6 December 2024, Friday
KSFE Galaxy Chits Banner 2

യുദ്ധങ്ങള്‍ തകർക്കുന്ന പരിസ്ഥിതി

ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ
November 13, 2024 4:01 am

യുദ്ധവും സായുധ സംഘട്ടനങ്ങളും മൂലം പരിസ്ഥിതിക്കുണ്ടാകുന്ന പരിക്കും, പരിസ്ഥിതി ചൂഷണങ്ങളും തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനമാണ് (ഇന്റർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷന്‍) ഇന്ന്. നിർഭാഗ്യകരമെന്ന് പറയട്ടെ ലോകം മുഴുവൻ യുദ്ധത്തിലും യുദ്ധഭീഷണിയിലുമാണ്. യുദ്ധം മുഖേന മരിച്ചവരുടെയും തകർക്കപ്പെട്ട കെട്ടിടങ്ങളുടെയും ഓരോരുത്തർക്കുമുണ്ടായ സാമ്പത്തിക‑ആയുധ നഷ്ടങ്ങളുടെയും കണക്കെടുക്കാറുണ്ട്. പക്ഷെ ഭൂമിക്കും പരിസ്ഥിതിക്കും യുദ്ധമുണ്ടാക്കുന്ന വമ്പിച്ച ആഘാതങ്ങളെക്കുറിച്ചും ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചും വേണ്ടത്ര ബോധവാന്മാരാകാറുണ്ടോ? അതുമായി ബന്ധപ്പെട്ട ചർച്ചകള്‍ കാര്യക്ഷമമായി നടക്കുന്നത് നാം കേൾക്കാറുണ്ടോ? “നമുക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ, പാരിസ്ഥിതിക തകർച്ചയും കാലാവസ്ഥാ വ്യതിയാനവും ലഘൂകരിക്കുന്നതിനും സംഘർഷത്തിന് കാരണമാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനും യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും കെടുതികളിൽ നിന്ന് നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതിന് ധീരമായും അടിയന്തരമായും പ്രവർത്തിക്കേണ്ടതുണ്ട്” എന്ന യുഎന്‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതിൽ നിന്നുതന്നെ മനുഷ്യ സമൂഹത്തിന്റെ വളർച്ചയും പുരോഗതിയും തടസപ്പെടുത്തുന്നതിൽ സംഘർഷങ്ങളും യുദ്ധങ്ങളുമൊക്കെ എന്തുമാത്രം പങ്കുവഹിക്കുന്നുവെന്ന് വ്യക്തമാണല്ലോ. ഭൂമിയും ആകാശവും പരിസ്ഥിതിയുമൊക്കെ യുദ്ധക്കെടുതികളാൽ വീർപ്പുമുട്ടുന്ന കാലത്തും ലോകത്തുമാണല്ലോ നാം വസിക്കുന്നത്.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും സൈനികരുടെയും സാധാരണക്കാരുടെയും, നശിപ്പിച്ച നഗരങ്ങളുടെയും ഉപജീവനമാർഗങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യരാശി എല്ലായ്പ്പോഴും യുദ്ധത്തിന്റെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടെങ്കിലും, പരിസ്ഥിതി യുദ്ധത്തിന്റെ പരസ്യമാക്കപ്പെടാത്ത ഇരയായി തുടരുന്നു. ഒരോ യുദ്ധങ്ങളിലും എത്രമാത്രം ജലസ്രോതസുകളായിരിക്കാം മലിനമാക്കപ്പെടുന്നത്? എന്തുമാത്രം വിളകളും കൃഷി സ്ഥലങ്ങളുമായിരിക്കാം കത്തിച്ചാമ്പലാവുന്നത്? എത്ര ഹെക്ടർ മരങ്ങളും വനങ്ങളുമായിരിക്കാം നശിപ്പിക്കപ്പെടുന്നത്? പക്ഷികളും മൃഗങ്ങളുമൊക്കെ കൊന്നൊടുക്കപ്പെടുന്നതിന് വല്ല കണക്കുമുണ്ടോ? മണ്ണും വിണ്ണും വിഷം കലർന്ന് ഭാവി തലമുറയ്ക്ക് പോലും ജീവിതം അസാധ്യമാകുന്നത് എന്തുമാത്രം ദുഃഖകരവും ദുരിതപൂർണവുമാണ്!

