14 July 2025, Monday
KSFE Galaxy Chits Banner 2

വേടൻ: കല, രാഷ്ട്രീയം

അജിത്ത് കൊളാടി
വാക്ക്
June 21, 2025 4:40 am

സ്വാതന്ത്ര്യമില്ലാതെ മനുഷ്യന് എന്തുണ്ടായിട്ടും ഒരു കാര്യവുമില്ല. കണ്ണടച്ച് പറയാം, അന്നത്തെക്കാൾ, ആരോഗ്യത്തെക്കാൾ, പണത്തെക്കാൾ, പദവിയെക്കാൾ, വിശ്വാസത്തെക്കാൾ, മറ്റെന്തിനെയുംകാൾ വലുതാണ് സ്വാതന്ത്ര്യം. കാരണം ഈ പറഞ്ഞതൊക്കെ അനുഭവിക്കാൻ സ്വാതന്ത്ര്യം വേണം. ഉയർന്ന ചിന്തയും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും എല്ലാം സ്വാതന്ത്ര്യത്തിൽ നിന്ന് ഉരുത്തിരിയും. സ്വാതന്ത്ര്യത്തിൽ നിന്നാണ് സർഗാത്മകത പ്രവഹിക്കുക. സ്വാതന്ത്ര്യത്തിന് ഓരോ വ്യക്തിയും സ്വയം ഏർപ്പെടുത്തുന്ന അതിര് അസ്വാതന്ത്ര്യം വരിക്കലല്ല. കാരണം സർവതന്ത്ര സ്വതന്ത്രതയല്ല സ്വാതന്ത്ര്യം. ഏത് സ്വാതന്ത്ര്യവും വരുന്നത് ഒരു പരിശിഷ്ടവും പേറിയാണ്. ഉത്തരവാദിത്തം ആണത്. ഉത്തരവാദിത്തം പുലർത്താത്ത സ്വാതന്ത്ര്യം അരാജകത്വം ആകും. വേടൻ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും എന്താണെന്ന് തിരിച്ചറിയുന്നു. സ്വാതന്ത്ര്യത്തെ ബന്ധനത്തിലാക്കുന്നവർക്കെതിരെ ആശയങ്ങളിലൂടെ, കലാപ്രകടനങ്ങളിലൂടെ ധീരോദാത്തം പോരാടുന്നു. വേടന്റെ പാട്ടുകൾ പുതിയ സംഗീത സാധ്യത തുറന്നിടുന്ന അപാരതയാണ്. സംഗീതലഹരിയും അതിന്റെ താളലയങ്ങളും അവസാനിക്കുന്ന ലോകത്തെക്കുറിച്ച്, അതിന്റെ സാമൂഹിക യാഥാർത്ഥ്യത്തെക്കുറിച്ച് ചിന്തകള്‍ വിടർത്തുന്നു. അദ്ദേഹം സ്ഫുടമായി അരങ്ങിൽ തന്റെ കവിത അവതരിപ്പിക്കുന്നു. ഉത്തരാധുനിക കവിതയുടെ ഭാഷയ്ക്കും ഭാവുകത്വത്തിനുമൊപ്പം റാപ്പ് സംഗീതവും ചേരുന്നതാണ് വേടന്റെ പാട്ടുകൾ. മലയാളത്തിലെ ഉത്തരാധുനിക കവിതയുടെ നട്ടെല്ല് ദളിത് ഭാവുകത്വമാണ്. അരികുവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരുന്നതാണ് ദളിത് ഭാവുകത്വം. പുതിയ എഴുത്തുകൾ നിർമ്മിച്ച രാഷ്ട്രീയാവബോധങ്ങളിലേക്ക് പുതുതലമുറയെ കൂട്ടികൊണ്ടുവരാൻ, തുറന്നിട്ട കവാടമാകാൻ വേടന്റെ പാട്ടുകൾക്ക് കഴിയുന്നത് അത് ആശയങ്ങൾ ഉൾക്കൊള്ളുന്ന, സമൂഹ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്ന കവിതയാകുന്നതുകൊണ്ടാണ്. 1976ൽ ലോകപ്രശസ്ത സംഗീതജ്ഞൻ ബോബ് മാർലിയും 1987ൽ പീറ്റർ ടോഷും വധിക്കപ്പെട്ടത് തീവ്രവാദികളായതുകൊണ്ടല്ല, പാട്ടുപാടിയതുകൊണ്ടാണ്. ഭൂമിയിൽ ജീവിക്കാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്, ചൂഷണത്തിന് വിധേയമാക്കുന്ന ജനതയുടെ മോചനം, വർണവിവേചനത്തിനെതിരെയുള്ള പോരാട്ടം, അവയെക്കുറിച്ചെല്ലാമാണ് അവർ പാടിയത്. അനീതിയും അസമത്വവും അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള പാട്ടുകളാണ് അവർ പാടിയത്. മനുഷ്യനായി പിറന്നവർക്ക് മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് പാടിയത്. 

