ഡോ. കെ പി വിപിൻ ചന്ദ്രൻ

മാനവീയം

March 24, 2020, 5:20 am

വികസന വെല്ലുവിളികളും കൊറോണയുടെ സാമൂഹ്യവ്യാപനവും

Janayugom Online

ഇന്ത്യയും കൊറോണ വൈറസ് വ്യാപനത്തിന്റെ മൂന്നാമത്തെ ആഴ്ച പിന്നിട്ടിരിക്കുന്നു. എങ്കിലും കൊറോണ വൈറസ് പകരാനുള്ള സാധ്യത ഇല്ലാതാക്കുവാനും പരമാവധി ജീവനഷ്ടം കുറയ്ക്കാനുമുള്ള ശ്രമങ്ങളാണ് പൊതുവേ ജനക്ഷേമം കാംക്ഷിക്കുന്ന ഭരണകൂടങ്ങളും സമൂഹവും ആഗോളതലത്തിൽ സ്വീകരിച്ചു പോകുന്നത്. ഇന്ത്യയിലും കർശനമായ നിയന്ത്രണങ്ങൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. മാർച്ച് 22ന് ദേശവ്യാപകമായി നടത്തിയ ജനത കർഫ്യൂ ഇതിനൊരു ഉദാഹരണം മാത്രമാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കർശനമായ സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരള സർക്കാർ സ്വീകരിച്ച ‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള ഏറ്റവും മികച്ചൊരു ഇടപെടലാണ്. എങ്കിലും ലോകത്തിലെ മറ്റു കൊറോണ വൈറസ് ബാധിത പ്രദേശങ്ങളെക്കാൾ ഏറ്റവും ശ്രദ്ധ പതിപ്പിക്കേണ്ട രാജ്യമാണ് ഇന്ത്യ.

ഈയൊരു സാഹചര്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ വേളയിൽ 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രി ജവഹർലാൽ നെഹ്റു ‘ഇന്ത്യയുടെ വിധിയുമായി മുഖാമുഖം’ എന്ന പ്രസിദ്ധമായ പ്രസംഗത്തിൽ രാജ്യത്തെ ഓർമ്മിപ്പിച്ച ഭാവികർത്തവ്യങ്ങളിൽ ദാരിദ്ര്യം, അജ്ഞത, രോഗം, അവസരലബ്ധിയിലെ അസമത്വം എന്നിവയുടെ നിർമ്മാർജ്ജനം ഉൾപ്പെട്ടിരുന്നു. ഈ മേഖലകളിൽ കുറേ നേട്ടങ്ങൾ കൈവരിച്ചുവെങ്കിലും നാം ഇന്നും സാമൂഹിക‑സാമ്പത്തിക വികസനം എന്നിവയില്‍ വളരെ പിന്നിലാണ്. കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവ്വേ വെളിപ്പെടുത്തുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് അഞ്ച് ശതമാനത്തിൽ താഴെ മാത്രമേയുള്ളു എന്നാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ മാനവവിഭവശേഷി രംഗത്ത് പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിൽ സർക്കാർ നിക്ഷേപം പടിപടിയായി കുറഞ്ഞുവരികയും ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ അസമത്വം സൃഷ്ടിക്കുന്ന സമൂഹമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയുമാണ്.

അതിനൊപ്പം കോവിഡ് 19 വ്യാപനത്തെ തടയുന്നതിന് ഇന്ത്യയുടെ ജനസംഖ്യയും ജനസാന്ദ്രതയും മറ്റൊരു വെല്ലുവിളിയായി മാറാൻ സാധ്യതയുണ്ട്. 140 കോടി ജനങ്ങളുള്ള ചൈനയിൽ അവിടുത്തെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 145 ജനങ്ങള്‍ എന്നതാണ്. എന്നാൽ ആറ് കോടി ജനസംഖ്യയുള്ള ഇറ്റലിയിലെ ജനസാന്ദ്രത 206, എട്ടു കോടി ജനസംഖ്യയുള്ള ഇറാനിൽ ജനസാന്ദ്രത 52 എന്നിങ്ങനെയാണ്. ഇറ്റലിയിലെ കൊറോണ വൈറസ് ബാധമൂലമുള്ള മരണനിരക്ക് 4000 കവിഞ്ഞു. ഇറാഖിലെ മരണനിരക്ക് 1500ന് മേലെയുമായി. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് പോലും ഉയർന്ന മരണ നിരക്കാണുള്ളത്. 135 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഒരു ചതുരശ്രകിലോമീറ്ററിൽ 420 പേരാണ് താമസിക്കുന്നത്. എന്നാൽ കേരളത്തിന്റെ സ്ഥിതി ഇതിൽ നിന്നും വിഭിന്നമാണ്. 3.5 കോടി മാത്രം ജനസംഖ്യയുള്ള കേരളത്തിൽ ഒരു ചതുരശ്രകിലോമീറ്ററിൽ 860 പേരാണ് താമസിക്കുന്നത്. ഇവിടെയാണ് ഇന്ത്യയും കേരളവും കൊറോണ വൈറസ് വ്യാപനത്തിനെതിരെ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്. ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ അവസ്ഥ വിഭിന്നമാണ്. ഇന്ത്യ സാമ്പത്തികമായും സാങ്കേതികവിദ്യയിലും ചൈനയെക്കാൾ വളരെ പിന്നിലാണ്. ചൈനയിലെ വുഹാനിൽ വ്യാപിച്ച കോവിഡ്19 ബാധ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയ്ക്ക് മറികടക്കാൻ സാധിച്ചു. എന്നാൽ ഇന്ത്യയിലെ സാമ്പത്തിക അവസ്ഥയും സാമൂഹ്യ അവസ്ഥയും വളരെ വ്യത്യസ്തമാണ്.

‘നമ്മുടെ വിധിയുമായുള്ള അഭിമുഖ’മെന്ന് നെഹ്റു ചൂണ്ടിക്കാട്ടിയ ചുമതലകളിൽ തിരിഞ്ഞുനോക്കുമ്പോൾ ഉറപ്പാക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമതായി, സാമ്പത്തികവും സാമൂഹികവുമായ നയങ്ങളുടെ വിജയത്തെ വിലയിരുത്തുന്നതിൽ അടിസ്ഥാന സിദ്ധികൾക്കും ജീവിത ഗുണമേന്മയ്ക്കും പ്രാധാന്യം ഉറപ്പുവരുത്തണം. രണ്ടാമതായി, സാമ്പത്തികവളർച്ചയുടെ അഭിവൃദ്ധിയും അതിലൂടെ ജനങ്ങൾക്ക് അനുഭവവേദ്യമാകും വിധം ജീവിത ഗുണമേൻമ (വിദ്യാഭ്യാസം, ആരോഗ്യം, പ്രാഥമിക സ്വാതന്ത്ര്യങ്ങൾ എന്നിവ സംബന്ധിച്ച) വർദ്ധിപ്പിക്കാൻ പോന്ന സിദ്ധികളുടെ യാദൃച്ഛികമെങ്കിലും ശ്രദ്ധേയമായ പ്രാധാന്യവും ഉറപ്പിക്കണം. എന്നാൽ ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യം വിഭിന്നമാണ്. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ദാരിദ്ര്യം, പോഷകാഹാരക്കുറവ്, അസമത്വം, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങൾ വെല്ലുവിളിയായി മാറാൻ സാധ്യതയുണ്ട്. അതുപോലെ രണ്ട് പ്രളയങ്ങളെ അതിജീവിച്ച കേരള സമ്പദ് വ്യവസ്ഥയ്ക്ക് കൊറോണ വൈറസ് ബാധ സൃഷ്ടിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. നിതി ആയോഗ് പ്രസിദ്ധീകരിച്ച ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട പൊതുജനാരോഗ്യമുള്ള സംസ്ഥാനമാണ് കേരളം.

