കെ പ്രകാശ്ബാബു

ജാലകം

March 16, 2020, 5:30 am

ചങ്ങാത്ത മുതലാളിത്തത്തിലെ അവിശുദ്ധ ബന്ധങ്ങള്‍

Janayugom Online

രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2018–19 സാമ്പത്തിക വര്‍ഷം ലഭിച്ച വിഹിതമായ സംഭാവനയുടെ കണക്കുകള്‍ പുറത്തുവന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന വിവരാവകാശ നിയമം അനുസരിച്ച് ശേഖരിച്ച വിവരങ്ങളാണ് സംഘടന ഇപ്പോള്‍ പുറത്തുവിട്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഇന്‍കംടാക്‌സ് റിട്ടേണ്‍സും തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ച സംഭാവന സ്റ്റേറ്റ്‌മെന്റുകളില്‍ കൂടിയുമാണ് സംഭാവനയുടെ വിശദാംശങ്ങള്‍ സമാഹരിച്ചത്. 2018–19 സാമ്പത്തിക വര്‍ഷം ബിജെപിക്കു ലഭിച്ച സംഭാവന ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇലക്ടറല്‍ ബോണ്ടില്‍ക്കൂടി അവര്‍ക്കു ലഭിച്ച തുക 1,450.89 കോടി രൂപയാണ്. ഇരുപതിനായിരം (20,000) രൂപയ്ക്ക് മുകളിലുള്ള സംഭാവന തുകയായി ബിജെപിക്ക് 2018–19 ല്‍ ലഭിച്ചത് 742.15 കോടി രൂപയുമാണ്. ഇതേ വര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇലക്ട്രറല്‍ ബോണ്ടു വഴി ലഭിച്ചത് 383.26 കോടി രൂപയും ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനയായി അവര്‍ക്ക് കിട്ടിയത് 148.58 കോടി രൂപയുമാണ്. രണ്ടു പാര്‍ട്ടികള്‍ക്കും ഇരുപതിനായിരം രൂപയില്‍ താഴെയുള്ള സംഭാവനയായി വേറെയും കോടികള്‍ കിട്ടി. സിപിഐയുടെ ആകെ വരുമാനം ഇതേവര്‍ഷം 2.61 കോടിയും സിപിഐ (എം) ന് ഇതേ വര്‍ഷത്തെ വരുമാനം 36.39 കോടി രൂപയുമാണ്. സിപിഐ‑സിപിഐ(എം) പാര്‍ട്ടികള്‍ മാത്രമാണ് ദേശീയ പാര്‍ട്ടികളില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിച്ചിട്ടില്ലാത്തത്.

ഇതില്‍ ബിജെപിക്കു കിട്ടിയ സംഭാവനയില്‍ 698.02 കോടി രൂപയും കോണ്‍ഗ്രസ്സിനു ലഭിച്ച 122.5 കോടി രൂപയും ഇന്ത്യയിലെ വന്‍കിട ബിസിനസ്സ് കോര്‍പ്പറേറ്റ് കമ്പനികളുടെ സംഭാവനയാണ്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രോഗ്രസ്സീവ് ഇലക്ടറല്‍ ട്രസ്റ്റാണ്. ബിജെപിക്കും കോണ്‍ഗ്രസിനും തൃണമൂലിനും കൂടി അവര്‍ മാത്രം നല്‍കിയത് 455.15 കോടി രൂപയാണ്. അധികാരത്തിലിരിക്കുന്ന ബിജെപിക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും വന്‍കിട ബിസിനസ്സ് സ്ഥാപനങ്ങളില്‍ നിന്നും അതുപോലെ കള്ളപ്പണക്കാരില്‍ നിന്നും വലിയ തുക സംഭാവനയായി സ്വീകരിക്കുന്നതിന് അവര്‍ കണ്ടെത്തിയ പുതിയ മാര്‍ഗ്ഗമാണ് ഇലക്ട്രറല്‍ ബോണ്ടുകള്‍. അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരിക്കുമ്പോള്‍ 2017 ല്‍ അവതരിപ്പിച്ച പദ്ധതിയാണ് ഇലക്ട്രറല്‍ ബോണ്ടുകള്‍. ഭരണവര്‍ഗ്ഗ രാഷ്ട്രീയക്കാരും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ശക്തമായ കണ്ണികളായാണ് ഇലക്ട്രറല്‍ ബോണ്ടുകള്‍ ജന്മമെടുക്കുന്നത്. ഏതു കമ്പനിയുടെ/വ്യക്തിയുടെ കയ്യില്‍ നിന്നും എത്ര കോടി രൂപ വാങ്ങിയെന്ന് മറ്റാരും അറിയില്ലായെന്നതാണ് ഇതിന്റെ രസതന്ത്രം. 2018 ജനുവരിയില്‍ വിജ്ഞാപനം ചെയ്ത ഈ പദ്ധതി ഉപയോഗിച്ച് കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും എത്ര കോടി രൂപ വേണമെങ്കിലും ഊറ്റിയെടുക്കുന്നതിന് ബിജെപിക്കു കഴിയും.