യുഎൻ പരിസ്ഥിതി പ്രോഗ്രാം (യുഎന്‍ഇപി) കഴിഞ്ഞ 60 വർഷത്തിനിടയിൽ, എല്ലാ ആഭ്യന്തര സംഘട്ടനങ്ങളിലും കുറഞ്ഞത് 40 ശതമാനമെങ്കിലും പ്രകൃതി വിഭവങ്ങളുടെ ചൂഷണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. തടി, വജ്രം, സ്വർണം, പെട്രോൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിഭവങ്ങളും ഫലഭൂയിഷ്ഠമായ ഭൂമിയും വെള്ളവും പോലുള്ള അപൂർവ വിഭവങ്ങളും മറ്റ് പ്രകൃതിവിഭവങ്ങളുമൊക്കെ സംഘർഷങ്ങളിലൂടെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അഫ്ഗാനിസ്ഥാൻ, കൊളംബിയ, ഇറാഖ് തുടങ്ങിയ മേഖലകളിൽ മാത്രം നടന്ന യുദ്ധങ്ങളിലും സംഘട്ടനങ്ങളിലും 1990 മുതൽ വനനശീകരണത്തിൽ 95 ശതമാനം വർധനവുണ്ടായിട്ടുണ്ട് എന്നാണ് ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിരിക്കുന്നത്. എല്ലാ സംഘട്ടനങ്ങളും അനേകം ചത്ത മൃഗങ്ങൾ, മലിനമായ ജലസ്രോതസുകൾ, നശിച്ച വനങ്ങൾ, കത്തിക്കരിഞ്ഞ ശവങ്ങൾ എന്നിവയിൽ കലാശിക്കുന്നു.
പരിസ്ഥിതിക്ക് മേലുള്ള പ്രവർത്തനം സംഘർഷ പ്രതിരോധം, സമാധാന പരിപാലനം, സമാധാനം സ്ഥാപിക്കൽ തന്ത്രങ്ങൾ എന്നിവയുടെ ഭാഗമാണെന്ന് ഉറപ്പാക്കുന്നതിന് ഐക്യരാഷ്ട്രസഭ വലിയ പ്രാധാന്യം നൽകുന്നു. കാരണം ഉപജീവനമാർഗങ്ങളും ആവാസവ്യവസ്ഥകളും നിലനിർത്തുന്ന പ്രകൃതിവിഭവങ്ങൾ നശിപ്പിക്കപ്പെടുകയാണെങ്കിൽ ശാശ്വതമായ സമാധാനം ഉണ്ടാകില്ല. അതിനാൽ 2016 മേയ് 27ന്, യുഎൻ പരിസ്ഥിതി അസംബ്ലി അംഗീകരിച്ച പ്രമേയം സുപ്രധാന മാർഗരേഖയാണ്. ഇത് സായുധ സംഘട്ടനത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിൽ ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെയും സുസ്ഥിരമായി കൈകാര്യം ചെയ്യുന്ന വിഭവങ്ങളുടെയും പങ്ക് അംഗീകരിക്കുകയും പൂർണമായി നടപ്പിലാക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
സംഘർഷാനന്തര സമാധാന നിർമ്മാണത്തെയും പ്രകൃതിവിഭവങ്ങളെയും കുറിച്ചുള്ള ആഗോള ഗവേഷണ പരിപാടി, പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പാഠങ്ങളും നല്ല രീതികളും ശേഖരിക്കുന്നതിനായി ഒരു ആഗോള ഗവേഷണ പരിപാടി എന്നിവയൊക്കെ ഐക്യരാഷ്ട്രസഭയുടെ കർമ്മ പദ്ധതിയിലുണ്ട്. യുദ്ധത്തിലും സായുധ സംഘട്ടനത്തിലും പരിസ്ഥിതി ചൂഷണം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തെക്കുറിച്ച് മുൻ സെക്രട്ടറി ജനറൽ ബാൻ കി-മൂൺ എഴുതി: “സായുധ സംഘട്ടനത്തിന് ഇന്ധനം നൽകുന്നതിൽ നിന്നും ധനസഹായം നൽകുന്നതിൽ നിന്നും അസ്ഥിരമാക്കുന്നതിൽ നിന്നും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ചൂഷണം തടയാൻ, സംഭാഷണവും മധ്യസ്ഥതയും മുതൽ പ്രതിരോധ നയതന്ത്രം വരെയുള്ള എല്ലാ ഉപകരണങ്ങളും നാം ഉപയോഗിക്കണം. അഥവാ സമാധാനത്തിന്റെ ഏറ്റവും ദുർബലമായ അടിത്തറകൾ വരെ നാം പരിഗണിക്കണം”. 

