമ്പതികളുടെ മന്ദസ്മിതമാണ് കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയും ബിജെപിയും പ്രകടിപ്പിക്കുന്നത്. അവരുടെ കുടുംബജീവിതത്തോട്, അതിന്റെ രാഗത്തോട് മത്സരിക്കുവാന്‍ ഒരു വിശിഷ്ട സംഗീതത്തിനുമാവില്ലായെന്ന് കോണ്‍ഗ്രസ് — ബിജെപി-ന്യൂനപക്ഷ – ഭൂരിപക്ഷ വര്‍ഗീയ കുടുംബസഖ്യം വിളിച്ചോതുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിജയ് യാത്രയില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ തന്നെയാണ് രമേശ് ചെന്നിത്തല നയിക്കുന്ന അനൈശ്വര്യ കേരളയാത്രയിലും മുഴങ്ങിക്കേള്‍ക്കുന്നത്. അവര്‍ തമ്മില്‍ അനൈക്യം തെല്ലുമില്ല.

ഇടതുപക്ഷ സര്‍ക്കാര്‍ നാലരവര്‍ഷം കൊണ്ട് നടപ്പാക്കിയ ചരിത്രപരമായ വികസനപദ്ധതികളും ജനക്ഷേമ പദ്ധതികളുമാണ് ഇരുകൂട്ടരെയും അസ്വസ്ഥമാക്കുന്നത്. ‘ഐശ്വര്യകേരള യാത്ര’ എന്ന അനൈശ്വര്യ കേരളയാത്രയുടെ വേദികളില്‍ നേതാക്കളുടെ നീണ്ട നിരകൊണ്ട് സമ്പന്നമാണ്. സദസുകള്‍ ശുഷ്കഭരിതവും. നവമാധ്യമങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന സദസുകളിലെ കസേരകളുടെയും തിങ്ങിനിറഞ്ഞ വേദിയുടെയും ചിത്രങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്. വേദി തകര്‍ന്നുവീഴും എന്ന് നേതാക്കള്‍തന്നെ ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നതും ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്തു. ഇപ്പോള്‍ മിമിക്രി താരങ്ങളെയും സിനിമാ താരങ്ങളെയും വേദിയില്‍ കയറ്റി കോമഡി ഷോ അവതരിപ്പിച്ച് ആളെക്കൂട്ടാനുള്ള തീവ്രയത്നത്തിലാണ് യുഡിഎഫ്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയും അടക്കമുള്ള കോമഡി താരങ്ങള്‍ക്ക് നിയമസഭാ സീറ്റ് വാഗ്ദാനം നല്കി ‘ഐശ്വര്യ കേരള യാത്ര’യില്‍ പങ്കെടുപ്പിക്കുകയും മിമിക്രി അവതരണ വേദിയാക്കി മാറ്റുകയും ചെയ്യുന്നു. രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലമായ ഹരിപ്പാടുപോലും സദസിനെ കിട്ടാനായി രമേശ് പിഷാരടിയുടെ മിമിക്രി ഉണ്ടായിരുന്നു. അതും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി അദ്ദേഹത്തിന്റെ പ്രസംഗവും ശബ്ദവും വികൃതമായി ആവിഷ്കരിച്ച് അപഹാസ്യനാക്കുന്ന പരിപാടിയായിരുന്നു. പാവം ഉമ്മന്‍ചാണ്ടിക്ക് നിസ്സഹായനായി നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ. തെര‍ഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ മുഖ്യ ചുമതലക്കാരനായി ഉമ്മന്‍ചാണ്ടിയെത്തിയതിലെ രോഷം ഇങ്ങനെയാണ് ചെന്നിത്തല പ്രകടിപ്പിക്കുന്നത്.

കോണ്‍ഗ്രസിലെയും മുന്നണിയിലെയും മുഖ്യധാരാ നേതാക്കളില്‍ പലരെയും ഈ യാത്രയില്‍ കണ്ടുകിട്ടാനില്ല. ഇക്കഴിഞ്ഞ ദിവസം കെ മുരളീധരന്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് പത്തംഗ തെരഞ്ഞെടുപ്പ് സമിതി അംഗമായിട്ടും കാര്യങ്ങള്‍ അറിയുന്നത് പത്രങ്ങളിലൂടെയാണെന്നാണ്. സമിതി രൂപീകരിച്ചെങ്കിലും ചര്‍ച്ചയില്ല. നേതാക്കള്‍ സ്വന്തം നിലയില്‍ മുന്നോട്ടു പോവുകയാണ്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതായി കാണുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. വടകരയിലും വട്ടിയൂര്‍ക്കാവിലും മാത്രമേ താന്‍ പ്രചാരണത്തിനിറങ്ങൂവെന്ന് പറഞ്ഞ മുരളീധരന്‍, ഇപ്പോള്‍ പ്രചാരണത്തിനിറങ്ങിയിട്ടുള്ള രമേശ് പിഷാരടിയെ പോലുള്ളവരെ വച്ച് കുറവ് പരിഹരിക്കാമെന്ന് അപഹസിക്കുകയും ചെയ്തു.

സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി, വിജയിപ്പിച്ച മുന്നണിയെ പിന്നില്‍ നിന്ന് കുത്തി യുഡിഎഫ് കൂടാരത്തില്‍ ചേക്കേറിയ മാണി സി കാപ്പന്റെ കക്ഷിയെ യുഡിഎഫില്‍ ഘടകകക്ഷിയാക്കാനാവില്ലെന്നും കാപ്പന്‍ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. അതേസമയം കാപ്പന്റെ കക്ഷിയെ യുഡിഎഫില്‍ ഘടകകക്ഷിയാക്കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ രമേശ് ചെന്നിത്തലയും മാണി സി കാപ്പനും ആവര്‍ത്തിക്കുന്നു. വരാനിരിക്കുന്ന വന്‍ കലഹത്തിന്റെ ആദ്യ സൂചനകളാണിത്. ബിജെപി ആരംഭിക്കാനിരിക്കുന്ന ‘വിജയ് യാത്ര’യുടെയും അന്തിമഫലം പരാജയത്തിന്റെ പടുകുഴിയിലായിരിക്കും. ബിജെപിയില്‍ ഇപ്പോള്‍ തന്നെ കലഹം മൂര്‍ച്ഛിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്റെ സ്ഥാനാരോഹണത്തോടെ ഒരു ബിജെപി ഓഫീസിന്റെയും പടി ചവിട്ടില്ലെന്ന ഉഗ്ര പ്രതിജ്ഞയിലാണ്. മാധ്യമശ്രദ്ധ നേടാന്‍വേണ്ടി മാത്രം റാങ്ക് ഹോള്‍‍‍‍‍ഡേഴ്സുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നാല്പത്തിയെട്ടു മണിക്കൂര്‍ ഉപവാസമിരിക്കുന്നു.

ഒരു ബിജെപിക്കാരനും ആ സമരപന്തലിന്റെ അയല്‍പക്കത്തു പോലും പോകുന്നുമില്ല. ബിജെപിയുടെ ഒരേയൊരു എംഎല്‍എയായ ഒ രാജഗോപാല്‍ ഒരു ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് നേമം മണ്ഡലത്തില്‍ തനിക്ക് കിട്ടിയ സ്വീകാര്യത കുമ്മനം രാജശേഖരന് ലഭിക്കില്ലായെന്നാണ്. തന്നെ വ്യക്തിപരമായാണ് സമ്മതിദായകര്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ അര്‍ത്ഥം തനിക്കു കിട്ടിയ വോട്ട് ബിജെപിക്ക് കിട്ടിയ വോട്ടല്ല എന്നാണ്. വിജയിക്കില്ലെന്നറിയാമായിരുന്നിട്ടും ബിജെപി കൂടാരത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചമയം നടക്കുകയാണ്. ധനസമ്പാദനം മാത്രമാണ് ലക്ഷ്യം. കേന്ദ്രത്തില്‍ നിന്ന് വന്നിറങ്ങുന്ന കോടികളിലാണ് ഇവര്‍ കണ്ണുവച്ചിരിക്കുന്നത്. ബിനോയ് വിശ്വവും എ വിജയരാഘവനും നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥകള്‍ക്ക് ഓരോ സ്വീകരണകേന്ദ്രത്തിലും പതിനായിരങ്ങളാണ് വരവേല്ക്കുന്നത്. ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്ന നിഷ്പക്ഷമതികളായ ജനവിഭാഗങ്ങളും വികസന മുന്നേറ്റ യാത്രയുടെ ഭാഗമാകുന്നു.

കേരളത്തില്‍ ഈ ഭരണത്തിലുണ്ടായ വികസന മുന്നേറ്റവും ജനക്ഷേമ പദ്ധതികളും നവകേരള സൃഷ്ടിയും ഇടതുപക്ഷത്തിനൊപ്പം നില്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. കേരളം പുതു ചരിത്രമെഴുതാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നതെന്ന് വികസന മുന്നേറ്റ യാത്രയുടെ വമ്പന്‍ വിജയം വിളിച്ചറിയിക്കുന്നു. ‘വിജയ് യാത്ര’യും ‘ഐശ്വര്യ കേരള യാത്ര’യും നടത്തുന്നവര്‍ അനര്‍ത്ഥങ്ങള്‍ സൃഷ്ടിച്ചവരും കേരള വികസന മുന്നേറ്റത്തിനും ജനക്ഷേമത്തിനും എതിര്‍നിന്നവരാണെന്നും മതനിരപേക്ഷതയെ തകര്‍ത്ത് വിനാശത്തിന്റെ വിത്തുകള്‍ വിതച്ചവരാണെന്നും ജനങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവര്‍ക്ക് കനത്ത പ്രഹരം നല്കും.