നാവ് പുറത്തേക്ക് നീട്ടിയുള്ള ഒരു മഴുവിനു ചുറ്റുമായി ഏതാനും ഇരുമ്പ് ദണ്ഡുകൾ കൂട്ടിക്കെട്ടിയുള്ള രൂപമാണ് ഫാസിസോ അഥവാ ഫാഷസ്. പുരാതന റോമിൽ വധശിക്ഷ വിധിക്കുന്ന ന്യായാധിപന്മാരുടെ നീതിപീഠത്തിനു സമീപം ഈ മരണദണ്ഡ് വയ്ക്കുമായിരുന്നു. ഇറ്റലിയിലെ ഏകാധിപതിയായിരുന്ന ബനിറ്റോ മുസോളിനി 1915ൽ ഫാഷസ് ഓഫ് റവല്യൂഷണറി ആക്ഷൻ എന്ന സംഘടന രൂപീകരിച്ചു. പിന്നീട് 1919ൽ ഇറ്റാലിയൻ ഫാഷൻ ഓഫ് കോംബാറ്റ് ഇറ്റലിയിലെ മിലാനിൽ സ്ഥാപിച്ചു. മുസോളിനിയുടെ ഈ സംഘടനയാണ് രണ്ട് വർഷത്തിനു ശേഷം ”നാഷണൽ ഫാസിസ്റ്റ് പാർട്ടി” ആയി മാറിയത്. ഏകാധിപത്യം, വംശീയ ഷോവനിസം, അമിത മിലിട്ടറി കേന്ദ്രീകൃത ഭരണരീതി, വീരാരാധന, അമിത ദേശീയവാദം ഇതെല്ലാം ഫാസിസത്തിന്റെ മുഖമുദ്രകളാണ്.
ഫാസിസത്തെ നിരവധി ലോകരാഷ്ട്ര നേതാക്കൾ വിശദീകരിച്ചിട്ടുണ്ടെങ്കിലും ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് തൊഗ്ലിയാത്തി (പാമിറോ തൊഗ്ലിയാത്തി-1893–1964) നൽകിയ നിർവചനമാണ് കൂടുതൽ യോജിക്കുന്നത്. ”ഏറ്റവും പിന്തിരിപ്പനും ഏറ്റവും പ്രകടമായ ദേശീയ വർഗീയവാദപരവും ഏറ്റവും ഭീകരവാദ — സാമ്രാജ്യത്വപരവുമായ ധനമൂലധന ഘടകങ്ങളുടെ തുറന്ന സ്വേച്ഛാധിപത്യവുമാണ് ഫാസിസം.” തൊഗ്ലിയാത്തി നൽകിയ ഈ വിശദീകരണം മുസോളിനിയുടെ ഫാസിസ്റ്റ് പാർട്ടിക്കും, അഡോൾഫ് ഹിറ്റ്ലറുടെ നാസി പാർട്ടിക്കും എത്രത്തോളം യോജിക്കുമോ അത്രയും തന്നെ ഇന്ത്യയിലെ കേന്ദ്രഭരണകൂടത്തെ നിയന്ത്രിക്കുന്ന സംഘ്പരിവാർ ശക്തികൾക്കും യോജിക്കുന്നതാണ്.
