August 19, 2022 Friday

ബൽരാജിന്റെ കഥ-ഇപ്റ്റയുടേതും

Janayugom Webdesk
June 26, 2022 6:00 am

ബോംബെയുടെ പ്രാന്തപ്രദേശമായ അന്ധേരിയിൽ, തിരക്കല്പം കുറഞ്ഞ വഴിയോരത്തുള്ള വിശാലമായ പറമ്പിന്റെ ഒത്തനടുവിലായി, പഴകിപ്പൊളിഞ്ഞു തുടങ്ങിയ ഒരു വലിയ കെട്ടിടവും കുറച്ചുമാറി തലയെടുത്തുപിടിച്ചു നിൽക്കുന്ന ഒരു പേരാൽ മരവും കാണാം. ആ പടുകൂറ്റൻ മരത്തിന്റെ തൊട്ടുതാഴെയായി മണ്ണുകൊണ്ട് കെട്ടിപ്പൊക്കിയ ഒരു സ്റ്റേജും. അന്ന് ആ സായാഹ്നത്തിൽ, ഒരു ഗംഭീരൻ കലാവിരുന്ന് അവിടെ അരങ്ങേറാൻ പോകുകയാണ്. നാടോടി നൃത്തവും സംഘഗാനവും ലഘു രൂപകങ്ങളും ഏകാങ്കവുമൊക്കെയുണ്ട്. തിങ്ങിനിറഞ്ഞ സദസിന്റെ ഇടയിലേക്ക്, ഒരു ഗ്രാമീണ വൃദ്ധനെയും ആനയിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരൻ കടന്നുവന്നു. സദസിന്റെ മുൻനിരയിലൊരു ഭാഗത്തായി ഇരുവരും ഇരിപ്പുറപ്പിച്ചു. അല്പം ഉദാസീനഭാവത്തിൽ മുഖം കനപ്പിച്ചുകൊണ്ടാണ് വയസന്റെ ഇരിപ്പ്. പരിപാടികൾ ആരംഭിച്ച് കുറച്ചുകഴിഞ്ഞപ്പോഴേക്കും അയാളുടെ മുഖഭാവത്തിന് പതുക്കെ പതുക്കെ മാറ്റംവന്നു. ഇടയ്ക്ക് പൊട്ടിച്ചിരിക്കുകയും ആവേശംകൊണ്ട് കയ്യടിക്കുകയും ആരും കാണാതെ കണ്ണു തുടയ്ക്കുകയും ഒക്കെ ചെയ്യുന്നത് അടുത്തിരുന്ന ചെറുപ്പക്കാരൻ കണ്ടില്ലെന്ന് ഭാവിച്ചു. ഒടുവിൽ സകലരെയും ആവേശം കൊള്ളിച്ച ദേശഭക്തിഗാനത്തിന് ശേഷം യവനിക താണപ്പോൾ പെട്ടെന്നുണ്ടായ എന്തോ ഉൾപ്രേരണയിൽ അടക്കാനാകാത്ത വികാരവിക്ഷോഭത്തോടെ വൃദ്ധൻ യുവാവിനെ കെട്ടിപ്പുണർന്നുകൊണ്ട് പറഞ്ഞു.

