22 July 2024, Monday
KSFE Galaxy Chits Banner 2

വിദ്യാഭ്യാസ വർഗീയവല്‍ക്കരണവും ചരിത്രത്തെ വക്രീകരിക്കലും

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
June 21, 2024 4:30 am

‘ദീപങ്ങൾ മങ്ങി –കൂരിരുൾ തിങ്ങി
മന്ദിരമൊന്നതാ കാൺമൂ മുന്നിൽ
നീറും നോവിൽ നീന്തിനീന്തി
നിർന്നിദ്രം നിൽപ്പതെന്തേ…
നിർന്നിദ്രം നില്‍പ്പതെന്തേ…’
കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലെ ഗാനശകലമാണിത്. ഇന്ത്യൻ വിദ്യാഭ്യാസ മണ്ഡലത്തിൽ വിദ്യാദീപങ്ങൾ മങ്ങിയണയുകയാണ്. കൂരിരുൾ തിങ്ങിനിറയുകയാണ്. ചരിത്രം നീറും നോവിൽ നീന്തിനീന്തി നിർന്നിദ്രം നിലയുറപ്പിക്കുകയാണ്. എൻസിആർടിയുടെ പാഠപുസ്തക പരിഷ്കരണ സമിതി വിദ്യാഭ്യാസ മണ്ഡലത്തെ കാവിവല്‍ക്കരണത്തിനും വർഗീയ ഫാസിസവൽക്കരണത്തിനും വിധേയമാക്കുന്നതിനൊപ്പം ചരിത്ര യാഥാർത്ഥ്യങ്ങളെ വക്രീകരിക്കുന്നതിലും അനവരതം ഏർപ്പെട്ടുകൊണ്ടേയിരിക്കുന്നു. രണ്ടാം മോഡി സർക്കാരും കേവല ഭൂരിപക്ഷമില്ലാത്ത മൂന്നാം മോഡി സർക്കാരും അത് തുടരുന്നതിന്റെ അനുഭവസാക്ഷ്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്. 