അവർക്ക് പുറമെ, വൂഡി ഗുത്രി, ബോബ് ഡിലൻ, റെമി ഒംഗാല, ചാർലി ക്രോക്കറ്റ് തുടങ്ങിയവരെല്ലാം അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടിയും, നീതി നിഷേധിക്കപ്പെടുന്നവർക്ക് വേണ്ടിയും പാടി. ബോബ് മാർലിയുടെ പാട്ടിന്റെ വരികളും അതിലെ ഘനഗംഭീരമായ ആശയങ്ങളും ഇന്നും അദ്ദേഹത്തെ ഏറ്റവും സ്വീകാര്യനായി നിലനിർത്തുന്നു. അദ്ദേഹവും കൂട്ടരും ആഗ്രഹിച്ച ലോകം ഇതുവരെ പുലർന്നിട്ടില്ലെങ്കിലും അവർ പറഞ്ഞ രാഷ്ട്രീയത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. വേടൻ പറയുന്ന വരികളും തികച്ചും പ്രസക്തമാണ്.
കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം ജാതി നിർമ്മാർജനമായിരുന്നുവെങ്കിലും ജാതിവിവേചനം അവസാനിപ്പിക്കാൻ മാത്രമേ അതിന് കഴിഞ്ഞുള്ളു. ജാതി ചിന്ത ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. യാഥാസ്ഥിതിക ചിന്തകളും അന്ധവിശ്വാസവും യുക്തിരഹിതചിന്തകളും ഇന്ന് വർധിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുത്വ വാദികളാൽ പീഡിപ്പിക്കപ്പെടുന്നത് ക്രിസ്ത്യാനികളും മുസ്ലിങ്ങളും മാത്രമല്ല, അയിത്തജാതിക്കാരും, ആദിവാസികളും വനവാസികളുമാണ്. ഇവരെ ഹിന്ദുവിന്റെ പെട്ടകത്തിൽപ്പെടുത്തിയിരിക്കുന്നതിനാൽ അവരുടെ പീഡന കഥകൾ പുറത്തുകൊണ്ടുവരാൻ ആരുമില്ല. ക്രിസ്ത്യാനിക്കും മുസ്ലിമിനും ശക്തമായ മത സംഘടനകൾ ഉള്ളതിനാൽ അവർക്കെതിരെ ആക്രമണമുണ്ടാകുന്നതിനെ പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ അവർക്കിടയിൽ സമ്പന്നവർഗമുണ്ട്. അവരുടെ നിയന്ത്രണത്തിൽ മാധ്യമങ്ങളുണ്ട്. രാഷ്ട്രീയ പാർട്ടികളിൽ അവർക്ക് സ്വാധീനമുണ്ട്. അതിനാൽത്തനെ ഈ രണ്ടുവിഭാഗവും അധികാരം പങ്കിടാൻ വേണ്ടി മതത്തെ കരുവാക്കുന്നുണ്ട്. പക്ഷെ ഇന്ത്യയിൽ ഇന്നും ആദിവാസി ദളിത് വിഭാഗം മൃഗീയമായ ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയമായിക്കൊണ്ടിരിക്കുന്നു. 