“ബേട്ടാ, ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് നീ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഒരിക്കലും എനിക്ക് അറിയില്ലായിരുന്നു. ആ സംഗതി എനിക്ക് അറിയുമായിരുന്നെങ്കിൽ ഞാനൊരിക്കലും നിന്നെക്കുറിച്ചു പരാതിപ്പെടുമായിരുന്നില്ല.” പിതാവിന്റെ കരവലയത്തിൽ തന്നെ ഒതുങ്ങിക്കൂടി നിന്നിരുന്ന ആ മകന്റെ കണ്ണുകൾ അന്നേരം നിറഞ്ഞൊഴുകുകയായിരുന്നു. ആ അച്ഛന്റെ പേര് ഹർബൻസ് ലാൽ സാഹ്നി എന്നായിരുന്നു. മകന്റേത് ബൽരാജ് സാഹ്നിയെന്നും. ബിബിസി എന്ന പേരുകേട്ട സ്ഥാപനത്തിൽ ബിലാത്തിയിൽ ഉദ്യോഗം ഭരിച്ചിരുന്ന മൂത്ത പുത്രൻ നാടും വീടും വിട്ട് ബോംബെയിലേക്ക് വന്ന് ഒരു നാടകക്കാരനും സിനിമാക്കാരനുമൊക്കെയായിത്തീർന്നതും അതും പോരാഞ്ഞ് ഒരു കമ്മ്യൂണിസ്റ്റായി മാറിയതും ആ പിതാവിന് സഹിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. അതിനേക്കാൾ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ള മറ്റൊരു കാര്യം, തന്റെ പുത്രഭാര്യ നാടകത്തിലും സിനിമയിലും വേഷം കെട്ടുന്നതും അവളുടെ വരുമാനംകൊണ്ട് കുടുംബം പുലർത്തേണ്ടിവരുന്നതുമായിരുന്നു. എന്താണ് അവസ്ഥയെന്ന് നേരിട്ട് കണ്ടു മനസിലാക്കാൻ വേണ്ടി ഇളയപുത്രൻ ഭീഷ്മ സാഹ്നിയെ ബോംബെയിലേക്ക് അയച്ചെങ്കിലും അയാളും ജ്യേഷ്ഠന്റെ സ്വാധീനത്തിൽപ്പെട്ട് നാടകക്കാരനായതോടെ പെട്ടിയും കിടക്കയുമെല്ലാമെടുത്ത്, ഹർബൻസ്‌ ലാലും പത്നി ലക്ഷ്മീദേവിയും കൂടി നേരെ ബോംബെയ്ക്ക് പോരുകയായിരുന്നു. ഒരുദിവസം ബൽരാജ് പിതാജിയെ ഐപിടിഎയുടെ കേന്ദ്രമായ അന്ധേരിയിലെ കമ്മ്യൂണിലേക്ക് ഒരു കലാപരിപാടി കാണാനായി നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി. ഇപ്റ്റയുടെ സെൻട്രൽ സ്ക്വാഡ് ഒരുക്കുന്ന ‘ഇമ്മോർട്ടൽ’ (അനശ്വരം) എന്നുപേരിട്ട ഒരു വലിയ കലാവിരുന്നിന്റെ ഡ്രസ് റിഹേഴ്സൽ ആണ് അന്നവിടെ നടന്നത്.