അതിനൊപ്പം ഗ്രാമീണ തലം മുതൽ സംസ്ഥാന തലം വരെ വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ആരോഗ്യ സംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്. മുൻകാലങ്ങളിൽ കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് പൊതുജനാരോഗ്യവിദഗ്ധർ വിലയിരുത്തുന്നത് കേരളത്തിൽ കുറഞ്ഞ മരണനിരക്കും ഉയർന്ന രോഗാതുരതയുള്ള സമൂഹവുമാണ് നിലവിലുള്ളതെന്നാണ്. ഈ വൈരുദ്ധ്യം ഇതിൽ അന്തർലീനമായിട്ടുള്ള ചിലപ്രശ്നങ്ങളെ, പ്രത്യേകിച്ചും രോഗാതുരതയുടെ സ്വയം വെളിപ്പെടുത്തലും, രോഗാതുരതയെ വസ്തുനിഷ്ഠമായി നിർണയിക്കാൻ വേണ്ട മാനദണ്ഡങ്ങളും തമ്മിലും, രോഗാവസ്ഥയും മരണനിരക്കും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സഹായിച്ചു. എങ്കിലും ഈ വാദങ്ങൾക്ക് വിശകലനാത്മകമോ, വസ്തുനിഷ്ഠമോ ആയ തെളിവുകളുടെ പിൻബലമില്ല എന്ന പോരായ്മ ഇന്ന് അവശേഷിക്കുന്നുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ ചൂണ്ടികാട്ടുന്നു. പൊതുജനാരോഗ്യത്തിൽ രാജ്യാന്തര വികസനങ്ങൾ ഉൾക്കൊള്ളാൻ പര്യാപ്തമായ സാമൂഹിക — സാമ്പത്തിക ചുറ്റുപാടുമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമായിരുന്നു. വൈദ്യശാസ്ത്ര സൗകര്യങ്ങളും ജനസംഖ്യയുമായുള്ള അനുപാതവും ഇന്ത്യയിൽ കേരളത്തിലാണ് ഉയർന്നുനിൽക്കുന്നത്. സാക്ഷരതയും സാമൂഹിക രാഷ്ട്രീയ ബോധവുമുള്ള ജനസമൂഹം മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ആവശ്യപ്പെട്ട് അവ ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തി. പ്രതിരോധ കുത്തിവെയ്പ്പിൽ ആൺ‑പെൺ വ്യത്യാസമില്ലെന്നതും ഇതിൽ വരുമാനം ഒരു ഘടകമല്ലെന്നതും ഈയിടെ നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗാവസ്ഥയിലും രോഗപ്രതിരോധത്തിനും പുരോഗമനപരമായ പരിവർത്തനം ദൃശ്യമാണെങ്കിലും ജല‑വായുജന്യമായ പകർച്ചവ്യാധികൾ ഇപ്പോഴും പൂർണമായി തടയാനായിട്ടില്ല എന്നത് ഇവിടെ വിസ്മരിക്കുന്നില്ലെന്ന് 2000ത്തിൽ പ്രസിദ്ധീകരിച്ച അമർത്യാസെന്നിന്റെ ലേഖന സമാഹാര പുസ്തകത്തിൽ വി കെ രാമചന്ദ്രൻ ‘കേരളത്തിന്റെ വികസന നേട്ടങ്ങൾ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സൂചിപ്പിക്കുന്നു. കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് വിദ്യാഭ്യാസ — ആരോഗ്യ രംഗത്ത് മറ്റുള്ളവർക്കൊപ്പം എത്താനായിട്ടില്ലെന്ന വസ്തുത വിസ്മരിക്കാനാവില്ല. ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, പട്ടികജാതിക്കാർ തുടങ്ങിയവരാണ് ഇപ്പോഴും ഇക്കാര്യത്തിൽ മുഖ്യധാരയിൽ എത്താനാവാതെ കഴിയുന്നതെന്നും ഈ ലേഖനത്തിൽ സൂചിപ്പിക്കുന്നു. മുൻകാല പഠനങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ കേരളത്തിലെ ജനസംഖ്യയുടെ ചെറിയൊരു ശതമാനത്തിന് രോഗം വന്നാൽ പോലും ചികിത്സിക്കാനുള്ള സംവിധാനം മാത്രമേ കേരളത്തിലുള്ളു. കേരളത്തിന്റെ ജനസംഖ്യയുടെ 12 ശതമാനത്തോളം 60 വയസ്സിൽ കൂടുതലുള്ള വയോജനങ്ങളാണ്.

