ദേവിക

June 07, 2021, 4:25 am

ആറ്റിങ്ങലെ ലക്ഷ്മണനും വയനാട്ടിലെ ജാനുവും

Janayugom Online

അരനൂറ്റാണ്ടിനുമപ്പുറത്താണ്. അന്ന് ആറ്റിങ്ങല്‍ വഴി കടന്നുപോകുന്ന ബസ് യാത്രികര്‍ക്ക് ആറ്റിങ്ങല്‍ ലക്ഷ്മണന്‍ ഒരു പേടിസ്വപ്നമായിരുന്നു. ആറരയടിയോളം പൊക്കം. ആജാനബാഹു. കരിവീട്ടിയില്‍ തീര്‍ത്തപോലെ, പഴയൊരു പാന്റ്സ് മാത്രമാണ് വേഷം. മുതുകില്‍ അങ്ങിങ്ങ് ചുണ്ണാമ്പുകൊണ്ടു പുള്ളികുത്തിയിട്ടുണ്ട്, കണ്ണുകിട്ടാതിരിക്കാനെന്നപോലെ. ജംഗ്ഷനില്‍ ബസ് നിര്‍ത്തിയാല്‍ ലക്ഷ്മണന്‍ ബസിനടുത്തെത്തും. അരികിലിരിക്കുന്ന യാത്രക്കാരോട് പറയും, ഒരു നൂറുരൂപയിങ്ങെട്. ഒരു വേലിയാടിനെ വാങ്ങാനാണ്. യാത്രക്കാര്‍ ഭയചകിതരായി ഉള്ളിലേക്ക് നീങ്ങിയിരിക്കും, കയ്യെത്താ അകലത്തില്‍. ഇല്ലെങ്കില്‍ ഒരന്‍പതു രൂപയായാലും മതി എന്നാവും പിന്നെ. യാത്രക്കാര്‍ മൂകരായി ഭയം വിടാതെയിരിക്കും. ഒടുവില്‍ പറയും. ഒരു പത്തുപെെസയായാലും മതി. ഒരു ചായ കുടിക്കാനാണ്. അന്ന് ഒരു ചായക്ക് പത്തു പെെസയേയുള്ളു. ആരും പെെസ കൊടുത്തില്ലെങ്കില്‍ ‘അവന്റെയൊക്കെ ഓരോ പവറും പത്രാസും’ എന്നു പുലമ്പി ലക്ഷ്മണന്‍ അടുത്ത ബസിന്റെ ഓരം പറ്റും.

ആദിവാസി ഗോത്രവര്‍ഗ നേതാവ് സി കെ ജാനു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി നടത്തിയ വിലപേശലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോഴാണ് പാവം ലക്ഷ്മണനെ ഓര്‍ത്തുപോയത്. യുഡിഎഫില്‍ നിന്ന് ബിജെപിയിലേക്ക്. അവിടെനിന്ന് ഇടതുമുന്നണിയിലേക്ക് എന്ന മട്ടില്‍ മുന്നണി മാറ്റ തത്തിക്കളി നടത്തിയ ജാനു മൂഷികസ്ത്രീ പിന്നെയും മൂഷിക സ്ത്രീയാകാനെന്നപോലെ വീണ്ടും ബിജെപി മുന്നണി എന്ന അദൃശ്യമുന്നണിയിലേക്ക് മടങ്ങാന്‍ സുരേന്ദ്രനുമായി നടത്തിയ വിലപേശല്‍ കാലിച്ചന്തകളില്‍ മാത്രമേ കാണാനാകൂ. നിങ്ങളുടെ മുന്നണിയിലേക്കു ഞാന്‍ വരാം. പക്ഷേ കാശുവേണം. എത്ര വേണമെന്ന് സുരേന്ദ്രന്‍. എത്ര തരുമെന്നു ജാനു. വളച്ചുകെട്ടില്ലാതെ പറയെന്റെ ജാനൂ എന്ന് സുരേന്ദ്രന്‍. പത്തുകോടി വേണമെന്ന് ജാനു. പത്തുകോടിയോ എന്ന് സുരേന്ദ്രന്‍. എന്തായാലും അഞ്ചുകോടി രൂപ വേണം. പിന്നെ എന്നെ കേന്ദ്രമന്ത്രിയാക്കണം. നിയമസഭയില്‍ മത്സരിക്കാന്‍ അഞ്ചു സീറ്റുവേണം. അതിലൊരു സീറ്റ് എനിക്ക്. ജാനു തന്റെ ആവശ്യങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചു. നടപ്പില്ലെന്നു സുരേന്ദ്രന്‍. മഞ്ചേശ്വരത്തെ കെ സുന്ദരയെ വിലയ്ക്കെടുക്കാന്‍ പോലും രണ്ടരലക്ഷം രൂപയും ഒരു സ്മാര്‍ട്ട്ഫോണുമേ നല്കിയുള്ളു. പിന്നെയാണ് ജാനുവിന് അഞ്ച് കോടി. എങ്കില്‍ പത്തുലക്ഷം രൂപ തന്ന് കച്ചവടം ഉറപ്പിക്ക് എന്ന് ജാനുവിന്റെ ലക്ഷ്മണന്‍ മട്ടിലുള്ള അവസാന വിലപേശല്‍.