വേടൻ പാടുന്നത് അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തെ കുറിച്ചാണ്. സഹസ്രാബ്ദങ്ങളായി ചാതുർവർണ്യത്തിന്റെ മനുഷ്യവിരുദ്ധമായ ചെയ്തികളുടെ ക്രൂരമായ ഫലങ്ങൾ അനുഭവിച്ചവരെ കുറിച്ചാണ്. “ഞാൻ പാണനല്ല പുലയനല്ല, പറയനല്ല, നീ തമ്പുരാനുമല്ല…” എന്ന് പാടുമ്പോൾ സവർണ — അവർണ ബോധത്തിനപ്പുറത്ത്, അപാരമായ ധൈര്യത്തിന്റെ പ്രതീകമായ മനുഷ്യനായി പ്രത്യാശയോടെ നിശ്ചയദാർഢ്യത്തോടെ നിന്നുകൊണ്ട് ജനതയോട് തികഞ്ഞ രാഷ്ട്രീയം സംസാരിക്കുന്നു. മേലാളന്മാരുടെ ഇംഗിതങ്ങൾക്ക് വിധേയമായി നിൽക്കേണ്ടി വരുന്ന വലിയ വിഭാഗം ജനത രാജ്യത്തുണ്ട്. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ജനത. പാർപ്പിടവും ശുദ്ധജലവും മൂന്ന് നേരം ആഹാരവും ലഭിക്കാത്ത അനേകകോടിയുണ്ട് ഇവിടെ. അതിദയനീയ അവസ്ഥയിൽ ജീവിക്കുന്ന ജനതയോട്, നിരാശരാകാതെ ഉയരത്തിൽ പറക്കാൻ പറയുന്നു ഈ വരികൾ- “വിയർപ്പു തുന്നിയിട്ട കുപ്പായം, അതിൽ നിറങ്ങളൊന്നുമില്ല, കട്ടായം, കനാവുകൊണ്ടു കെട്ടും കൊട്ടാരം.” വീണ്ടും പറയുന്നു ” ചേറിൽ പൂത്താലും താമര കണക്ക്, ചോറു പോരെ മണ്ണിൽ ജീവിക്കാൻ നമുക്ക്” സൗന്ദര്യമുള്ള താമരപ്പൂവിന്റെ വേര് ജലത്തിനടിയിലെ ചെളിക്കുണ്ടിലാണല്ലൊ. വേടൻ പാരിസ്ഥിതിക പ്രശ്നങ്ങൾ പറയുന്നു. “പെരിയാറിന്നരുമകളല്ലേ, കാൽതൊടും മണ്ണെല്ലാം മലിനമല്ലേ, അടയാളങ്ങൾ ഉടഞ്ഞവരല്ലേ, ശ്വസിച്ചതെല്ലാം പുകപടലമല്ലേ.” വർത്തമാനകാല സമൂഹത്തെ രാഷ്ട്രീയമായി ചലിപ്പിക്കുന്നതിലാണ് വേടൻ എന്ന കലാകാരൻ വിജയിച്ചത്. താനാരു അംബേദ്കറൈറ്റ് ആണെന്നും അംബേദ്കറിസം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നിവയാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പലവേദികളയായി തുറന്നുപറഞ്ഞിരിക്കുന്നു. റാപ്പ് സംഗീതം ഉൾക്കൊള്ളുന്നത് ബഹുസ്വര മനുഷ്യർ എന്ന മിശ്രത്തെയാണ്. ലോക രാഷ്ട്രീയം പറയും അത്. റാപ്പ് സംഗീതത്തെ അതിന്റെ രാഷ്ട്രീയ സ്വഭാവം ചോരാതെ അവതരിപ്പിച്ചു എന്നതാണ് വേടന്റെ സവിശേഷത. ജാതിബോധത്തിൽ നിന്നല്ല, അംബേദ്കറിസത്തെ ഉൾക്കൊള്ളുന്ന, അയ്യന്‍കാളിയെ ഉൾക്കൊള്ളുന്ന ജാതിവിരുദ്ധ രാഷ്ട്രീയ ബോധത്തിൽ നിന്നാണ് വേടൻ ഉയർന്നുവന്നത്. 

