6 March 2026, Friday

ഇറാനില്‍ ചരിത്രം ആവര്‍ത്തിക്കുന്നു

കെ ദിലീപ്
നമുക്ക് ചുറ്റും
March 3, 2026 4:30 am

ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലോകത്താകെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ഗാസയിലും വെനസ്വേലയിലും ഇപ്പോള്‍ ഇറാനിലും നടത്തുന്ന അതിക്രമങ്ങള്‍ക്ക് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുക എന്നതാണ് ലക്ഷ്യം. അതിനായി ഈ രാജ്യങ്ങളിലെല്ലാം തന്നെ നിലവിലുള്ള ഭരണകൂടങ്ങളെ സെെനികമായി ആക്രമിച്ച് തകര്‍ക്കുക എന്നതാണ് ട്രംപിന്റെ നയം. പശ്ചിമേഷ്യയില്‍ ഈ തെമ്മാടിത്തത്തിന് കൂട്ടുനില്‍ക്കുന്നത് സ്വന്തം രാജ്യത്ത് അഴിമതിക്ക് വിചാരണ നേരിടുന്ന ബെഞ്ചമിന്‍ നെതന്യാഹു എന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയാണ്. ഇപ്പോള്‍ ഇറാനെതിരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിട്ടത് ഇസ്രയേലാണ്. പശ്ചിമേഷ്യയെ ആകെത്തന്നെ തകര്‍ക്കാന്‍ പോരുന്ന ഒരു മഹായുദ്ധത്തിന് ഒരു വീണ്ടുവിചാരവുമില്ലാതെ ഒരുങ്ങി പുറപ്പെട്ട നെതന്യാഹുവിന് സ്വന്തം രാജ്യത്തെ സാധാരണ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നതിന് യാതൊരു മടിയുമില്ല എന്നാണ് ഈ നടപടി വീണ്ടും തെളിയിക്കുന്നത്.

86 വയസുള്ള ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും കുടുംബത്തെയും അവരോടൊപ്പം ഇറാനിലെ പ്രമുഖ നേതാക്കളെയും വധിച്ച നടപടി, ഇറാനിലെ ജനങ്ങളെ ഒറ്റക്കെട്ടായി അധിനിവേശത്തിനെതിരെ ഒരുമിപ്പിക്കാനാണ് ഉതകിയത്. തെരുവുകള്‍ നിറഞ്ഞൊഴുകുന്ന വിലാപയാത്രകള്‍ ഇതിന്റെ തെളിവാണ്. പശ്ചിമേഷ്യയിലെ സമാധാനത്തോടെ ജീവിച്ചുവന്ന ജനതയ്ക്കാകെ ദുരിതം വിതച്ചുകൊണ്ടാണ് ഗാസയിലും ഇപ്പോള്‍ ഇറാനിലും നെതന്യാഹുവും ട്രംപും സ്വന്തം രാജ്യങ്ങളിലെ ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. അമേരിക്കന്‍ ജനതയുടെ നാലിലൊന്ന് പോലും ഈ യുദ്ധത്തെ അനുകൂലിക്കുന്നില്ല എന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് മേയര്‍ മംദാനി, മുന്‍ വെെസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരെല്ലാം ശക്തമായ ഭാഷയിലാണ് ഈ അക്രമങ്ങളെ അപലപിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടാതെ ട്രംപ് ആരംഭിച്ച ഈ യുദ്ധം, ട്രംപിനെതിരെ ഇംപീച്ച്മെന്റ് അടക്കമുള്ള നടപടികളിലേക്ക് നയിച്ചേക്കാം.

