Tuesday
26 Mar 2019

ചരിത്രം വളച്ചൊടിക്കരുത്

By: Web Desk | Tuesday 13 March 2018 9:56 PM IST

അംഗീകൃതവും അടിസ്ഥാനപരവുമായ ചരിത്രവസ്തുതകളെ തമസ്‌കരിച്ചുകൊണ്ട് വ്യക്തമായ ലക്ഷ്യങ്ങളോടെ ചരിത്രത്തിന്റെ പുനര്‍നിര്‍മിതിക്കുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ജനാധിപത്യവും മതേതരത്വവും ജീവവായുവായി കാണുന്ന ഒരു സമൂഹത്തിന് അതൊക്കെ നഷ്ടപ്പെടുന്ന സാഹചര്യം അത്രയകെലയല്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിദ്ധാന്തങ്ങള്‍ നിര്‍മ്മിച്ചശേഷം അതിനുള്ള തെളിവുകള്‍ കണ്ടെത്തുന്ന സൂത്രവിദ്യ ജനങ്ങള്‍ തിരിച്ചറിയണം. 

പാഠപുസ്തകങ്ങള്‍ സത്യമായ അറിവ് പകര്‍ന്നുകൊടുക്കുന്നതാകണം. വരുംതലമുറയുടെ ബോധമണ്ഡലത്തിലേയ്ക്ക് കടത്തിവിടുന്ന വിജ്ഞാനം അബദ്ധജടിലവും അടിസ്ഥാനമില്ലാത്തതുമാണെങ്കില്‍ അതുളവാക്കുന്ന അപകടം ഗുരുതരമായിരിക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികളുടേത് മുതലുള്ള പാഠ്യപദ്ധതികളിലും പാഠപുസ്തകങ്ങളിലും സമൂഹം ഏറെ ശ്രദ്ധപുലര്‍ത്തുന്നു. വിദ്യാഭ്യാസ വിചക്ഷണന്മാര്‍ അക്കാര്യത്തില്‍ നിഷ്‌കര്‍ഷ പാലിക്കാറുണ്ടായിരുന്നു.

എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ സാധാരണ നിയമം, അല്ലെങ്കില്‍ കീഴ്‌വഴക്കം, ലംഘിക്കപ്പെടുന്ന ഉദാഹരണങ്ങള്‍ അടുത്തകാലത്തായി ഏറെ ഉണ്ടാവുന്നു. എന്നാല്‍ അത് അക്ഷന്തവ്യമായ അപരാധമാണ്. ചരിത്രത്തെയും ശാസ്ത്രത്തെയും അട്ടിമറിക്കാന്‍ നടക്കുന്ന ഈ ശ്രമങ്ങള്‍ വലിയ ഉത്കണ്ഠയോടെയാണ് കാണേണ്ടത്. ഐതിഹ്യങ്ങളെയും പുരാണങ്ങളെയും ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കാന്‍ യാതൊരു മറയുമില്ലാത്ത ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
അബദ്ധതത്വങ്ങള്‍ മാറ്റിയെഴുതപ്പെടണം. ചരിത്രം വളച്ചൊടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തിരുത്തുകതന്നെ വേണം. പക്ഷേ, അത് വസ്തുതകളില്‍ അധിഷ്ഠിതമായി വേണം നടത്താന്‍. സ്വന്തം ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പ്രചാരണത്തിനും അടിച്ചേല്‍പ്പിക്കലിനുമായി പൊളിച്ചെഴുത്തുകള്‍ നടത്തിയാല്‍ അത് പരിഹാസ്യമാകുമെന്ന് മാത്രമല്ല സമൂഹത്തെ അസ്വസ്ഥമാക്കുകയും ജനങ്ങളെ ചിതറിക്കുകയും ചെയ്യും. ആര്‍എസ്എസ് ആഗ്രഹിക്കുന്ന രീതിയില്‍ ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രത്യേക സമിതിയെ നിയോഗിച്ചതായുള്ള റിപ്പോര്‍ട്ട് വലിയ ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പന്ത്രണ്ടായിരം വര്‍ഷത്തെ ഇന്ത്യാചരിത്രം പുരാണഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ തിരുത്തി സ്‌കൂള്‍ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും എഴുതിച്ചേര്‍ക്കുന്നതിനാണീ സമിതി രൂപവല്‍ക്കരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സമിതിയെ നിയോഗിച്ചത് ചരിത്രം തിരുത്തിയെഴുതാനല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ പറയുന്നു. എന്നാല്‍ ചരിത്രത്തിലെ ചില ഏടുകള്‍ മാറ്റിയെഴുതുകയാണ് തങ്ങളെ ഭരണമേല്‍പ്പിച്ചിരിക്കുന്ന ദൗത്യമെന്ന് നിര്‍ദ്ദിഷ്ട സമിതിയുടെ ചെയര്‍മാന്‍ കെ എന്‍ ദീക്ഷിത് വെളിപ്പെടുത്തി.
രാജ്യത്തെ ആദിമ മനുഷ്യര്‍ ഹിന്ദുക്കളായിരുന്നുവെന്നും ഹിന്ദു പുരാണങ്ങള്‍ മിത്തുകളല്ല സത്യമാണെന്നും സ്ഥാപിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് റോയിട്ടേഴ്‌സ് വിലയിരുത്തുന്നുണ്ട്. അതിനായി പുരാവസ്തുക്കളുടെ അടിസ്ഥാനത്തിലുള്ളതെന്നും ഡിഎന്‍എ അധിഷ്ഠിതവുമെന്നും പറഞ്ഞുകൊണ്ടുള്ള ‘തെളിവുകള്‍’ നിരത്തുമത്രേ. ഇക്കാര്യത്തില്‍ സംഘപരിവാര്‍ സംഘടനകളും അവയുടെ താത്വികാചാര്യന്മാരും ഏറെ മുമ്പുതന്നെ ശ്രമം ആരംഭിച്ചിരുന്നു. പുരാണകഥകളെ ചരിത്രസംഭവങ്ങളാക്കി അവതരിപ്പിക്കുന്നതിനും അവയ്ക്ക് ശാസ്ത്രീയാടിത്തറയുണ്ടെന്ന് സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ആര്‍എസ്എസ് തുടങ്ങിയിട്ട് കാലമേെറയായി.