2016 മേയില്‍ യുഎൻ പരിസ്ഥിതി അസംബ്ലി സായുധ സംഘട്ടനത്തിന്റെ സാധ്യത കുറയ്ക്കുന്നതിൽ ആരോഗ്യകരമായ പരിസ്ഥിതി വ്യവസ്ഥകളും സുസ്ഥിര വിഭവങ്ങളും വഹിക്കുന്ന നിർണായക പങ്ക് ഊന്നിപ്പറയുന്ന ഒരു പ്രമേയം പാസാക്കുകയുണ്ടായി. അതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർണമായി നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധത യുഎൻ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. കൂടാതെ, സമാധാന നിർമ്മാണം, സമാധാന പരിപാലനം, പ്രതിരോധം എന്നിവയിലൂടെ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പാരിസ്ഥിതിക ആഘാതത്തെ അഭിസംബോധന ചെയ്യുന്നതിലും യുഎൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനുഷ്യജീവിതത്തെ താങ്ങിനിർത്തുന്ന പ്രകൃതിവിഭവങ്ങൾ തകരാറിലായാൽ, ദീർഘകാലം നിലനിൽക്കുന്ന സമാധാനം സാധ്യമല്ലെന്ന് സംഘടന നമ്മെ ബോധ്യപ്പെടുത്തുന്നു.
ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, പരിസ്ഥിതി സംരക്ഷണം സംഘർഷം തടയുന്നതിനും സമാധാനം നിലനിർത്തുന്നതിനും സമാധാനം വളർത്തുന്നതിനുമുള്ള തന്ത്രങ്ങളുടെ അവിഭാജ്യഘടകമാണ്. കാരണം ഉപജീവനമാർഗങ്ങളെയും പരിസ്ഥിതി വ്യവസ്ഥകളെയും പിന്തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്ന പ്രകൃതിവിഭവങ്ങൾ നശിപ്പിക്കപ്പെടുകയാണെങ്കിൽ ശാശ്വത സമാധാനം സാധ്യമല്ല. നമ്മുടെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളിലും മനുഷ്യരോടും പ്രകൃതിയോടും സംഘര്‍ഷാത്മകമല്ലാത്ത സൗഹൃദപരമായ സമീപനം സ്വീകരിക്കണമെന്നുകൂടി ഐക്യരാഷ്ട്ര സഭ ഓർമ്മിപ്പിക്കുന്നു. ഒപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്തായ ലക്ഷ്യത്തിനായി സമൂഹമാധ്യമമടക്കമുള്ളവയുടെ സ്വാധീനം പ്രയോജനപ്പെടുത്തണമെന്നും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.