May 26, 2023 Friday

Related news

May 24, 2023
May 20, 2023
May 20, 2023
May 20, 2023
May 19, 2023
May 16, 2023
May 16, 2023
May 15, 2023
May 11, 2023
May 10, 2023

ഇന്ത്യ വിടുവിന്‍ ഭാരതീയരെ

ദേവിക
വാതിൽപ്പഴുതിലൂടെ
February 4, 2020 5:30 am

വിപ്ലവകാരിയായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതി ബ്രിട്ടീഷ് മേല്‍ക്കോയ്മക്കാലത്ത് എഴുതിപ്പാടിയ ഒരു പ്രശസ്ത കവിതയുണ്ട്; ‘ഇന്ത്യ വിടുവിന്‍, ഇന്ത്യവിടുവിന്‍ ആംഗലേയരേ…’ ഇന്ത്യ ഇന്ത്യക്കാരുടെ സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യദാഹത്തി­ല്‍ നിന്നും പൊട്ടിവിരിഞ്ഞ കാവ്യകുസുമം. എന്നാ­ല്‍ സ്വാതന്ത്ര്യം കിട്ടിയ രാജ്യത്തിന്റെ ഉടമകളോട് ‘ഇന്ത്യവിടുക, ഇന്ത്യവിടുക ഭാരതീയരേ’ എന്ന് മോഡിയും നിര്‍മ്മലാ സീതാരാമനും ചേര്‍ന്ന് യുഗ്മഗാനം പാടിയാലോ! ബ്രിട്ടീഷുകാരോട് ക്വിറ്റ് ഇന്ത്യ പറഞ്ഞ ഇന്ത്യാക്കാരോട് മോഡി-നിര്‍മ്മ­ലദ്വയം പിന്നെയും മുഴക്കുന്നു ക്വിറ്റ് ഇന്ത്യ എന്ന്. ശനിയാഴ്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോഴാണ് അമ്മാളുടെ ചുവന്ന പെരുങ്കായ സ‍ഞ്ചിയില്‍ നിന്ന് ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം പുറത്തുചാടിയത്.

കുടുംബം പോറ്റാന്‍ വേണ്ടി പ്രവാസിവേഷം കെട്ടേണ്ടിവരുന്ന 3.41 കോടി ഇന്ത്യക്കാര്‍ ഇന്ത്യയില്‍ വന്നു താമസിക്കുന്നതിനാണ് നിര്‍മ്മലയുടെ ഊരുവിലക്ക്. ഒരു വര്‍ഷം 120 ദിവസത്തിലധികം ഇന്ത്യയില്‍ വന്നു താമസിച്ചാല്‍ പ്രവാസി കുപ്പായം അഴിച്ചുവയ്ക്കണമത്രേ. ഒപ്പം നികുതി ചുമത്തലിന്റെ ചാട്ടവാറടിയും. 240 ദിവസം വിദേശത്തു താമസിക്കാത്ത ഇന്ത്യക്കാരനെ പ്രവാസിപട്ടികയില്‍ നിന്ന് ഊരിയെടുത്ത് നികുതിയുടെ ‘ഹദ്ദടി’ നടത്തി ചോരപിഴിയുന്ന ഏര്‍പ്പാട്. 182 ദിവസം വരെ തുടര്‍ച്ചയായി വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് ഇതുവരെയുള്ള സര്‍ക്കാരുകളെല്ലാം പ്രവാസി പദവി നല്‍കിയിരുന്നത്. അതാണ് 240 ആയി ഉയര്‍ത്തിയിരിക്കുന്നത്. മാതൃഭൂമിയില്‍ 120 ദിവസത്തിനപ്പുറം തുടര്‍ച്ചയായി താമസിച്ചാല്‍ പ്രവാസി പദവി നഷ്ടപ്പെടുത്തുന്ന കാടന്‍ നിയമത്തിന് ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചക്കാലത്തിന്റെ ചുവ. മോഡിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’യനുസരിച്ചാണെങ്കില്‍ പ്രവാസി നിക്ഷേപകര്‍ ഇന്ത്യയിലേയ്ക്ക് ഒഴുകണം.