എണ്ണശേഖരം കെെവശപ്പെടുത്താനായി ഇറാനിലെ ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ഇ­ന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ അധിനിവേശം. 1953ല്‍ ഇറാനിലെ ജനാധിപത്യ ഭരണകൂടത്തിന്റെ പ്രധാനമന്ത്രി മുഹമ്മദ് മൊസാഗിനെ സിഐഎയും ബ്രിട്ടീഷ് ഇന്റലിജന്‍സും ചേര്‍ന്ന് അട്ടിമറിയിലൂടെ പുറത്താക്കി റെസ പഹ്‌ലവി എന്ന ഇറാനിലെ പ്രതീകാത്മക രാഷ്ട്രത്തലവന്റെ സ്ഥാനമുണ്ടായിരുന്ന രാജാവിന് അധികാരം നല്കിയായിരുന്നു സിഐഎയുടെ ഇറാനിലെ അരങ്ങേറ്റം. ഈ അട്ടിമറിക്ക് കൂലികൊടുത്ത് കലാപകാരികളെക്കൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുകയായിരുന്നു സിഐഎ. ഇതിന് കാരണമായത് ഇറാനിയന്‍ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മെസാദെഗ്, അദ്ദേഹം ഇറാനിലെ പ്രമുഖ അഭിഭാഷകനും എഴുത്തുകാരനും ആയിരുന്നു, ഇറാനിയന്‍ എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചതാണ്. 1913 മുതല്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ആംഗ്ലോ- പേര്‍ഷ്യന്‍ ഓയില്‍ കമ്പനി (പിന്നീട് ബ്രിട്ടീഷ് പെട്രോളിയം എന്ന് പേരുമാറ്റി) ഇറാന്‍ സര്‍ക്കാരുമായുള്ള കരാറുകള്‍ പാലിക്കാതെ അസംസ്കൃത എണ്ണ കട്ടുകടത്തുന്നത് ഓഡിറ്റ് വഴി കണ്ടുപിടിച്ചതോടെ എണ്ണ വ്യവസായം മുഹമ്മദ് മൊസാദെഗ് ദേശസാല്‍ക്കരിച്ചു.

ഇതോടെയാണ് സിഐഎയും ബ്രിട്ടീഷ് ഇന്റലിജന്‍സും ചേര്‍ന്ന് അട്ടിമറി നടത്തി മൊസാദെഗിനെ ജയിലിലടച്ചു. ആജീവാനന്തം അദ്ദേഹം ജയിലിലും, വീട്ടുതടങ്കലിലുമായി കഴിഞ്ഞു (1882–1967). അട്ടിമറിയെത്തുടര്‍ന്ന്, പെഹ്‌ലവി രാജവംശത്തിലെ രണ്ടാമത്തെ രാജാവ് ഷാ മുഹമ്മദ് റെസ പഹ്‌ലവി പൂര്‍ണമായ അധികാരം നേടി 1979ലെ ഇറാനിയന്‍ വിപ്ലവം വരെ തുടര്‍ന്നു. ഷായുടെ കാലഘട്ടത്തില്‍ ഇറാന്‍ പൂര്‍ണമായും പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടു. പെഹ്‌ലവി രാജവംശത്തിനും നൂറ്റാണ്ടുകളുടെ പാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല. 1789 മുതല്‍ മൂന്ന് നൂറ്റാണ്ടോളം പേര്‍ഷ്യ ഭരിച്ച ഖ്വാജര്‍ രാജവംശത്തിലെ അവസാന രാജാവായിരുന്ന അഹമ്മദ് ഷായെ, ഒരു സെെനിക ഉദ്യോഗസ്ഥനായിരുന്ന റെസ പെഹ്‌ലവി ഒരു അട്ടിമറിയിലൂടെ പുറത്താക്കിയാണ്, പെഹ്‌ലവി രാജവംശം 1925ല്‍ സ്ഥാപിക്കുന്നത്. ഇറാനിലെ ജനാധിപത്യ സമ്പ്രദായത്തെ ആകെ അടിച്ചമര്‍ത്തി ഭരിച്ച റെസ പെഹ്‌ലവിയുടെ പുത്രന്‍ ഷാ മുഹമ്മദ് റെസ പെഹ്‌ലവി, 1941 മുതല്‍ 1979 വരെ പേര്‍ഷ്യ അഥവാ ഇറാന്‍ ഭരിച്ചു. അങ്ങേയറ്റം ആര്‍ഭാടത്തോടെ ജീവിച്ച ഷായുടെ ഭരണകാലത്ത് യുഎസ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇറാനിലെ പ്രകൃതിവിഭവങ്ങള്‍ ആവോളം ചൂഷണം ചെയ്തു.

