ഭരണഘടനയും ഭരണഘടനാ സംവിധാനങ്ങളും ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ ക്രമാനുഗതമായി ദുർബലപ്പെടുത്തി, അട്ടിമറിച്ച് ഏകാധിപത്യം സ്ഥാപിക്കാനുള്ള അധികാരിവർഗത്തിന്റെ കുത്സിത ശ്രമം തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ജനങ്ങളുടെ മുഖ്യമായ കടമയാകേണ്ടത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നൽകാതിരുന്നതിൽക്കൂടി ജനങ്ങൾ നൽകുന്ന സന്ദേശം ശക്തവും വ്യക്തവുമാണ്. കൗശലപൂർവം ജനാധിപത്യം അട്ടിമറിച്ച്, അധികാരം കേന്ദ്രീകരിച്ച്, ഈ രാജ്യം അടക്കിഭരിക്കാൻ ആരെയും അനുവദിക്കില്ല എന്ന്. സമ്മതിദായകർക്ക് ഇളക്കാൻ കഴിയാത്ത പാറപോലെ ഉറച്ച ഭരണകൂടത്തെയോ ഭൗമികരായ (ബയളോജിക്കല്‍) ജനങ്ങളെ ഭരിക്കാൻ അഭൗമികരായ (നോണ്‍ ബയളോജിക്കല്‍) ദിവ്യാവതാരങ്ങളെയോ ജനങ്ങൾ കണ്ണടച്ച് അംഗീകരിക്കില്ല എന്ന് തെളിയിച്ചു. അധികാര ലഹരിയിൽ ജനങ്ങളെ മറന്ന്, സാമൂഹ്യ യാഥാർത്ഥ്യങ്ങൾ വിട്ട് പദവികളുടെ മായാപുരികളിൽ വിരാജിക്കുന്ന ഡൽഹിയിലെ രാഷ്ട്രീയ അധികാരികളെ പിടിച്ചുതാഴ്ത്തി, മണ്ണിൽ ചവിട്ടണമെന്ന് പഠിപ്പിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് അധികാരത്തിന്റെ യഥാർത്ഥ സ്രോതസും പരമാധികാരികളും എന്ന സത്യം മറക്കരുത് എന്ന് അധികാരപ്രമത്തരായ മതമൗലികവാദികളായ അധികാരികളെ, സംഘ്പരിവാറിനെ ഓർമ്മപ്പെടുത്തി ആ തെരഞ്ഞെടുപ്പ്. പക്ഷെ അവർ അത് ഓർക്കില്ല എന്നതാണ് യാഥാർത്ഥ്യം.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഫെഡറൽ സ്വഭാവം ‘ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ’ (വി ദ പീപ്പിൾ ഓഫ് ഇന്ത്യ) സംരക്ഷിക്കും എന്ന് ജനങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട സാമ്പത്തിക വിഹിതം നൽകാതെ വീർപ്പുമുട്ടിച്ചും, പണം നൽകി പ്രലോഭിപ്പിച്ച്, അധികാര ദണ്ഡ് കാട്ടി ഭീഷണിപ്പെടുത്തി മറ്റു കക്ഷികളിൽപ്പെട്ട ജനപ്രതിനിധികളെ കാലുമാറ്റി വശത്താക്കി, പ്രതിപക്ഷ കക്ഷികൾ നയിക്കുന്ന സർക്കാരുകളെ അട്ടിമറിച്ച്, ഫെഡറൽ സംവിധാനത്തെ തകർക്കാൻ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വർഷമായി നടത്തിവരുന്ന നയങ്ങൾക്കെതിരെയുള്ള പ്രതികരണമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്.
കേവല ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് ബിജെപിക്കും നരേന്ദ്ര മോഡിക്കും ഘടകകക്ഷികളെ പൂർണമായി ആശ്രയിക്കേണ്ടിവരുമെന്നും അതുകൊണ്ട് ജനാധിപത്യപരമായി തീരുമാനങ്ങൾ എടുക്കാൻ അവർ നിർബന്ധിതരാകുമെന്നും ധരിക്കേണ്ടതില്ല എന്ന് അവരുടെ ഓരോ ചെയ്തികളും വ്യക്തമാക്കുന്നു.