സംരംഭങ്ങള്‍ തുടങ്ങണം. നിക്ഷേപത്തിന് എത്തുന്ന പ്രവാസിക്ക് തന്റെ അപേക്ഷയിന്മേല്‍ സംരംഭത്തിനുള്ള അനുമതി നേടിയെടുക്കാന്‍പോലും 120 ദിവസം തികയില്ല. അതോടെ ആ പാവം പ്രവാസിയല്ലാതാകുന്നു. ഫലമോ അതുവരെ മുണ്ടുമുറുക്കിയുടത്ത സമ്പാദ്യത്തിന് 30 ശതമാനം നികുതി നല്‍കുകയും വേണെമെന്നാണ് നിര്‍മ്മല അക്കാള്‍ പറയുന്നത്. പ്രവാസികളെല്ലാം സംരംഭകശേഷിയുള്ളവരല്ല എന്നും ഈ തമിഴ് അയ്യര്‍വാള്‍ അമ്മാള്‍ക്കറിയാത്തതല്ല. ഇന്ത്യന്‍ പ്രവാസികളില്‍ എണ്‍പത് ശതമാനത്തിലേറെയും ഗള്‍ഫ് നാട്ടിലെ കൂലിപ്പണിക്കാരാണ്. അവര്‍ മൂന്നും നാലും വര്‍ഷത്തിലൊരിക്കല്‍ മാത്രം അവധിയെടുക്കാന്‍ വിധിക്കപ്പെട്ടവര്‍. ഇക്കാലയളവിലെ അവധികള്‍ ഒന്നിച്ചുകിട്ടുമ്പോള്‍ 120 ദിവസം എന്ന പുതിയ പരിധി കഴിഞ്ഞെന്നിരിക്കും. അതോടെ ആ പണിക്കൂലിക്കാ­രന്റെ പ്രവാസിപ്പട്ടവും കേന്ദ്രം എടുത്തുകളയുന്നു. അവിടെയും തീരുന്നില്ല.

അവധിക്കാലത്തിനിടയില്‍ സ്വന്തമായി ഒരു കൂര പണിയാനോ പെങ്ങന്മാരെ കെട്ടിച്ചയയ്ക്കാനോ ചെലവഴിക്കുന്ന പണത്തിനു നികുതിയും നല്‍കേണ്ട ദുരന്തം. പ്രവാസി പദവിക്കുള്ള ചട്ടങ്ങള്‍ കര്‍ക്കശമാക്കിയതിനും അതിന്റെ പേരില്‍ നികുതി പിഴിയുന്നതിനും പിന്നിലെ ദുഷ്ടലാക്ക് നാം കാണാതിരിക്കരുത്. ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ടിട്ടുള്ളതാണ് നിര്‍മ്മലയുടെ പുതിയ പ്രവാസി നിര്‍വചന മാനദണ്ഡം. ഈ മേഖലയിലെ പ്രവാസികളില്‍ 95 ശതമാനത്തിന്റെയും വോ­ട്ട് ബിജെപിക്ക് എതിരാവുമെന്നതിനാല്‍ മുക്ത്യാര്‍ വോട്ടെന്ന വഴിപാടിലൂടെ പ്രവാസി വോട്ടവകാശം തന്നെ നിഷേധിച്ചിരിക്കുന്നു. മുക്ത്യാര്‍ വോട്ടു സമ്പ്രദായംമൂലം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3.41 കോടി പ്രവാസി വോട്ടുകളില്‍ വെറും അരലക്ഷം മാത്രമാണ് പോള്‍ ചെയ്തത്. അതിലേറെയും കേരളത്തില്‍. ഇതില്‍ രണ്ടു ശതമാനം പോലും ബിജെപിക്കു ലഭിച്ചിട്ടുണ്ടാവില്ല. ഇനി മറ്റൊരു വശംകൂടിയുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ ഭൂരിപക്ഷവും മുസ്‌ലിം മതവിശ്വാസികളാണ്.

അവരുടെ പ്രവാസി പദവി എടുത്തുകളഞ്ഞ് നികുതിവലയ്ക്കുള്ളിലാക്കുക എന്ന ഹിന്ദു വര്‍ഗീയ കാര്‍ഡുകൂടിയാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റിലൂടെ ഇറക്കിയിരിക്കുന്നതെന്നറിയാന്‍ പാഴൂര്‍ പടിക്കല്‍ പോയി പ്രശ്നം വച്ചു നോക്കേണ്ടതില്ല. കേരളത്തെ വളഞ്ഞ വഴിയിലൂടെ സാമ്പത്തികമായി തകര്‍ക്കാനുള്ള ഒരു കുനുഷ്ടുവിദ്യയും നിര്‍മ്മല എടുത്തു പയറ്റിയിരിക്കുന്നു. പ്രതിവര്‍ഷം ഒന്നരലക്ഷം കോടിയുടെ പ്രവാസിപ്പണമാണ് സംസ്ഥാന സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് പ്രവഹിക്കുന്നതും നാടിന് സാമ്പത്തിക ഊര്‍ജ്ജം പകരുന്നതും. പ്രവാസികളെ മുന്‍ പ്രവാസികളാക്കുന്ന കണ്‍കെട്ടു വിദ്യയിലൂടെ കേരളത്തെ തകര്‍ക്കാനുള്ള ഈ നീക്കത്തിനെതിരെ യോജിച്ച കലാപമുയരേണ്ട ദിനങ്ങളാണ് വരാനിരിക്കുന്നത്. പൗരത്വബില്ലിനു സമാനമായ ഒരു അപകടമാണ് പ്രവാസി നിര്‍വചന ഭേദഗതിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും നാം മറക്കാതിരിക്കുക. പുരാണങ്ങളിലും നീതിശാസ്ത്രങ്ങളിലും പറയുന്നത­നു­സരിച്ചാല്‍ മനുഷ്യന് ജീവിക്കാനും ഉറങ്ങാനുമാ­വി­ല്ലെന്നിരിക്കേയാണ് പുതിയ നീതിശാസ്ത്ര­ങ്ങളു­മായി സംഘപരിവാറിന്റെ പുറപ്പാട്. നഗ്നരായി ഉറങ്ങരുതെന്നാണ് ഗൗതമ ധര്‍‍മ്മ സൂത്രത്തില്‍ ഉപദേശിക്കുന്നത്.

