5 October 2024, Saturday
KSFE Galaxy Chits Banner 2

വിഷസര്‍പ്പങ്ങളുടെ മാളങ്ങള്‍

ദേവിക
വാതിൽപ്പഴുതിലൂടെ
August 26, 2024 4:30 am

കുറേ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ പണികഴിഞ്ഞ് സന്ധ്യാവേളകളില്‍ തലസ്ഥാനത്ത് വഞ്ചിയൂര്‍ റോഡിലുള്ള മഹാനടന്‍ തിലകന്റെ പിആര്‍എസ് കോര്‍ട്ട് അപ്പാര്‍ട്ട്മെന്റിലെത്തുമായിരുന്നു. രണ്ടെണ്ണം വീശി തിലകന്‍ ചേട്ടന്റെ ചലച്ചിത്ര രംഗത്തെ അനുഭവകഥകള്‍ കേട്ടിരിക്കുക ഒരു സുഖം. അന്ന് ആ മഹാനടന്റെ മുഖത്ത് ശോകച്ഛവി. എന്തേ കാര്യം എന്നു തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു ‘കള്ളുവേണ്ട, താന്‍ എനിക്ക് ഒരായിരം രൂപ കടം തരാമോ. അരിവാങ്ങാനാണ്. കയ്യില്‍ ദമ്പിടി കാശില്ല.’ മാധ്യമ പ്രവര്‍ത്തകന്‍ കയ്യിലുണ്ടായിരുന്ന 1,600 രൂപ തിലകന്‍ ചേട്ടനെ ഏല്പിച്ചപ്പോള്‍ ആ കണ്ണുകളില്‍ നന്ദിയുടെ പ്രകാശരേണുകള്‍. കാട്ടുകുതിരയിലൂടെയും പെരുന്തച്ചനിലൂടെയും മണിച്ചിത്രത്താഴിലൂടെയും മറ്റനേകം ചിത്രങ്ങളിലൂടെയും പ്രക്ഷേകമനസുകളില്‍ അനുഭൂതി വാരിവിതറിയ നടന്‍ ഒരു ദരിദ്രന്റെ റോളില്‍. സിനിമയില്‍ അഭിനയിക്കാന്‍ താരസംഘടനയായ അമ്മയിലെ മാഫിയാസംഘം ഓടി നടന്ന് വിലക്ക് ഏര്‍പ്പെടുത്തിയതുമൂലമുണ്ടായ ദുരവസ്ഥ. ചലച്ചിത്രരംഗത്തു നിന്നും തിരസ്തൃതനായതോടെ സീരിയല്‍ അഭിനയത്തിലൂടെ അന്നം തേടാമെന്നായി. അവിടെയും വിലക്ക്. സീരിയല്‍ നടന്മാരുടെ സംഘടനയായ ‘ആത്മ’യുടെ കളിയാശാന്‍ കെ ബി ഗണേഷ് കുമാര്‍. എന്തേ ഇങ്ങനെയെന്നു ചോദിച്ചപ്പോള്‍ ‘എടോ ഒരു മാഫിയാസംഘമല്ലേ സിനിമാരംഗം അടക്കി വാഴുന്ന’തെന്ന് തിലകന്‍ ചേട്ടന്റെ രോഷാകുലമായ മറുപടി. വിലക്കുകളുടെ പത്മവ്യൂഹത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത് സിപിഐ നേതാവായ അമ്പലപ്പുഴ രാധാകൃഷ്ണനായിരുന്നു. അദ്ദേഹം രൂപീകരിച്ച നാടകസമിതിയില്‍ അഭിനയിച്ചാണ് മരണം വരെ തിലകന്‍ അന്നം മുട്ടാതെ ജീവിച്ചത്.

