14 July 2025, Monday
KSFE Galaxy Chits Banner 2

ആർഎസ്എസിന്റെ ഗാന്ധിവിരോധവും അംബേദ്കറും

മാര്‍ക്സ് ഗാന്ധി അംബേദ്കര്‍-2
അജിത് കൊളാടി
വാക്ക്
May 26, 2025 4:45 am

സ്വതന്ത്ര ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച മുസ്ലിങ്ങൾക്ക് തുല്യ പൗരാവകാശം ഉറപ്പാക്കണമെന്ന ഗാന്ധിയുടെ നിലപാടാണ് ആർഎസ്എസിന് ഗാന്ധിയോട് കടുത്ത വിരോധം ഉണ്ടാകാനുള്ള കാരണം. 1947 ഡിസംബറിൽ ഡൽഹിയിൽ ചേർന്ന ആർഎസ്എസ് യോഗത്തിൽ ഗോൾവാൾക്കർ പ്രസംഗിച്ചതിങ്ങനെ: “അവർ രാജ്യം വിട്ടു പോകണം. മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ എന്നിവർ രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയായ മുന്ന് ആഭ്യന്തര ശത്രുക്കളാണ്”.
സങ്കുചിതത്വം പാടില്ല എന്ന് ഗാന്ധി പറഞ്ഞു. എല്ലാ മതങ്ങളിൽ നിന്ന് നല്ലത് സ്വീകരിക്കാൻ പറഞ്ഞു. ഇതര മതങ്ങളെ അദ്ദേഹം ബഹുമാനിച്ചു. ഗാന്ധിയുടെ ഹിന്ദുമതം പ്രകാശിക്കപ്പെട്ടത് ക്ഷേത്രങ്ങളിൽ വച്ചായിരുന്നില്ല. വാരാണസിയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ ഗാന്ധിക്ക് ഒട്ടും മതിപ്പ് തോന്നിയില്ല. “ധ്യാനത്തിന്റെയും മനനത്തിന്റെയും അന്തരീക്ഷം പ്രതീക്ഷിച്ചാണ് അവിടെ പോയതെങ്കിലും പ്രത്യക്ഷത്തിൽ അതിന്റെ അഭാവം പ്രകടമായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം മുഴുവൻ ചുറ്റിനടന്ന് അവിടുത്തെ അഴുക്കിലും ചെളിയിലും ദൈവത്തെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല ഗാന്ധിജിക്ക്. ക്ഷേത്രങ്ങൾക്കകത്തുകയറി ആരാധന നടത്തുന്നതിൽ നിന്ന് ഗാന്ധിയെ പിന്തിരിപ്പിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി ദൈവം ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ് കുടികൊള്ളുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രാർത്ഥനയിലും ചടങ്ങുകളിലും തീർത്ഥാടനത്തിലും വഴിപാടുകളിലുമല്ല ഒരാളുടെ വ്യക്തിചര്യയിൽ നിന്നാണ് അയാൾക്ക് ദൈവത്തോടുള്ള സ്നേഹമോ വിശ്വാസമോ മനസിലാക്കേണ്ടതെന്ന് അദ്ദേഹം കരുതി. 