ഇതുകൂടി വായിക്കു;വലിച്ചെറിയപ്പെടേണ്ട വൈധവ്യത്തിന്റെ അടയാളങ്ങൾ


മനസില്ലാമനസോടെ പരിപാടി കണ്ടുതുടങ്ങിയ ഹർബൻസ് ലാൽ സാഹ്നിക്ക് അത് കഴിഞ്ഞപ്പോൾ സംഭവിച്ച മനഃപരിവർത്തനത്തെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. അപ്പോഴേക്കും ചില ചലച്ചിത്രങ്ങളിൽ വേഷമിടാൻ അവസരം ലഭിച്ചിരുന്നെങ്കിലും സിനിമ എന്ന യാന്ത്രികമായ കലാരൂപത്തോട് പൂർണമായും അങ്ങോട്ട് പൊരുത്തപ്പെടാൻ ബൽരാജിന് കഴിഞ്ഞില്ല. ‘സുബൈദ’ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് ബൽരാജ് ഇപ്റ്റയുമായുള്ള ബന്ധത്തിന് തുടക്കം കുറിക്കുന്നതും പാർവതി കുമാരമംഗലം വഴി പി സി ജോഷിയുമായി പരിചയപ്പെടുന്നതും ബോംബെ ഇപ്റ്റയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതുമെല്ലാം ഈ നാളുകളിൽ തന്നെയായിരുന്നു. പൃഥ്വി തിയേറ്റേഴ്സ് ബോംബെയിലെ ഏറ്റവും പ്രസിദ്ധമായ നാടകസമിതിയിലെ പ്രധാന നടികളിലൊരാളായി പ്രവർത്തിക്കാനാരംഭിച്ച ദമയന്തി ‘ദീവാർ’ എന്ന ഒറ്റ നാടകം കൊണ്ടുതന്നെ സഹൃദയ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു. സിനിമാലോകത്തു നിന്നും ദമയന്തിക്ക് ഓഫറുകൾ ധാരാളം വരാൻ തുടങ്ങി. ബൽരാജാകട്ടെ സിനിമയെക്കാൾ പ്രാധാന്യം കൊടുത്തിരുന്നത് പുതിയ കലാകാരന്മാരെ കണ്ടെത്തലും അവരുടെ പരിശീലനവുമൊക്കെയായുള്ള ഇപ്റ്റയുടെ പ്രവർത്തനങ്ങൾക്കാണ്. അഭിനയത്തിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്ന ദമയന്തി തന്നെയാണ് വീട്ടുചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത്. ചേതൻ ആനന്ദ്, ദേവാനന്ദ് തുടങ്ങിയവരോടൊപ്പം താമസിച്ചിരുന്ന സാഹ്നി ദമ്പതികളും മകൻ പരീക്ഷിത്തും മകൾ ശബ്നവുമടങ്ങുന്ന കുടുംബം ജൂഹു ബീച്ചിലെ തിയൊസോഫിക്കൽ കോമ്പൗണ്ടിലുള്ള ചെറിയ ഒരു കോട്ടേജിലേക്ക് താമസം മാറുന്നത്, സാമ്പത്തികമായി അല്പം മെച്ചപ്പെട്ടു തുടങ്ങിയ ആ കാലത്താണ്.

സദാ പ്രവർത്തന നിരതരായി പാർട്ടി ഹെഡ്ക്വാർട്ടേഴ്സായ രാജ് ഭവനിൽ തന്നെ പൂർണസമയവും ചെലവഴിച്ചിരുന്ന പാർട്ടി സഖാക്കൾ, ശാരീരികവും മാനസികവുമായ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു. പൂർണസമയ പ്രവർത്തകരായ സഖാക്കൾക്ക് കുറച്ചുനാളത്തേക്ക് വിശ്രമത്തിനായി ചെലവിടാൻ പറ്റുന്ന ഒരു ഇടം കണ്ടുപിടിക്കാനായി മായിയും ദമ്മോയും കൂടി അന്വേഷിച്ചിറങ്ങി. ഒടുവിൽ, ഇക്കാര്യത്തിന് എല്ലാംകൊണ്ടും യോജിച്ച ഒരു സ്ഥലമായി ദമയന്തി കണ്ടുപിടിച്ചത് ജൂഹു കടൽത്തീരത്തുള്ള തങ്ങളുടെ സ്വന്തം വീട് തന്നെയാണ്. ഐതിഹാസികമായ ചിറ്റഗോങ് കലാപത്തിന്റെ നേതാവും അവിടുത്തെ പാർട്ടി ഘടകത്തിന്റെ സെക്രട്ടറിയുമായിരുന്ന കല്പനാ ദത്ത് എന്ന യുവ വിപ്ലവകാരിയും പി സി ജോഷിയും തമ്മിലുള്ള വിവാഹം നടന്നത് ആയിടെയാണ്. വളരെ പെട്ടെന്നുതന്നെ ദമ്മോയും കല്പനയും ഉറ്റ ചങ്ങാതികളായി മാറി. കല്പന ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾത്തന്നെ ദമ്മോ പ്രിയപ്പെട്ട ‘കല്പനാ ദീ‘യെ ജൂഹു കോട്ടേജിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രസവശേഷം കൈക്കുഞ്ഞായ സൂരജിനെയുംകൊണ്ട് ഹോസ്പിറ്റലിൽ നിന്ന് കല്പന മടങ്ങിയത് ജൂഹു കോട്ടേജിലേക്ക് തന്നെയായിരുന്നു. അതിനിടയിലാണ് ബൽരാജിന്റെ പിതാജിയും മാതാജിയും മകനും കുടുംബവുമൊത്ത് താമസിക്കാൻ പഞ്ചാബിൽ നിന്ന് എത്തുന്നത്. അടുപ്പിൽ നിന്ന് അപ്പപ്പോൾ ചുട്ടെടുക്കുന്ന പഞ്ചാബിറൊട്ടിയും മുറ്റത്ത് ഒരു മൂലയ്ക്കുള്ള ഓലത്തൊഴുത്തിൽ പാർപ്പിച്ച എരുമയെ കറന്ന പാലുമൊക്കെകൊണ്ട് മാതാജി എല്ലാവരെയും സമൃദ്ധമായി സല്ക്കരിച്ചു. പി സി ജോഷിയെയും കല്പനയെയും അടുത്തു പരിചയപ്പെട്ടതോടുകൂടി കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള പിതാജിയുടെയും മാതാജിയുടെയും ഭയാശങ്കകളൊക്കെ അകന്നുപോയി.


