‘വരും വിനാശങ്ങള്‍ സ്വയം തെളിച്ച പാതയിലൂടെ’ എന്ന ദുരവസ്ഥയിലാണ് കോണ്‍ഗ്രസും യുഡിഎഫും. എല്‍ഡിഎഫ് സ്വതന്ത്ര എംഎല്‍എയായിരുന്ന, ഇടതുപക്ഷ മുന്നണിയെയും ജനങ്ങളെയും വഞ്ചിച്ച പി വി അന്‍വറിനെ ശിരസിലേറ്റി താലോലിക്കുകയും വാഴ്ത്തുപാട്ടുകള്‍ രചിക്കുകയും ചെയ്ത കോണ്‍ഗ്രസും കൂട്ടാളികളും പ്രതിസന്ധിയുടെ അഗാധഗര്‍ത്തങ്ങളില്‍ വീണുകിടക്കുന്ന ദയനീയ അവസ്ഥയില്‍ പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ അന്‍വര്‍ പ്രഖ്യാപിച്ചു, ‘ആര്യാടന്‍ ഷൗക്കത്ത് ഒരിക്കലും വിജയിക്കില്ല ഡിസിസി അധ്യക്ഷന്‍ വി ജോയിയാണ് സ്ഥാനാര്‍ത്ഥിയാകേണ്ടത്’ എന്ന്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുവാനുള്ള അവകാശാധികാരം പോലും പി വി അന്‍വര്‍ ഏറ്റെടുത്തു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് കൊള്ളക്കാരനാണെന്നും വമ്പന്‍ പിരിവുകാരനാണെന്നും സിനിമ നിര്‍മ്മിക്കുവാന്‍ മാത്രമേ അറിയൂവെന്നും പരസ്യപ്രസ്താവന നടത്തി. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുവാന്‍ അന്‍വര്‍ രൂപകല്പന ചെയ്ത ‘പിണറായിസത്തിന്റെ’ വേരറുക്കുവാന്‍ കോണ്‍ഗ്രസ് ഏത് ചെകുത്താനെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പറഞ്ഞ അന്‍വറാണ് പൊടുന്നനെ കളംമാറ്റി ചുവടുവച്ചത്.
കോണ്‍ഗ്രസ് അനുഭവങ്ങളില്‍ നിന്ന് പാഠംപഠിക്കാത്ത രാഷ്ട്രീയ കക്ഷിയാണ്. കോണ്‍ഗ്രസുകാരനായിരുന്ന അന്‍വര്‍ മണ്ഡലത്തില്‍ വിമതനായി മത്സരിച്ചു. പിന്നാലെ ഏറനാട് അസംബ്ലി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചു. കോണ്‍ഗ്രസുകാരെല്ലാം അഴിമതിക്കാരും കള്ളപ്പണക്കാരുമാണെന്ന് നിയമസഭയ്ക്കകത്തും പുറത്തും വിളിച്ചുപറഞ്ഞു. ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസുകാര്‍ അനിഷേധ്യ നേതാവെന്ന് വാഴ്ത്തുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയെ ‘ജാരസന്തതി‘യെന്ന് ഇകഴ്ത്തി. തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഇടതുപക്ഷ മുന്നണിയിലൂടെ സഫലീകരിക്കാനാവില്ലെന്ന് വ്യക്തമായതോടെ ഇടതുപക്ഷ മുന്നണിക്കും നേതാക്കള്‍ക്കുമെതിരെ പുലഭ്യവര്‍ഷം നടത്തി. അതോടെ കോണ്‍ഗ്രസുകാര്‍ രോമാഞ്ചമണിഞ്ഞു. അന്‍വറിന്റെ പൂര്‍വകാലം മറന്ന് കോണ്‍ഗ്രസിനും യുഡിഎഫിനും അന്‍വര്‍ സര്‍വാദരണീയനായി.
ഡിഎംകെയില്‍ ചേര്‍ന്ന് കേരളഘടകം രൂപീകരിക്കുവാന്‍ നീക്കം നടത്തിയ അന്‍വറിനെ ഡിഎംകെ അയലത്തുപോലും അടുപ്പിച്ചില്ല. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകം രൂപീകരിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ തള്ളിപ്പറഞ്ഞിട്ടും അധിക്ഷേപിച്ചിട്ടും പരാജയപ്പെടുമെന്ന് പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് — ലീഗ് നേതാക്കള്‍ക്ക് മതിയായില്ല. കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും അന്‍വറിന്റെ സന്നിധാനത്തില്‍ ചെന്ന് ചര്‍ച്ചകളുടെ പരമ്പരകള്‍ നടത്തി. കെ സുധാകരനും കെ മുരളീധരനും അന്‍വറിനെ ചേര്‍ത്തുപിടിക്കണമെന്ന് പത്ര — ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരന്തരം ആവര്‍ത്തിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ വഴങ്ങാതെ പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക നല്‍കി. യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതിന് ശേഷമാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്‍വറിന്റെ വാതിലടഞ്ഞുവെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും വാതിലടയ്ക്കാതെ മറ്റ് യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച തുടര്‍ന്നു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പത്രസമ്മേളനം നടത്തി അന്‍വറിന്റെ വാതിലടഞ്ഞിട്ടില്ലെന്നും തുറന്നുകിടക്കുകയാണെന്നും പ്രഖ്യാപിച്ചു. അതിനോട് വി ഡി സതീശന്റെ പ്രതികരണം കോണ്‍ഗ്രസിലെ ഭിന്നത വെളിവാക്കി. ആരെങ്കിലും വാതില്‍ തുറന്നിരിക്കുന്നുവെന്നു പറഞ്ഞാല്‍ അതിനോട് പ്രതികരിക്കുവാന്‍ താനില്ലെന്നായിരുന്നു സതീശന്റെ രോഷത്തോടെയുള്ള മറുപടി.