അവരുടെ ആരോഗ്യ സംരക്ഷണവും മറ്റൊരു വെല്ലുവിളിയാണ്. അതിനൊപ്പം ഉയർന്ന നിരക്കിലുള്ള ജീവിതശൈലീരോഗങ്ങളുള്ള ഒരു സമൂഹമാണ് കേരളം. കേരളത്തിലെ ആരോഗ്യസംവിധാനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെങ്കിലും കേരളത്തിലെ മൊത്തം ആശുപത്രികളിൽ കിടക്കകളുടെ എണ്ണം ഏകദേശം 40,000ത്തോളം മാത്രമേ ഉള്ളൂ. കേരളത്തിൽ ലഭ്യമായ വെന്റിലേറ്ററുകൾ പോലും വെറും 350 എണ്ണം മാത്രമാണ്. ജനസംഖ്യാനുപാതികമായ ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കേരളത്തിൽ കുറവാണ്. കേരളത്തിൽ തന്നെ 60,000 ത്തോളം പേരാണ് കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത്. ഇതിൽ 64 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കേരളത്തിലെ ഏഴോളം ജില്ലകളിലുള്ളവരാണ് ഈ 64 പേർ. കേരളത്തിലെ 7 ജില്ലകളിൽ സർക്കാർ തലത്തിൽ കർശന നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ആരംഭിച്ചുകഴിഞ്ഞു. കൊറോണ പരക്കുന്നത് തടയാൻ ഇക്കാര്യത്തിൽ വൈറസുകളുടെ വ്യാപനം തടയുക എന്നതാണ് നമുക്ക് സ്വീകരിക്കാൻ സാധിക്കുന്ന ഏക പോംവഴി. ഇതിനായി സാമൂഹ്യ സമ്പർക്കങ്ങൾ പരമാവധി കുറയ്ക്കുക എന്നതാണ് ഏറ്റവും ഉചിതമായ നടപടി. രോഗബാധ അനിയന്ത്രിതമായി പെരുകണമെങ്കിൽ വ്യക്തികൾ തമ്മിലുള്ള സമ്പർക്കമോ, അവർ പൊതു ഇടങ്ങൾ ഉപയോഗിക്കുകയോ ചെയ്യണം. ആ ചങ്ങല തകർത്തുകൊണ്ട് മാത്രമേ, സാമൂഹ്യ സമ്പർക്കങ്ങൾ പരമാവധി കുറച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഫലമുണ്ടാകുകയുള്ളു.

നിപ്പ വൈറസ് പ്രതിരോധത്തിൽ ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം നേടിയ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങൾ, പുരോഗമന പ്രസ്ഥാനങ്ങൾ, പൊതുജനാരോഗ്യ പ്രസ്ഥാനങ്ങൾ, ശാസ്ത്ര പ്രസ്ഥാനങ്ങൾ, ലൈബ്രറികൾ, പബ്ലിക് തീയേറ്റർ തുടങ്ങിയ പൊതുജനാഭിമുഖ്യമുള്ള ഒരു പൊതുനയത്തിലൂന്നിയാണ് കേരളത്തിന് തനതായ വികസനമാതൃക വികസിപ്പിച്ചെടുത്തത്. ഇന്ന് ഈ വികസന മാതൃകയുടെ സുസ്ഥിരതയ്ക്ക് ചില വെല്ലുവിളികൾ നേരിടുന്നുവെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളവികസന മാതൃകയെ പുകഴ്ത്താതിരിക്കാൻ സാധ്യമല്ല. അമർത്യാസെന്നിനെ പോലുള്ള വിഖ്യാത വികസന സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ‘ക്ഷേമരാഷ്ട’മെന്ന ആശയത്തെ വിശദീകരിക്കാൻ ഉദാഹരിക്കുന്നത് കേരളത്തിന്റെ വികസന മാതൃകയെയാണ്. കേരളത്തിലെ ഉയർന്ന സാക്ഷരതാനിരക്ക്, വിദ്യാഭ്യാസ നിലവാരം, വ്യക്തിശുചിത്വം എന്നിവയിൽ മുന്നിലുള്ള കേരളജനത, സർക്കാറിന്റെയും ആരോഗ്യപ്രവർത്തകരുടെയും കർശനമായ നിർദ്ദേശങ്ങൾ പിന്തുടർന്നാൽ കൊറോണ വൈറസ് ഉയർത്തുന്ന മഹാമാരിയെ കേരളത്തിന്റെ മണ്ണിൽ നിന്നും എന്നന്നേക്കുമായി പുറന്തള്ളാനും ഇന്ത്യയിൽ തന്നെ തനതായ ഒരു സുസ്ഥിര വികസനമാതൃക പിന്തുടരാൻ കേരളത്തെ പ്രാപ്തമാക്കാനും സാധിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് നമുക്കുള്ളത്. (ലേഖകൻ കണ്ണൂർ കൃഷ്ണമേനോൻ ഗവൺമെനന്റ് വനിതാ കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകനാണ്)

You may also like this video