ഇത് നടക്കുന്ന കാര്യമാണോ! ഇരുട്ടു മുറിയില്‍ ഉറങ്ങരുതെന്നു പത്മപുരാണം പറയുമ്പോള്‍ ദീപപ്രഭയില്‍ കളിച്ചുനില്‍ക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് ഉറങ്ങാന്‍ പറ്റുമോ! ഉറങ്ങുന്ന ആളിനെ ഉണര്‍ത്തരുതെന്ന് മനുസ്മൃതി പറയുന്നത് മനുവാദിയായ മോഡി കേട്ടിരുന്നുവെങ്കില്‍ രാജ്യത്ത് ജനം ഇങ്ങനെ ഉണര്‍ന്നെണീറ്റു പോരാടുമായിരുന്നോ! ബ്രഹ്മവൈവര്‍ത്ത പുരാണത്തില്‍ പറയുന്നതുപോലെ ഉറങ്ങണമെങ്കില്‍ ആകാശമേലാപ്പിനു കീഴിലുറങ്ങുന്ന കോടിക്കണക്കിനു ഭവനരഹിതര്‍ക്ക് നിദ്രാവിഹീനരായി മരിക്കാനല്ലേ കഴിയൂ. ഐശ്വര്യത്തിന്റെ വിളനിലമായ യു എസിന്റെ പ്രസിഡന്റ് ട്രംപിന്റെ വക ന്യൂയോര്‍ക്കിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ ഓരത്തും ചുറ്റുവട്ടത്തുമായി നാലായിരം യാചകര്‍ ഉറങ്ങുമ്പോഴാണ് മോഡിയുടെ ദരിദ്ര ഇന്ത്യയിലെ പട്ടിണിക്കോലങ്ങള്‍ക്ക് ഉറങ്ങാന്‍‍ ബ്രഹ്മവൈവര്‍ത്തനോപദേശം! ഈ ഉപദേശങ്ങളൊന്നും പോരാഞ്ഞ് ബിജെപിക്കാര്‍ പുതിയ പുരാണങ്ങളുമായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നു.

ദിവസവും ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് പശുവിനെ പുണര്‍ന്നാല്‍ മനസില്‍ ദുഷ്ചിന്തകളൊന്നും കടന്നുകയറില്ലെന്നാണ് ഒരു ബിജെപി മന്ത്രിയുടെ പുത്തന്‍ പുരാണം. കൊച്ചു വെളുപ്പാന്‍കാലത്ത് പശുവിന്റെ ചവിട്ടുകൊണ്ട് ചാകാനുള്ള ഉപദേശം! ദിവസവും പശുവിനെ തൊടാത്തവളല്ലല്ലോ ബിജെപിയുടെ എംപി സാധ്വി പ്രഗ്യാതാക്കൂര്‍ എന്ന ഭീകരസന്യാസിനി. മാലേഗാവില്‍ സ്ഫോടനം നടത്തി നിരവധി പേരെ കൊല്ലാന്‍ പ്രഗ്യയ്ക്ക് ഉള്‍വിളിയുണ്ടായതു പശുവിനെ തൊടാത്തതുകൊണ്ടാണോ. മുഖ്യമന്ത്രിയായിരിക്കേ അവിവാഹിതയാ­യ ബിജെപി സന്യാസിനി തന്റെ ഔദ്യോഗിക വസതിയില്‍ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര വിശാരദനായ ഗോവിന്ദാചാര്യയെ കൂടെ പാര്‍പ്പിച്ചു വിവാദമാക്കിയത് പശുവിനെ ഏഴര വെളുപ്പിന് എ­ണീറ്റ് പുണരാന്‍ മടിച്ചിട്ടായിരുന്നോ.

