Monday
18 Feb 2019

മുതലാളിത്ത ചൂഷണ വ്യവസ്ഥയും മാനവികാദര്‍ശങ്ങളും

By: Web Desk | Tuesday 13 February 2018 10:22 PM IST

മഹാഭൂരിപക്ഷം ആളുകളുടെയും അദ്ധ്വാനത്തെ ചൂഷണം ചെയ്ത് ഒരു ന്യൂനപക്ഷം സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ആധിപത്യം വഹിക്കുന്ന ഏത് സമൂഹത്തിലും കലകളും കലാകാരന്മാരും അര്‍ഹമായ രീതിയില്‍ ആദരിക്കപ്പെടുന്നില്ല

ലകളുടെ വികാസവും മൊത്തത്തില്‍ സമുദായത്തിന്റെയാകെ വികാസവും തമ്മില്‍ പലപ്പോഴും ഒരു അസന്തുലിതാവസ്ഥയുണ്ടെന്നതാണ് മാര്‍ക്‌സിന്റെ നിരീക്ഷണം. എന്താണ് ഈ അസന്തുലനത്തിന് കാരണം? ഏതൊരു കാലഘട്ടത്തിലേയും ആത്മീയ സംസ്‌കാരത്തെ നിര്‍ണ്ണയിക്കുന്നത് ഭൗതികോല്‍പ്പാദനത്തിന്റെ വികാസനിലവാരം മാത്രമല്ല. സാംസ്‌കാരിക മണ്ഡലത്തെ സ്വാധീനിക്കുന്ന മറ്റ് പല ഘടകങ്ങളുമുണ്ട്. ഉദാഹരണത്തിന്, സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ സവിശേഷ സ്വഭാവം, വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ വളര്‍ച്ച, മനുഷ്യരുടെ വ്യക്തിത്വത്തെ വികസിപ്പിക്കുന്നതിന് ഓരോ കാലഘട്ടത്തിലുമുള്ള അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും കലകളുടെയും കലാകാരന്മാരുടെയും വളര്‍ച്ചയെ സ്വാധീനിക്കുന്നു.
മുതലാളിത്ത സമുദായത്തിന്റെ കാര്യത്തില്‍, ഈ അസന്തുലിതാവസ്ഥയെ മുതലാളിത്ത വ്യവസ്ഥയില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്ന മൗലികമായ വൈരുദ്ധ്യത്തിന്റെ ഒരു പ്രകടരൂപമായി കണക്കാക്കണമെന്ന് മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചു. ഉല്‍പ്പാദനത്തിന്റെ സാമൂഹ്യ (പൊതു) സ്വഭാവവും സ്വകാര്യ സ്വത്തുടമസ്ഥതയും തമ്മിലുള്ളതാണല്ലോ ആ വൈരുദ്ധ്യം. ആ വൈരുദ്ധ്യത്തില്‍ നിന്ന് കലകളുടെ വികാസത്തെ സംബന്ധിച്ച ഒരു നിഗമനത്തില്‍ മാര്‍ക്‌സ് എത്തിച്ചേര്‍ന്നു. മുതലാളികള്‍ അവരുടെ സ്വത്ത് (മൂലധനം) വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ കലാപ്രവര്‍ത്തനങ്ങളെ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളു. ”ഭിഷഗ്വരനെയും അഭിഭാഷകനെയും പുരോഹിതനെയും കവിയെയും ശാസ്ത്രജ്ഞനെയുമെല്ലാം അത് സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരനാക്കി മാറ്റി” യെന്ന ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യിലെ പ്രസ്താവന ഓര്‍ക്കുക.
‘മൂലധന’ ത്തിന്റെ നാലാം വാള്യമായി കണക്കാക്കുന്ന ‘മിച്ച മൂല്യ സിദ്ധാന്തങ്ങള്‍’ എന്ന ബൃഹത്തായ കൃതിയുടെ ഒന്നാംഭാഗത്തില്‍ മാര്‍ക്‌സ് ഇങ്ങിനെ എഴുതി: ”…മുതലാളിത്തോല്‍പ്പാദനം ആത്മീയോല്‍പ്പാദനത്തിന്റെ ചില ശാഖകളോട് ശത്രുത പുലര്‍ത്തുന്നു; ഉദാഹരണമായി കലയും കവിതയും.”