ചെറുപ്പത്തിലേ പിടികൂടുക എന്നത് ഫാസിസ്റ്റ് യജമാനനായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ മുദ്രാവാക്യമായിരുന്നു. മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ബാല‑വിദ്യാർത്ഥി സമൂഹങ്ങളെ മതവർഗീയ മേധാവിത്തത്തിന്റെയും ഫാസിസ്റ്റ്‌വല്‍ക്കരണത്തിന്റെയും അധമപാതകളിലൂടെ ആനയിക്കുക എന്നത് ഹിറ്റ്ലറെ മാതൃകയാക്കണമെന്ന് പറഞ്ഞ രണ്ടാമത്തെ ആർഎസ്എസ് സർ സംഘ്ചാലകായ മാധവ് സദാശിവ് ഗോൾവാള്‍ക്കറുടെ അജണ്ടയാണ്. മനുസ്മൃതിയായിരിക്കണം രാജ്യത്തിന്റെ ഭരണഘടന എന്നു പറഞ്ഞ ഗോൾവാള്‍ക്കർ ഇന്ത്യ ഹിന്ദുവിന്റെ മാത്രം രാഷ്ട്രമാണെന്നും രക്തവിശുദ്ധി മാഹാത്മ്യത്തെക്കുറിച്ച് പഠിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.
എ ബി വാജ്പേയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയും മുരളി മനോഹർ ജോഷി മാനവ വിഭവശേഷി മന്ത്രിയുമായിരുന്നപ്പോൾ പാഠ്യപദ്ധതികളെ കാവിവൽക്കരണത്തിനും വർഗീയവൽക്കരണത്തിനും വേണ്ടി പൊളിച്ചെഴുതാൻ തുടങ്ങി. ജ്യോതിഷം സർവകലാശാലകളിൽ ഐച്ഛിക വിഷയമാകണമെന്ന് കല്പിച്ചു. ജ്യോതിശാസ്ത്രവും ജ്യോതിഷവും തമ്മിൽ അജഗജാന്തരമുണ്ടെന്നതുപോലും അവർ തമസ്കരിച്ചു. ഹിന്ദുത്വ അജണ്ട സ്കൂൾ‑സർവകലാശാലാ വിദ്യാഭ്യാസ മണ്ഡലത്തിൽ അവരോധിക്കുവാൻ അത്യധ്വാനം ചെയ്തു. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായപ്പോൾ തന്റെ ജീവചരിത്രം ഗുജറാത്തിലെ സ്കൂൾ പാഠപുസ്തകമാക്കി. ഇന്ത്യയിലെ സർവകലാശാലകളിൽ ബിപിൻ ചന്ദ്രയും റൊമീലാ ഥാപ്പറും യശ്പാലുമടക്കമുള്ള യശോധാവള്യമുള്ളവരുടെ ചരിത്രഗ്രന്ഥങ്ങൾ പിൻവലിച്ചു. പകരം ആർഎസ്എസ് കുടീരത്തിലെ ഭക്തൻമാരുടെയും ദാസൻമാരുടെയും ഹിന്ദുത്വ പ്രീണന ഗ്രന്ഥങ്ങളും മതവൈരവും പാഠാവലിയിൽ ഉൾപ്പെടുത്തി. ഏറ്റവുമൊടുവിൽ ബാബറി മസ്ജിദിന്റെ ചരിത്രവും മസ്ജിദ് തകർച്ചയുടെ സങ്കുചിത വിപല്‍ക്കരരാഷ്ട്രീയവും എൻസിആർടി പാഠപുസ്തകങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടു.
സഖാവ് എൻ ഇ ബാലറാം ‘അയോധ്യ ഉയർത്തുന്ന സങ്കീർണ സമസ്യകൾ’ എന്ന ദീർഘ ലേഖനത്തിൽ ഈ വിധം കുറിക്കുന്നു ‑ഡിസംബർ ആറ് ഞായറാഴ്ച ആധുനിക ഭാരത ചരിത്രത്തിലെ ഏറ്റവും ശപ്തമായ ദിനമാണ്. അയോധ്യയിൽ ചിരകാലമായി ഉണ്ടായ ഒരു ആരാധനാലയം, പള്ളിയാവട്ടെ, അമ്പലമാവട്ടെ അന്നേദിവസം ഹിന്ദുക്കൾ എന്നറിയപ്പെടുന്ന ഒരു വിഭാഗം കാടൻമാർ സംഘടിതമായി തകർത്തുകളഞ്ഞു. അഞ്ചു മണിക്കൂർ അവിടെ നടന്ന പൈശാചിക താണ്ഡവം ഭാരതത്തിന്റെ മനഃസാക്ഷിയെ ഞെട്ടിപ്പിച്ചുകളഞ്ഞു. മതമൈത്രിയിൽ വിശ്വസിക്കുന്ന ബഹുഭുരിഭാഗം ഇന്ത്യക്കാരുടെ ഹൃദയത്തിൽ ആ കിരാതത്വം ഉണ്ടാക്കിയ മുറിവ് എന്നു കരിയുമെന്ന് പറയാൻ വയ്യ’. ഉണങ്ങാത്ത മുറിവ് ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് സമ്മാനിച്ച കിരാത സംഭവത്തെയാണ് പുത്തൻ തലമുറയിലെ പാഠപുസ്തകങ്ങളിൽ നിന്നും ജനതയുടെ ചരിത്രപാഠങ്ങളിൽ നിന്നും നിഷ്കാസനം ചെയ്യുന്നത്. 