ആയിരം, പതിനായിരം, ഒരു ലക്ഷം, പത്തുലക്ഷം, ഒരു കോടി രൂപയുടെ ഗുണിതങ്ങളായിട്ടാണ് ഇലക്ട്രറല്‍ ബോണ്ടുകള്‍ ലഭിക്കുന്നത്. എസ്ബിഐയുടെ തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍ മാത്രമാണ് ഈ ബോണ്ടുകള്‍ ലഭിക്കുക. ഈ ബോണ്ടുകള്‍ വാങ്ങിക്കുന്ന ഒരു വ്യക്തിക്ക് അല്ലെങ്കില്‍ കമ്പനിക്ക് തനിക്ക് താല്‍പ്പര്യമുള്ള പാര്‍ട്ടിക്കോ നേതാവിനോ ഈ ബോണ്ട് വാങ്ങി നല്‍കാം. ബോണ്ടില്‍ ആരുടെയും പേരില്ലാത്തതുകൊണ്ട് ആര്; എത്ര കോടി തന്നു എന്നത് ആരും അറിയില്ല. സംഭാവന സ്വീകരിക്കുന്ന പാര്‍ട്ടിയും വ്യക്തിയും തന്നെ ഔദ്യോഗികമായി അറിയണമെന്നില്ല. ബാങ്കിലെ വെരിഫൈഡ് അക്കൗണ്ടില്‍ക്കൂടി ബോണ്ടിലെ തുക പത്തുദിവസത്തിനകം ക്യാഷ് ചെയ്തു വാങ്ങിയാല്‍ മതി. ഇലക്ട്രറല്‍ ബോണ്ട് വാങ്ങിയ വ്യക്തിയുടെയോ തുക ലഭിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെയോ പേര് എസ്ബിഐക്ക് അറിയാമെന്നല്ലാതെ പരസ്യപ്പെടുത്തേണ്ടുന്ന ആവശ്യം ഈ സ്‌കീമിലില്ല. അപ്പോള്‍ ഏതു കമ്പനി, ഏത് പാര്‍ട്ടിക്ക് എത്ര കോടി നല്‍കി എന്നത് പൂര്‍ണ രഹസ്യമായിട്ടിരിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമം 29 എ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാര്‍ട്ടികള്‍ക്ക് മാത്രമെ ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കുന്നതിനവകാശമുള്ളു. ഇലക്ട്രറല്‍ ബോണ്ടു പ്രകാരമുള്ള തുകയ്ക്ക് ടാക്‌സ് ഇളവും പദ്ധതിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന കൃത്യമായി അക്കൗണ്ട് ചെയ്യണമെന്നുള്ളതുകൊണ്ടാണ് ഇലക്ടറല്‍ ബോണ്ട് ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ സംഭാവന ബോണ്ട് മുഖേന നല്‍കിയ വ്യക്തിയുടെ അല്ലെങ്കില്‍ കമ്പനിയുടെ പേര് വെളിപ്പെടുത്താത്തിടത്തോളം ഈ ഇടപാടിലെ സുതാര്യത ഉറപ്പാക്കാന്‍ കഴിയില്ല. വന്‍കിടക്കാര്‍ അവരുടെ കള്ളപ്പണം വെളുപ്പിക്കാനും ഇലക്ട്രറല്‍ ബോണ്ടുകളെ തന്ത്രപരമായി ഉപയോഗിക്കുന്നു എന്നും ആക്ഷേപമുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1450 കോടി രൂപ ഇലക്ട്രറല്‍ ബോണ്ടില്‍ക്കൂടിയാണ് ബിജെപി സമാഹരിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അവര്‍ക്ക് ആകെ കിട്ടിയ സംഭാവനയുടെ 61 ശതമാനം ഇലക്ട്രറല്‍ ബോണ്ടുകള്‍ വഴിയായിരുന്നു. 2018 ല്‍ ഈ സ്‌കീം തുടങ്ങിയ വര്‍ഷം ആകെ ക്യാഷ് ചെയ്ത ഇലക്ട്രറല്‍ ബോണ്ടിന്റെ 95 ശതമാനവും ബിജെപിയുടെ പോക്കറ്റിലേക്കാണ് പോയത്. 2019 ഏപ്രിലില്‍ സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയില്‍ പറഞ്ഞത്, ‘രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും സംഭാവന കിട്ടുന്നു എന്നത് അംഗീകരിക്കാനാവില്ലാ‘യെന്നാണ്.