മുതലാളിത്തത്തിനു കീഴില്‍ സാഹിത്യത്തിനും മറ്റ് കലകള്‍ക്കും യാതൊരു വികാസവുമുണ്ടായിട്ടില്ലെന്നല്ല മാര്‍ക്‌സ് ഉദ്ദേശിച്ചത്. മുതലാളിത്ത ചൂഷണ വ്യവസ്ഥയും യഥാര്‍ത്ഥ കലാകാരന്മാരെ ആവേശം കൊള്ളിക്കുന്ന മാനവികാദര്‍ശങ്ങളും തമ്മില്‍ ആഴമേറിയ വൈരുദ്ധ്യമുണ്ടെന്നാണ്.

ആ കൃതിയില്‍ മാര്‍ക്‌സ് ഇത് വിശദീകരിക്കുന്നുണ്ട്: ”ഒരേതരം അദ്ധ്വാനം തന്നെ ഉല്‍പ്പാദനപരമോ ഉല്‍പ്പാദനപരമല്ലാത്തതോ ആയെന്നുവരാം. ദൃഷ്ടാന്തമായി, അഞ്ച് പവന്‍ വിലയ്ക്ക് ‘നഷ്ടപ്പെട്ട പറുദീസ’ എഴുതിയ മില്‍ട്ടന്‍ ഉല്‍പ്പാദനപരമല്ലാത്ത തൊഴില്‍ ചെയ്യുന്ന ആളായിരുന്നു. നേരെ മറിച്ച്, ഫാക്ടറി ശൈലിയില്‍ തന്നെ പ്രസിദ്ധീകരണശാലക്കാരനു വേണ്ടി ചപ്പുചവറ് എഴുതിക്കൂട്ടുന്ന എഴുത്തുകാരന്‍ ഉല്‍പ്പാദനപരമായി തൊഴിലെടുക്കുന്നവനാണ്. ഒരു പട്ടുനൂല്‍ പുഴു പട്ടുനൂല്‍ ഉണ്ടാക്കുന്നതെന്തിനാണോ അതേ കാരണത്താലാണ് മില്‍ട്ടന്‍ ‘നഷ്ടപ്പെട്ട പറുദീസ’ രചിച്ചത്. അത് അദ്ദേഹത്തിന്റെ പ്രകൃതിയുടെ ഒരു പ്രവര്‍ത്തനമായിരുന്നു. പിന്നീട് അദ്ദേഹം ആ ഉല്‍പ്പന്നത്തെ അഞ്ച് പവന് വിറ്റു.”

”എന്നാല്‍ ലൈവ് സിഗിലെ സാഹിത്യ തൊഴിലാളി തന്റെ പ്രസിദ്ധീകരണശാലക്കാരന്റെ നിര്‍ദ്ദേശപ്രകാരം പുസ്തകങ്ങള്‍ (ഉദാഹരണത്തിന്, ധനശാസ്ത്ര സംഹിത) കെട്ടിച്ചമച്ചുണ്ടാക്കുന്നു. അയാള്‍ ഉല്‍പ്പാദനപരമായി തൊഴിലെടുക്കുന്ന ആളാണ്. കാരണം, അയാളുടെ ഉല്‍പ്പന്നത്തെ തുടക്കം മുതല്‍ക്കേ മൂലധനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു; അത് നിലവില്‍ വരുന്നത് ആ മൂലധനം പെരുപ്പിക്കാന്‍ വേണ്ടി മാത്രമാണ്. സ്വന്തം കണക്കില്‍ അവളുടെ പാട്ടുകള്‍ വില്‍ക്കുന്ന ഒരു പാട്ടുകാരി ഉല്‍പ്പാദനപരമല്ലാത്ത തൊഴിലാണെടുക്കുന്നത്. പക്ഷേ, അതേ പാട്ടുകാരിയെ ഒരു വ്യവസായ സംരംഭകന്‍ അയാള്‍ക്ക് പണമുണ്ടാക്കാന്‍ കൂലിക്കെടുത്താലോ അവള്‍ ഉല്‍പ്പാദനപരമായി തൊഴിലെടുക്കാന്‍ തുടങ്ങുന്നു. കാരണം, അവള്‍ ഉല്‍പ്പാദിപ്പിക്കുന്നത് മൂലധനമാണ്.”

