1980കളില്‍ സാംസ്കാരിക കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്തത് വണ്‍ സ്ട്രോ റെവല്യൂഷന്‍ അഥവാ ‘ഒറ്റ വൈക്കോല്‍ വിപ്ലവം’ എന്ന മസനോബു ഫുക്കുവോക്ക എന്ന ജാപ്പനീസ് കാര്‍ഷിക ശാസ്ത്രജ്ഞന്റെ പുസ്തകമായിരുന്നു. എം ഗോവിന്ദന്റെ സമീക്ഷയിലും പരിസ്ഥിതി പ്രസിദ്ധീകരണമായിരുന്ന സുചിമുഖിയിലും മറ്റും ഈ പുസ്തകത്തെ കുറിച്ച് ലേഖനങ്ങള്‍ വന്നിരുന്നു. 1975ല്‍ സ്വന്തം കൃഷി അനുഭവങ്ങളെ ക്രോഡീകരിച്ച് ഫുക്കുവോക്ക എഴുതിയ വണ്‍ സ്ട്രോ റെവല്യൂഷന്‍ 20ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും 10 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു. മലയാളത്തില്‍ വരന്തരപ്പള്ളി പള്ളിക്കുന്നിലെ മലയാളം അധ്യാപകന്‍ സി പി ഗംഗാധരന്‍ മാഷാണ് 1987ല്‍ ഫുക്കുവോക്കയുടെ പുസ്തകം വിവര്‍ത്തനം ചെയ്തത്. പൂര്‍ണോദയ ബുക്സ് ഗാന്ധിജിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യാന്‍ ഏല്പിച്ചതും ഗംഗാധരന്‍ മാഷെയാണ്. ഗുജറാത്തിയില്‍ നിന്ന് നേരിട്ടാണ് മാഷ് അത് തര്‍ജമ ചെയ്തത്. തൃശൂരിലെ ‘വാള്‍ഡന്‍’ പ്രസിദ്ധീകരിച്ച വൈക്കോലിന്റെ നിറമുള്ള പരുപരുത്ത കവര്‍പേജുമായി ഇറങ്ങിയ പുസ്തകം ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവും. കാര്‍ഷിക സര്‍വകലാശാലയെ പുസ്തക പ്രസാധനത്തിന് വേദി നല്‍കാന്‍ സമീപിച്ചപ്പോള്‍ അത് നിഷേധിക്കപ്പെടുകയും പിന്നീട് കാര്‍ഷിക ഗ്രാമമായ ചേനത്ത് ആലിന്‍ചുവടില്‍ സി ആര്‍ രാജഗോപാലിന്റെ നേതൃത്വത്തില്‍, ഒറ്റ വൈക്കോല്‍ കൃഷിരീതി പരീക്ഷിച്ച കര്‍ഷകനായ പ്രതാപ് അഗര്‍വാളാണ് പുസ്തകം പ്രകാശനം ചെയ്തത്. ”ഇതാ ഈ ഒരൊറ്റ വൈക്കോലിഴയില്‍ നിന്നും തുടങ്ങാം. ഈ വൈക്കോലിഴ ചെറുതും ലഘുവുമാണ്. എന്നാല്‍ ഇതിന്റെ ഘനം ആര്‍ക്കുമറിയില്ല. ഈ വൈക്കോലിന്റെ ശരിയായ മൂല്യം എന്തെന്നറിഞ്ഞാല്‍ ഈ രാജ്യവും ലോകവും മാറാന്‍ തക്ക വിപ്ലവം സാധ്യമാവും” എന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ ഗംഗാധരന്‍ മാസ്റ്റര്‍ പറയുന്നത്.