ഇ ചന്ദ്രശേഖരന്‍ നായര്‍ എഴുതുന്നു: ഹിന്ദുമതം പുരാതനവും സനാതനവുമാണെന്നവകാശപ്പെടുമ്പോള്‍തന്നെ ഹിന്ദു എന്ന പദത്തിന് അത്ര പുരാതനത്വം അവകാശപ്പെടാന്‍ സാധിക്കുകയില്ല. പുരാതന ഭാരതത്തില്‍ ഹിന്ദുമതം എന്ന ഒരു മതമില്ല, വേദങ്ങളിലോ ഉപനിഷത്തുകളിലോ ഇതിഹാസങ്ങളിലോ പുരാണങ്ങളിലോ ഹിന്ദു എന്ന പദം കാണാന്‍ സാധിക്കുകയില്ല. വിദേശികള്‍ ഭാരതത്തിലേയ്ക്ക് വന്നുതുടങ്ങിയപ്പോള്‍ അവരുടെ മതങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും വിഭിന്നമായി ഇവിടെ ആചരിച്ചുവന്ന വ്യത്യസ്ത ദര്‍ശനങ്ങളെ ഉള്‍പ്പെടുത്തിയാണ് ഹിന്ദുമതം എന്ന് പറഞ്ഞത്. വിദേശികളുടെ ആഗമനകാലത്ത് ഭാരതത്തില്‍ ജീവിച്ചവരെ ഹിന്ദുക്കള്‍ എന്ന് വിളിച്ചുതുടങ്ങി. ലോകത്ത് പ്രചാരമുള്ള മറ്റ് മതങ്ങളില്‍ നിന്നും മൗലികമായി വ്യത്യസ്തമാണ് ഹിന്ദുമതം. പ്രമുഖ മതങ്ങളെല്ലാം ഒരു പ്രവാചകന്റെ അല്ലെങ്കില്‍ ഒരു ദാര്‍ശനികന്റെ വെളിപാടുകള്‍ അനുസരിച്ചാണ് ഉണ്ടായിട്ടുള്ളത്. അവരുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനാണ് ഓരോ മതങ്ങള്‍ ഉണ്ടായത്. ആ വെളിപാടുകള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. (ഹിന്ദുമതം, ഹിന്ദുത്വം).
പാര്‍ലമെന്റിലെ രണ്ട് സീറ്റില്‍ നിന്ന് കേവലഭൂരിപക്ഷത്തിലേയ്ക്കുള്ള ബിജെപിയുടെ പ്രയാണത്തിനിടയില്‍ ആര്‍എസ്എസിന്റെ വിഷലിപ്തമായ പ്രചാരണങ്ങളും സജീവമായി നടക്കുന്നുണ്ടായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ മാനവശേഷി വികസനമന്ത്രിയായിരുന്ന മുരളീ മനോഹര്‍ജോഷിയുടെ കാലത്ത് തുടങ്ങിവച്ച കാര്യങ്ങല്‍ ഇപ്പോള്‍ പൂര്‍വാധികം ശക്തിപ്രാപിച്ചിരിക്കുന്നു. വളരെ അപകടകരമാണ് ഈ നീക്കം.