’20,000 രൂപയ്ക്കുമേല്‍ സംഭാവന തരുന്നവരുടെ പേരു വിവരം വെളിപ്പെടുത്തുകയും ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പാക്കുകയും ചെയ്യണം’ ഇതായിരുന്നു കമ്മിഷന്റെ നിലപാട്. സംഭാവന ചെയ്യുന്നവരുടെ ഐഡന്റിറ്റിയും സംഭാവന തുകയും രഹസ്യമാക്കി വയ്‌ക്കേണ്ടുന്നത് ഇന്ന് ബിജെപിയുടെ ആവശ്യമാണ്. കോണ്‍ഗ്രസിനും ഇതിനോട് യോജിപ്പാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ബിജെപിയും കോണ്‍ഗ്രസ്സും കൂടിച്ചേര്‍ന്ന് ഇക്കാര്യത്തില്‍ ഉയര്‍ത്തുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായ ഈ രണ്ടു പാര്‍ട്ടികളും അവിശുദ്ധ മാര്‍ഗ്ഗത്തില്‍ക്കൂടി സമ്പത്ത് സമാഹരിച്ച് ഇന്ത്യയെ കോര്‍പ്പറേറ്റ് കമ്പനികളുടെ അടിമകളാക്കാന്‍ ശ്രമിക്കുന്നവരാണ്. കൃത്യമായി എല്ലാ വര്‍ഷവും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കണക്ക് നല്‍കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ. മുന്‍വര്‍ഷങ്ങളില്‍ ഏഡിആര്‍ തന്നെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നതാണ് കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും ഒരു സംഭാവനയും സ്വീകരിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ് സിപിഐ എന്നത്. ഇത്തവണയും അങ്ങനെതന്നെ.

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതിനെ സംബന്ധിച്ച് മുന്‍പൊരിക്കല്‍ സജീവ ചര്‍ച്ച ഉയര്‍ന്നു വന്നു. അന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ വരവ്-ചെലവ് കണക്കുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിഷയങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനെ സിപിഐ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ സംഘടനാപരമായ തീരുമാനങ്ങളും അതിലേക്കുള്ള ചര്‍ച്ചകളും വിവരാവകാശ പരിധിയില്‍ വരുന്നതിനെ സിപിഐ എതിര്‍ത്തു. അത് ഏതൊരു പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയവുമാണ്. സംഘടനാ കെട്ടുറപ്പിന്റെ വിഷയവുമാണ്. ഈ നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടിനെ സംബന്ധിച്ച വ്യത്യസ്തമായ ഒരു അഭിപ്രായമാണ് സിപിഐ കൈക്കൊണ്ടത്. ഭരണവര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയിലെ കുത്തക കമ്പനികള്‍ ഉള്‍പ്പെടെയുള്ള വന്‍കിട ബിസിനസ്സ് ലോബികളും തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് എത്രത്തോളം ദോഷകരമാണ് എന്നു നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ചങ്ങാത്ത മുതലാളിത്തം അഗ്രകോടിയില്‍ എത്തിനില്‍ക്കുന്ന ഇന്ത്യ അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.