മുസോളിനിയുടെ ഫാസിസ്റ്റ് സൈദ്ധാന്തികർ വിദ്യാഭ്യാസമേഖലയും വാർത്താവിതരണ ശൃംഖലയും കീഴ്പ്പെടുത്തി ഫാസിസത്തിന്റെ പ്രചാരണം ശക്തമാക്കുകയാണ് ആദ്യം ചെയ്തത്. ജർമ്മൻ ഫാസിസ്റ്റുകളായ നാസികൾക്കും രണ്ടു മുഖ്യ സിദ്ധാന്തങ്ങളുണ്ടായിരുന്നു. ഒന്ന് ശുദ്ധമായ ആര്യ വംശീയതയ്ക്ക് മേൽക്കോയ്മയുണ്ട്, രണ്ട് കീഴടക്കാനാകാത്തത്ര നേതൃത്വ പാടവം നാസികൾ പ്രകടിപ്പിക്കണം. നാസികൾ പ്രചരിപ്പിച്ചത് ‘ഹിറ്റ്ലറെ ദൈവം അയച്ചതാണ്, അദ്ദേഹം ദൈവത്തിന്റെ അവതാരമാണെങ്കിലും ദൈവപുത്രനെക്കാൾ ശക്തനാണ്’ എന്നായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നത് അദ്ദേഹത്തെയും ദൈവം അയച്ചതാണെന്നാണ്.
ഹിറ്റ്ലറുടെയും മുസോളിനിയുടെയും അമിത സൈനികവല്‍ക്കരണവും ഏകാധിപതികളുടെ വാഴ്ത്തുപാട്ടുകളും അനുയായികളിൽ വീരാരാധനാ മനോഭാവം വളർത്തി. ഇവർ രണ്ടുപേരുടെയും സൈദ്ധാന്തിക പരിവേഷമണിഞ്ഞ സംഘ്പരിവാർ ശക്തികൾ ഇന്ത്യയിൽ പിന്തുടരുന്നതും പ്രചരിപ്പിക്കുന്നതുമായ അമിത ദേശീയതാ വികാരവും ഹിന്ദുത്വ പ്രചരണങ്ങളും രണ്ടാം ലോകയുദ്ധത്തിനു മുമ്പുള്ള ഇറ്റലിയെയും ജർമ്മനിയെയും ഓർമ്മിപ്പിക്കുന്നതാണ്. അവരിൽ നിന്നും കുറച്ചുകൂടി തന്ത്രപരമായ സമീപനങ്ങൾ ഇവിടെ സ്വീകരിക്കുന്നു എന്നു മാത്രമേയുള്ളൂ. ആർഎസ്എസിന്റെ മാനിഫെസ്റ്റോ ആയ ഗോൾവാള്‍ക്കറുടെ വിചാരധാരയിൽ കൃത്യമായി ”ഭാരതത്തിന്റെ ദേശീയ ജീവിതം ഹിന്ദു ദേശീയ ജീവിതമാണ്” എന്നും വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മാത്രമാണിവിടെ, ഈ മണ്ണിന്റെ മകനായി ജീവിച്ചു പോന്നതെന്നാണിതിന്റെ അർത്ഥമെന്നും മറ്റൊരു സന്ദർഭത്തിൽ വിവരിക്കുന്നു.
ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സംബന്ധിച്ചും ഗോൾവാള്‍ക്കർ വിചാരധാരയിൽ വിവരിക്കുന്നുണ്ട്. ”ജാതികൾ പ്രാചീന കാലത്തുണ്ടായിരുന്നു. ആയിരക്കണക്കിനു വർഷങ്ങൾ സമുജ്വല രാഷ്ട്ര ജീവിതത്തിൽ തുടരുകയും ചെയ്തു. സമൂഹത്തിന്റെ പുരോഗതിയെ അതു തടസപ്പെടുത്തിയതിനോ ഐക്യത്തെ ശിഥിലമാക്കിയതിനോ ഒരൊറ്റ ഉദാഹരണവും കാണില്ല. നമ്മുടെ ദൗർബല്യത്തിന്റെ മൂലകാരണം ജാതിവ്യവസ്ഥയായിരുന്നെങ്കിൽ ജാതികളില്ലാതിരുന്ന ജനതകളെക്കാൾ എത്രയോ എളുപ്പത്തിൽ നാം