ഷാ ഭരണത്തെ എതിര്‍ത്ത കമ്മ്യൂണിസ്റ്റുകള്‍, ലിബറല്‍ ജനാധിപത്യ വാദികള്‍, ഇസ്ലാമിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍ ഇവരെല്ലാവരും ഒത്തുചേര്‍ന്നാണ് ഷാ ഭരണകൂടത്തിനെതിരെ ഇറാനില്‍ 1977 മുതല്‍ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ നയിച്ചിരുന്നത്. 1978ല്‍ 400 പേര്‍ കൊല്ലപ്പെട്ട സിനിമാ തിയേറ്റര്‍ തീപിടിത്തം പൊലീസ് സൃഷ്ടിച്ചതാണ് എന്ന പ്രചാരണത്തോടെ വലിയ പ്രക്ഷോഭമായി മാറുകയും 1979 ജനുവരി 16ന് ഷാ മുഹമ്മദ് റെസ പെഹ്‌ലവി നാടുവിടുകയും ചെയ്തു. ഇറാനില്‍ തിരിച്ചെത്തിയ ആയത്തുള്ള ഖൊമേനി എന്ന ഷിയാ ആത്മീയ നേതാവ് വിദേശത്തുനിന്നും തിരിച്ചെത്തി നേതൃത്വം ഏറ്റെടുത്തു. 1979 മാര്‍ച്ചില്‍ ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കായി മാറി. ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരുന്ന പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി ഷാപുര്‍ ഭക്ത്യാറിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായത്. ഇറാനില്‍ ഉയര്‍ന്നുവന്നിരുന്ന പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന ശക്തിയായിരുന്ന കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ഗ്രൂപ്പുകളെ ഇല്ലാതാക്കാനായി യുഎസ്എ, ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യശക്തികള്‍ ആയത്തുള്ള ഖൊമേനിയുടെ ഇസ്ലാമിക ഭരണകൂടത്തെയാണ് അന്ന് പിന്തുണച്ചത് എന്നതും ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം.

അഫ്ഗാനിസ്ഥാനില്‍ താലിബാനെയും സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെയും ആളും അര്‍ത്ഥവും കൊടുത്ത് സഹായിച്ചതും അമേരിക്ക തന്നെയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിതമായ ശേഷം പരമോന്നത നേതാവായ ആയത്തുള്ള ഖൊ­മേനിയുടെ കാലത്ത് 1979ല്‍ വിപ്ലവസേനയുടെ കമാന്‍ഡറും 81ലും 86ലും ഇറാന്‍ പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള സയ്യദ് അലി ഖമനേയി 1989 ജൂണ്‍ മൂന്നിന് ആയത്തുള്ള ഖൊമേനിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 37 വര്‍ഷമായി ഇറാനെ നയിച്ച ഖമനേയി ഒരു ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും പ്രശസ്തനായ പ്രഭാഷകനുമായിരുന്നു. അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും നീതിരഹിതമായ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിലൂടെ ട്രംപ്-നെതന്യാഹു സഖ്യം യാതൊരു വിവേകവുമില്ലാതെ വിനാശകമായ ഒരു മഹായുദ്ധത്തിലേക്ക് ലോകത്തെ തള്ളിവിട്ടിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ കൊറിയ, വിയറ്റ്നാം തുടങ്ങി അഫ്ഗാന്‍, ഇറാക്ക്, സിറിയ ഇവിടങ്ങളിലെല്ലാം യുഎസ് നടത്തിയ തലതിരിഞ്ഞ ഇടപെടലുകള്‍ പോലെ ഇറാനിലെ ഇടപെടലുകള്‍ ട്രംപിനും നെതന്യാഹുവിനും മാത്രമല്ല ലോകജനതയ്ക്കാകമാനം ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.