നാഴികയ്ക്ക് നാല്പതുവട്ടം അഭിപ്രായം മാറുന്ന അന്‍വറിന്റെ മാനസികനില വിചിത്രമാണ്. താന്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്നും ഇരുമുന്നണികളെയും പരാജയപ്പെടുത്തുമെന്നും അഹങ്കരിച്ച് തൊട്ടുപിന്നാലെ താന്‍ മത്സരിക്കുവാനില്ലെന്നും തെരഞ്ഞെടുപ്പ് ചെലവിന് തന്റെ കൈയ്യില്‍ ചില്ലിക്കാശുപോലുമില്ലെന്നും പറഞ്ഞു. അതിന് പിന്നാലെ ജനങ്ങള്‍ അന്‍വറിക്ക മത്സരിക്കണമെന്നും പണം അവര്‍ സമ്മാനിക്കുമെന്നും പറഞ്ഞതുകൊണ്ട് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുകയാണെന്നും പ്രഖ്യാപിച്ചു. നാമനിര്‍ദേശ പത്രികയില്‍ 56കോടിയുടെ സ്വത്തുണ്ടെന്ന് രേഖപ്പെടുത്തിയ, ആഫ്രിക്കന്‍ രാജ്യത്തില്‍ സ്വര്‍ണഖനനം നടത്തുന്ന വ്യവസായിയാണ് തന്റെ കൈയ്യില്‍ ചില്ലിക്കാശുപോലുമില്ലെന്ന ഫലിതം പൊട്ടിച്ചത്. ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ തെരഞ്ഞെടുപ്പ് സംഭാവന അഭ്യര്‍ത്ഥിക്കുകയും താന്‍ വധിക്കപ്പെടാതിരിക്കുവാന്‍ പണം വേണമെന്നുമുള്ള പൊട്ടിച്ചിരിപ്പിക്കുന്ന തമാശയും തട്ടിവിട്ടു.
അന്‍വര്‍ ഇപ്പോള്‍ വി ഡി സതീശനെയും കെ സി വേണുഗോപാലിനെയും കടന്നാക്രമിക്കുകയാണ്. മറ്റ് യുഡിഎഫ് നേതാക്കള്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ഇനി ചര്‍ച്ചയ്ക്കായി ഒരു യുഡിഎഫ് നേതാവും തന്റെ അടുത്തേക്ക് വരരുതെന്ന് ദയനീയമായി അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞിട്ടും, ചര്‍ച്ചയ്ക്കായി പാഞ്ഞുചെന്നവര്‍ക്കും വാതിലടഞ്ഞിട്ടില്ലെന്ന് പറഞ്ഞവര്‍ക്കും നന്ദി പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസുകാരനായ പി വി അന്‍വര്‍ ആസൂത്രിതമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും നാമനിര്‍ദേശ പത്രിക നല്‍കി. ബോധപൂര്‍വം നടത്തിയ ആ നീക്കത്തിലൂടെ പാര്‍ട്ടി നാമനിര്‍ദേശ പത്രിക തള്ളിച്ചു. ഇപ്പോള്‍ കത്രിക ചിഹ്നത്തിലാണ് മത്സരം. 2026ല്‍ അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം, വനം വകുപ്പുകളുടെ മന്ത്രിയാക്കണമെന്ന് താന്‍ യുഡിഎഫ് നേതാക്കളോട് ആവശ്യപ്പെട്ടെന്നും അന്‍വര്‍ വെളിപ്പെടുത്തി. എത്ര സുന്ദരമായ കിനാവുകള്‍. നിലമ്പൂരില്‍ വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കിക്കളിക്കുന്ന യുഡിഎഫിനും എന്‍ഡിഎയ്ക്കും പി വി അന്‍വറിനും അവിടുത്തെ മതനിരപേക്ഷ ജനാധിപത്യ ബോധമുള്ള പ്രബുദ്ധജനത കനത്ത തിരിച്ചടി നല്‍കുമെന്നത് തീര്‍ച്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.