രണ്ടാമതായി ജാതി ലിംഗസമത്വത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ ഹിന്ദുക്ഷേത്രങ്ങൾ വിസമ്മതിക്കുന്നു എന്ന് അദ്ദേഹം കണ്ടു. 1921 ൽ ആദ്യമായും അവസാനമായും ഗാന്ധി അയോധ്യ സന്ദർശിച്ചു. നഗരത്തിലെ പല ക്ഷേത്രങ്ങളിൽ ഒന്നില്‍പോലും അദ്ദേഹം കയറിയില്ല. അന്നുനടന്ന പൊതുയോഗത്തിൽ അക്രമങ്ങളെ അപലപിച്ചു. ദൈവത്തോടും മനുഷ്യരോടുമുള്ള പാപമായാണ് താൻ അക്രമങ്ങളെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുറച്ചു പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അയോധ്യയിൽ ജനിച്ചു എന്ന് വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിൽ വലിയ ഒരു കൂട്ടം മനുഷ്യർ ” അക്രമോത്സവം” നടത്തുന്നത് ഇന്ത്യ കണ്ടു. ഗാന്ധിയുടെ രാമൻ അദ്ദേഹത്തിന്റെ ഹൃദയത്തിലായിരുന്നു. ഒന്നിനും എതിരല്ലാത്ത സത്യത്തിന്റെ കൂടെ നിൽക്കാനുള്ള ദാർശനികന്റെ സൂക്ഷ്മനിഷ്ഠ അന്വേഷിച്ചു നടന്ന ഗാന്ധി അഹിംസ എന്ന വാക്കിന്റെ എതിർ സൂചനയിൽ അസ്വസ്ഥനായിരുന്നു. രാഷ്ട്രം രാഷ്ടീയ സ്വാതന്ത്ര്യം നേടാൻ പോകുന്ന സമയത്ത്, രാജ്യത്തെ ഏറ്റവും വലിയ നേതാവ് താനണിഞ്ഞിരുന്ന രാഷ്ട്രീയത്തിന്റെ അംഗവസ്ത്രങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നത് കാണണമെങ്കിൽ 1947 ഓഗസ്റ്റ് ഒമ്പതുമുതൽ ഒരാഴ്ച കാലത്തെ ഗാന്ധിയെ നോക്കിയാൽ മതി. സഹിഷ്ണുത, ധർമ്മം, നീതിബോധം, സമത്വബോധം, ദയ, മതനിരപേക്ഷത, സാഹോദര്യം എന്നിവയൊക്കെ ഇന്ന് അന്യംനിന്ന് പോകുമ്പോൾ, അധികാര പ്രമത്തതയും, സ്വജനപക്ഷപാതവും വർധിക്കുമ്പോൾ ഗാന്ധി ദർശനം ഇന്ന് തീർത്തും പ്രസക്തം. ഗാന്ധിയല്ലാതെ ആരാണ് ഇവിടെ വഴികാട്ടി. ഗാന്ധിദർശനങ്ങൾ ആണ് മതഭ്രാന്ത് പിടിപെട്ടിരിക്കുന്ന ഈ നാടിന്റെ മോചന മാർഗം.
ഇന്നത്തെ കാലത്ത് “അംബേദ്കറുടെ പ്രസക്തി” എന്ന മട്ടിലാണ് ഇപ്പോൾ അംബേദ്കറെ ചർച്ച ചെയ്യുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന് പൊതുവെയും ജ­നാധിപത്യത്തിന്റെ വളർച്ചയ്ക്ക് പ്രത്യേകമായും അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ച് ആർക്കൊക്കെയോ സംശയമുള്ളതായി തോന്നുന്നു. അംബേദ്കറുടെ പ്രസക്തിയെ കുറിച്ച് ഇത്തരം ബോധപൂർവമായ സംശയമുണർത്തുന്നവർ ആധുനിക ഇന്ത്യക്കുവേണ്ടി ബൗദ്ധികവും രാഷ്ട്രീയവുമായ സംഭാവനകൾ അർപ്പിച്ച അദ്ദേഹത്തോടുള്ള അനാദരവ് കാട്ടുകയാണ്. രാഷ്ട്ര സങ്കല്പം ശക്തിപ്പെടുത്തുന്നതിന് അംബേദ്കർ നൽകിയ സംഭാവനകൾ മനസിലാക്കണമെങ്കിൽ ജാതി ഹിന്ദുക്കളുടെ രാഷ്ട്ര സങ്കല്പത്തിലെ ബ്രാഹ്മണ വേരുകൾ തിരിച്ചറിയണം. ജനാധിപത്യ രീതിയിൽ കൂടി മാത്രമേ സുസ്ഥിരവും സമാധാനപൂർണവുമായ രാഷ്ട്രം സാധ്യമാകൂ എന്ന് അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പങ്കാളിത്തവും തങ്ങളുടെ ഉന്നതിക്കു വേണ്ടിയുള്ള നിയമനിർമ്മാണത്തിനുള്ള അധികാരവും നൽകുന്നതായിരുന്നു അംബേദ്കറുടെ സങ്കല്പത്തിലുള്ള ജനാധിപത്യ രാഷ്ട്രം. പൗരത്വത്തെക്കുറിച്ചുള്ള അംബേദ്കറുടെ സങ്കല്പം അതിലും മികച്ചതായിരുന്നു. അരിസ്റ്റോട്ടിലിയൻ ജനാധിപത്യ മാതൃകയിലുള്ളതായിരുന്നു അത്. വ്യക്തിക്ക് സർക്കാരിനെ തെരഞ്ഞെടുക്കാൻ മാത്രമല്ല, നിയമനിർമ്മാണത്തിനും അവസരം നൽകുന്നു അത്. നിയമപരമായ എല്ലാ നയരൂപീകരണത്തിലും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും മാറ്റി നിർത്തപ്പെട്ടവർക്കും പങ്കാളിത്തം നൽകണമെന്ന് അംബേദ്കർ നിർബന്ധപൂർവം ആവശ്യപ്പെട്ടു.