ഇതുകൂടി വായിക്കു;എഴുത്തുകാര്‍ ചെയ്യേണ്ടത്


ജന്മിത്വത്തിനും മുതലാളിത്തത്തിനും എതിരെയുള്ള മർദ്ദിത വർഗത്തിന്റെ പോരാട്ടവും അടിച്ചമർത്തലിൽ നിന്നുള്ള ഉയിർത്തെഴുന്നേല്പുമൊക്കെ പ്രമേയങ്ങളാക്കിക്കൊണ്ട്, ബംഗാളിൽ ജാത്രയും ബോംബെയിൽ പൗവാടയും യുപിയിൽ നൗതങ്കിയുമടക്കമുള്ള നാടോടി കലാരൂപങ്ങൾ ഇപ്റ്റ അരങ്ങത്ത് കൊണ്ടുവന്നു. പ്രസിദ്ധ നർത്തകൻ ഉദയശങ്കറിന്റെ അൽമോറയിലുണ്ടായിരുന്ന നൃത്തസംഘം പിരിച്ചുവിട്ടപ്പോൾ അതിലെ പ്രധാന കലാകാരന്മാരായിരുന്ന രവി ശങ്കർ, സച്ചിൻ ശങ്കർ, ശാന്തി ബർധൻ, അബനി ദാസ് ഗുപ്ത, പ്രേം ധവാൻ എന്നിവരും ശംഭു മിത്ര, തൃപ്തി മിത്ര ദമ്പതികൾ, ദിനാഗാന്ധി, ശാന്തി ഗാന്ധി സഹോദരിമാർ, ഷീലാ ഭാട്ടിയ, ഉഷാ ദത്ത, ഷൗക്കത്ത് ആസ്മി, ബിനാ റോയ്, ഗുൽ ബർധൻ, അലി അക്ബർ ഖാൻ തുടങ്ങി പിൽക്കാലത്ത് ഇന്ത്യയുടെ കലാസാംസ്കാരിക ഭൂമികകളിൽ താരപദവിയിലെത്തിച്ചേർന്ന ഒട്ടേറെപ്പേർ ഇപ്റ്റയുടെ സജീവപ്രവർത്തകരാകുന്നത് അക്കാലത്താണ്. ‘ഭൂക്കാ ഹേ ബംഗാൾ’ എന്ന മുദ്രാവാക്യവുമായി 1944 ൽ ബോംബെയിൽ സംഘടിപ്പിച്ച ‘സ്പിരിറ്റ് ഓഫ് ഇന്ത്യ’ എന്ന ഗംഭീരൻ കലാവിരുന്നിന് ശേഷം, രാജ്യത്തിന്റെ മഹത്തായ ചരിത്രവും പാരമ്പര്യവും അതിമനോഹരമായി ആവിഷ്കരിച്ച ‘ഇമ്മോർട്ടൽ’ എന്ന നൃത്തസംഗീതികയാണ് 1946ൽ ഇപ്റ്റ അരങ്ങത്തു കൊണ്ടുവന്നത്. ബിനോയ് റോയ്, ചിത്തപ്രസാദ്, പാർവതി കുമാരമംഗലം, ശാന്തി ബർധൻ എന്നിവർ ചേർന്നാണ് പരിപാടി രൂപകല്പന ചെയ്തത്. കൊറിയോഗ്രഫിയിൽ ശാന്തി ബർധന്റെ സഹായികളായി പ്രവർത്തിച്ചത് നരേന്ദ്ര ശർമയും സച്ചിൻ ശങ്കറുമാണ്. സംഗീതവിഭാഗം രവിശങ്കർ കൈകാര്യം ചെയ്തപ്പോൾ കലാസംവിധാനം ചിത്ത പ്രസാദ് നിർവഹിച്ചു.

