October 7, 2022 Friday

ഗാന്ധിജിയും നെഹ്രുവും കമ്മ്യൂണിസ്റ്റുകാരും തിരസ്കരിക്കപ്പെടുന്ന ചരിത്രവെെകൃതം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
August 19, 2022 7:00 am

1946–49 കാലം ഭക്ഷ്യക്ഷാമത്തിന്റേതും വര്‍ഗീയ ലഹളകളുടെയും ജന്മിത്വ ഫ്യൂഡലിസ്റ്റ് തേര്‍വാഴ്ചകളുടെയും കാലമായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ കുടിലതന്ത്രങ്ങളുടെ അനുരണനങ്ങളാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷവും അരങ്ങേറ്റപ്പെട്ടത്. ഇന്ത്യാ വിഭജനകാലത്ത് ചോരപ്പുഴകള്‍ സൃഷ്ടിക്കുകയും കബന്ധങ്ങള്‍ ഒഴുകിനടക്കുന്ന ദുരന്ത നിലയൊരുക്കുകയും ചെയ്തവര്‍, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍, എന്തിന് സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിക്കുന്നു, ബ്രിട്ടീഷുകാരെ സേവിക്കൂ എന്ന് ആഹ്വാനം ചെയ്ത ഹെഡ്ഗേവാറുടെയും ഗോള്‍‍വാള്‍ക്കറുടെയും ഇന്നത്തെ അനുചരന്മാര്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വാചാലരാകുന്നത് എത്രമേല്‍ പരിഹാസ്യം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലില്‍ ബ്രിട്ടീഷ് സായിപ്പിന്റെ ചെരുപ്പ് നക്കി മാപ്പെഴുതി കൊടുത്ത് വിമോചിതനായ വി ഡി സവര്‍ക്കറിനെ വീര്‍ സവര്‍ക്കര്‍ എന്ന് ഉദ്ഘോഷിച്ച് പ്രതിമകളും ഛായാചിത്രങ്ങളും പ്രതിഷ്ഠിച്ച് ഉന്മാദിക്കുന്നവരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വാചാടോപം നടത്തുന്നത് എന്നത് ചരിത്രാഭാസമാണ്. കാവിയായിരിക്കണം ഇന്ത്യന്‍ പതാക എന്ന് മാധവ്സദാശിവ് ഗോള്‍വാള്‍ക്കര്‍ ഉച്ചെെസ്തരം ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയെ 1948 ജനുവരി 30ന് വെടിവച്ച് വീഴ്ത്തിയവര്‍ നാഥുറാം വിനായക് ഗോഡ്സേയുടെ ബിംബം സ്ഥാപിക്കുന്നതിലും ക്ഷേത്രം പണിയുന്നതിലുമുള്ള തിരക്കിലാണ്.

 


ഇതുകൂടി വായിക്കു; വിശപ്പ് ഭരിക്കുന്നു; സമ്പത്ത് കുന്നുകൂടുന്നു


സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷവേളയില്‍ ചരിത്രത്തെ വക്രീകരിക്കുവാനുള്ള തീവ്രയത്നത്തിലാണ് സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍. ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്രുവും കമ്മ്യൂണിസ്റ്റുകാരും സംഘ്പരിവാര്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചരിത്രസൃഷ്ടാക്കളാല്‍ നിരാകരിക്കപ്പെടുന്നു. ഏറ്റവും ഒടുവില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ പോലും സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്ന് പുറത്താക്കി. ബ്രിട്ടീഷ് മേധാവിത്വം കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി രൂപീകരിച്ചപ്പോള്‍ മുന്നൂറിലധികം അംഗങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മജിസ്റ്റീരിയല്‍ ചരിത്രത്തില്‍, ഗ്രാന്‍വില്ലെ ഓസ്റ്റിന്‍ 20 പേരെയാണ് ഏറ്റവും സ്വാധീനമുള്ളവരായി ഉള്‍പ്പെടുത്തുന്നത്. ഇവരില്‍ കോണ്‍ഗ്രസ് നേതാക്കളായ ജവഹര്‍ലാല്‍ നെഹ്രു, വല്ലഭായ് പട്ടേല്‍, രാജേന്ദ്ര പ്രസാദ് എന്നിവരടക്കം ഉണ്ടായിരുന്നു. ആ അസംബ്ലിയില്‍ നെഹ്രു നടത്തിയ ആദ്യത്തെ സുപ്രധാന പ്രസംഗം 1946 ഡിസംബര്‍ 13നായിരുന്നു. ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കണമെന്ന പ്രമേയം അദ്ദേഹം അവതരിപ്പിച്ചു.
അതിനു ഒന്‍പത് മാസത്തിനുശേഷം നെഹ്രു വീണ്ടും ആ അസംബ്ലി സഭയില്‍ ഗര്‍ജ്ജിച്ചു. ‘ഇന്ത്യ ഗാന്ധിക്കു ശേഷം’ എന്ന സവിശേഷ ഗ്രന്ഥത്തില്‍ രാമചന്ദ്ര ഗുഹ ഇങ്ങനെ കുറിക്കുന്നു. ‘പക്ഷെ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്രു തന്നെയായിരുന്നു. നാഴികമണി അര്‍ധരാത്രി പന്ത്രണ്ട് അടിക്കുമ്പോള്‍, ലോകം നിദ്രയില്‍ അമര്‍ന്നിരിക്കുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും.’ നെഹ്രുവിന്റെ വാക്യങ്ങളാണ് രാമചന്ദ്ര ഗുഹ ഉദ്ധരിച്ചത്. ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും എന്ന നെഹ്രുവിന്റെ വിപ്ലവഘോഷം സോഷ്യലിസ്റ്റ് ആഘോഷം കൂടിയായിരുന്നു.