വിദേശീയാക്രമണത്തിന് വിധേയരായിത്തീരുമായിരുന്നു. പക്ഷെ ചരിത്രം എന്തു പറയുന്നു?” തുടർന്ന് ”മുഹമ്മദ് നബിയുടെ ആളുകൾ ഇറാൻ, ഈജിപ്ത്, റോം, യൂറോപ്പ് തുടങ്ങിയ സാമ്രാജ്യങ്ങൾ കീഴടക്കി. ചൈനയുടെ അതിർത്തിവരെ അവർ എത്തിയില്ലേ. ആ രാജ്യങ്ങളിലൊന്നും ജാതിയില്ലായിരുന്നല്ലോ” എന്ന വ്യാഖ്യാനവും അദ്ദേഹം നടത്തുന്നു. പട്ടികജാതി — വർഗ വിഭാഗങ്ങൾക്ക് ആനുകൂല്യം നൽകുന്നത് അവരെ അടിമകളാക്കുന്നതിന് തുല്യമാണെന്നും വിചാരധാരയിൽ വിശദീകരിക്കുന്നു. ഇന്ത്യയിൽ മോഡി സർക്കാരിനെ നയിക്കുന്ന സംഘ്പരിവാർ ശക്തികൾ രാജ്യത്തെ മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നതും ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുന്നതുമായ അക്രമങ്ങളും കൊലപാതകങ്ങളും ആ വിഭാഗം ജനങ്ങളെ ഭയവിഹ്വലരായി നിർത്തുകയാണ്.
2018ലെ ഭീമ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും ഭരണകൂട ഫാസിസത്തിന്റെ ഇരകളാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ചും അഴിക്കുള്ളിലാക്കിയ എതിർശബ്ദങ്ങളുടെ പട്ടിക എത്രയോ ബൃഹത്തും ഭീകരവുമാണ്. മാധ്യമപ്രവർത്തകരുടെ എണ്ണം ഇതിനും പുറമെയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ പാർലമെന്റിനെ നിർജീവമാക്കി. പ്രതിപക്ഷത്തെ 146 എംപിമാരെ സസ്പെന്റു ചെയ്തു പുറത്തു നിർത്തി നിയമനിർമ്മാണവും സർക്കാർ ബിസിനസുകളും നിർവഹിച്ച മോഡിസർക്കാർ ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥിതിയിൽ ഏല്പിച്ച കറുത്ത പാട് ജനാധിപത്യത്തിൽ മറക്കാൻ കഴിയുമോ.
പാർലമെന്റ് പാസാക്കിയ ആരാധനാലയങ്ങൾ സംരക്ഷിക്കുന്ന 1991ലെ നിയമം ഉൾപ്പെടെ പലതിനെയും അപ്രസക്തമാക്കി, മുസ്ലിം ആരാധനാലയങ്ങളെ സംഘ്പരിവാറുകാർ സംസ്ഥാന ഭരണകൂടങ്ങളുടെ സഹായത്തോടെ കൈവശപ്പെടുത്തുന്നത് ”ഹിന്ദുത്വ ദേശീയതയുടെ” പുനരാവിഷ്കാരത്തിനുവേണ്ടിയാണ്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ നിയമിക്കുന്നതിന് പാർലമെന്റ് പാസാക്കിയ പ്രത്യേക നിയമം ഇല്ലാതിരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പരമോന്നത നീതിപീഠം നൽകിയ ഉത്തരവുകളെ കാറ്റിൽപ്പറത്തി പുതിയ നിയമം നിർമ്മിക്കാൻ ഫാസിസ്റ്റുകൾക്കല്ലാതെ ആർക്കാണ് കഴിയുക. മണിപ്പൂരിലെ രണ്ടു വിഭാഗം ജനങ്ങൾ വംശീയതയുടെ പേരിൽ തമ്മിൽത്തല്ലി ജീവനും മനുഷ്യനിർമ്മിത സ്വത്തുക്കളും വ്യാപകമായി നശിപ്പിച്ചപ്പോൾ സമാധാനത്തിന്റെ സന്ദേശം പോയിട്ട് ഒന്നു തിരിഞ്ഞുപോലും നോക്കാത്ത മനോഭാവം ഫാസിസ്റ്റ് ഭരണകൂടത്തിനല്ലാതെ മറ്റാർക്കാണ് കാണുക. പട്ടിണിയും ദാരിദ്ര്യവും പ്രാചീനഭാരതത്തിലും ഉണ്ടായിട്ടുണ്ടെന്നു വിശദീകരിക്കുകയും സാമ്പത്തിക അസമത്വം രാഷ്ട്രജീവിതത്തെ ബാധിക്കുകയില്ലായെന്നുമുള്ള വാദം ഫാസിസ്റ്റുകൾക്കല്ലാതെ ആർക്കാണുള്ളത്. തന്റെ വിചാരധാരയിൽ ഗോൾവാള്‍ക്കർ പറഞ്ഞിരിക്കുന്നതുപോലെ ”വികൃതമായി സങ്കല്പിച്ച ഫെഡറൽ ഭരണഘടന ഉറച്ച കയ്യോടെ മാറ്റി, ഏക ഘടക ഭരണഘടനയെന്ന ശരി” തീരുമാനിക്കുന്ന ഈ ഭരണകൂടത്തിന്റെ സ്വഭാവം ഫാസിസമാണ്. “നമ്മുടെ ഏകീകൃത മൈത്രിക്ക് ഭംഗം വരുത്താൻ പ്രാദേശികവും വിഭാഗവും ഭാഷാപരവുമായ വ്യത്യാസങ്ങളെ അനുവദിച്ചുകൂടാ. അതിനായി നമ്മുടെ ഭരണഘടനയിലുള്ള ഫെഡറലിസം സംബന്ധിച്ച എല്ലാ ചർച്ചകളും ആഴത്തിൽ കുഴിച്ചു മൂടുക, ഒരു ദേശം, ഒരു രാഷ്ട്രം, ഒരു നിയമസഭ, ഒരു നിർവഹണ വിഭാഗം എന്നിങ്ങനെ ഉദ്ഘോഷിക്കുക” എന്നുകൂടി വിചാരധാരയിൽ പറയുന്നുണ്ട്. ഇതല്ലേ ഫാസിസം.
സാമ്രാജ്യത്വ ശക്തികളുടെയും അവയുടെ ഭാഗമായ കോർപറേറ്റ് കമ്പനികളുടെയും ദാസന്മാരായി മാറിയ മോഡി സർക്കാർ ധാതുസമ്പത്തുക്കളാൽ ധന്യമായ ഇന്ത്യയുടെ വനഭൂമിയും കടലും ജനവികാരം മാനിക്കാതെ സാമ്രാജ്യത്വശക്തികൾക്ക് കാഴ്ചവയ്ക്കുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യത്തെയും പരമാധികാര ബോധത്തെയുമാണ് ഫാസിസ്റ്റുകൾ അടിയറവയ്ക്കുന്നത്. അതേ സാമ്രാജ്യത്വ യജമാനന്മാർ ഇന്ത്യൻ ജനതയെ അനധികൃത കുടിയേറ്റത്തിന്റെ പേരിൽ കാലിൽ ചങ്ങലയിട്ട്, കൈകളിൽ വിലങ്ങണിയിച്ച് രാജ്യത്തേക്ക് കയറ്റിവിടുമ്പോൾ ദാസനായി തലകുമ്പിട്ടിരിക്കാനല്ലേ ഇന്ത്യൻ ഭരണാധികാരികൾക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യയിലെ വർത്തമാനകാല ഫാസിസം സാമ്രാജ്യത്വ ശക്തികളുടെയും ഉപോല്പന്നമായ ചങ്ങാത്ത മുതലാളിത്തത്തിന്റെയും കൂടിയുള്ള പ്രകടിതരൂപമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.