അരക്ഷിതനായ സമഗ്രാധികാരി ജനത്തെ കൂടുതൽ ഭീതിപ്പെടുത്താനാണ് ശ്രമിക്കുക. അയാളുടെ കൈയ്യിലെ ഏകായുധം അതു മാത്രമാണ്. ജനം ഭയനിവാരണം നേടുന്നതോടെ ജനാധിപത്യം ആത്മനിർഭരമാകും. ഏകാധിപത്യ പ്രവണതകളുള്ള ചെറുതും വലുതുമായ ഭരണാധികാരികൾക്ക് അധികാരം ആത്മരതിയുണ്ടാക്കും. അങ്ങനെയുള്ള ഭരണാധികാരിക്ക് അരക്ഷിതാവസ്ഥ വർധിക്കും. അരക്ഷിതത്വ ബോധം അവരെക്കൊണ്ട് കൂടുതൽ പരാക്രമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഫാസിസ്റ്റുകൾ സൃഷ്ടിക്കുന്ന ഭയത്തിനെതിരെ, പരാക്രമങ്ങൾക്കെതിരെ പോരാടാൻ ഇടതുപക്ഷത്തിനേ കഴിയൂ. ഹിന്ദുത്വവാദികളുടെ അട്ടഹാസങ്ങൾക്കിടയിലും ബഹുസ്വരത നിലനിർത്താനും, മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രതിബദ്ധതയോടെ പ്രചരണം നടത്താനും പോരാടാനും ഇടതുപക്ഷ പ്രത്യയശാസ്ത്രം എന്നും സഹായകമാകും.
ഹിന്ദു — മുസ്ലിം പ്രശ്നത്തെ ചുറ്റിപ്പറ്റി ഒരു ഉന്മാദാവസ്ഥ സൃഷ്ടിച്ച് ലിബറൽ ഹിന്ദുക്കളുടെ മനസ് പിടിച്ചെടുക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. ന്യൂനപക്ഷങ്ങൾക്കു വേണ്ടി, മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷ പ്രത്യയശാസ്ത്രം മാത്രം. മുസ്ലിങ്ങൾക്കും മറ്റുന്യൂനപക്ഷങ്ങൾക്കും എതിരെ വലിയ വികാരം സൃഷ്ടിക്കേണ്ടത് ആർഎസ്എസിന്റെ ആവശ്യമാണ്. അങ്ങനെ ചെയ്യുന്നപക്ഷം മതന്യൂനപക്ഷങ്ങളുടെ തുല്യാവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന ഇടതുപക്ഷ പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്നവരെയും ലിബറലുകളെയും ദേശവിരുദ്ധരും ഹിന്ദു വിരുദ്ധരുമായി ചിത്രീകരിക്കാൻ അവർക്കാകും. ബിജെപിക്കെതിരായ അധികാര ശക്തി കോൺഗ്രസ് ആണെന്ന് അവർ അവകാശവാദമുന്നയിക്കുന്നു. മതേതരത്വത്തെ കുറിച്ച് നിരന്തരം പറയുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനു മുമ്പ് ഗാന്ധിയുടെ കാലത്തും കോൺഗ്രസിൽ ഹിന്ദു വർഗീയവാദികളുടെ വിഭാഗം ഉൾപ്പെട്ടിരുന്നു. ഇവർ കരുത്തരായിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷമുള്ള സിഖ് വംശഹത്യ ഒരു ഹിന്ദു രാഷ്ട്രത്തിന്റെ ഹ്രസ്വകാല ഏകീകരണത്തിലേക്ക് നയിച്ചു. അതും അവരുടെ മകന്റെ പിന്നിൽ അണിനിരന്നുകൊണ്ട്. രാജീവ് ഗാന്ധി പിന്നീട് വേലിയുടെ ഇരുവശത്തുനിന്നും കളിക്കാൻ ശ്രമിച്ചു. ഹിന്ദുക്കളെ പ്രീതിപ്പെടുത്താൻ ബാബ്റി മസ്ജിദിന്റെ പുട്ടു തുറക്കുക, തുടർന്ന് ഷബാനോ കേസിൽ മുസ്ലിം മതമൗലികവാദികളുടെ പക്ഷംപിടിക്കുക. പിന്നീട് വന്ന നരസിംഹറാവുവിന്റെ മഞ്ഞുമൂടിയ നിഷ്ക്രിയത്വമാണ് മസ്ജിദ് തകർക്കാൻ സഹായകമായത്. ദിവസങ്ങളും ആഴ്ചകളും ഒരുമിച്ചു കൂടിയ ശക്തികൾ മണിക്കൂറുകളോളം പൊളിക്കുന്ന ചടങ്ങ് കാമറയിൽ പകര്‍ത്തിയപ്പോഴും നരസിംഹറാവു നിഷ്ക്രിയനായിരുന്നു. ഇന്ത്യൻ ഭരണകൂടത്തിന്റെ മുഴുവൻ ശക്തിക്ക് അത് തടയാൻ കഴിഞ്ഞില്ല എന്നത് അസംഭവ്യമാണ്. അത് ബോധപൂർവമായ തീരുമാനമായിരുന്നു. അതെല്ലാം കോൺഗ്രസിന്റെ പ്രായോഗിക വർഗീയതയായിരുന്നു. ആർഎസ്എസ് ശക്തമായി വളരാൻ പശ്ചാത്തലമൊരുക്കിക്കൊടുത്തത് കോൺഗ്രസായിരുന്നു. ഇപ്പോഴും അവര്‍ മൃദുഹിന്ദുത്വത്തിന്റെ പാതയിലാണ്. അധികാര ദുരയുടെ അട്ടഹാസങ്ങളും അടിച്ചമർത്തലിന്റെ ആർത്തനാദങ്ങളും തകർത്തെറിഞ്ഞ ശിഥിലമായ ചിത്രങ്ങൾ കേരളത്തിന്റെ പ്രാചീന ചരിത്രത്താളുകളിലും തെളിഞ്ഞുകിടക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരിയിട്ടുവാഴ്ച നടത്തിയ ആ കെട്ടകാലത്തിന്റെ ഇടുങ്ങിയ ഇടനാഴികളിൽ നിന്ന് നവോത്ഥാനത്തിന്റെ പ്രകാശപൂരിതമായ സഞ്ചാരപഥങ്ങളിലൂടെ നടത്തിയ ജൈത്രയാത്രയാണ് ആധുനിക കേരളം കെട്ടിപ്പടുക്കാൻ മലയാളിക്ക് പ്രചോദനമായത്. കേരളത്തിലെ ആദ്യ സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവകരമായ നിയമനിർമ്മാണങ്ങളും ശക്തമായ നടപടികളും ഭാവി സംസ്ഥാനത്തിന്റെ രൂപകല്പനയ്ക്ക് അടിത്തറ പാകി. രാജ്യത്തെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ കേരളം കൈയ്യടക്കി.
ജന്മി ഭൂപരിഷ്കരണത്തിന്റെ കടന്നുവരവോടു കൂടി ഭൂപ്രഭു വ്യവസ്ഥ അപ്രസക്തമായി. നൂറ്റാണ്ടുകൾ നിലനിന്ന അടിമത്തത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ലക്ഷക്കണക്കിന് കൃഷിക്കാർക്ക് ലഭിച്ച സ്വാതന്ത്ര്യമായിരുന്നു അത്. സമ്പൂർണ സാക്ഷരത പോലുള്ള വലിയ ലക്ഷ്യങ്ങളിലേക്ക് ജനപങ്കാളിത്തത്തോടെ കേരളം മുന്നേറുന്നത് നാം കണ്ടു. അതിനായി സാംസ്കാരിക രംഗത്തും, വിജ്ഞാന ബൗദ്ധിക വ്യവഹാര ഇടങ്ങളിലും അക്ഷര സ്നേഹികളെ അണിനിരത്തി വലിയ സംഭാവന നൽകിയ പ്രസ്ഥാനമാണ് ഗ്രന്ഥശാലാ സംഘം. ജനകീയ പങ്കാളിത്തത്തിനും സാമൂഹിക മുന്നേറ്റത്തിനും മികച്ച മാതൃക സൃഷ്ടിച്ചതിന്റെ തുടർച്ചയായാണ് ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇവയെല്ലാം ഇടതുപക്ഷ ചിന്തകളാണ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ആയുർദൈർഘ്യം രേഖപ്പെടുത്തി കേരളം ആരോഗ്യരംഗത്ത് ഒന്നാമതെത്തി. സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം എന്ന ഭരണഘടനാ തത്വം വിവേചനങ്ങളില്ലാതെ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി. വർഗീയ ലഹളകൾ വഴിമാറിപ്പോയ കേരളത്തിൽ സംസ്കാരസമ്പന്നമായ ഒരു ജനസമൂഹം കൈവരിച്ച പുരോഗതിയിലൂടെ കൈരളി ഇന്ത്യയുടെ മുന്നിൽ തലയുയർത്തി. 1996ൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഉത്ഭവം അധികാര വികേന്ദ്രീകരണത്തെ കൂടുതൽ അർത്ഥപൂർണമാക്കി. അതുവരെ നിലനിന്ന എല്ലാ വികസന സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായ വികസന സമീപനമാണ് ജനകീയാസൂത്രണം മുന്നോട്ടുവച്ചത്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ചൈതന്യവത്തായ പദ്ധതിയാണത്. വർത്തമാനകാലത്തും