ഇതേ ആശയം തന്നെ മാര്‍ക്‌സ് പിന്നെയും ആ കൃതിയില്‍ വിസ്തരിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ഉദാഹരണം അദ്ദേഹം എടുത്തു കാണിക്കുന്നു. ഇംഗ്ലണ്ടില്‍ ധാരാളമായിട്ടുള്ള ‘വിദ്യാഭ്യാസ ഫാക്ടറി’ കളിലെ അദ്ധ്യാപകര്‍ അവയുടെ ഉടമസ്ഥന്മാരുടെ ദൃഷ്ടിയില്‍ കൂലിവേലക്കാരാണ്. ഉടമസ്ഥന്‍ തന്റെ മൂലധനം അദ്ധ്യാപകരുടെ അദ്ധ്വാനശക്തിക്കുവേണ്ടി കൈമാറുന്നു; അദ്ധ്യാപകരുടെ കുട്ടികളെ പഠിപ്പിക്കലെന്ന പ്രക്രിയയിലൂടെ സ്‌ക്കൂളുടമസ്ഥര്‍ സ്വന്തം കീശ വീര്‍പ്പിക്കുന്നു. സ്വകാര്യ ലാഭത്തിനു വേണ്ടി നടത്തുന്ന തീയേറ്ററുകളുടേയും വിനോദശാലകളുടെയും മറ്റും സ്ഥിതിയും ഇതു തന്നെ. പൊതുജനങ്ങളുമായുള്ള ബന്ധത്തില്‍ നടന്‍ ഒരു കലാകാരനാണ്; തീയേറ്റര്‍ ഉടമക്കോ നാടക കമ്പനി മുതലാളിക്കോ അയാള്‍ ഒരു ഉല്‍പ്പാദനപരമായി തൊഴിലെടുക്കുന്ന ആളാണ്.

മുതലാളിത്ത വ്യവസ്ഥയില്‍, മുതലാളിത്തത്തിന്റെ താല്‍പ്പര്യങ്ങള്‍ കാത്തുരക്ഷിക്കാന്‍ ഉതകുന്ന വിധത്തിലല്ലാതെ, മൂലധനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലല്ലാതെ, സാഹിത്യാദി കലാ സൃഷ്ടികളിലേര്‍പ്പെടുന്ന, സ്വാതന്ത്ര്യ ബോധത്തോടുകൂടിയ, യഥാര്‍ത്ഥകലാകാരന്മാര്‍ക്ക് വില വളരെ കുറവാണെന്നാണ് മാര്‍ക്‌സും ഏംഗല്‍സും ഊന്നിപ്പറഞ്ഞത്. മുതലാളിത്തത്തിന്റെ ദൃഷ്ടിയില്‍ കലാകാരന്മാര്‍ കൂലിവേലക്കാരും കലാസൃഷ്ടികള്‍ വില്‍പ്പനച്ചരക്കുകളുമാണ്. മുതലാളിത്ത വ്യവസ്ഥയ്ക്ക് പെട്ടെന്നൊരു ഭീഷണിയുമില്ലെങ്കില്‍, ആ വ്യവസ്ഥയെ വിമര്‍ശിക്കുന്ന കലാസൃഷ്ടികളെയും കലാകാരന്മാരെയും, തങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ സഹായിക്കുമെങ്കില്‍, മുതലാളിമാര്‍ പ്രോത്സാഹിപ്പിച്ചുവെന്നു വരും. നമ്മുടെ അനുഭവമാണിത്.

മുതലാളിത്തത്തിന്‍ കീഴില്‍, കലകളുടെ വികാസത്തിലടങ്ങിയിട്ടുള്ള വൈരുദ്ധ്യ ഭാവത്തെയാണിത് കാണിക്കുന്നത്. സ്വന്തം ആദര്‍ശങ്ങളും മുതലാളിത്ത യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യത്തെപ്പറ്റി കലാകാരന്മാര്‍ എത്രത്തോളം കൂടുതല്‍ ബോധവാന്മാരായിത്തീരുന്നുവോ, അത്രത്തോളം കൂടുതല്‍ സ്പഷ്ടത്തിലും കൂടുതല്‍ ഉച്ചത്തിലും അവര്‍ അവരുടെ സൃഷ്ടികളില്‍ നിലവിലുള്ള വ്യവസ്ഥയുടെ മനുഷ്യത്വ രാഹിത്യത്തിനെതിരായി പ്രതിഷേധ ശബ്ദമുയര്‍ത്തുന്നു. അതുകൊണ്ടാണ് ബൂര്‍ഷ്വാ സമുദായം തന്നെ ഷേക്‌സ്പിയറെയും ഗേഥെയെയും ബാല്‍സാക്കിനെയും പോലെയുള്ള മഹാ പ്രതിഭാശാലികളായ കലാകാരന്മാരെ സൃഷ്ടിച്ചത്.