
വെട്ടിത്തിളങ്ങുന്ന മഹാപയോധിയുടെ മീതെ വിമാനം താഴ്ന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആരോ വലിച്ചെറിഞ്ഞ ഒരു വസ്ത്രംപോലെ ചെറിയൊരു ദ്വീപ് കാണാറായി. അകലെയായി വേറെയും കുറേ തുരുത്തുകള്‍. ഞങ്ങള്‍ യാത്രചെയ്ത വിമാനം തന്നെ ചെറുതായിരുന്നു. ഏതാണ്ട് എഴുപതുപേര്‍ക്കുള്ള ഒരു പേടകം. ഒരു പക്ഷി ഇറങ്ങുന്നതുപോലെ, ചെറിയൊരു സ്ട്രിപ്പില്‍ സാധാരണ ലാന്‍ഡിങ് ആഘോഷങ്ങളൊന്നുമില്ലാതെ അതിറങ്ങി. ഞാന്‍ ചുറ്റും നോക്കി. ഒരു ചെറിയ ലാന്റ് സ്ട്രിപ്പിനപ്പുറത്ത് അറബിക്കടലിന്റെ നൃത്തം.
ഈയിടെ ഒരു ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഞാനും ഭാര്യയും മകന്റെ കുടുംബത്തോടൊപ്പം അഗത്തി ദ്വീപിലെത്തിയതായിരുന്നു. മുമ്പ് ഞാന്‍ ആന്‍ഡമാനിലും ഏതാനും ദിവസങ്ങളുണ്ടായിരുന്നു. അഗത്തി, ലക്ഷദ്വീപ് സമൂഹങ്ങളിലെ വിമാനത്താവളമുള്ള ഏക ദ്വീപാണ്. കാറില്‍ താമസസ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ഒരുതരം അവഗണിക്കപ്പെട്ട ജീവിതക്കാഴ്ചകളായിരുന്നു. കുറേപേര്‍ ഏതാണ്ട് പൂര്‍ണമായും അലസരായി നടക്കുന്നു. വലിയ കെട്ടിടങ്ങളോ പൊതുസ്ഥലങ്ങളോ ഒന്നും ഇല്ല. ദ്വീപിനെക്കുറിച്ച് വിവരങ്ങള്‍ തരാവുന്ന ചെറിയ പുസ്തകങ്ങള്‍പോലുമില്ല. പക്ഷെ, നമുക്ക് വേറെ വഴിയുണ്ടല്ലോ. ഇവിടെ എത്തിയ സ്ഥിതിക്ക് ദ്വീപുകളുടെ സാമ്പത്തികസ്ഥിതി, കുടുംബ അവസ്ഥകള്‍, തൊഴില്‍, ആചാരങ്ങള്‍, രാഷ്ട്രീയം തുടങ്ങിയവയൊക്കെ അറിയാനായിരുന്നു എനിക്ക് താല്പര്യം. അതിനു പറ്റിയവര്‍ കാര്‍ ഡ്രൈവര്‍, ഞങ്ങള്‍ താമസിച്ച ഹോംസ്റ്റേ ഉടമസ്ഥന്‍, തെരുവില്‍ കണ്ടുമുട്ടിയ ചിലര്‍. അവരാണല്ലോ അനുഭവസ്ഥര്‍. സംസാരിക്കാന്‍ അവര്‍ക്ക് മടിയുമില്ലായിരുന്നു. പൊതുവെ ശുദ്ധാത്മാക്കള്‍. കാര്‍ ഡ്രൈവര്‍ കുഞ്ഞിക്കോയ നിര്‍ത്താതെ കഥ പറയാന്‍ തുടങ്ങി. മൊത്തം ഒരു മണിക്കൂര്‍കൊണ്ട് ചുറ്റാവുന്നത്രയേ ഈ ദ്വീപുള്ളു. കാര്‍ വാടകയില്ലാത്തപ്പോള്‍ മീന്‍ പിടിക്കാന്‍ പോകും. വില്‍ക്കാന്‍ മാത്രമൊന്നും കിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ കടലില്‍ തിരഞ്ഞാല്‍ വീട്ടാവശ്യത്തിന് ട്യൂണ മത്സ്യം കിട്ടും. മറ്റുതരം മത്സ്യങ്ങളൊന്നും കിട്ടില്ല. ചുറ്റും കടലുണ്ടായിട്ടും എന്തേ നല്ല മറ്റ് മീനുകള്‍ കിട്ടാത്തതെന്ന് ചോദിച്ചു. അതൊക്കെ പുറംകടലില്‍ വച്ച് പിടിച്ച് അവിടുന്നേ കൈമാറ്റം ചെയ്യപ്പെടുമത്രേ. ഹോംസ്റ്റേ ഉടമയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണത്തില്‍ ചൂര (ട്യൂണ) മാത്രമേ ഉണ്ടായിരുന്നുള്ളു. നമ്മുടെ നാട്ടിലെ മീന്‍ മാര്‍ക്കറ്റില്‍ കിട്ടാത്ത മീനുണ്ടോ? കടലിന്റെ നടുവില്‍ താമസിക്കുന്ന ഇവര്‍ക്ക് മത്സ്യപുരാണം ഏറെ പറയാനില്ല. മീന്‍ ചന്തകളും ഇവിടെയില്ല. മത്സ്യം പിടിത്തം മുഴുവന്‍ ജീവിതോപാധിയാക്കാനും പറ്റില്ലെന്നവര്‍ പറഞ്ഞു.
ഒഴിവ് സമയങ്ങളില്‍ പലതവണ ആ വീട്ടുടമ എന്റെ അടുത്തുവന്ന് കഥകള്‍ പറയും. മിക്കതും നിശ്ചല സമ്പദ്‌വ്യവസ്ഥയുടെയും ഇല്ലായ്മയുടെയും കഥകള്‍തന്നെ. അഞ്ച് ചെറു ദ്വീപുകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് അഗത്തി. നല്ല ഹോട്ടലുകളോ ലോഡ്ജുകളോ ഒന്നുമില്ല. ജനസംഖ്യ ഏതാണ്ട് 8,000ത്തിന് താഴെ. അഗത്തി 17.5ച കിലോമീറ്ററുള്ള ഒരു തുണ്ടുഭൂമിയാണ്. അവിടെ ചുറ്റിത്തിരിയാന്‍ സ്കൂട്ടറോ, സൈക്കിളോ കിട്ടും. രണ്ടുഭാഗത്തും കടല്‍. കാറ്റേറ്റ് ദ്വീപ് മുഴുവന്‍ തിരിയാന്‍ ഒരു മണിക്കൂര്‍ പോലും വേണ്ട.
സംസാരത്തിനിടയില്‍ കാര്‍ ഡ്രൈവര്‍ പ്രശ്നങ്ങള്‍ പറഞ്ഞു. അത്യാവശ്യ വീട്ടുസാധനങ്ങള്‍ റേഷനും സൗജന്യവുമായി കിട്ടും. കാര്യമായ വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട് വിനോദങ്ങളുമില്ല. സിനിമ, മദ്യപാനം, പുകവലി തുടങ്ങിയവ ഇല്ലതന്നെ. പൊതുനിരത്തില്‍ സിഗററ്റ് വലിപോലും കണ്ടതായി ഓര്‍മ്മയില്ല. ഇക്കാരണങ്ങളാല്‍ ജീവിതച്ചെലവ് നന്നേ കുറവാണ്. ഒന്നിനും സാധ്യതയില്ലാത്തതിനാല്‍ പൂര്‍ണസംതൃപ്തി. ഒരു മാസച്ചെലവിന് ഒരു കുടുംബത്തിന് അയ്യായിരം രൂപയുണ്ടായാല്‍ ധാരാളമായി എന്നയാള്‍ പറഞ്ഞപ്പോള്‍ ഞാനങ്ങത്ഭുതപ്പെട്ടു. ഇവിടെ അത് ഒന്നിനും തികയില്ല. അയാളിത് പറയുന്നത് സങ്കടത്തോടെയല്ല എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. വഴിയില്ല, വരുമാനത്തിന്. പിന്നെ എന്തിന് മോഹിക്കണം. പുറമെനിന്ന് നോക്കുന്ന നമുക്കാണ് വിഷമം. ഈ ദ്വീപില്‍ 88.5% സാക്ഷരതയുണ്ട്. അത്യാവശ്യം ബിഎക്കാരും ബിബിഎക്കാരും ഉണ്ട്. പക്ഷെ, സ്ഥിരം ജോലിക്ക് വഴിയില്ല. അവിടത്തുകാര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാരിന് ഒരു താല്പര്യവുമില്ല. കാര്‍ ഡ്രൈവര്‍ ഒരു ബിബിഎക്കാരനാണ്. കുറച്ചുകാലം കൊച്ചിയില്‍ ജോലി ചെയ്തു. ദ്വീപിന്റെ ശാന്തതയില്‍ മുഴുകിയ അയാള്‍ക്ക് കൊച്ചിയുടെ തിരക്ക് പിടിച്ചില്ല. പണിയുപേക്ഷിച്ച് തിരിച്ചു വന്ന്, ചില്ലറ ജോലിയും സമാധാനവുമായി ഇവിടെ കഴിയുന്നു. പഠിച്ചിട്ടും വെറുതെ ഇരിക്കുന്നതിലയാള്‍ക്ക് വിഷമമില്ല. അയാള്‍ക്ക് പറ്റിയ തൊഴില്‍ ദ്വീപിലില്ല. ഇങ്ങനെ ഒരുപാട് യുവാക്കള്‍ പഠിത്തവും ശേഷിയും പാഴാക്കി, ജീവിതത്തിലെ നല്ലകാലം കളയുന്നു. ദ്വീപിലെ പൊതുസ്ഥിതി ഇതാണ്.
മീന്‍ പിടിത്തവും നാളികേരവും മാത്രമാണ് വരുമാനമാര്‍ഗം. അഗത്തി ദ്വീപില്‍ യാത്ര ചെയ്തപ്പോഴൊക്കെ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന തെങ്ങുകളും ചോട്ടില്‍ വീണുകിടക്കുന്ന നാളികേരങ്ങളും കാണാം. അതൊക്കെ പെറുക്കികൂട്ടി കൊപ്ര, വെളിച്ചെണ്ണ എന്നിവയാക്കി മാറ്റാനുള്ള കാര്യമായ ശ്രമങ്ങളൊന്നുമില്ല. ഒന്നോ രണ്ടോ എണ്ണയാട്ടു കേന്ദ്രങ്ങള്‍ മാത്രമാണവിടെയുള്ളത്. അങ്ങനെ വെളിച്ചെണ്ണയാക്കിയാലും കാര്യമായി വാങ്ങാനാളുമില്ല. ഫലത്തില്‍ ധാരാളമായി കിട്ടുന്ന നാളികേരം അവര്‍ക്ക് ഒരു വരുമാന മാര്‍ഗമേ അല്ല. ഗാര്‍ഹികാവശ്യത്തിന് ചെറിയൊരു ഭാഗം മാത്രമേ വേണ്ടൂ. ഈ ദ്വീപുവാസികളുടെ ദാരിദ്ര്യത്തിന് ഒരു പ്രധാന കാരണമതാണ്. പണിയില്ല, വരുമാനമാര്‍ഗങ്ങളില്ല. അടിയന്തിരമായി ഇവിടെ വേണ്ടത് കയര്‍ വ്യവസായം, കൊപ്ര, എണ്ണയാട്ടല്‍ കേന്ദ്രങ്ങള്‍ എന്നിവയാണ്. അതിനായി രാഷ്ട്രീയ നേതാക്കളെ സമീപിച്ചെങ്കിലും ഒരു കാര്യവും നടന്നില്ലെന്നാണ് അവര്‍ പറയുന്നത്. ജനപ്രാതിനിധ്യം മിക്കവാറും കുടുംബാധിപത്യത്തിലുമാണ്. രോഗം വന്നാല്‍ കാര്യമായ ചികിത്സാ സൗകര്യമില്ല. ഇവിടെ ആകെ ഒരു ആശുപത്രിയേ ഉള്ളു. അവിടെ സ്പെഷ്യലിസ്റ്റുകളൊന്നുമില്ല. അല്പം ഗുരുതര രോഗമാണെങ്കില്‍ കൊച്ചിയിലേക്കു പോകണം. ചെലവും ദുരിതവും കൂടും. മുമ്പ് ഇവിടെ ഒരു സ്വകാര്യ ആശുപത്രി ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അത് സര്‍ക്കാര്‍ ആശുപത്രിയാക്കിയതോടെ നല്ല ചികിത്സ ഇല്ലാതായി. എന്തിനാണത് ചെയ്തതെന്ന് ഇവര്‍ക്കറിയില്ല. ഒന്നോ രണ്ടോ മെഡിക്കല്‍ ഷോപ്പുകളേ കണ്ടുള്ളു. അവിടെയും കാര്യമായ ചികിത്സയ്ക്ക് വേണ്ട മരുന്നുകളില്ലെന്നാണവര്‍ പറയുന്നത്. അവര്‍ക്കിതൊക്കെ അറിയാം. പക്ഷെ പരാതി ആരു കേള്‍ക്കാന്‍. കയാക്കിങ്, സ്നോര്‍ക്കലിങ്, സ്കൂബ ഡെെവിങ് എന്നിവയൊഴിച്ചാല്‍ വിനോദ പരിപാടികളും വരുമാന സാധ്യതകളും ഇല്ല. ഇതിനുമാത്രമായി ടൂറിസ്റ്റുകള്‍ വരുന്നത് കുറവാണ്. അല്പം ഹോം സ്റ്റേകളോ, ഒന്നോ രണ്ടോ ഹോട്ടലുകളോ ഒഴിച്ചാല്‍ അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ കൊടുക്കാന്‍ വഴിയുമില്ല.
വലിയ ക്രമസമാധാന പ്രശ്നങ്ങളില്ല. അത്യാവശ്യം പൊലീസും ഒരു എഡിഎമ്മുമുണ്ട്. എല്ലാ ദ്വീപുകള്‍ക്കും കൂടി ഒരു എംപിയുണ്ട്. പാര്‍ട്ടികളില്‍ മുന്‍തൂക്കം എന്‍സിപി, കോണ്‍ഗ്രസ് എന്നിവയ്ക്കാണ്. ആകെ ഒരു സമ്പൂര്‍ണ അനാഥത്വം. പ്രഫുല്‍ പട്ടേല്‍ എന്ന ഗുജറാത്തി കമ്മിഷണറാണ് കാര്യങ്ങള്‍ നോക്കുന്നത്. ഇവിടത്തെ മുസ്ലിം സമൂഹത്തെ പരിഗണിക്കാന്‍ അയാള്‍ക്ക് താല്പര്യമേയില്ല. മറ്റ് ദ്വീപുകളുമായി ബന്ധപ്പെടാന്‍ കണക്ടിവിറ്റി കുറവാണ്. രാഷ്ട്രീയ നേതാക്കള്‍ എങ്ങനെയും ഇവരെ ചൂഷണം ചെയ്യാനുള്ള തിരക്കിലാണ്. തെരഞ്ഞെടുപ്പുവരുമ്പോള്‍ മാത്രം ജനപ്രതിനിധികളെ കാണാം. ആകെ അവഗണന, ജനങ്ങള്‍ക്ക് നിസംഗത, കേന്ദ്ര അവഗണനയെക്കുറിച്ച് പറയാന്‍ അവര്‍ മടിക്കുന്നു, ഇനിയും പ്രശ്നങ്ങളായാലോ. ആകെ ഒരു ശാന്തതയും നിസംഗതയും ആ ദ്വീപിനെ ആവരണം ചെയ്യുന്നു. അസ്വസ്ഥരാവാന്‍ അവര്‍ക്കറിയില്ല. അപ്പുറത്ത് കടല്‍ മാത്രം അസ്വസ്ഥമായി ഇളകിനില്‍ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.