രാമന്റെയും അയോധ്യയുടെയും പേരിൽ വംശവിദ്വേഷം വളർത്തിയാണ് 1984ലെ രണ്ടു സീറ്റിൽ നിന്ന് ബിജെപി വളർന്നത്. ബാബറി മസ്ജിദ് തകർത്ത് അധികാരപ്പടവുകൾ കയറിയവർ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന് പറഞ്ഞ് മത്സരിച്ചപ്പോൾ നിലം പൊത്തി. ഇപ്പോൾ രാമജന്മഭൂമിയിൽ നരേന്ദ്ര മോഡി കാർമ്മികനായി പ്രാണപ്രതിഷ്ഠ നടത്തിയതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിൽ സംഘ്പരിവാര്‍ ദയനീയമായി പരാജയപ്പെട്ടു. രാമന്റെ മണ്ണിലെ മക്കൾ ബിജെപിക്കൊപ്പമില്ലെന്ന് തെളിഞ്ഞു. കാശി വിശ്വനാഥന്റെ മണ്ണായ വാരാണസിയിൽ നരേന്ദ്ര മോഡിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞെന്നു മാത്രമല്ല അയൽപക്കമണ്ഡലങ്ങളിലാകെ ദയനീയമായി തോൽക്കുകയും ചെയ്തു.
ചരിത്രത്തിൽ മാത്രമല്ല ശാസ്ത്രത്തിലും വർഗീയവിഷം കലർത്തുകയാണ് സംഘ പരിവാരം. ആദ്യത്തെ വിമാനം സൃഷ്ടിച്ചത് റൈറ്റ് സഹോദരൻമാരല്ലെന്നും ആദ്യ വിമാനം പുഷ്പക വിമാനമാണെന്നും ആദ്യ പ്ലാസ്റ്റിക് സർജറി ഗണപതിയുടേതാണെന്നും ആഗോള ശാസ്ത്ര പ്രതിഭകളുടെ സമ്മേളനത്തിൽ പ്രസംഗിച്ചത് നരേന്ദ്ര മോഡിയാണ്. ചരിത്രത്തെ വക്രീകരിക്കുന്നതിന്റെ ഭാഗമായി മുഗള ചക്രവർത്തിമാരുടെ യുഗങ്ങളെ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് നിഷ്കാസനം ചെയ്തു. അതേ നരേന്ദ്ര മോഡി ഭരണത്തിലെ വിദ്യാഭ്യാസ കുംഭകോണത്തിന്റെ കറുത്ത ചിത്രമാണ് നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും, യുജിസി നെറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്ന അഴിമതിയുമായി വാര്‍ത്തകളില്‍ നിറയുന്നത്.
എൻ ഇ ബാലറാം എഴുതുന്നു; ‘ഹിന്ദു രാഷ്ട്രം എന്ന അഡ്വാനിയുടെ മുദ്രാവാക്യത്തിന്റെ അർത്ഥം ചാതുർവർണ്യാധിഷ്ഠിതവും ശൂദ്രവിരോധാസ്പദവും ആയ മധ്യകാല ഇന്ത്യയിലെ പുരോഹിതഭരണം എന്നാണ്. ശങ്കരാചാര്യരും മറ്റാചാര്യൻമാരും പുരോഹിതാധികാരത്തിനാണ് ശ്രമിച്ചതെന്ന് വിവേകാനന്ദൻ നമ്മെ താക്കീത് ചെയ്തത് എത്ര അർത്ഥവത്താണ്. ദേശീയ വിമോചന സമരത്തിന്റെ പാരമ്പര്യമോ, ദേശീയ ഐക്യത്തിനു വേണ്ടിയുള്ള ത്യാഗാവബോധമോ ഇല്ലാത്ത ഒരു പാർട്ടിയാണ് ഭാരതീയ ജനതാപാർട്ടി.’ അത്തരമൊരു പാർട്ടി വിദ്യാഭ്യാസത്തെയും ചരിത്രത്തെയും കൈപ്പിടിയിലൊതുക്കി വർഗീയ ഫാസിസവൽക്കരിക്കുകയും വക്രീകരിക്കുകയും ചെയ്യുമ്പോൾ മതനിരപേക്ഷ മനസുകൾ കൂടുതൽ ജാഗ്രത പുലർത്തണം.
‘തകർന്നു മഹിയിൽ നിൻ വീണ,
വരില്ലതോഴീ പൂക്കാലം
വസന്തം നിൻ മലർക്കാവിൽ
വരില്ലതോഴീ പൂക്കാലം’
എന്ന് ഭാവി ഇന്ത്യയിൽ പാടാനിടവരാതിരിക്കട്ടെ. ജനാധിപത്യ പൂക്കാലവും മതനിരപേക്ഷ വസന്തഭേരിയും വരട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.