13 February 2026, Friday

കേന്ദ്ര ബജറ്റ്: പതിവുതെറ്റാതെ അവഗണിക്കപ്പെട്ട് കേരളം

കെ ദിലീപ്
February 3, 2026 4:45 am

ജറ്റവതരണം കഴിഞ്ഞ് പത്രപ്രവര്‍ത്തകര്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണുവിനോട് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെ അതിവേഗ റെയില്‍ ഇടനാഴിയില്‍ ഉള്‍പ്പെടുത്തിയിട്ടും എന്തുകൊണ്ട് തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളത്തെ ഉള്‍പ്പെടുത്താത്തത് എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി മലയാളികള്‍ ധാരാളം സഞ്ചരിക്കുന്നവരാണ്. അതുകൊണ്ട് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെയുള്ള റെയില്‍ പദ്ധതികള്‍ അവര്‍ക്ക് പ്രയോജനമാകും എന്നാണ്. ഈ മറുപടി കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള സമീപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

ഇക്കുറി കേരളം പൂര്‍ണമായി അവഗണിക്കപ്പെട്ടു എന്ന കാര്യത്തില്‍ കേരളത്തിലെ കടുത്ത സംഘികള്‍ക്കുപോലും സംശയമുണ്ടാവില്ല എന്നതാണ് ഈ കേന്ദ്ര ബജറ്റിന്റെ ഹൈലൈറ്റ്. കടലാമ സംരക്ഷണം എന്ന പരിസ്ഥിതി പ്രവര്‍ത്തനത്തിനും കരിമണലൂറ്റ് ഊര്‍ജിതമാക്കാനും ബജറ്റില്‍ തുക മാറ്റിവച്ചിട്ടുണ്ട്. ഈ രണ്ട് പദ്ധതികളും കേരളത്തിലാരും ആവശ്യപ്പെടാതെ തന്നെ കനിഞ്ഞുനല്‍കി എന്നാവും ഇനി മോഡി ഭക്തന്മാരുടെ പ്രചരണം. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളും സര്‍ക്കാര്‍ സ്കൂളുകളും കോളജുകളുമൊക്കെ നടത്തിക്കൊണ്ടുപോവാനും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കാനുമൊക്കെയുള്ള പണം ഇന്ന് സംസ്ഥാനം തനത് വിഭവശേഷിയാണ് ഉപയോഗിക്കുന്നത് എന്നുപറഞ്ഞാല്‍ അതൊരു അതിശയോക്തി അല്ല. 2024–25ലെ കണക്ക് നമുക്ക് പരിശോധിക്കാം. സംസ്ഥാനത്തിന്റെ ആകെ വരുമാനം : 1.39ലക്ഷം കോടി, ഇതില്‍ സംസ്ഥാനത്തിന്റെ തനത് വരുമാനം : 1.03ലക്ഷം കോടി, കേന്ദ്ര വിഹിതം : 35,415കോടി. അതായത് കേരള സംസ്ഥാന വരുമാനത്തിന്റെ 74% നമ്മള്‍ തന്നെ കണ്ടെത്തിയതാണ്. വെറും 26% മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിച്ചത്. 2021–22ല്‍ ഇത് 34% ആയിരുന്നു എന്നും നമ്മള്‍ അറിഞ്ഞിരിക്കണം.

ഇനി നമുക്ക് മറ്റൊരു സംസ്ഥാനമായ ബിഹാറിന്റെ കാര്യം പരിശോധിക്കാം. ബിഹാര്‍ സംസ്ഥാനത്തിന്റെ തനത് വരുമാനം : 67741കോടി. കേന്ദ്ര വിഹിതം : 1.93ലക്ഷം കോടി. അപ്പോള്‍ കേരളത്തിന്റെ നേരെ വിപരീതമായ കണക്കാണ് ബിഹാറില്‍ അവിടെ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 74% കേന്ദ്ര വിഹിതവും 26% സംസ്ഥാനം സ്വന്തം നിലയില്‍ കണ്ടെത്തുന്നതുമാണ്. ഇനി ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന കേന്ദ്ര വിഹിതം ഇപ്രകാരമാണ്. യുപി 54%, അസം 63%, ഉത്തരാഖണ്ഡ് 55%, മധ്യപ്രദേശ് 55%, ഒഡിഷ 46%, ഛത്തീസ്ഗഢ് 46%. ഈ നേരിട്ടുള്ള ബജറ്റ് വിഹിതത്തിന് പുറമെ ബിഹാറിന് കഴിഞ്ഞ വര്‍ഷം പ്രകൃതിദുരന്തം സംഭവിക്കുന്നതിന് മുന്‍കരുതലായി നല്കിയത് 11,500 കോടിയാണ്. മഴക്കെടുതിയില്‍ ത്രിപുരക്ക് 40കോടി, ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും 3448കോടിയും നല്‍കിയപ്പോള്‍ ചൂരല്‍മലയിലെ ഒരു ഗ്രാമം മുഴുവന്‍ ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതായ ദുരന്തത്തിന് നാളിതുവരെ ഒന്നും നല്‍കിയിട്ടില്ല. 2018ല്‍ കേരളം കടന്നുപോയത് ആ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിലൂടെയാണ്. ചുരുങ്ങിയത് 45,000കോടിയുടെ നഷ്ടം, അടിസ്ഥാന സൗകര്യമേഖലയടക്കം സര്‍വതും നശിച്ചു. കാര്‍ഷികമേഖല പാടെ തകര്‍ന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ സ്വന്തം നാടിനെ സഹായിക്കാന്‍ മുന്നോട്ടുവന്നു.

പക്ഷെ, വിദേശ സഹായം സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. കേന്ദ്രസഹായം നല്‍കിയതുമില്ല. ഗുജറാത്തില്‍ ഭുജില്‍ 2001ല്‍ ഭൂകമ്പത്തിന്റെ ഫലമായി നാശനഷ്ടങ്ങളുണ്ടായപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ സഹായത്തിനെത്തിയതും അതെല്ലാം കൈനീട്ടി വാങ്ങിയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നുകൂടി നമ്മളറിയണം. ഈ രാജ്യത്തിന്റെ ജിഡിപിയുടെ നാല് ശതമാനം സംഭാവന ചെയ്യുന്നത് കേരളമാണ്. എന്നാല്‍ സാമ്പത്തിക വിഹിതം ലഭിക്കുന്നതില്‍ 15-ാം സ്ഥാനത്തും ഏറ്റവും കൂടുതല്‍ നികുതി വിഹിതം 17.9% ലഭിക്കുന്നത് യുപിക്കാണ്. കേരളത്തിന് ലഭിക്കുന്നതാകട്ടെ 1.9% വും. ഈ നികുതി വിഹിതത്തിനു പുറമെ പ്രത്യേക ഗ്രാന്റായി ഉത്തര്‍പ്രദേശിന് 83,995 കോടി, മഹാരാഷ്ട്രയ്ക്ക് 61,904 കോടി, ബിഹാറിന് 46,624 കോടി, മധ്യപ്രദേശിന് 40,766, ഗുജറാത്തിന് 30,549കോടി ലഭിച്ചു. കേരളത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള ആരോഗ്യ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 14,899 കോടി രൂപ മാത്രമാണ് ഗ്രാന്റായി അനുവദിച്ചത്.

മൂലധന നിക്ഷേപത്തിനായുള്ള ദീര്‍ഘകാല പലിശരഹിത വായ്പാ പദ്ധതിയില്‍ പോലും കേരളത്തെ അവഗണിക്കുകയാണ്. ഉത്തര്‍പ്രദേശ് 18,936 കോടി, ബിഹാറിന് 9932 കോടി, മധ്യപ്രദേശ് 8134 കോടി തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി വായ്പ അനുവദിച്ചപ്പോള്‍ കേരളത്തിന് 1908 കോടി അനുവദിച്ചു. പിന്നീടത് നിഷേധിച്ചു. കേരളം ആവശ്യപ്പെട്ട ഒരു പദ്ധതിയും 2026–27ലെ കേന്ദ്ര ബജറ്റില്‍ ഇടം കണ്ടില്ല. അതിവേഗ റെയില്‍ പാത മുതല്‍ എയിംസ് വരെ ഒന്നും പരാമര്‍ശിക്കപ്പെട്ടില്ല. കോര്‍പറേറ്റ് മേഖലയ്ക്ക് വലിയ ഇളവുകളനുവദിക്കുന്ന ബജറ്റ് രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖല, ചെറുകിട – കുടില്‍ വ്യവസായ മേഖല എന്നിവയെ പൂര്‍ണമായും അവഗണിക്കുന്നു. ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ഒരൊറ്റ ഉദ്ദേശത്തിലേക്ക് കേന്ദ്ര ബജറ്റ് ചുരുങ്ങിപ്പോയിരിക്കുന്നു. രാജ്യത്ത് കടുത്ത സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുവാന്‍ മാത്രമേ ഈ ബജറ്റ് ഉതകുകയുള്ളു.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.