സുരേന്ദ്രന്‍ കച്ചവടമുറപ്പിച്ചു. പത്ത് ലക്ഷം രൂപയും ഫോണിനുപകരം ഒരു സീറ്റും. പെെസ എവിടെവച്ചു തരുമെന്ന് ജാനുവിന്റെ പണപ്പെട്ടി കെെകാര്യക്കാരിയായ പ്രസീദയ്ക്കറിയണം. തലസ്ഥാനത്ത് ഹോട്ടല്‍ ഹോറെെസണില്‍ വന്നാല്‍ മതിയെന്ന് സുരേന്ദ്രന്റെ വാക്ക്. പ്രസീദയുമൊത്ത് ജാനു കാറില്‍ അനന്തപുരിയിലെ തമ്പാനൂരിലെത്തി. ഷുമാക്കര്‍ സ്റ്റെെലില്‍ കാറോടിക്കുന്നത് ജാനു. ഹോട്ടലിലെത്തിയതോടെ ജാനുവിന്റെ ഭാവം മാറി. പ്രസീദ പുറത്തുനിന്നാല്‍ മതി. മിനിറ്റുകള്‍ക്കകം സുരേന്ദ്രന്‍ എത്തുന്നു. മുറിയില്‍ കയറി കതകടയ്ക്കുന്നു പത്ത് ലക്ഷം കെെമാറുന്നു. പുറത്തേക്ക് പോകുന്നു. പിന്നെയും ഒരിക്കല്‍കൂടി സുരേന്ദ്രന്‍ ജാനുവിന്റെ മുറിയിലെത്തിയതെന്തിനെന്ന് പ്രസീതയുടെ അര്‍ത്ഥംവച്ചുള്ള ചോദ്യം. തന്നെ നാണിപ്പിച്ചതിന് പ്രസീദയ്ക്കെതിരെ ജാനു മാനനഷ്ടത്തിനു കേസുകൊടുത്തിരിക്കുന്നു. പ്രതി പ്രസീദയെങ്കിലും സി കെ പത്മനാഭന്‍ പറഞ്ഞപോലെ ഈ കൂടിക്കാഴ്ചയില്‍ കൂടുതല്‍ വെള്ളം കുടിച്ചതാരെന്ന ചോദ്യം മാത്രം ബാക്കി. കേരള രാഷ്ട്രീയത്തിലാണ് ഈ ഏര്‍പ്പാടെല്ലാം നടന്നതെന്ന് ഓര്‍ക്കുമ്പോള്‍ മാനനഷ്ടം പ്രബുദ്ധ കേരളത്തിനല്ലേ.

