11 March 2026, Wednesday

താളപ്പൊലിമയിൽ ഫോക്‌ലോർ അക്കാദമി

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
March 12, 2026 4:18 am

കൊല്ലം ജില്ലയിലെ വിവിധ ദേവീക്ഷേത്രങ്ങളുടെ മുറ്റത്ത് കെട്ടിയ ചെറിയ ഓലപ്പന്തലിലിരുന്ന് ദാരികനെയും കാളിയെയും കുറിച്ച് പാടിയിരുന്ന ഗായകനാണ് കണ്ണനല്ലൂരെ ചെല്ലപ്പൻ നായർ. തോറ്റംപാട്ടിലെ നൂറുകണക്കിന് വരികൾ അദ്ദേഹത്തിന് കാണാപ്പാഠം. തോറ്റംപാട്ടിനെ കുറിച്ചുണ്ടായിരുന്ന ഒരു അന്ധവിശ്വാസം അത് എഴുതി സൂക്ഷിക്കാൻ പാടില്ല എന്നതായിരുന്നു. ഇന്നത് മാറിയിട്ടുണ്ട്. ഡോ. ഭാസിരാജ് തുടങ്ങിയ വിശ്വാസികളായ കോളജ് അധ്യാപകർ തന്നെ അവ പകർത്തിയെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാലും തോറ്റംപാട്ട് നേരിൽ കേൾക്കുമ്പോഴാണ് അതിന്റെ പൊലിമ നമുക്ക് ബോധ്യപ്പെടുന്നത്.
‌ആചാരത്തിന്റെ ഒരു പ്രശ്നം, ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും അത് ഒരുവശത്തങ്ങനെ നടന്നുപോകും എന്നതാണ്. തലക്കെട്ടും കൈമണിയുമായി നിര്‍ത്താതെ പാടുന്ന ഗായകർക്ക് ഇടയ്ക്കിടയ്ക്ക് ജീരകവെള്ളം കൊടുക്കുന്ന പദ്ധതി മാത്രമേ അമ്പലക്കമ്മിറ്റിക്കുള്ളു. പ്രതിഫലം അവലും പഴവും. ആ കലാകാരന്റെ കുടുംബം എങ്ങനെ പുലരും എന്നത് ഭദ്രകാളിക്കോ സഹഭൂതഗണങ്ങൾക്കോ ഒരു പ്രശ്നമേയല്ല. ഈ വിരുദ്ധ സാഹചര്യത്തിലാണ് ആചാര്യനായ ചെല്ലപ്പൻ നായർ, പാടിയത്.
എൺപതിലധികം വർഷം പാട്ടുപാടിയ ചെല്ലപ്പൻ നായരെ, കേരള ഫോക്‌ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ചു. ദൈവവിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന കേരളത്തിന്റെ ആദരവ് മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ ആ മഹാഗായകന്റെ മുഖത്തും മനസിലും പൂത്തുലഞ്ഞ തൃപ്തിയുടെ അടയാളങ്ങൾ ഒരു മൂവിക്യാമറയിലും പകർത്താൻ കഴിയുന്നതായിരുന്നില്ല. ഇങ്ങനെയൊക്കെയാണ് കേരളത്തിന്റെ ഫോക്‌ലോർ അക്കാദമി പ്രവർത്തിക്കുന്നത്. ദൈവം പോലും ശ്രദ്ധിക്കാത്ത പ്രഗത്ഭ കലാപ്രതിഭകളെ അക്കാദമി കണ്ടെത്തി ആദരിക്കുന്നു.
ഒ എസ് ഉണ്ണികൃഷ്ണന്റെയും എ വി അജയകുമാറിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ഫോക്‌ലോർ അക്കാദമി, വിവിധ നാടൻ കലാകാരന്മാരെ ആദരിക്കുന്നത് കൂടാതെ നിരവധി ശ്രദ്ധേയമായ പരിപാടികളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടത്തിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു തിരുവനന്തപുരത്ത് നടത്തിയ അന്താരാഷ്ട്ര ഫോക്‌ലോർ ഫെസ്റ്റിവൽ. ആറ് രാജ്യങ്ങളിൽ നിന്നും 15 സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കലാപ്രതിഭകളും കരകൗശല വിദഗ്ധരും അവിടെ സമ്മേളിച്ചു. 

കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഫെസ്റ്റിവൽ നടക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവവും നാടകോത്സവവും കണ്ടിട്ടുള്ള കേരളീയർക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു. ഗദ്ദികയെന്ന ഗോത്ര കലാരൂപത്തെ പൊതുമലയാളത്തിന്റെ ശ്രദ്ധയിൽ എത്തിച്ച കലാകാരനും ഫോക്‌ലോർ അക്കാദമിയുടെ മുൻഅധ്യക്ഷനുമായിരുന്ന പി കെ കാളന്റെ പേരിലുള്ള ആർട്ട് ഗാലറി പ്രവർത്തനനിരതമാക്കിയതും കോട്ടയത്ത് രംഗവേദിയും ആർട്ട് ഗാലറിയും സ്ഥാപിച്ചതും എല്ലാ ജില്ലകളിലും ഗോത്രകലാരൂപങ്ങൾ അവതരിപ്പിച്ചതും ആദിമം ലിവിങ് മ്യൂസിയം എന്ന പരിപാടി സംഘടിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. കേരളത്തിലെ വിവിധ കോളജുകളിലും സ്ക്കൂളുകളിലും സംഘടിപ്പിച്ച ഫോക്‌ലോർ ക്ലബ്ബുകൾ, നാടൻ കലാരൂപങ്ങളുടെ വർണപ്പൊലിമ പുതിയ തലമുറയിൽ എത്തിക്കാൻ സഹായിച്ചു. സ്കൂൾ കലോത്സവത്തിൽ ഗോത്രകലകൾ അവതരണസാധുതയുള്ള ഇനമായി പ്രഖ്യാപിച്ചതോടെ, ഗോത്രങ്ങൾക്കിടയിൽ നിലനിന്നിരുന്ന കലകൾ സംബന്ധിച്ച അയിത്തം വിദ്യാർത്ഥികൾ തകർത്തെറിഞ്ഞു. പണിയരുടെയും കാണിക്കാരുടെയും കുറിച്യരുടെയും കലാരൂപങ്ങൾ, ജാതിവ്യത്യാസമോ മതവ്യത്യാസമോ കൂടാതെ കലോത്സവ വേദികളിൽ അവതരിപ്പിക്കപ്പെട്ടു. ഇതിന് പ്രോത്സാഹനം നൽകുന്ന രീതിയിലാണ് അക്കാദമി പ്രവർത്തിച്ചത്.
കലാകാരന്മാരുടെ ജീവിതം എന്നും ഒരു പ്രശ്നമാണ്. നാടകവും കഥാപ്രസംഗവും അവതരിപ്പിച്ചാൽ മാന്യമായ പ്രതിഫലം ലഭിക്കും. കഥകളികലാകാരർക്കും മാന്യമായ പ്രതിഫലം ഇപ്പോൾ ലഭിക്കുന്നുണ്ട്. എന്നാൽ തോറ്റംപാട്ടും പുള്ളുവൻ പാട്ടും അടക്കമുള്ള അനുഷ്ഠാന കലാരൂപങ്ങൾ അവതരിപ്പിക്കുന്നവർക്ക് മാന്യമായ പ്രതിഫലം ലഭിക്കാറില്ല. രോഗാവസ്ഥയിലുള്ള മുന്നൂറിലധികം കലാകാരർക്കാണ്, പരിമിതികൾക്കുള്ളിൽ നിന്നാണെങ്കിൽക്കൂടിയും ചികിത്സാസാസഹായം നൽകാൻ അക്കാദമിക്ക് സാധിച്ചത്. തൃശൂരിൽ കലാഭവൻ മണി സ്മാരക നാടൻകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചതും കർക്കിടകപ്പെരുമ എന്ന നാടോടിവിജ്ഞാനീയ പരിപാടിയും കണ്ണൂരിൽ നടന്ന ദേശീയ ഫോക്‌ലോർ ഫെസ്റ്റിവലും അക്കാദമിയുടെ പ്രവർത്തനങ്ങളെ ശ്രദ്ധേയമാക്കി. ദക്ഷിണേന്ത്യയിലെ മികച്ച ഫോക്‌ലോർ പ്രവർത്തനത്തിനുള്ള ആന്ധ്രാ ദ്രവീഡിയൻ യൂണിവേഴ്സിറ്റിയുടെ പുരസ്കാരം കേരളത്തിന്റെ ഫോക്‌ലോർ അക്കാദമിക്കാണ് ലഭിച്ചത് എന്ന വസ്തുത എല്ലാ കേരളീയർക്കും അഭിമാനിക്കാവുന്നതാണ്. 

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.