കേന്ദ്ര ബജറ്റിനെക്കുറിച്ച് എന്തെല്ലാം കുറ്റം പറഞ്ഞാലും നിര്‍മ്മല ബജറ്റ് കൊണ്ടുവന്ന എല്‍ ജി പെ­രുങ്കായ സഞ്ചി സംഘപരിവാര്‍ പാരമ്പര്യത്തി­നു മാത്രമല്ല തമിഴ് പാരമ്പര്യത്തിനും ചേര്‍ന്നതായി. തമിഴ് ബ്രാഹ്മണ സംസ്കാരത്തിന്റെ ഭാഗമാണ് പെരുങ്കായ സഞ്ചി എന്നാണ് പറയാറ്. പണ്ടൊക്കെ തമിഴ് ബ്രാഹ്മണര്‍ മക്കളെ ഡല്‍ഹിയില്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ സ്റ്റെനോഗ്രാഫറും മറ്റുമായി യാത്ര അയയ്ക്കാന്‍ റയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ ഓരോന്നായി ഓര്‍മ്മിപ്പിക്കുമായിരുന്നു; ഇന്ത കായ സ‍ഞ്ചിയിലേ സാപ്പാടിരുക്ക്. ഇന്ത സ‍ഞ്ചിയില്‍ ഡ്രസും മറ്റും ഇരുക്ക്, ഇന്ത വെള്ളകായ സഞ്ചിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇ­ന്തവഴിച്ചെലവിനുള്ള കാശ് കോണകത്തുക്കുള്ളേ പോട്! തമിഴ് അയ്യര്‍വാളെ പോക്കറ്റടിച്ച ചരിത്രമുണ്ടോ! നിര്‍മ്മലാസീതാരാമനും ഒട്ടും കുറച്ചില്ല. ബജറ്റ് പഴയ അയ്യര്‍വാള്‍ തമിഴ് മട്ടില്‍ ചുവന്ന കായസഞ്ചിയില്‍. ഗോമാതാവിന്റെ തോലുപൊളിച്ചെടുത്തു നിര്‍മ്മിച്ച ലെദര്‍ബാഗിലോ സാംസണെറ്റ് സ്യൂട്ട്കേസിലോ ബജറ്റുമായെത്തി ഗോഹത്യയ്ക്ക് കൂട്ടുനിന്നെന്ന പരാതി ഒഴിവാക്കാമല്ലോ!

പക്ഷേ കാലില്‍ സൂപ്പര്‍ പശുവിന്‍ തോല്‍ കൊണ്ടുള്ള ചെരുപ്പ്! പാദപുരാണത്തില്‍ അതാകാം എന്നു പറ‍ഞ്ഞിട്ടുണ്ടാകാം. ദേവികയുടെ പിതാശ്രീ കട്ട മോഡിഫാന്‍ ആണ്. പക്ഷേ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് അറിയാതെ പുറത്തുചാടിപ്പോയി. ഡല്‍ഹിയിലെ ഷഹീലൻ ബാഗില്‍ ഒരു മാസമായി നടന്നുവരുന്ന പൗരത്വനിയമത്തിനെതിരായ ഐതിഹാസിക സമരത്തിനു നേരെ ഒരു ഹിന്ദു വര്‍ഗീയവാദി പയ്യന്‍ വെടിയുതിര്‍ത്തപ്പോഴായിരുന്നു ടിയാന്റെ ബിജെപിയെക്കുറിച്ചുള്ള വിലയിരുത്തൽ പുറത്തേക്ക് പ്രവഹിച്ചത്. ‘ഒന്നാമത് ഭ്രാന്തന്മാരുടെ കൂട്ടം. അവര്‍ക്ക് ഭ്രാന്തു കുത്തിവയ്ക്കുക കൂടി ചെയ്താലോ. അനുരാഗ് താക്കൂറിനെപ്പോലുള്ള കേന്ദ്ര മന്ത്രിമാര്‍ ആഹ്വാനം ചെയ്താല്‍ പിന്നെ വെടിവയ്ക്കുകയല്ലേ ഈ ഭ്രാന്തന്മാര്‍ക്ക് ഗതിയുള്ളു.’ പിതാശ്രീയുടെ പരിതാപം കേട്ട് ദേവി­ക പറഞ്ഞു; എങ്കില്‍ അഛാ, ഈ ബിജെപിയുടെ പേര് ഭ്രാന്തന്‍ ജനതാപാര്‍ട്ടിയെന്നാക്കിയാലോ!

Eng­lish Summary:janayugom col­umn india vidu­vin bharatheeyare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.