ഡോക്ടര്‍ മക്കളെ ഡോക്ടര്‍മാരാക്കും. എന്‍ജിനീയര്‍മാര്‍ മക്കളെ എന്‍ജിനീയര്‍മാരോ ശാസ്ത്രജ്ഞരോ ആകാന്‍ വളര്‍ത്തും. തെരുവു തെണ്ടികള്‍ മക്കളെ തെരുവുതെണ്ടികളായി വളര്‍ത്തും. കള്ളപ്പണക്കാര്‍ മക്കളെ സൂപ്പര്‍ കള്ളപ്പണക്കാരാക്കും. അമിത് ഷാ മകന്‍ ജെയ് ഷായെ ലക്ഷദ്വീപു വാങ്ങി റിസോര്‍ട്ട് സാമ്രാജ്യം പണിയാന്‍ വളര്‍ത്തും. നമ്മുടെ സമൂഹം അങ്ങനെയായിപ്പോയി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫണ്ട് കുഴല്‍പ്പണമാക്കുന്ന വിദ്യ മകന്‍ ഹരികൃഷ്ണനെ പഠിപ്പിച്ച ഒരൊറ്റ നേതാവേ കേരളത്തിലുള്ളു. അതു കെ സുരേന്ദ്രനാണെന്ന് ദേവിക പറയില്ല. കാരണം അച്ഛന്‍ മകനു ക്ലാസെടുക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും എന്റെ പക്കലില്ല. പക്ഷേ കുഴല്‍പ്പണത്തിനു പഠിച്ച ഹരിമോനും അടുത്ത ദിവസം ചോദ്യം ചെയ്യലിനു ഹാജരാകണം. മക്കളെ ഇങ്ങനെ കേസുകളില്‍ കുടുക്കുന്ന കുത്സിത പിതാശ്രീമാരുമുണ്ടോ എന്ന തെല്ലു ശങ്ക. ഇതിനിടെ ചിലരൊക്കെ പറയുന്നു സുരേന്ദ്രന്റെ കുഴല്‍പ്പണം ഇടപാടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം, ഇ ഡി അന്വേഷിക്കണം എന്നൊക്കെ. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ കമ്മിഷനു സ്വസ്ഥമായി വാഴാന്‍ വര്‍ഷങ്ങള്‍ നീട്ടിച്ചോദിക്കും. ഇതുവരെ കേരളത്തില്‍ നടന്നത് കാക്കത്തൊള്ളായിരം ജുഡീഷ്യല്‍ അന്വേഷണങ്ങള്‍. അതില്‍ പ്രതിയെ ശിക്ഷിക്കണമെന്നു വിധിച്ചത് ഒരൊറ്റ കമ്മിഷന്‍. പണ്ട് എക്സെെസ് മന്ത്രിയായിരുന്ന എന്‍ ശ്രീനിവാസനെ ശിക്ഷിക്കാന്‍ വിധിച്ചു. പ്രായാധിക്യംമൂലം അദ്ദേഹത്തെ വെറുതെവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഗതി സ്വാഹ. എല്ലാ റിപ്പോര്‍ട്ടുകളിലും അവസാനഭാഗത്ത് ഒരു നടപടി നിര്‍ദ്ദേശമുണ്ടാകും. മേലാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികളെടുക്കണമെന്ന മഹത്തായ ശുപാര്‍ശ. ഇ ഡിയോ സിബിഐയോ അന്വേഷിച്ചാലോ. സുരേന്ദ്രന്‍ കുറ്റവിമുക്തനാകുമെന്നു കട്ടായം. പിന്നെ സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കുമെതിരെ മാനനഷ്ടക്കേസുകളുടെ പ്രളയം തന്നെ സൃഷ്ടിക്കും. ജുഡീഷ്യല്‍ അന്വേഷണവും ഇ ഡി അന്വേഷണവും ആവശ്യപ്പെട്ട് സുരേന്ദ്രനെ രക്ഷിക്കാന്‍ ശ്രമിക്കരുതേ. ഇപ്പോഴത്തെ അന്വേഷണസംഘം തന്നെ സത്യം പുറത്തുകൊണ്ടുവരും. സുരേന്ദ്രന്റെ ഗല്‍ത്തയ്ക്കു പിടിച്ച് രണ്ടു ചോദ്യങ്ങള്‍ ചോദിച്ചാല്‍ തീരാവുന്നതേയുള്ളു കാര്യങ്ങള്‍.