നാം സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത് വിസ്മയകരമായ വികസനത്തിനും കരുതലിനുമാണ്. സമാനതകൾ ഇല്ലാത്തതും സങ്കീർണവും സംഭവബഹുലവുമായ സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ ഒമ്പത് വർഷമായി കേരളം കടന്നുപോയത്. നമ്മുടെ മനോഹര തീരങ്ങളെ തകർത്തെറിഞ്ഞ ഓഖിയും, നൂറ്റാണ്ടിലെ മഹാപ്രളയവും, പ്രകൃതിക്ഷോഭവും, നിപയും, ലോകത്തെ ഗ്രസിച്ച കോവിഡ് മഹാമാരിയും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിച്ച ദുരന്തങ്ങളായി. മനുഷ്യരുടെ ശവപ്പറമ്പായി മാറാമായിരുന്ന കേരളത്തെ പ്രതിരോധത്തിന്റെ കോട്ട കെട്ടി എങ്ങനെ സംരക്ഷിക്കാമെന്ന് ഇടതുപക്ഷ സർക്കാർ തെളിയിച്ചു. മനുഷ്യനെ ചേർത്തുപിടിക്കലാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ മേന്മ. ലോക ശ്രദ്ധയാകർഷിച്ച കേരള വികസന മാതൃക ലോകത്തെ ആകെ പിടിച്ചുലച്ച കോവിഡ് മഹാമാരിയെ നേരിട്ടതിലൂടെ അന്താരാഷ്ട്രതലത്തിൽ ഖ്യാതി നേടി.
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി. ആതുരാലയങ്ങൾ സാന്ത്വനത്തിന്റെയും കരുതലിന്റെയും കേന്ദ്രങ്ങളായി. ആശുപത്രികളിൽ ആധുനികമായ സജ്ജീകരണങ്ങൾ നിലവിൽ വന്നു. സ്വസ്ഥമായി ഉറങ്ങാൻ, ജനലക്ഷങ്ങൾക്ക് ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു. പ്രതിസന്ധി കാലത്തും ജനതയെ പട്ടിണിക്കിട്ടില്ല. മാവേലി സ്റ്റോറുകൾ ആശ്വാസം പകർന്നു. കേന്ദ്ര സർക്കാർ കഠിനമായ രീതിയിൽ സാമ്പത്തികമായി ശ്വാസംമുട്ടിക്കുമ്പോഴും ഇടതുസര്‍ക്കാര്‍ ജനതയെ ചേർത്തുപിടിച്ച് മുന്നേറി. 60 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകാൻ ബദ്ധശ്രദ്ധരാണ് ഇടതുപക്ഷം. ലക്ഷക്കണക്കിനു മനുഷ്യർക്ക് പട്ടയം നൽകി. കേരളത്തിന്റെ തെക്കുമുതൽ വടക്കു വരെയുള്ള ആറുവരി ദേഗീയ പാത കേരളത്തിന്റെ മുഖച്ഛായ മാറ്റും എന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. വിഴിഞ്ഞം തുറമുഖം പ്രവർത്തനത്തിൽ വന്നതും ശ്ലാഘനീയം തന്നെ. മേല്പറഞ്ഞ മാനവിക നടപടികളെയെല്ലാം പുച്ഛിച്ചുതള്ളുന്ന, അതിന്റെ ചരിത്രപ്രാധാന്യത്തെ നിഷേധിക്കുന്ന കോൺഗ്രസിനെക്കുറിച്ച് എന്തു പറയാൻ. കേരളപ്പിറവിയോടൊപ്പം തുടക്കം കുറിച്ച അടിസ്ഥാന വികസന കാഴ്ചപ്പാടിലൂടെ നാം ബഹുദൂരം മുന്നേറിക്കഴിഞ്ഞു. വിജ്ഞാന വികസനമെന്ന പുതിയ കാലത്തിന്റെ വികസന സങ്കല്പങ്ങളുമായി 21-ാം നൂറ്റാണ്ടിൽ കേരളം മുന്നേറുകയാണ്. നവ കേരളം എന്ന ആശയവുമായി കുതിക്കുമ്പോൾ അക്ഷരത്തിന്റെയും പുസ്തകത്തിന്റെയും വായനയുടെയും മഹത്വം തിരിച്ചറിഞ്ഞ തലമുറയെ കൂടെ കൂട്ടണം എന്ന് ഇടതുപക്ഷ ചിന്ത പറയുന്നു. ഇടതുപക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് മുന്നേറുക എന്നതാണ് മനുഷ്യനെ സ്നേഹിക്കുന്നവരുടെ കടമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.