അയ്യന്‍കാളി മുപ്പതാമത്തെ വയസിൽ നടത്തിയ വില്ലുവണ്ടി യാത്ര ഒരു പ്രതീകമായിരുന്നു. അക്കാലത്ത് സവർണരായ ജന്മിമാരുടെ മാടമ്പിത്തത്തിന്റെയും ആഢ്യത്തിന്റെയും വിളംബരമായിരുന്നു വില്ലുവണ്ടി. ആഡംബര വാഹനമെന്നതുപോലെ പൊതുനിരത്തുകളും അയിത്തക്കാർക്ക് വിലക്കപ്പെട്ടിരുന്നു. ഈ ഇരട്ട വിലക്കിനെ മറികടന്നതുകൊണ്ടാണ് വില്ലുവണ്ടി യാത്ര അയിത്തക്കാരുടെ തുല്യതയുടെ പ്രഖ്യാപനമായി മാറിയത്. സംഘടിത ശക്തിയും പ്രക്ഷോഭവും കൊണ്ട് ജാതിക്കോട്ടകളിൽ വിള്ളൽ വീഴ്ത്താനാകുമെന്ന് തെളിയിച്ചു. അയ്യന്‍കാളിയുടെ സമരത്തോടുള്ള സവർണരുടെ അസഹിഷ്ണുതയ്ക്കടിസ്ഥാനമായത് അയിത്തജാതിക്കാർ ആജീവനാന്തം അടിമകളും വിധേയരുമായിരിക്കണമെന്ന പൊതുബോധമാണ്. നാളതുവരെ നിലനിന്ന ആചാരങ്ങളുടെ ലംഘനവും ആത്മാഭിമാനപ്രശനവും സർവോപരി ജാതിവിരുദ്ധ സമരത്തിലെ വഴിവെളിച്ചവുമായതിനാലാണ് വില്ലുവണ്ടി യാത്ര അനുസ്മരിക്കപ്പെടുന്നത്. വേടൻ പാടുന്നത് “വില്ലുവണ്ടിയേറി പായുമ്പോൾ തലപ്പാവിനെന്ത് തിളക്കം” എന്ന്. തുടർന്ന് വേദിയിൽ തന്നെ കാണികളോട് ചോദിക്കുന്നു ആരാണ് വില്ലുവണ്ടിയേറി വരുന്നത് എന്ന്. അയ്യന്‍കാളി എന്ന് അദ്ദേഹം ഉറക്കെ പറയുന്നു. അതാണ് കൃത്യമായ രാഷ്ട്രീയം. ജാതിക്കെതിരായ പോരാട്ടം. “അനിഹിലേഷൻ ഓഫ് കാസ്റ്റ്” എന്ന ഡോക്ടർ അംബേദ്കറുടെ വീക്ഷണമാണവിടെ ആദർശ ഭൂമിക. കറുപ്പിനെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നതാണ് ‘മോണലോവ’ സൃഷ്ടിച്ച രാഷ്ട്രീയം. “നിന്റെ പേര് കവിതയോ, രാത്രി ഉറക്കം കെടുത്താൻ ആരു നീ മാടൻ മറുതയോ?” ഇത്തരം വാക്കുകളിലൂടെ കറുപ്പിന് മാത്രമല്ല അവരുടെ ദേവതകൾക്കും പ്രാധാന്യം നൽകി. സവർണരുടെ ദുർദേവതയാണ് മറുതയെങ്കിൽ അവർണരുടെ രക്ഷാദേവതയാണ്. മറുതായ് എന്നാൽ മറ്റൊരു അമ്മ. അങ്ങനെ വേടൻ ഭൂരഹിതർക്കും അരികുവല്‍ക്കരിക്കപ്പെട്ടവർക്ക് വേണ്ടി സംസാരിക്കുന്നു. ജാതിവ്യവസ്ഥയും സനാതന ധർമ്മവും ഫാസിസവും വിമർശിക്കപ്പെടുന്നു. കപട ദേശീയത വിമർശിക്കപ്പെടുന്നു. ഇതെല്ലാം അംബേദ്കറുടെ രാഷ്ട്ര സങ്കല്പത്തിന്റെ ഹാർമണിയാണ്. ‘ആമസോൺ വീരാ നിന്നുടെ മാറുതുളഞ്ഞു കാടു കരഞ്ഞു, സൊമാലിയൻ ബാല്യങ്ങൾ കുടിനീരു തേടി പല കാതം താണ്ടി, പലസ്തീൻ പല നൂറായ് പലായനം പതിവായി മാറി…’ ഇത്തരം വരികൾ സാമ്രാജ്യത്വത്തിന്റെ മനുഷ്യവിരുദ്ധത തുറന്നു കാട്ടുന്നു. 