ജനാധിപത്യ രാഷ്ട്രം എന്ന നിലയ്ക്ക് അത്തരമൊരു അധികാരം പങ്കിടൽ മാതൃക നടപ്പാക്കാൻ നമുക്ക് സാധിച്ചോ എന്നതാണ് ഇന്നത്തെ ചോദ്യം. എല്ലാ വിഭാഗക്കാർക്കും അവകാശങ്ങളും അടിച്ചമർത്തപ്പെട്ടവരുടെ ക്ഷേമത്തിനും വികാസത്തിനുമുള്ള ഉപാധികളും ഉറപ്പാക്കിയ ശേഷമേ എല്ലാവരും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന ആശയത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് പ്രസക്തിയുള്ളു എന്ന് അംബേദ്കർ വാദിച്ചു. വേദകാലം മുതൽ ഇതിഹാസ പുരാണ കാലം വരെയുള്ള ദാർശനിക പ്രായോഗിക വ്യവഹാരങ്ങളുടെ അതി സങ്കീർണമായ ഒരു സമുച്ചയം ചാതുർവർണ്യത്തിന്റെ നിർമ്മിതിയെയും നിലനില്പിനെയും നിർണയിച്ചിട്ടുണ്ട്. അതിന്റെ ആന്തരികമായ പരസ്പര വൈരുധ്യങ്ങളെ, സംഘർഷങ്ങളെ, ദൈവശാസ്ത്രത്തിന്റെ പരിരക്ഷയിലുള്ള ശ്രേണിയിൽ ഉറപ്പിച്ചു നിർത്തിയാണ് ചാതുർവർണ്യം പ്രവർത്തന ക്ഷമമാക്കിയിരുന്നത്. അതിന്റെ ദാർശനിക സമീപനത്തെ ഉള്ളിൽ നിന്നോ പുറത്തു നിന്നോ ആക്രമിക്കാൻ കഴിയാത്ത വിധം ശക്തമായ ഒരു ദൈവശാസ്ത്ര കവചമായിരുന്നു അണിയിച്ചിരുന്നത്. ആ ദൈവശാസ്ത്രത്തെ ചോദ്യം ചെയ്യാതെ ചാതുർവർണ്യത്തിന്റെ യുക്തിയെ വെല്ലുവിളിക്കാൻ കഴിയുമായിരുന്നില്ല. ആ വെല്ലുവിളിയാണ് ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി അംബേദ്കർ ഉയർത്തിയത്.

ത്രൈവർണികരെ കുറിച്ച്, ശൂദ്രരെ കുറിച്ച്, വേദകാല സംസ്കൃതിയെ കുറിച്ച്, ബുദ്ധമതത്തിന്റെ ആവിർഭാവത്തെയും തളർച്ചയേയും കുറിച്ച്, സമകാല ചാതുർവർണ്യത്തിന്റെ സ്വഭാവങ്ങളെയും ഘടനകളെയും കുറിച്ച്, പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും പ്രതിലോമ സാംസ്കാരികതയെ കുറിച്ച്, തൊട്ടുകൂടായ്മയുടെ യഥാർത്ഥ ചരിത്ര പരിണാമങ്ങളെ കുറിച്ച്, അതിനെതിരെയുള്ള ചെറുത്തുനില്പുകളുടെ ചരിത്രത്തെ കുറിച്ച്, ബ്രാഹ്മണ്യ വ്യവസ്ഥയുടെ ചരിത്രപരമായ അസ്തിത്വത്തെ കുറിച്ച്, ബ്രാഹ്മണ്യമതം എന്ന നിലയിലുള്ള ഹിന്ദുമതത്തിന്റെ എല്ലാ രൂപങ്ങളുടെയും മനുഷ്യ വിരുദ്ധതയെ കുറിച്ച് വിപുലമായ ബദൽ ചരിത്ര നിർമ്മിതി നിർവഹിച്ചു കൊണ്ടാണ് അംബേദ്കർ തന്റെ രാഷ്ട്രീയ ഇടപെടലുകൾക്ക് ലെജിറ്റിമസി (നിയമസാധുത) തേടുന്നത് എന്ന കാര്യം അങ്ങേയറ്റം പ്രാധാന്യമുള്ളതാണ്. ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇതിനെക്കാൾ വലിയ ഒരു ഉൾക്കാഴ്ച മറ്റൊരു സ്രോതസിൽ നിന്നും ലഭിക്കില്ല. യഥാർത്ഥ സമത്വത്തിലേക്കുള്ള യാത്രയിലെ സഹയാത്രികരോ സഹപ്രവർത്തകരോ ആയിരുന്നു ഗാന്ധിയും അബേദ്കറും. ഉറങ്ങിക്കിടന്ന ദളിതരെ തട്ടിയുണർത്തിയ അംബേദ്കർ അവരെ യാത്രയ്ക്കു സജ്ജമാക്കി. ഗാന്ധിയാകട്ടെ വിവിധ ജാതിക്കിണറുകളിൽ മുങ്ങിക്കിടന്നവരെ കൈപിടിച്ചുയർത്തി ഒരു പടി മുന്നിലേക്ക് കൊണ്ടുവന്നു.