പാമ്പിന്റെ പകയും വെരുകിന്റെ കാമാസക്തിയുമുള്ള മാഫിയ നയിക്കുന്ന മലയാള സിനിമാലോകത്തിന്റെ അടിവേരുകള്‍ കൊത്തിനുറുക്കുന്ന സംഭവശ്രേണികള്‍ കഴിഞ്ഞ ദിവസങ്ങളിലായി നാടിനെ പിടിച്ചുലയ്ക്കുന്നത് കാലത്തിന്റെ കാവ്യനീതി. എ‌െഎംഎംഎയുടെ നായകന്‍ നടന്‍ സിദ്ദിഖും ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തും ഇന്നലെ പടിയിറങ്ങി. കാരണം പണാപഹരണമല്ല, ലൈംഗിക പീഡനത്തിന്റെ നാറ്റക്കേസുകള്‍. തിലകന്‍ ചേട്ടന്‍ അന്നു പറഞ്ഞ മുഖംമൂടികള്‍ ഒന്നൊന്നായി അഴിഞ്ഞു വീഴുന്നു. പിന്നാലെ ഉരുളാന്‍ ഇനിയും തലകളേറെ. നടിയെ ആക്രമിച്ച കേസിനെത്തുടര്‍ന്ന് സിനിമാരംഗത്തെ സ്ത്രീസുരക്ഷയെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറച്ചുവച്ച 129 ഖണ്ഡികകള്‍ കൂടി പുറത്താവുമ്പോള്‍, ഒരു വാത്സ്യായനശാസ്ത്രമോ കൊക്കോക ശാസ്ത്രമോ ആവുക എന്ന ആകാംക്ഷയേ ഇനി ബാക്കിയുള്ളു. 12വര്‍ഷം മുമ്പു നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ വിളിച്ചു കൂവുന്നതെന്തിനെന്നാണ് രാഷ്ട്രീയക്കാരന്‍ കൂടിയായ ഒരു നടന്‍ ഇന്നലെയൊരു ചോദ്യമെറിഞ്ഞത്. കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു. ഒരു അറബി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് കുനിച്ചുനിര്‍ത്തി തലവെട്ടിമാറ്റുന്ന ഭീകരദൃശ്യം. ശരീരത്തില്‍ നിന്നും നദിപോലെ ഒഴുകുന്ന ചോര. ഒരു പിടച്ചിലോടെ നിശ്ചലമാകുന്ന കബന്ധം‍. നീതിയുടെ വിജയം പോലെ ഇവിടെയും ഇങ്ങനെയായാലെന്താ. ആരും ഒരക്ഷരം എതിര്‍ത്തു പറയില്ല. സിനിമയിലെ ലൈംഗിക വിവാദങ്ങളില്‍ നാട് ആടിയുലയുമ്പോള്‍ മെഗാ സ്റ്റാറുകളും ഭരതും കുന്ത്രാണ്ടവും കുടച്ചക്രവുമൊക്കെയായ മമ്മൂട്ടിക്കും മോഹന്‍ലാലിനും എന്തേ മൗനം? വാചാലമായ ഈ മൗനത്തിന്റെ ചിറകിനടിയില്‍ വേട്ടക്കാരെ സംരക്ഷിക്കാനുള്ള തന്ത്രമാണെന്ന് ജനം പറഞ്ഞാല്‍ അവരെ കുറ്റം പറയരുത്. ഈ നാറ്റക്കഥകള്‍ക്കിടയിലും പുറത്തുവരുന്ന രണ്ട് വാര്‍ത്തകള്‍ നമ്മെ രോമാഞ്ചം കൊള്ളിക്കുന്നു. കഴക്കൂട്ടത്തുനിന്നും കാണാതായി ഇന്നലെ പൊലീസ് തിരിച്ചെത്തിച്ച അസംകാരി കുട്ടി കയ്യില്‍ വെറും 40 രൂപയുമായി 1,650കിലോമീറ്ററാണ് സഞ്ചരിച്ചത്. 

റയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും പച്ചവെള്ളം കുടിച്ചു വിശപ്പടക്കിയ ഏഴാം ക്ലാസുകാരി. വീട്ടിലാണെങ്കില്‍ രണ്ടാനമ്മയുടെ ക്രൂരമര്‍ദനം. വീട്ടിലെ ജോലികളെല്ലാം ചെയ്യണം. കണിയാപുരം സ്കൂളില്‍ പഠിക്കാന്‍ പോകുന്നത് വല്ലപ്പോഴും. അവള്‍ നാടുവിട്ടത് അസമിലേക്ക്. അമ്മൂമ്മയുടെയും അപ്പുപ്പന്റെയും അടുത്തെത്തി തുടര്‍ന്നും പഠിക്കാനുള്ള അക്ഷരദാഹ തീര്‍ത്ഥയാത്ര. സത്യം അക്ഷര സംയുക്തമെന്നല്ലേ പറയാറ്. അവിസ്മരണീയ നടന്‍ ഇന്ദ്രന്‍സിന്റെ ആവേശകരമായ കഥ മറ്റൊന്ന്. പട്ടത്തെ പട്ടിണി കൂടിയിരിക്കുന്ന കുടുംബം. മെഡിക്കല്‍ കോളജ് പരിസരത്ത് അമ്മയ്ക്ക് ജോലി രോഗികളുടെ കുട്ടിരിപ്പുകാര്‍ക്ക് കഞ്ഞിയും ദോശയും കച്ചവടം. ഇന്ദ്രന്‍സ് പറയുമായിരുന്നു. എന്നും പ്രാര്‍ത്ഥന അമ്മ തയ്യാറാക്കിക്കൊണ്ടുപോകുന്ന ഭക്ഷണപദാര്‍ത്ഥം മുഴുവനും വില്‍ക്കരുതേയെന്ന്. ബാക്കി ഭക്ഷണം തിരിച്ചു കൊണ്ടുവന്നാല്‍ അത് കഴിച്ചുവേണം വിശപ്പടക്കാന്‍. ഉടുപ്പും പുസ്തകവും വാങ്ങാന്‍ അമ്മയുടെ പക്കല്‍ കാശില്ലാത്തതിനാല്‍ നാലാം ക്ലാസില്‍ കുഞ്ഞുസുരേന്ദ്രന്‍ എന്ന ഇന്ദ്രന്‍സ് പഠനം നിര്‍ത്തി. തയ്യല്‍ക്കാരനായി. സിനിമാ താരങ്ങളുടെ വസ്ത്രം തുന്നിക്കൊടുക്കുന്ന പണിയിലൂടെ സിനിമാ നടനും ദേശീയ – അന്തര്‍ദേശീയ അവാര്‍ഡ് ജേതാവുമായി. എന്നിട്ടും ഇന്ദ്രന്റെ മനസിനൊരു വിങ്ങല്‍. പഠിക്കാനൊത്തില്ലല്ലോ എന്ന ദുഃഖം. 68-ാം വയസില്‍ ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി. അക്ഷരദാഹത്തിന്റെ ഈ രണ്ടു ബിംബങ്ങള്‍ക്കും ഓരോ ബിഗ് സല്യൂട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.