വന്യു മന്ത്രി കെ രാജന് അരുണാഭിവാദ്യങ്ങള്‍. പുതിയ മന്ത്രിസഭകള്‍ അധികാരത്തില്‍ വരുന്നതോടെ പൊതുമരാമത്തു വകുപ്പിലെ എന്‍ജിനീയര്‍മാരുടെ ഒരു മാഫിയാസംഘത്തിന്റെ ഒരു തെക്കോട്ടിറക്കമാണ്. മന്ത്രിമാരുടേയും മുഖ്യമന്ത്രിയുടേയും വസതികള്‍ മോടിപിടിപ്പിക്കാനെന്ന മട്ടില്‍ കോടികള്‍ തട്ടുന്ന സംഘം. പുത്തന്‍ മന്ത്രിമന്ദിരങ്ങളുടെ ജനാലകളും വാതിലുകളും ഇളക്കിമാറ്റും. കര്‍ട്ടനുകള്‍ പുത്തനെങ്കിലും അവ പഴഞ്ചനെന്ന ചാപ്പ കുത്തും. കക്കൂസ് മോടിയാക്കാന്‍ 83 ലക്ഷം. അങ്ങനെയങ്ങനെ പോകും കോടികളുടെ തട്ടിപ്പ്. പണ്ടൊരിക്കല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന ക്ലിഫ്ഹൗസിലെ മനോഹരമായ വെനീഷ്യന്‍ വാതില്‍ ഇളക്കിമാറ്റിയത് ഒരു എന്‍ജിനീയറുടെ വീട്ടിലെ അലങ്കാരവാതിലായ കഥ മുമ്പൊരിക്കല്‍ ഈ പംക്തിയില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന കര്‍ട്ടനുകളും അലങ്കാരവിളക്കുകളും മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍ജിനീയര്‍ മാഫിയകളുടെ വീടുകളിലേക്ക് യാത്രയാവും. ഇത്തവണയും ആ സംഘം രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്ത. റവന്യൂമന്ത്രി കെ രാജന്റെ ഔദ്യോഗിക വസതിയിലെ കര്‍ട്ടനുകള്‍ മാറ്റാന്‍ 23ലക്ഷത്തിന്റെ എസ്റ്റിമേറ്റുമായി എന്‍ജിനീയര്‍മാര്‍ അവതരിച്ചു. കര്‍ട്ടനും ഒന്നും മാറ്റേണ്ട. വെെദ്യുതി-ജലവിതരണത്തിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്താല്‍ മാത്രം മതിയെന്ന് മന്ത്രി രാജന്‍. സംഗതി വെറും 13000 രൂപയിലൊതുങ്ങി. എന്‍ജനീയര്‍മാര്‍ തട്ടാനിരുന്ന 23 ലക്ഷത്തിന് 23 ഭവനരഹിത കുടുംബങ്ങള്‍ക്ക് ഓരോ കുഞ്ഞുവീടുകള്‍ നിര്‍മ്മിച്ചു നല്കരുതോ. ആ കുടുംബങ്ങളുടെ സ്വപ്നസാക്ഷാത്കാരമായി. ഈ സാഹചര്യത്തില്‍ എല്ലാ മന്ത്രിമാരും മന്ത്രി രാജന്റെ മാതൃക പിന്തുടര്‍ന്നെങ്കില്‍.

തീവ്രവാദം പലതരത്തിലുണ്ട്. ഭക്ഷണത്തിനും വസ്ത്രധാരണത്തിലുമെന്നപോലെ ഭാഷയിലും തീവ്രവാദമായാലോ. ഡല്‍ഹിയിലെ പ്രസിദ്ധമായ ജി ബി പന്ത് ആശുപത്രിയിലെ നഴ്സുമാര്‍ മലയാളത്തില്‍ സംസാരിച്ചുകൂടെന്ന വിലക്കു വന്നു. നഴ്സുമാരില്‍ ഏറെയും മലയാളികള്‍. രോഗികള്‍ അന്യഭാഷക്കാരായാല്‍ അവര്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം സംസാരിക്കും. പക്ഷേ ഈ രണ്ടു ഭാഷകള്‍ മാത്രമേ സംസാരിക്കാവൂ എന്ന് കല്പിച്ച് മലയാളത്തിനു മാത്രമായി ഒരു വിലക്ക്. ഭരണങ്ങാനത്തുകാരി അമ്മച്ചിയോട് മലയാളി നഴ്സ് ‘എങ്ങനെയുണ്ട്, സുഖമല്ലേ അമ്മച്ചീ’ എന്നു ചോദിക്കുന്നതിനു പകരം ഹൗ ആര്‍ യു മാം, എന്നോ കെെസേ ചല്‍ത്തേ ഹെ മാതാജീ എന്നോ ചോദിച്ചാല്‍ എങ്ങനിരിക്കും. മാതൃഭാഷയിലൂടെയുള്ള സാന്ത്വനം ഹൃദയത്തില്‍ നിന്ന് ഉറവക്കണ്ണെടുക്കുന്നതാവില്ലേ. എന്തായാലും മിടുക്കികളായ മലയാളി നഴ്സ്കുട്ടികളുടെ പ്രതിരോധ സമരത്തില്‍ ഭാഷാ തീവ്രവാദ ഉത്തരവ് ഇന്നലെ പിന്‍വലിച്ചത് സംഘപരിവാര്‍ തീവ്രവാദത്തിനെതിരായ ഒരു സമരവിജയമായി.