എന്താണ് ഫുക്കുവോക്കയുടെ ആശയം? വളരെ ലളിതമായി പറഞ്ഞാല്‍ ‘ശരിയായ പ്രവൃത്തി, ശരിയായ ഭക്ഷണം, ശരിയായ ജീവിതം, കൃഷിയും ജീവിതവും രണ്ടല്ല’ എന്നതാണ് ഫുക്കുവോക്ക പ്രയോഗത്തിലൂടെ കണ്ടെത്തിയത്. ജപ്പാനിലെ എഹൈമില്‍ 1913 ഫെബ്രുവരി രണ്ടിന് ഒരു ധനിക കര്‍ഷകന്റെ മകനായി ജനിച്ച ഫുക്കുവോക്ക ഒരു കാര്‍ഷിക ശാസ്ത്രജ്ഞനായി പരിശീലനം നേടി. 1937ല്‍ ന്യുമോണിയ ബാധിച്ച് ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കിടന്ന് രോഗം മാറിയശേഷം ജോലി രാജിവച്ച് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. പിന്നീട് പ്രകൃതി കൃഷി എന്ന ആശയം വികസിപ്പിച്ചു. ഭൂമി ഉഴുത് മറിക്കാതെ, കള പറിക്കാതെ, വളമോ കീടനാശിനിയോ ഉപയോഗിക്കാതെ എങ്ങനെ കൃഷി നടത്താമെന്ന് മൈക്രോ ബയോളജിസ്റ്റും കൃഷി ശാസ്ത്രജ്ഞനുമായ ഫുക്കുവോക്ക തെളിയിച്ചു. ആ നിരീക്ഷണങ്ങളെ ക്രോഡീകരിച്ചുകൊണ്ടാണ് 61-ാം വയസില്‍ അദ്ദേഹം ഒറ്റ വൈക്കോല്‍ വിപ്ലവം രചിക്കുന്നത്. 79 മുതല്‍ ലോകമെമ്പാടും വ്യാപകമായി സഞ്ചരിച്ച്, പ്രകൃതി കൃഷിരീതികളെ പറ്റി അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി. മരുഭൂമിയാക്കപ്പെട്ട പ്രദേശങ്ങളില്‍ സസ്യജാലകങ്ങള്‍ വീണ്ടും വളര്‍ത്തുവാനായാണ് അദ്ദേഹം കളിമണ്ണുകൊണ്ടുള്ള വിത്തു പന്തുകള്‍ എന്ന ആശയം അവതരിപ്പിച്ചത്. എന്താണ് ഈ കളിമണ്‍ വിത്തു പന്തുകള്‍? പല വിത്തുകള്‍ കമ്പോസ്റ്റുമായി കലര്‍ത്തി അവയെ കളിമണ്ണ് പൊതിഞ്ഞ് ചെറിയ പന്തുകളാക്കുന്നു. ഇവ സീസണ്‍ സമയത്ത് വിതയ്ക്കുമ്പോള്‍ വളരെ വേഗത്തില്‍ വിത്തുകള്‍ വളരുന്നു. ഈ രീതി ലോകത്തിന്റെ പല ഭാഗങ്ങളിലും ഫുക്കുവോക്ക വിജയകരമായി പരീക്ഷിച്ചു. ഫിലിപ്പൈന്‍സിലും ഗ്രീസിലുമെല്ലാം. അദ്ദേഹം പലതവണ ഇന്ത്യയില്‍ വന്നു, 1991ലും 2002ലുമെല്ലാം. 1988ല്‍ തന്നെ വിശ്വഭാരതി സര്‍വകലാശാല ‘അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു.
ഫുക്കുവോക്കയുടെ കാര്‍ഷിക വിപ്ലവം ലോകമാകെ ചര്‍ച്ചചെയ്യപ്പെട്ട 1980കളില്‍ തന്നെയാണ് നമ്മുടെ നാട്ടില്‍ സാമൂഹ്യ വനവല്‍ക്കരണ പദ്ധതികളും ആരംഭിച്ചത്. കേരളത്തില്‍ 82–83 സാമ്പത്തിക വര്‍ഷത്തിലാണ് ലോകബാങ്ക്, സ്വീഡിഷ് ഇന്റര്‍ നാഷണല്‍ ഡെവലപ്മെന്റ് ഏജന്‍സി തുടങ്ങിയ വിവിധ ഏജന്‍സികളില്‍ നിന്ന് വായ്പ സ്വീകരിച്ച് സാമൂഹ്യ വനവല്‍ക്കരണ പദ്ധതികള്‍ ഫാം ഫോറസ്ട്രി, അവന്യു ഫോറസ്ട്രി, റീ-ഫോറസ്റ്റേഷന്‍ എന്നീ പേരുകളില്‍ ഇന്ത്യയില്‍ ആരംഭിച്ചത്. കേരളത്തില്‍ സാമൂഹ്യ വനവല്‍ക്കരണം, റീ — ഫോറസ്റ്റേഷന്‍ ഇവ ആരംഭിച്ച 1982ല്‍ തന്നെ യൂക്കാലിപ്റ്റസ്, അക്കേഷ്യ, കാറ്റാടി, ഗുല്‍മോഹര്‍ തുടങ്ങിയ വിദേശ സസ്യങ്ങള്‍ ഇറക്കുമതി ചെയ്ത് വച്ച് പിടിപ്പിക്കാന്‍ തുടങ്ങി. സ്വാഭാവികമായ പരിസ്ഥിതി സന്തുലനം നശിപ്പിക്കാതെ നമ്മുടെ പരിസ്ഥിതിയില്‍ വളരുന്ന മാവ്, പ്ലാവ്, കടപ്ലാവ്, നെല്ലി, ഉന്‍പുളി, അത്തി, തെങ്ങ്, പേര തുടങ്ങിയ ഫലവൃക്ഷങ്ങള്‍ കാട്ടിനുള്ളിലും നാട്ടിലെ തരിശുനിലങ്ങളിലും സാമൂഹ്യ വനവല്‍ക്കരണത്തിന് വ്യാപകമായി ഉപയോഗിക്കണം എന്ന് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരും കൃഷി ശാസ്ത്രജ്ഞരും ഒത്തൊരുമിച്ച് ആവശ്യപ്പെട്ടിരുന്നു. അക്കേഷ്യ നഴ്‌സറികള്‍ അക്കാലത്ത് വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. അന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തില്‍ നടക്കാതെപോയ സാമൂഹ്യ വനവല്‍ക്കരണം എന്ന 30പേജുള്ള ലഘുലേഖയില്‍ വളരെ വ്യക്തമായി തന്നെ സ്വാഭാവികമായ പരിസ്ഥിതിയെ നശിപ്പിക്കുന്ന വിദേശ വൃക്ഷങ്ങള്‍ അതും കള ഇനത്തില്‍ പെടുന്നവ വ്യാപകമായി നട്ട് കാടും നാടും നശിപ്പിക്കുന്നതിനെതിരെ നിലപാടെടുത്തിട്ടുണ്ട്. ‘കേരളത്തിലേതുപോലെ അതി സങ്കീര്‍ണമായ പരിസ്ഥിതിയില്‍ ഇവ ഒട്ടേറെ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കും’.… ഇത്തരം പഠനങ്ങള്‍ പൂര്‍ത്തിയാക്കാതെ അക്കേഷ്യ, യൂക്കാലി തുടങ്ങിയ ശാസ്ത്രീയ വിവാദങ്ങള്‍ക്ക് വിധേയമായിട്ടുള്ള സസ്യജനുസുകള്‍ വന്‍തോതില്‍ നട്ടുപിടിപ്പിക്കുന്നത് തെറ്റാണ് എന്ന കൃത്യമായ അഭിപ്രായം 1989ല്‍ പരിഷത്ത് പറയുന്നുണ്ട്. കേരളത്തിലെ മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയും കാര്‍ഷിക വിദഗ്ധരുടെയും എതിര്‍പ്പ് തൃണവല്‍ഗണിച്ചുകൊണ്ടാണ് അക്കേഷ്യയും യൂക്കാലിയും മഹാഗണിയും പിന്നെ ശീമകൊന്നയുമൊക്കെ വനം വകുപ്പുകാര്‍ കേരളത്തിലെ സ്വാഭാവിക വനങ്ങളില്‍ നട്ടുവളര്‍ത്തിയത്.
ഈ കാടുകളില്‍ വന്യമൃഗങ്ങള്‍ പ്രത്യേകിച്ച് സസ്യഭുക്കുകളായ ആന, കുരങ്ങ്, മാന്‍ തുടങ്ങിയ മൃഗങ്ങള്‍ കാട്ടിലെ ഫലവൃക്ഷങ്ങളെയും പുല്‍പ്പരപ്പിനെയും ആശ്രയിച്ചാണ് കഴിയുന്നത് എന്ന ബോധം ലവലേശമില്ലാതെ ഇത്തരം വിഷ വൃക്ഷങ്ങള്‍ കാടുനീളെ നട്ടുവളര്‍ത്തി ആവാസവ്യവസ്ഥയ്ക്ക് ശാശ്വതമായ നാശം വരുത്തിവച്ച വനംവകുപ്പിനുതന്നെയാണ് ഇന്നത്തെ മനുഷ്യന്റെയും മൃഗങ്ങളുടെയും പരസ്പര സംഘട്ടത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം. ചതുപ്പുനിലങ്ങളില്‍ അക്കേഷ്യയും യുക്കാലിപ്റ്റസും നട്ട് അവ ജലം മുഴുവന്‍ ഊറ്റിയെടുത്ത് സ്വാഭാവിക ജലസ്രോതസുകള്‍ കാടുകളില്‍ ഇല്ലാതായതോടെയാണ് അടിക്കാടുകള്‍ നശിച്ചതും ഭക്ഷണവും വെള്ളവും തേടി ആനയും കുരങ്ങും കാടിറങ്ങിയതും. പിറകെ ഇറങ്ങിത്തിരിച്ചവരാണ് കടുവയും പുലിയും. ഇവരെല്ലാം കാടുവിട്ടിറങ്ങുന്നതിന്റെ പ്രധാന കാരണങ്ങള്‍ കാട്ടില്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്തതുതന്നെ. ഉള്‍ക്കാടുകളില്‍ ജീവിക്കാനാഗ്രഹിക്കുന്ന ഈ വന്യമൃഗങ്ങളെ പുറത്തെത്തിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നവയാണ് കാട്ടുപന്നികള്‍ എന്ന ഫോറസ്റ്റ് വെര്‍മിന്‍ എന്ന് വിളിക്കാവുന്ന ജീവികള്‍. ചരിത്രാതീത കാലം മുതല്‍ കാട്ടുപന്നികള്‍ ഉണ്ടായിരുന്നു. പ്രോട്ടീന്‍ സമൃദ്ധമായ കാട്ടുപന്നിയുടെ മാംസം, മാംസഭുക്കുകളായ മനുഷ്യരുടെ ഇഷ്ടവിഭവവുമായിരുന്നു. എലി, മുയല്‍, പെരുച്ചാഴി തുടങ്ങിയ ജീവികളെപ്പോലെ വളരെപ്പെട്ടന്ന് പെറ്റുപെരുകുന്ന ഒരു മൃഗമാണ് കാട്ടുപന്നി എന്നതിനാല്‍ മനുഷ്യര്‍ ഭക്ഷണത്തിനായി അവയെ വേട്ടയാടിയപ്പോഴും അവയ്ക്ക് വംശനാശമൊന്നും സംഭവിച്ചില്ല. എന്നാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യയില്‍ ഇവയെ സംരക്ഷിത വന്യമൃഗമായി പ്രഖ്യാപിച്ചതോടെ കാടുകളില്‍ കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. അവ കിഴങ്ങുവര്‍ഗത്തില്‍പ്പെട്ട എല്ലാ ചെടികളും കുത്തിമറിച്ചും സംഘം ചേര്‍ന്ന് ആനകളെയും കടുവകളെപ്പോലും ആക്രമിച്ചും വനങ്ങളില്‍ വിഹരിക്കുന്നു എന്നു മാത്രമല്ല, ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. കാലാകാലങ്ങളായി മനുഷ്യര്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന കാട്ടുപന്നിയെ അപകടകാരിയായ അവസ്ഥയില്‍ കൊല്ലാം. എന്നാല്‍ കൊന്നാല്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കണം എന്നാണ് നിയമം. കാട്ടുപന്നികളെ നായാടാനുള്ള ആവശ്യം തികച്ചും ന്യായമാണ്. കാരണം ഇതേ വര്‍ഗത്തില്‍പ്പെട്ട നാട്ടുപന്നിയെ വളര്‍ത്താനും കൊല്ലാനും ഒരു നിയന്ത്രണവുമില്ല. ഒട്ടും ഉപദ്രവകാരിയല്ലാത്ത നാട്ടുപന്നിയെ കൊന്ന് കറിവച്ച് കഴിക്കാമെങ്കില്‍ അതേ വര്‍ഗത്തില്‍പ്പെട്ട ഉപദ്രവകാരിയായ കാടുമുഴുവന്‍ പെറ്റുപെരുകുന്ന കാട്ടുപന്നിയെ കൊല്ലാന്‍ പാടില്ല, കൊന്നാല്‍ തിന്നാന്‍ പാടില്ല എന്നൊക്കെയാണ് നിയമങ്ങള്‍.
മേല്‍പ്പറഞ്ഞ കാരണങ്ങളെല്ലാം ചേര്‍ന്നാണ് ആനകളെയും കടുവകളെയും പഞ്ചായത്താഫിസിലും റേഷന്‍ ഷാപ്പിലുമെത്തിച്ചത്. സാധാരണ മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലെത്തിച്ചത്. കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു. വന്യമൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള ഫലവൃക്ഷങ്ങളുടെ വിത്തുകളടങ്ങിയ വിത്തുണ്ടകള്‍ വനങ്ങളില്‍ വിതറാന്‍ വനംവകുപ്പ് തയ്യാറെടുക്കുന്നു. നല്ലകാര്യം, 1980കളില്‍ അന്നത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞകാര്യം. ഇനി ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അധികൃതര്‍ക്ക് 1989ലെ കേരളത്തില്‍ നടക്കാതെപോയ സാമൂഹ്യ വനവല്‍ക്കരണം എന്ന 30പേജുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലഘുലേഖ കൂടി വായിച്ചാല്‍ ഇനിയൊരു 50 വര്‍ഷത്തിനകം എങ്ങനെ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാം എന്ന് മനസിലാവും. കൂടാതെ ഇന്ത്യയില്‍ പശ്ചിഘട്ട മലനിരകളെക്കുറിച്ച് ഏറ്റവും ആധികാരികമായി പഠിച്ച നരേന്ദ്ര ഗാഡ്ഗില്‍ എന്ന ശാസ്ത്രജ്ഞനും ഇതേ കാര്യങ്ങള്‍തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഏത് പ്രശ്നത്തിനും ശാസ്ത്രീയമായ പരിഹാരങ്ങള്‍ മാത്രമേ ഉള്ളു എന്നും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.