8 November 2025, Saturday

ഹിമവാന്റെ മടിത്തട്ടില്‍ ഒരു ചലച്ചിത്ര മേള

കെ ദിലീപ്
നമുക്ക് ചുറ്റും
November 4, 2025 4:15 am

ഞ്ഞുമൂടിയ ഹിമവാന്റെ കൊടുമുടികള്‍ക്ക് തൊട്ടുതാഴെ, സ്വന്തം നാടുവിട്ട്, ടിബറ്റന്‍ സംസ്‌കൃതിയുടെ ഷാന്‍ഗ്രിലകള്‍ വിട്ടൊഴിഞ്ഞ് തങ്ങളുടെ ആത്മീയാചാര്യനായ ദലൈലാമയെ പിന്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയ ഒരു കൊച്ചുസമൂഹം. അവരുടെ ജീവിതം കെട്ടിപ്പടുക്കുന്ന ധര്‍മ്മശാല എന്ന കൊച്ചുപട്ടണം. കഴിഞ്ഞ 14 വര്‍ഷമായി അവിടെ ഒരു അന്താരാഷ്ട ചലച്ചിത്ര മേള നടക്കുന്നു എന്നറിഞ്ഞപ്പോള്‍ ഒട്ടൊരു കൗതുകം തോന്നി. വെറും നാലുദിവസത്തെ മേള. അപ്പര്‍ ധര്‍മ്മശാലയിലെ ടിബറ്റന്‍ കുട്ടികളുടെ ഗ്രാമത്തില്‍ താല്‍ക്കാലികമായി ഒരുക്കിയ നാല് വേദികളിലാണ് മേള. ആയിരത്തഞ്ഞൂറോളം പേര്‍ക്ക് മാത്രം ഇരിപ്പിടങ്ങള്‍. നാല് ദിവസങ്ങളായി കുറച്ചുസിനിമകള്‍. ഗോവയിലും തിരുവനന്തപുരത്തുമെല്ലാമുള്ള മഹാമേളകളിലെ പ്രധാന കാര്‍മ്മികരായ മലയാളികള്‍ക്ക് ഈ ചലച്ചിത്ര മേളയുടെ കയ്യൊതുക്കം കൗതുകമുണര്‍ത്തും. മലയാളിയുടെ അങ്ങനെയൊരു ജിജ്ഞാസയോടെയാണ് ധര്‍മ്മശാല അന്താരാഷ്ട ചലച്ചിത്ര മേള(ഡിഐഫ്എഫ്)യിലേക്ക് പുറപ്പെട്ടത്. മക്‌ലോര്‍ഡ് ഗഞ്ച് എന്ന കാഠ്മണ്ഡുവിലെ ഇടുങ്ങിയ പൈതൃകത്തെരുവുകളെ അനുസ്മരിപ്പിക്കുന്ന കൊച്ചു പട്ടണത്തില്‍ നിന്നും ഒരു നാല് കിലോമീറ്റര്‍ വീണ്ടും കുത്തനെ മുകളിലേക്കുകയറിയാല്‍ ടിബറ്റന്‍ കുട്ടികളുടെ ഗ്രാമത്തിലെത്താം. ചൈനയുടെ ടിബറ്റന്‍ അധിനിവേശ കാലത്ത് ദലൈലാമയോടൊപ്പം ഇന്ത്യയില്‍ ടിബറ്റിലെ ബുദ്ധഭിക്ഷുക്കളും വിശ്വാസികളും അഭയം പ്രാപിച്ചു. ടിബറ്റില്‍ ഒററപ്പെട്ടുപോയ കുട്ടികളില്‍ പലരും ഒറ്റയ്ക്ക് ഹിമാലയ പര്‍വതത്തിലെ ചെങ്കുത്തായ പാതകള്‍ താണ്ടി, അവര്‍ കേട്ടുമാത്രം അറിഞ്ഞ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ലോകജനതയ്ക്കു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച അന്നത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ അവസരത്തിനൊത്തുയര്‍ന്നു. അനാഥരായ ടിബറ്റിന്റെ മക്കള്‍ക്കായി ഒരു ഗ്രാമമുയര്‍ന്നു, ടിബറ്റന്‍ ചില്‍ഡ്രന്‍സ് വില്ലേജ്. ഇന്ന് അത് വിശാലമായ ഒരു കാമ്പസാണ്. പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങള്‍, പ്രകൃതിയോടും ജീവജാലങ്ങളോടും ജീവിതത്തോടും സംവദിക്കുന്ന ഒരിടം. ഇവിടെയാണ് 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള പിറവിയെടുത്തത്. റിതു സരിന്‍, ടെന്‍സിങ് സോനം എന്നീ ഫെസ്റ്റിവല്‍ സ്ഥാപക ഡയറക്ടര്‍മാരുടെ വാക്കുകളില്‍, ഈ മേള ‘ഞങ്ങളുടെ സമൂഹത്തില്‍ സ്വതന്ത്രവും സാമൂഹ്യപ്രതിബദ്ധത പ്രതിഫലിക്കുന്നതുമായ സമാന്തര സിനിമക്ക് ഒരിടം കണ്ടെത്തുക, ഏറ്റവും അടുത്ത ചര്‍ച്ചകള്‍ക്കും, സംഭാഷണങ്ങള്‍ക്കും വേദിയൊരുക്കുക എന്നീ ലക്ഷ്യങ്ങളാണ് സഫലീകരിക്കുന്നത്’. ‘ഇന്നത്തെ ലോക സാഹചര്യങ്ങളില്‍ യുദ്ധങ്ങള്‍ നമുക്ക് ചുറ്റും വിവരിക്കാനാവാത്ത നാശവും ദുരിതങ്ങളും വിതറുമ്പോള്‍, രാഷ്ട്രീയാനിശ്ചിതത്വം നമ്മുടെ നാട്ടിലും പിടിമുറുക്കുമ്പോള്‍ സഹിഷ്ണുതയുടെയും കരുണയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചെറുകൂട്ടായ്മകള്‍ക്ക് ഒത്തുചേരാനും പരസ്പരം ആശയങ്ങള്‍ കൈമാറാനും ഉള്ള ഒരിടം എന്നതാണ് ഈ വേദി’ എന്നുകൂടി അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ മേളയിലേക്ക് ഏതാണ്ട് 700 ചിത്രങ്ങളില്‍ നിന്നും ഉചിതമായവ തെരഞ്ഞെടുക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു പ്രക്രിയയായിരുന്നു, പലപ്പോഴും പല ചിത്രങ്ങളും ഉപേക്ഷിക്കുക എന്നത് വേദനാജനകമായിരുന്നുവെന്ന് ക്യൂറേറ്റര്‍മാരില്‍ ഒരാളായിരുന്ന ബീനാ പോള്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്‍വിധികളില്ലാത്ത ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ അര്‍ത്ഥവത്തായ, സ്വതന്ത്ര സിനിമകള്‍ അന്തര്‍ദേശീയ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുക എന്ന സംഘാടകരുടെ 2012 മുതലുള്ള ദൗത്യം ഇന്നും സഫലമായി എന്നു നിസംശയം പറയാം.

ഈ വര്‍ഷം 69 സിനിമകളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ അതിനാല്‍ത്തന്നെ വലിയ ശ്രദ്ധ പുലര്‍ത്തി എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഉദ്ഘാടന ചിത്രം ‘ഹോം ബൗണ്ട്’ എന്ന നീരജ് ഗ്യാവന്റെ ഹിന്ദി ചിത്രമായിരുന്നു. 2025ല്‍ കാനിലും ടൊറന്റോവിലും മെല്‍ബണിലും വാര്‍സോവിലും സുറിച്ചിലും പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം. എന്നാല്‍ അന്നേദിവസം തന്നെ പ്രദര്‍ശിപ്പിക്കപ്പെട്ട ബ്രീഫ് ഹിസ്റ്റ്‌റി ഓഫ് എ ഫാമിലി എന്ന 2024ലെ ജാന്‍ ജെ ലിന്‍ എന്ന ചൈനീസ് സംവിധായകന്റെ സണ്‍ ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍, കാര്‍ലോവാരി, സിഡ്‌നി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് മികവ് പുലര്‍ത്തിയത്. സമകാലിക ചൈനയിലെ ഒരു അണുകുടുംബത്തിലെ സംഭവവികാസങ്ങളിലൂടെ ഇന്നത്തെ ചൈനയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിച്ച ചിത്രം ചൈനയുടെ ഇന്നിനു നേരെ തിരിച്ചുവച്ച ദര്‍പ്പണമായി മാറി. ഒക്ടോബര്‍ 31ന് പ്രദര്‍ശിപ്പിച്ച എ സിനിമാ പ്രെയര്‍ എന്ന ആന്‍ഡ്രിയ താര്‍ക്കോവിസ്‌കിയുടെ — ചലച്ചിത്ര കലയുടെ പ്രപിതാക്കന്‍മാരില്‍ പ്രമുഖനായ താര്‍ക്കോ വിസ്‌കിയുടെ പുത്രന്‍ — ചിത്രം താര്‍ക്കോ വിസ്‌കി എന്ന ചലച്ചിത്രകാരന്റെ, വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഒരു രേഖയായി മാറി. ആന്‍ഡ്രിയോ തന്നെ ഈ ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കിട്ടത് ഒരിക്കലും മറക്കാത്ത അനുഭവമായി മാറി. ചലച്ചിത്രോത്സവത്തിലെ മറ്റൊരു മറക്കാനാവാത്ത ചിത്രം കാര്‍ല സിമ സംവിധാനം ചെയ്ത റൊമേറിയ ആണ്. കാനിലും, സിഡ്‌നിയിലും, സരജാ വോയിലും പ്രദര്‍ശിപ്പിക്കപ്പെട്ട ഇ‌ൗ സ്പാനിഷ് ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരുന്നു. 80 കളിലെ യൂറോപ്പിലെ അരാജക യൗവനങ്ങളുടെ ദുരന്തകഥ പറയുന്ന ചിത്രം ഇന്നത്തെ യൂറോപ്പിലെ യുവതയുടെ ദുരന്തം വിളിച്ചോതുന്നു. ചെന്നായ്ക്കള്‍ എപ്പോഴും രാത്രിയില്‍ വരുന്നു (The wolves always come at night) എന്ന ഗബ്രിയേല ബാര്‍ഡി എന്ന വനിതയുടെ മംഗോളിയന്‍ ചിത്രം ഡോക്യുഫിക്ഷന്റെ നേര്‍ത്ത അതിര്‍വരമ്പുകള്‍ അതിലംഘിച്ച് പ്രേക്ഷകന്റെ മനസില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നു. മംഗോളിയയിലെ മരുഭൂമികളില്‍ ആട്ടിന്‍ പറ്റങ്ങളെയും കുതിരകളെയും പോറ്റി ജീവിക്കുന്ന നാടോടികളുടെ ജീവിതം പരിസ്ഥിതി വ്യതിയാനം കൊണ്ട് എങ്ങിനെ മാറിമറിയുന്നു എന്ന് പറയുന്ന ചിത്രം ടൊറന്റോയിലും ലണ്ടന്‍ ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ടു.
വേദികളും പ്രേക്ഷകരും കുറഞ്ഞതെങ്കിലും ഹിമാലയ സാനുക്കളിലെ ടിബറ്റന്‍ കുട്ടികളുടെ ഈ കൊച്ചുഗ്രാമത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള, മികവില്‍ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര മേളകളേക്കാള്‍ ഒരുപാട് മുന്നിലാണ്.

Kerala State - Students Savings Scheme

TOP NEWS

November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.