കൽക്കട്ട മുതൽ ലാഹോർ വരെയുള്ള ഉത്തരേന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ‘അനശ്വരം’ എന്ന നൃത്തസംഗീതികയുമായി ഇപ്റ്റ ഒരു ജൈത്രയാത്ര തന്നെ നടത്തി. അങ്ങനെ ആഹ്ലാദവും ആവേശവും തുടിച്ചുനിൽക്കുന്ന ആ നാളുകളിലാണ് അശനിപാതം പോലെ ആ ദുരന്തം സംഭവിക്കുന്നത്. ഇപ്റ്റ നിർമ്മിച്ച ‘ധർത്തി കേ ലാൽ’എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത്, കഥ സംഭവിക്കുന്ന ബംഗാളിനോട് സാദൃശ്യമുള്ള ധൂലിയ എന്ന ഗ്രാമപ്രദേശത്തു വച്ചായിരുന്നു. ലൊക്കേഷനിലെ ഒരു കുളത്തിൽ നിന്നുള്ള വെള്ളമാണ് ചിത്രീകരണ സംഘത്തിലെ നടീനടന്മാരുൾപ്പെടെയുള്ള എല്ലാവരും കുടിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നത്. വെള്ളത്തിൽ നിന്നുള്ള അണുബാധമൂലം ദമയന്തിക്ക് കടുത്ത അതിസാരം പിടിപെട്ടു. എന്നാൽ സിനിമാ നാടക പ്രവർത്തനങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളുമൊക്കെയായി ദമ്മോ ഒട്ടും വിശ്രമിക്കാൻ കൂട്ടാക്കിയില്ല. തീരെ അവശനിലയിലായപ്പോഴാണ് ഒടുവിൽ ആശുപത്രിയിൽ പോകാൻ തയാറായത്. എന്നാൽ ദമ്മോയെ ചികിത്സിച്ച ഡോക്ടർ അശ്രദ്ധയോടെ ഓവർഡോസായി കൊടുത്ത അമാറ്റിന്‍ ഇന്‍ജക്ഷന്റെ ഫലമായി നില ഗുരുതരമാകുകയായിരുന്നു. 1947 ഏപ്രിൽ 29ന് ബൽരാജിനെയും രണ്ടു പിഞ്ചുകുട്ടികളെയും അനാഥരാക്കിക്കൊണ്ട്, ദമയന്തി വിടപറഞ്ഞു. വെറും ഇരുപത്തിയെട്ടാമത്തെ വയസിലുള്ള ആ വേർപാട് കലയുടെ ലോകത്തിനും പുരോഗമന പ്രസ്ഥാനത്തിനും മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളവും കനത്ത ആഘാതമായിരുന്നു. ബൽരാജ് സാഹ്നിയുടെ ജീവിതത്തിൽ ഒരു ദുരന്തനാടകത്തിന്റെ ഒന്നാമങ്കമായിരുന്നു അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.