ഹിന്ദുമതത്തിനുള്ളിൽ ഗാന്ധി സൃഷ്ടിച്ച സഹിഷ്ണുതയുടെ തത്വമില്ലായിരുന്നെങ്കിൽ ക്രൂരമായ സവർണ സമൂഹം അംബേദ്കറോട് തീരെ സഹിഷ്ണുത കാട്ടില്ലായിരുന്നു. ജാതിവെറിയിൽ നിന്നു രാജ്യം രക്ഷപ്പെടണമെങ്കിൽ സവർണമേധാവിത്വം തങ്ങളുടെ നിലപാട് മാറ്റണം. അതിന് ഗാന്ധി വേണം. മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് അംബേദ്കറും വേണം. അടിച്ചമർത്തപ്പെട്ട ഇന്ത്യാക്കാരോടുള്ള “പഠിക്കുക, സംഘടിക്കുക, പോരാടുക” എന്ന അംബേദ്കറുടെ ആഹ്വാനം പ്രസിദ്ധമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിൽ ഇറങ്ങിയ വിദ്യാർത്ഥികൾക്കും വനിതകൾക്കും അതിന് കരുത്ത് ലഭിച്ചത് അംബേദ്കറുടെ ആഹ്വാനത്തിൽ നിന്നാണ്. സർവ്വമത സാഹോദര്യത്തിനായി ജീവിതകാലം മുഴുവൻ ഗാന്ധി നടത്തിയ പോരാട്ടത്തിൽ നിന്നാവാം ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടി ഹിന്ദുത്വത്തിനെതിരെ ശബ്ദമുയർത്താൻ അവർക്ക് ആവേശം ലഭിച്ചത്. വർത്തമാന കാലത്ത് ധാർമ്മികവും സാമൂഹികവുമായ സമസ്യകൾ ഏറെക്കുറെ ഒന്നു തന്നെയാണ്. ജാതി, ലിംഗ സമത്വത്തിനു വേണ്ടിയുള്ള സമരം ഇപ്പോഴും അവസാനിച്ചിട്ടില്ല. സർവ്വമത സാഹോദര്യത്തിനുള്ള പോരാട്ടം അതിതീക്ഷ്ണമായി നടത്തണമെന്ന് കാലം ആവശ്യപ്പെടുന്നു. സ്ത്രീസ്വാതന്ത്ര്യം നേടിയെടുക്കാൻ സന്ധിയില്ലാത്ത പോരാട്ടം അനുപേക്ഷണീയമാണ്. ചാതുർവർണ്യത്തിനെ നഖശിഖാന്തം എതിർത്ത് പരാജയപ്പെടുത്താൻ, ഹിന്ദുത്വയുടെ ആപത് ശക്തികളെ ചെറുക്കാൻ അംബേദ്കറും ഗാന്ധിയും നമുക്ക് ശക്തി പകരും. മനുഷ്യനെ ഒന്നായി കാണുന്ന മാർക്സും അവരോടൊപ്പം ചേർന്നു നിൽക്കും. ഈ ത്രിമൂർത്തികളുടെ ആശയങ്ങളുടെ സമ്മേളനമാണ് രാജ്യം ആവശ്യപ്പെടുന്നത്. അത് സാക്ഷാത്ക്കരിക്കാനുള്ള ആത്മാർത്ഥതയുള്ള പോരാട്ടത്തിലാണ് കമ്മ്യൂണിറ്റ് പാർട്ടി നിരന്തരം ഏർപ്പെട്ടിരിക്കുന്നത്.
(അവസാനിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.