അടുത്ത തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനുള്ള തന്ത്രങ്ങള്‍ക്ക് ബിജെപിയും അവര്‍ക്ക് പിന്തുണ നല്‍കുന്ന ശക്തികളും കരുക്കള്‍ നീക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം അവര്‍ക്ക് കൂടുതല്‍ പ്രതീക്ഷ സമ്മാനിച്ചിരിക്കുന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തെക്കുറിച്ചും പുതിയ ചില ധാരണകള്‍ പരത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ഗുജറാത്തിലെ സ്‌കൂള്‍ സിലബസില്‍ ഒമ്പതാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തില്‍ യേശുവിനെ ദുര്‍ദേവനായി ചിത്രീകരിച്ചിരുന്നു. ഈ തെറ്റ് ഗുജറാത്തിലെ ക്രൈസ്തവ നേതാക്കള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഉത്തരവാദപ്പെട്ടവര്‍ അത് മാറ്റാന്‍ തയ്യാറായിട്ടില്ല. പ്രകോപനപരമായ പരാമര്‍ശം വിവാദം സൃഷ്ടിച്ചപ്പോള്‍ അച്ചടിപ്പിശകാണെന്ന വിശദീകരണമാണ് ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്റെ എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപസ്തുകത്തില്‍ നിന്ന് നെഹ്‌റുവിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയതും വിവാദവിഷയമായി. രാജസ്ഥാനില്‍ത്തന്നെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍, പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന വിവാദസ്വാമി ആശാറാം ബാപ്പുവിനെ സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസനുമൊപ്പം മഹാന്മാരായ സന്യാസിമാരുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.

ക്രിസ്തുമതത്തേയോ ഇസ്‌ലാം മതത്തെയോ ബുദ്ധമതത്തെയോ പോലെ ഹിന്ദുമതം ഒരു പ്രവാചകനെ ചൂണ്ടിക്കാണിക്കുന്നില്ല. നിരവധി ദാര്‍ശനികരുടെയും ആചാര്യന്മാരുടെയും ഋഷികളുടെയും ഉപദേശങ്ങളും ദര്‍ശനങ്ങളും ഒന്നുചേര്‍ന്നതാണ് ഹിന്ദുമതം. ആരെയും അന്ധമായി വിശ്വസിക്കുവാന്‍ ഹിന്ദുമതം ഉപദേശിക്കുന്നില്ല. യുക്തിവാദത്തിനും ഹിന്ദുമതത്തില്‍ സ്ഥാനമുണ്ട്. ഹിന്ദു മൗലികവാദികള്‍ ഇപ്പോള്‍ പറയുന്നതുപോലെ ഹിന്ദുമതം അന്ധമായി വിശ്വസിക്കുന്നവരുടെ സംഘമല്ല. വൈരുദ്ധ്യമുള്ള തത്വചിന്തകളുടെയും ആചാരനുഷ്ഠാനങ്ങളുടെയും സമുച്ചയമായി പ്രത്യക്ഷത്തില്‍ തോന്നാവുന്ന ഹിന്ദുമതം യഥാര്‍ത്ഥത്തില്‍ സത്യാന്വേഷണത്തിന്റെ മതമാണ്. മറ്റ് മതങ്ങള്‍ ആത്യന്തിക സത്യം എന്നുറപ്പിച്ച് പറയുന്നതുപോലെ ഹിന്ദുമതം പറയുന്നില്ല. ആത്യന്തിക സത്യത്തിലേയ്ക്കുള്ള മാര്‍ഗങ്ങളാണ് ഹിന്ദുമതം നിര്‍ദേശിക്കുന്നത്.

അധികാരം കൈയാളുന്നവരുടെയോ ഭൂരിപക്ഷത്തിന്റെയോ ആശയങ്ങളും ആദര്‍ശങ്ങളും എല്ലാവരും പിന്തുടരണമെന്ന ശാഠ്യം ജനാധിപത്യത്തെ ബഹുമാനിക്കുന്ന ഭരണകൂടം ഉപേക്ഷിക്കണം. ചരിത്രത്തോടും ശാസ്ത്രത്തോടും വിശ്വസ്തതയും പ്രതിബദ്ധതയും പുലര്‍ത്തുന്ന തലമുറയെ വാര്‍ത്തെടുത്താലേ സമൂഹം പുരോഗമനോന്മുഖമാകൂ; വെളിച്ചത്തിലേയ്ക്ക് കടക്കൂ.