ജാതി ജന്മി നാടുവാഴി വ്യവസ്ഥ ഉല്പാദിപ്പിച്ച പൗരോഹിത്യം ഇന്നും ശക്തമായി തുടരുന്നു. അതിന്റെ കഷ്ടത ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് ദളിതരാണ്. തന്ത്രിമാരും മേല്‍ശാന്തിക്കാരുമെല്ലാം ബ്രാഹ്മണ ജാതിയിൽ നിന്നു മാത്രമായിരിക്കണമെന്ന് ചിലർ ശാഠ്യം പിടിക്കുകയും പ്രമുഖ ജാതി സംഘടനകളെല്ലാം ആചാരമെന്ന നിലയിൽ അതിനെ നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം നവോത്ഥാന പ്രസ്ഥാനമായി വികസിച്ചില്ലെന്ന് വിലയിരുത്തേണ്ടി വരും. നവോത്ഥാനത്തിന്റെ പ്രബുദ്ധത ആചാരാനുഷ്ഠാനങ്ങളുടെ തിരയിളക്കത്തിൽ മങ്ങിപ്പോകുന്നു. ആ പ്രബുദ്ധത തിരികെക്കൊണ്ടുവരേണ്ടത് ഫാസിസ്റ്റ് കാലഘട്ടത്തിൽ ഓരോരുത്തരുടെയും കടമയാണ്. അത്തരം ചിന്തകളാണ് വേടൻ വിരിയിപ്പിക്കുന്നത്. വേടന്റെ കല സുന്ദരമാണ്. സൗന്ദര്യത്തിന്റെ പരമമായ മൂർത്തഭാവം ദൃശ്യമാകുന്നത് പ്രകൃതിയിലാണ്. അതുകൊണ്ട് പ്രകൃതിയെ അനുകരിക്കലാണ് കലയുടെ ലക്ഷ്യം. സൗന്ദര്യത്തിന്റെ ലക്ഷ്യമാകട്ടെ അഭിനിവേശത്തെ തട്ടിയുണർത്തി അതിനെ സംതൃപ്തിപ്പെടുത്തുക എന്നതാണ്. കലയുടെ ലക്ഷ്യം സൗന്ദര്യമാണ്. സൗന്ദര്യജന്യമായ ആനന്ദമാണ് കലയെ വിവേചിച്ചറിയുന്നതിനുള്ള അടിസ്ഥാനം. അനുവാചകനിലേക്ക്, ഒരു കലാകാരന്റെ ആന്തരിക ഭാവം പകരുന്നുണ്ടെങ്കിൽ, ഈ ഭാവപ്പകർച്ചയും ഏകീഭാവവും മറ്റുള്ളവരോടൊപ്പം ഒരുവന് അനുഭൂതമാവുന്നുവെങ്കിൽ അതിനിടയാക്കിയത് എന്താണോ അതാണ് കല. അതാണ് വേടന്റെ കല. വേടന് തന്റെ കലയോടുള്ള, പ്രവൃത്തിയോടുള്ള ആത്മാർത്ഥത ആസ്വാദകർ അനുമോദിക്കുന്നു. കലയുടെ സൗന്ദര്യം അതിന്റെ ആത്മാർത്ഥതയിലും സംക്രമണശേഷിയിലും ആണ്. അപ്പോൾ കലാകാരന്റെ ആന്തരിക ഭാവം പ്രത്യക്ഷപ്പെടും. അത് സത്യം പറയും, ആശയപ്രവാഹമാകും, അനിർവചനീയമായ സൗന്ദര്യമാകും. 

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.