ഇതുകൂടി വായിക്കു;  ചിന്തയുടെയും പ്രവൃത്തിയുടെയും ഇടയിലുള്ള ജീവിതം


മതനിരപേക്ഷ മാനവിക മൂല്യങ്ങളെ മാനംമുട്ടെ ഉയര്‍ത്തിപ്പിടിച്ച യുഗപ്രഭാവനായിരുന്നു ജവഹര്‍ലാല്‍ നെഹ്രു. നെഹ്രുവിന്റെ യുഗം അസ്തമിച്ചുപോയി. ഇന്ന് മൃദു ന്യൂനപക്ഷ‑ഭൂരിപക്ഷ വര്‍ഗീയത താലോലിക്കുന്ന കൂട്ടരാണ് കോണ്‍ഗ്രസുകാര്‍. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകാലത്ത് ഹിന്ദുത്വ രാഷ്ട്രമല്ല വേണ്ടത് ഹിന്ദുക്കള്‍ ഭരിക്കുന്ന രാഷ്ട്രമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വന്നു. ആര്‍എസ്എസിന്റെ അതേ സ്വരം രാഹുല്‍ ഗാന്ധിയിലൂടെ കോണ്‍ഗ്രസ് പ്രകടിപ്പിക്കുകയായിരുന്നു.
ബംഗാളിലെ തേഭാഗയിലും തെലങ്കാനയിലും കയ്യൂരിലും കരിവെള്ളൂരിലും പുന്നപ്രയിലും വയലാറിലും ഒഞ്ചിയത്തും കാവുമ്പായിയിലും മൊറാഴയിലും മുനയന്‍കുന്നിലും അന്തിക്കാടും ശൂരനാടും മാരാരിക്കുളത്തും മേനാശേരിയിലും കല്ലറയിലും പാങ്ങോടും നടന്ന രക്തരൂക്ഷിത സ്വാതന്ത്ര്യ സമരപോരാട്ട ചരിതങ്ങള്‍ വിസ്മരിക്കുന്നതെങ്ങനെ.
ഗാന്ധിജിയുടെ ഹൃദയത്തിലേക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ച സവര്‍ക്കറുടെയും നാഥുറാം വിനായക് ഗോഡ്സേയുടെയും അനുചരന്മാര്‍ സ്വാതന്ത്ര്യസമര ചരിത്രഗാഥകള്‍ മാറ്റിയെഴുതുവാന്‍ പരിശ്രമിക്കുകയാണ്. ഗാന്ധി ഹൃദയത്തില്‍ വെടിയുണ്ടയേറ്റു വാങ്ങുന്നതിന് മുമ്പുതന്നെ പറഞ്ഞു കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന്. ഇന്ന് വര്‍ഗീയ ഫാസിസ്റ്റുകള്‍ ശക്തിപ്പെടുമ്പോള്‍ തിരിച്ചറിവിന്റെ രാഷ്ട്രീയത നമുക്ക് അനിവാര്യമാണ്.
“സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃത്യുയേക്കാള്‍ ഭയാനകം”
എന്ന കുമാരനാശാന്റെ വരികള്‍ മലയാള മണ്ണില്‍ പാടി നടന്നത് കമ്മ്യൂണിസ്റ്റുകാരാണ്.
“എവിടെ ശിരസ് സമുന്നതവും
എവിടെ മനസ് നിര്‍ഭയവും
എവിടെ അറിവ് സ്വതന്ത്രവുമായിരിക്കുന്നുവോ
എവിടെയാണോയിടുങ്ങിയ
ഹൃദയ ഭിത്തികളാല്‍ ലോകം
ശിഥിലമാക്കപ്പെടാതിരിക്കുന്നത്
അവിടെ സ്വാതന്ത്ര്യത്തിന്റെ
മഹാസ്വര്‍ഗത്തിലേക്ക്
എന്റെ നാടു‍ണരട്ടെ”
എന്ന് ടാഗൂര്‍ എഴുതി. ആ മഹാസ്വര്‍ഗത്തിനായി പൊരുതിയത് കമ്മ്യൂണിസ്റ്റുകാരാണ്. ഗോഡ്സേ വെടിയുണ്ടകള്‍ വര്‍ഷിച്ചു. ഗാന്ധിജി രക്തസാക്ഷിയായി. ഇന്ന് നെഹ്രുവിനു നേരെയും സംഘ്പരിവാര്‍ തിരശീലയ്ക്കു പിന്നില്‍ നിന്ന് വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ദ്രജിത് ഗുപ്ത അംഗീകരിച്ച സ്വാതന്ത്ര്യസമരപോരാളികളെപ്പോലും സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ അംഗീകരിക്കുന്നില്ല.
കാലം, ചരിത്രം, സാക്ഷി ഇവര്‍ക്ക് കാലമെങ്ങനെ മാപ്പ് നല്‍കും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.